ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Thursday, October 27, 2011

വിന്‍ഡോസ് ഫോണുമായി നോക്കിയ രംഗത്ത്‌





ഐഫോണിനോടും ആന്‍ഡ്രോയിഡ് ഫോണുകളോടും നേരിട്ട് മത്സരിക്കാന്‍ നോക്കിയ രംഗത്തെത്തി. മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലുള്ള രണ്ട് സ്മാര്‍ട്ട്‌ഫോണുകളുമായാണ് നോക്കിയയുടെ രംഗപ്രവേശം. നോക്കിയയുടെ ലുമിയ 800, ലുമിയ 710 എന്നീ മോഡലുകളില്‍ 'മാംഗോ' എന്നറിയപ്പെടുന്ന വിന്‍ഡോഡ് ഫോണ്‍ 7.5 വേര്‍ഷനാണ് ഉപയോഗിച്ചിട്ടുള്ളത്.

'ആദ്യത്തെ യഥാര്‍ഥ വിന്‍ഡോസ് ഫോണ്‍ ആണ് ലുമിയ'-സ്മാര്‍ട്ട്‌ഫോണുകള്‍ ലണ്ടനില്‍ അവതരിപ്പിച്ചുകൊണ്ട് നോക്കിയ മേധാവി സ്റ്റീഫന്‍ ഇലോപ് പ്രസ്താവിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ ഡിസൈനിലും ശില്പവൈദഗ്ധ്യത്തിലും നേതൃനിരയിലെത്താനുള്ള ഞങ്ങളുടെ നിശ്ചയദാര്‍ഢ്യം ഇന്നിവിടെ പ്രകടമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'തീപ്പിടിച്ച അടിത്തറ'യാണ് കമ്പനിയുടേതെന്ന് മുമ്പ് മുന്നറിയിപ്പ് നല്‍കിയ ഇലോപ്, വിന്‍ഡോസ് ഫോണുകളുടെ വരവ് നോക്കിയയുടെ പുനര്‍ജന്മത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് അഭിപ്രായപ്പെട്ടു.

നവംബര്‍ 16 ന് യൂറോപ്യന്‍ വിപണിയിലെത്തുന്ന ലുമിയ 800, ഈ വര്‍ഷമവസാനത്തോടെ ഹോങ്കോങ്, ഇന്ത്യ, റഷ്യ, സിങ്കപ്പൂര്‍, തയ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തും. അമേരിക്കയില്‍ ലുമിയ ഫോണുകള്‍ 2012 ഓടെ മാത്രമേ വിപണിയിലെത്തൂ.

'മീഗോ' (MeeGo) പ്ലാറ്റ്‌ഫോമില്‍ നോക്കിയ ഇറക്കിയ എന്‍ 9
(N9) സ്മാര്‍ട്ട്‌ഫോണിനെ അനുസ്മരിപ്പിക്കുന്നതാണ് ലുമിയ ഫോണുകളുടെ രൂപഘടന. ലുമിയ 800 മോഡലിന് 580 ഡോളറും (ഏതാണ്ട് 29000 രൂപ), ലുമിയ 710 ന് 375 ഡോളറും (ഏതാണ്ട് 19000 രൂപ) വില വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

3.7 ഇഞ്ച് വലിപ്പമുള്ള ക്ലിയര്‍ബ്ലാക്ക് അമോലെഡ് സ്‌ക്രീന്‍ ആണ് ലുമിയ 800 ന്റേത്. സ്‌ക്രീന്‍ റസല്യൂഷന്‍ 480 ഗുണം 800, പിക്‌സല്‍ സാന്ദ്രത 252 ppi (pixel per inch). പിക്‌സര്‍ സാന്ദ്രത പക്ഷേ, ഐഫോണിന്റെയോ (326 ppi), ഗൂഗിള്‍ ഗാലക്‌സി നെക്‌സസ് (316 ppi) എന്ന ആന്‍ഡ്രോയിഡ് ഫോണിന്റെയോ ഒപ്പമെത്തുന്നില്ല.

ക്ലിയര്‍ബ്ലാക്ക്
(ClearBlack) എന്നത് നോക്കിയ വികസിപ്പിച്ച സങ്കേതമാണ്. മുറിക്ക് വെളിയില്‍ കൂടുതല്‍ മികച്ച രീതിയില്‍ സ്‌ക്രീനില്‍ നിറങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ഇത് സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ലുമിയ 800 ന്റെ ഹാര്‍ഡ്‌വേര്‍ കരുത്ത് അതിന്റെ 1.4 GHz ക്വല്‍കം സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസറാണ്. 512 എംബി റാം ഉള്ള ഫോണിന്റെ ഇന്റേണല്‍ സ്‌റ്റോറേജ് കപ്പാസിറ്റി 16 ജിബി ആണ്. മൈക്ലോ യുഎസ്ബി പോര്‍ട്ട്, ഹൈഡെഫിനിഷന്‍ വീഡിയോ (720 പി) പിടിക്കാന്‍ പാകത്തില്‍ എട്ട് മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ എന്നിവയുമുണ്ട്. എഫ് /2.2 കാള്‍ സെയ്‌സ് ലെന്‍സ് ആണ് എട്ട് മെഗാപിക്‌സല്‍ ക്യാമറയുടെ നട്ടെല്ല്. ലുമിയ 800 ന് 9.5 സംസാര സമയവും 55 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്കുമാണ് നോക്കിയ വാഗ്ദാനം ചെയ്യുന്ന ബാറ്ററി ലൈഫ്.

മള്‍ട്ടിടാസ്‌കിങ് പോലുള്ള ഫീച്ചറുകളുള്ള പ്ലാറ്റ്‌ഫോമാണ് മാംഗോ. മികച്ച വെബ് ബ്രൈസറാണ് ഇതിലുള്ളത്. വൈഫൈ ഹോട്ട്‌സ്‌പോട്ട് മോഡില്‍ പ്രവര്‍ത്തിക്കാനും കഴിയും. നൂറിലേറെ രാജ്യങ്ങളിലെ യാത്രാദിശകള്‍ അറിയാന്‍ കഴിയുന്ന 'നോക്കിയ ഡ്രൈവ്' (Nokia Drive), നോക്കിയ മ്യൂസിക് സ്‌റ്റോര്‍ എന്നിങ്ങനെയുള്ള അധിക സൗകര്യങ്ങളും ലുമിയ ഫോണുകളിലുണ്ട്.

ഇഎസ്പിഎന്‍ സ്‌പോര്‍ട്‌സ് ഹബ് ആണ് നോക്കിയ വിന്‍ഡോസ് ഫോണുകളില്‍ മാത്രമുള്ള ഒരു ആപ്ലിക്കേഷന്‍. നിങ്ങളുടെ ഇഷ്ട സ്‌പോര്‍ട്‌സ് ടീമിനെ സംബന്ധിച്ച വാര്‍ത്തകളും സ്ഥിതിവിവരക്കണക്കുകളും സ്‌കോറുകളുമൊക്കെ പിന്തുടരാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

ലുമിയ 800 ലേതുപോലെ അമോലെഡ് ഡിസ്‌പ്ലേ അല്ല ലുമിയ 710 ലുള്ളത്, പകരം ഡബ്ല്യുവിജിഎ ഡിസ്‌പ്ലേയാണുള്ളത്. ഹാര്‍ഡ്‌വേര്‍ ഫീച്ചറുകള്‍ തുല്യമാണെങ്കിലും, 710 ല്‍ ഇന്റേണല്‍ സ്റ്റോറേജ് 8 ജിബിയേയുള്ളു. എഇഡി ഫ് ളാഷോടുകൂടിയ 5 മെഗാപിക്‌സല്‍ ക്യാമറയാണ് ലുമിയ 710 ലേത്. 710 ന്റെ ബാറ്ററി ആയുസ്സ് - സംസാര സമയം 7 മണിക്കൂര്‍, മ്യൂസിക് പ്ലേബാക്ക് 38 മണിക്കൂര്‍.

ഇന്ത്യയുള്‍പ്പടെയുള്ള വികസ്വര രാഷ്ട്രങ്ങളിലെ ഉപഭോക്താക്കളെ മുന്നില്‍ കണ്ട്, ബേസിക് ഫോണുകളുടെ പുതിയൊരു നിരയും നോക്കിയ അവതരിപ്പിച്ചു. 'ആശ'(Asha) യെന്നാണ് പുതിയ നിരയുടെ പേര്. താരതമ്യേന വില കുറഞ്ഞ മോഡലുകളാണ് ഈ നിരയിലുള്ളതെങ്കിലും, ടച്ച് സ്‌ക്രീന്‍, 5 മെഗാപിക്‌സല്‍ ക്യാമറ, കൂടുതല്‍ തിളക്കമുള്ള സ്‌ക്രീന്‍, പാട്ടുകള്‍ സൂക്ഷിക്കാന്‍ 32 ജിബി സ്‌റ്റോറേജ്, മുന്തിയ ബാറ്ററി ലൈഫ് ഒക്കെ ഈ ബേസിക് ഫോണുകളുടെ പ്രത്യേകതകളായി നോക്കിയ എടുത്തുകാട്ടുന്നു.

ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ എന്നതിന്റെ പര്യായമായിരുന്നു നോക്കിയ. എന്നാല്‍, ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും ഇളക്കിവിട്ട സ്മാര്‍ട്ട്‌ഫോണ്‍ തരംഗത്തില്‍ നോക്കിയ പിന്നോട്ടുപോയി. നോക്കിയയുടെ സിമ്പിയന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമിന് മത്സരത്തില്‍ പിടിച്ചു നില്‍ക്കാനായില്ല. അങ്ങനെയാണ്, മൈക്രോസോഫ്ടുമായി നോക്കിയ കൈകോര്‍ത്തത്.

മൈക്രോസോഫ്ടിന്റെ പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണ്‍ 7 ആയിരിക്കും നോക്കിയയുടെ ഭാവി മൊബൈല്‍ പ്ലാറ്റ്‌ഫോമെന്ന് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആപ്പിളിന്റെ ഐഫോണിനോടും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഫോണുകളോടും മത്സരിക്കാന്‍, നോക്കിയയുടെ ഹാര്‍ഡ്‌വേര്‍ വൈദഗ്ധ്യവും വിന്‍ഡോസ് ഫോണിന്റെ കരുത്തും ചേരുമ്പോള്‍ എളുപ്പമാകുമെന്നാണ് നോക്കിയയുടെ കണക്കുകൂട്ടല്‍. ആദ്യ വിന്‍ഡോസ് ഫോണുകള്‍ എത്തുന്ന സ്ഥിതിക്ക്, ആ കണക്കുകൂട്ടല്‍ എത്രത്തോളം ശരിയാകുമെന്നാണ് ഇനി അറിയാനുള്ളത്.