ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Thursday, March 01, 2012

വിന്‍ഡോസ് 8 ന്റെ പ്രിവ്യൂപ്പതിപ്പ് എത്തി





മൊബൈല്‍രംഗത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടുപോയ മൈക്രോസോഫ്ട്, ടെക് രംഗത്തെ അതിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വിന്‍ഡോസ് 8 ന്റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചു. ഡെസ്‌ക്ടോപ്പുകളിലും ടാബ്‌ലറ്റുകളിലും ഒരേസമയം ഉപയോഗിക്കാന്‍ പാകത്തില്‍ ചിട്ടപ്പെടുത്തിയ ഒഎസിന്റെ പരീക്ഷണപ്പതിപ്പ് ഇപ്പോള്‍ ടൗണ്‍ലോഡ് ചെയ്യാനാകും.

ആം ഹോള്‍ഡിങ്‌സ് (ARM Holdings) രൂപകല്‍പ്പന ചെയ്യുന്ന, കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോപ്രൊസസറുകള്‍ക്ക് കൂടി യോജിച്ച തരത്തിലുള്ള ആദ്യ വിന്‍ഡോസ് പതിപ്പാണിത്. വിന്‍ഡോസ് 8 ന്റെ സഹായത്തോടെ ആപ്പിളിന്റെ ഐപാഡുമായി നേര്‍ക്കുനേര്‍ മത്സരം സാധ്യമാകുമെന്ന് മൈക്രോസോഫ്ട് കണക്കുകൂട്ടുന്നു.

'ഇത് ശരിക്കും വിന്‍ഡോസ് 7 നെക്കാളും മികച്ചതാണ്'-ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ ഒഎസിന്റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചുകൊണ്ട്, മൈക്രോസോഫ്ട് വിന്‍ഡോസ് യൂണിറ്റ് മേധാവി സ്റ്റീവന്‍ സിനോഫ്‌സ്‌കി പറഞ്ഞു.

മൈക്രോസോഫ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വില്‍പ്പന നടന്ന ഒഎസ് വകഭേദമാണ് വിന്‍ഡോസ് 7. മൂന്നു വര്‍ഷമായിട്ടില്ല വിന്‍ഡോസ് 7 രംഗത്തെത്തിയിട്ട്. അതിനകം 525 മില്യണ്‍ കോപ്പികളാണ് ആ ഒഎസ് വിറ്റഴിഞ്ഞത്.

എങ്കിലും, കമ്പ്യൂട്ടിങിന്റെ പുത്തന്‍ മുഖമായ ടാബ്‌ലറ്റ് രംഗത്ത് ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ക്ക് മൈക്രോസോഫ്ടിനെ പാര്‍ശ്വവത്ക്കരിക്കാന്‍ സാധിച്ചു. മൈക്രോസോഫ്ടിന്റെ പരമ്പരാഗത ശക്തിമേഖലയായ ഡെസ്‌ക്ടോപ്പിന്റെ ആധിപത്യം കുറഞ്ഞുവരുന്നത് കമ്പനിക്ക് മുന്നറിയിപ്പായി. അതിന്റെ ഫലമാണ് വിന്‍ഡോസ് 8.

പരമ്പരാഗത ഡെസ്‌ക്ടോപ്പില്‍ മൗസിനെയും കീബോര്‍ഡിനെയും പിന്തുണയ്ക്കുന്നതുപോലെ തന്നെ, ടച്ച്‌സ്‌ക്രീനിനെയും പിന്തുണയ്ക്കാന്‍ വിന്‍ഡോസ് 8 ന് സാധിക്കും. എന്നുവെച്ചാല്‍, ഇത്രകാലവും മൈക്രോസോഫ്ട് ഇറക്കിയ ഒഎസുകളില്‍ നിന്ന് വ്യത്യസ്തമായി, ഇരട്ടമുഖത്തോടെയാണ് വിന്‍ഡോസ് 8 വരുന്നതെന്ന് സാരം.

2011 സപ്തംബര്‍ മുതല്‍ ഡെവലപ്പര്‍മാര്‍ക്ക് വിന്‍ഡോസ് 8 ന്റെ പരീക്ഷണപ്പതിപ്പ് ലഭ്യമായിരുന്നു. 30 ലക്ഷം തവണ ഡെവലപ്പര്‍ പ്രിവ്യൂ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു.
ആ പതിപ്പ് പുറത്തിറക്കിയ ശേഷം ഏതാണ്ട് ഒരുലക്ഷം മാറ്റങ്ങള്‍ വിന്‍ഡോസ് 8 ല്‍ വരുത്താന്‍ കഴിഞ്ഞതായി സിനോഫ്‌സ്‌കി അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് ബീറ്റാ പതിപ്പ് ലഭ്യമാകുന്നത് ഇപ്പോഴാണ്. ബുധനാഴ്ച രാവിലെ മുതല്‍ വിന്‍ഡോസ് 8 ന്റെ പ്രിവ്യൂ പതിപ്പ് അഥവാ ബീറ്റാ പതിപ്പ് ഡൗണ്‍ലോഡിന് ലഭ്യമായി. ഇതിനകം 70 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആ സോഫ്ട്‌വേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞതായി സിനോഫ്‌സ്‌കി അറിയിച്ചു. preview.windows.com ല്‍ നിന്ന് ആര്‍ക്കും വിന്‍ഡോസ് 8 ന്റെ പ്രിവ്യൂപ്പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ആം രൂപകല്‍പ്പന ചെയ്ത പ്രൊസസറുകളിലും, ഇന്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഒരേ സമയം വിന്‍ഡോസ് 8 പ്രവര്‍ത്തിക്കുക എന്നതാണ് മൈക്രോസോഫ്ടിന്റെ ലക്ഷ്യം- ഒരു വെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നത് പോലെ. അതില്‍ വിജയിച്ചാല്‍ ഈ രംഗത്തെ മറ്റ് കമ്പനികളെയൊക്കെ ഒറ്റയടിക്ക് പിന്നിലാക്കാനും, ടാബ്‌ലറ്റിന്റെ പുത്തന്‍ സാമ്രാജ്യം കീഴടക്കാനും കഴിയുമെന്ന് മൈക്രോസോഫ്ട് കണക്കുകൂട്ടുന്നു.

ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും വിന്‍ഡോസിന്റെ പുതിയ പതിപ്പുകള്‍ രംഗത്തെത്തിക്കുകയാണ് മൈക്രോസോഫ്ടിന്റെ പതിവ്. അതനുസരിച്ചാണെങ്കില്‍, 2012 ഒക്ടോബറോടെ വിന്‍ഡോസ് 8 പൂര്‍ണരൂപത്തില്‍ പുറത്തിറങ്ങേണ്ടതാണ്.

വിന്‍ഡോസ് 8 ന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിലും ടാബ്‌ലറ്റ് പതിപ്പിലും തികച്ചും പുതുമയാര്‍ന്ന സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ഒരുക്കുന്നതില്‍ മൈക്രോസോഫ്ട് വിജിയിച്ചിട്ടുണ്ട്. നിലവിലുള്ള വിന്‍ഡോസ് ഫോണ്‍ സോഫ്ട്‌വേറില്‍ നിന്ന് കടംകൊണ്ട 'മെട്രോ' സമ്പര്‍ക്കമുഖമാണ് വിന്‍ഡോസ് 8 ന്റേത്. സ്‌ക്രീനില്‍ എവിടെയും നീക്കി പ്രതിഷ്ഠിക്കാന്‍ സാധിക്കുന്ന 'കട്ടകള്‍' അഥവാ ബ്ലോക്കുകളാണ് ഈ സമ്പര്‍ക്കമുഖത്തിന്റെ കാതല്‍.

വിന്‍ഡോസ് സമ്പര്‍ക്കമുഖത്തില്‍ കാതലായ മാറ്റം മൈക്രോസോഫ്ട് വരുത്തിയത് വിന്‍ഡോസ് 95 ഒഎസിലായിരുന്നു. അതിന് ശേഷം ഏറ്റവും അര്‍ഥവത്തായ സമ്പര്‍ക്കമുഖ പരിഷ്‌ക്കരണമാണ് വിന്‍ഡോസ് 8 ല്‍ വരുത്തിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

വിന്‍ഡോസ് 8 ന്റെ ബീറ്റയില്‍ 'വിന്‍ഡോസ് സ്‌റ്റോറും' ഉള്‍പ്പെടുന്നു. ആപ്ലിക്കേഷനുകള്‍ (Apps) ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷിക്കാനും, ക്ലൗഡ് സ്റ്റോറേജിന്റെ സഹായത്തോടെ ഉള്ളടക്കങ്ങള്‍ വിന്‍ഡോസ് ഫോണ്‍ പോലുള്ള മറ്റ് ഉപകരണങ്ങളിലേക്ക് മാറ്റാനും ഉപയോക്താവിന് സാധിക്കും. മാത്രമല്ല, മൈക്രോസോഫ്ടിന്റെ പുതിയ ബ്രൗസര്‍ വകഭേദമായഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10 പരീക്ഷിക്കാനും കഴിയും. 

Wednesday, February 29, 2012

പോയ വാരം.

ഫെബ്രവരി16-22
ഫെബ്രവരി16:
  • കൊല്ലം തീരത്തുനിന്ന് മത്സ്യബന്ധത്തിനു പോയ രണ്ട് മല്‍സ്യ തൊഴിലാലികള്‍ക്കു നേരെ ഇറ്റാലിയന്‍ കപ്പല്‍ സുരക്ഷാ ഗാര്‍ഡുകള്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറ്റലിയെ ശക്തമായ നടുക്കവും പ്രതിഷേധവും അറിയിച്ചു.
  • പാമോലിന്‍ അഴിമതി കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ.അഹ്മദ് രാജിവെച്ചു.
  • സമസ്ഥാന ഖാദിബോര്‍ഡ് ചെയര്‍മാനായി കെ.പി.നൂറുദ്ദീനും കെ.ടി.ഡി.സി ചെയര്‍മാനായി വിജയന്‍ തോമസും നിയമിതരായി.കെ.സി.റോസക്കുട്ടി വനിതാ കമീഷന്‍ അധ്യക്ഷ.
  • ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്യ്രു സൈമണ്ട്സ് കളിയില്‍ നിന്നും വിരമിച്ചു.
ഫെബ്രവരി17:
  • തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവം മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സമഗ്ര റിപ്പോര്‍ട്ടിങ്ങിന് ദേശാഭിമാനിക്കും മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മാത്യഭൂമിയിലെ എ.കെ. ശ്രീജിത്തനും മികച്ച കാര്‍ട്ടൂണിനുള്ള പുരസ്കാരം മാധ്യമത്തിലെ പി.ആര്‍.രാഗേഷിനും ലഭിച്ചു.
  • മുന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എം.എ വെള്ളോടി അന്തരിച്ചു.
  • അഴിമതി ആരോപണത്തെതുടര്‍ന്ന് ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വൂള്‍ഫ് രാജിവെച്ചു.
  • ചീഫ് വിപ്പ് പി.സ.ി ജോര്‍ജിന് ഇരട്ട പതവി പ്രശ്ത്തില്‍ തെരഞ്ഞെടുപ്പു കമീഷന്‍ അനുകൂലമായി വിധിച്ചു.
  • പി.ഭാ്കരന്‍ പുരസ്കാരം വി.ദക്ഷിണമൂര്‍ത്തിക്ക് ലഭിച്ചു.
ഫെബ്രുവരി18:
  • സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ഭിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാളായി അഭിഷക്തനായി.
ഫെബ്രുവരി19:
  • രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ട് നാവിക സേനാംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു.
  • 62ാമത് ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഇറ്റലിയിലെ സംവിധായക സഹോദരങ്ങളായ പൗളോ, വിറ്റോറിയോ തവിയാനി എന്നിവര്‍ ചേര്‍ന്നൊരുക്കിയ 'സീസര്‍ മസ്റ്റ് ഡൈ' മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ് നേടി.
  • ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി വെട്ടിക്കുറക്കാനുള്ള ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആ രാജ്യങ്ങളുമായുള്ള എണ്ണവ്യാപാരം ഇറാന്‍ പൂര്‍ണമായി അവസാനിപ്പിച്ചു.
ഫെബ്രുവരി20:
  • ജര്‍മനിയുടെ പുതിയ പ്രസിഡന്റായി  ജൊവാഷിം ഗവുക്കിനെ നിയമിച്ചു.
ഫെബ്രുവരി21:
  • കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി ശിലയിട്ടു.
  • വിചാരണ കൂടാതെ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍കാരന്‍ ഖാദര്‍ അദ്നാനെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചു.
  • സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ കിരീടം മലപ്പുറം ജില്ലക്ക്.
  • ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ് ഏകദിനക്രിക്കറ്റില്‍നിന്ന് വിരമിച്ചു.
ഫെബ്രുവരി22:
  • പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പു മാര്‍ച്ച് 17ന് നടക്കുമെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ ഉത്തരവിറക്കി.
  • ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി) മാര്‍ച്ച് ഒന്നിന് ആരംഭിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു.
  • ഹോമിയോ ശാസ്ത്രവേദിയുടെ ഡോ. സാമുവല്‍ ഹനിമാന്‍ അവാര്‍ഡ് ഡോ. രാജന്‍ ശങ്കരന്. 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
  • ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം താമരശേരി ശങ്കരന്‍ ഭട്ടതിരിക്ക് ലഭിച്ചു.

ഗാലക്സി ടാബിന്റെ പുതിയ പതിപ്പുമായി സാംസങ്


ഗാലക്സി ടാബിന്റെ പുതിയ പതിപ്പുമായി സാംസങ്
ഗാലക്സി ടാബിന്റെ പുതിയ രൂപവുമായി  സാംസങ് രംഗത്ത്. 10.1 ഇഞ്ചിന്റെതാണ് പുതിയ ടാബ്. നേരത്തെ, ഏഴ് ഇഞ്ചിന്റെ ടാബ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
 1200ഃ 800 പിക്സല്‍ റെസലൂഷനോട് കൂടിയ  10.1 ഇഞ്ച് ഡിസ്പ്ലേ,1 ജിഗാ ഹെര്‍ട്സ് ഡ്യൂവല്‍ കോര്‍ പ്രൊസസര്‍, 1 ജി ബിയുടെ റാം, 3 ജി- വൈഫൈ, വൈഫൈ എന്നീ രണ്ട് രൂപങ്ങളിലും ഇതുപയോഗിക്കാം.
മൂന്ന് മെഗാപിക്സല്‍ റിയര്‍ കാമറ,  വിജിഎ ഫ്രന്റ് ഫെയസിങ് കാമറ എന്നിവയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് മുഖേന 32 ജിബി വരെ മെമ്മറി കപ്പാസിറ്റി,  ബ്ലൂ ടൂത്ത് 3.0, ജി പി എസ് എന്നീ സവിശേഷതകളും ഇതിലുണ്ട്.  വിലയെത്രയെന്ന് വ്യക്തമല്ലെങ്കിലും മാര്‍ച്ചോടെ ആഗോള വിപണിയിലെത്തുമെന്നാണ് സൂചന.

സാംസങ് ഗാലക്‌സി ബീം - സ്മാര്‍ട്ട്‌ഫോണ്‍ + പ്രൊജക്ടര്‍









ഒരേസമയം സ്മാര്‍ട്ട്‌ഫോണും പ്രൊജക്ടറുമായി പ്രവര്‍ത്തിക്കുന്ന ഉപകരണം എന്നത് പുതിയ ആശയമല്ല. എന്നാല്‍, ഇത് ആദ്യമായി ഒരു മുഖ്യധാരാ ഫോണില്‍ യാഥാര്‍ഥമാകുകയാണ്. സാംസങിന്റെ ഗാലക്‌സി ബീം (Samsung Galaxy Beam) ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ്, ഒപ്പം പ്രൊജക്ടറും.


ചില കോംപാക്ട് ഡിജിറ്റല്‍ ക്യാമറകളില്‍ പ്രൊജക്ടര്‍ ഇതിനകം സ്ഥാനംപിടിച്ചെങ്കിലും, മൊബൈല്‍ ഫോണുകളില്‍ ഗുണനിലവാരമുള്ള പ്രൊജക്ടര്‍ സന്നിവേശിപ്പിക്കുക അത്ര എളുപ്പമല്ല. എന്നാല്‍, 15 ലൂമെന്‍സ് (15 lumens) ശേഷിയുള്ള nHD പ്രൊജക്ടര്‍ സ്മാര്‍ട്ട്‌ഫോണില്‍ ഒരുക്കുന്നതിലാണ് സാംസങ് വിജിയിച്ചിരിക്കുന്നത്.




ഏത് നിരന്ന പ്രതലത്തിലും ഫോട്ടോകളും വീഡിയോകളും മിഴിവോടെ പ്രൊജക്ട് ചെയ്ത് കാണാന്‍ ഗാലക്‌സി ബീം സഹായിക്കും. വേണമെങ്കില്‍ വാതില്‍പ്പുറ ഉപയോഗത്തിനും ഇത് ഉപകരിക്കുമെന്ന് സാംസങ് അവകാശപ്പെടുന്നു.


ബാഴ്‌സലോണയില്‍ ഫിബ്രവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ നടക്കുന്നു മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലെ താരമാകാന്‍ പോവുകയാണ് ഗാലക്‌സി ബീം. മൊബൈല്‍ കോണ്‍ഗ്രസ് ആരംഭിക്കും മുമ്പു തന്നെ ഈ പ്രൊജക്ടര്‍ഫോണ്‍ വന്‍ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു.


സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ അപേക്ഷിച്ച് അല്‍പ്പം കനംകൂടിയതാണ് ഗാലക്‌സി ബീം. 12.5 മില്ലിമീറ്റര്‍ ആണ് ഫോണിന്റെ കനം. പക്ഷേ, ഉപഭോക്താക്കള്‍ സാധാരണ വാങ്ങാറുള്ള മൊബൈല്‍ ഫോണുകളുടെ കനമേ ഉള്ളൂ ഇതെന്ന് സാംസങ് പറയുന്നു.




നാലിഞ്ച് 800 ഗുണം 480 സ്‌ക്രീന്‍ ആണ് ഫോണിന്റേത്. 5 മെഗാപിക്‌സല്‍ ക്യാമറയുള്ള ഗാലക്‌സി ബീം, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 2.3 പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുക. 1. 0 GHz ഡ്യുവല്‍ കോര്‍ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. ഒരു പ്രത്യേക ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഫോണിലെ പ്രൊജക്ടര്‍ പ്രവര്‍ത്തിക്കുക. അധികശേഷിക്കായി 2000 mAh ബാറ്ററിയുമുണ്ട്.

നോക്കിയ 808 പ്യുവര്‍വ്യൂ - 41 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍


ഒരു സ്മാര്‍ട്ട്‌ഫോണില്‍ എത്ര മെഗാപിക്‌സല്‍ ക്യാമറ വേണം. എത്രയെന്ന് വേണമെങ്കിലും നിങ്ങള്‍ പറഞ്ഞോളൂ...അത്തരം എല്ലാ കണക്കുകൂട്ടലും തെറ്റിക്കും നോക്കിയയുടെ പുതിയ ഫോണായ 808 പ്യുവര്‍വ്യൂ. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ (MWC 2012) ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ഈ സ്മാര്‍ട്ട്‌ഫോണിലേത് 41 മെഗാപിക്‌സല്‍ ക്യാമറയാണ്!

മൊബൈല്‍ ഇമേജിങ് ഉപകരണങ്ങളുടെ കാര്യത്തില്‍ പുതിയൊരു 'വ്യവസായ നിലവാരം' നിശ്ചയിക്കാന്‍ പോന്നതാകും നോക്കിയ 808 പ്യുവര്‍വ്യൂ (Nokia 808 PureView) എന്ന് കമ്പനി അവകാശപ്പെടുന്നു. പ്രസിദ്ധമായ 'കാള്‍ സീസ്' (Carl Zeiss) കമ്പനിയാണ് നോക്കിയ ഫോണിനുള്ള 41 മെഗാപിക്‌സല്‍ സെന്‍സര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

'പ്യുവര്‍വ്യൂ ഫോണി'ലെ ക്യാമറ 41 മെഗാപിക്‌സല്‍ ആണെന്ന് കേള്‍ക്കുമ്പോള്‍, പരസ്യബോര്‍ഡുകളുടെ വലിപ്പമുള്ള ചിത്രങ്ങളേ എടുക്കാനാകൂ എന്ന് കരുതരുത്. എത്ര വലിപ്പത്തിലുള്ള ചിത്രം വേണമെന്ന് ഉപയോക്താവിന് നിശ്ചയിക്കാം- 2 മെഗാപിക്‌സല്‍, 3 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍, അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്ന റസല്യൂഷന്‍ എന്നിങ്ങനെ.

'ശരിയായ ഒരു പിക്‌സലി'ന്റെ പരിധിക്കുള്ളിലേക്ക് ഏഴ് പിക്‌സലുകള്‍ വരെ സന്നിവേശിപ്പിച്ച് ചിത്രത്തിന്റെ മിഴിവും ഗുണമേന്‍മയും വര്‍ധിപ്പിക്കാനുള്ള സങ്കേതമാണ് പ്യുവര്‍വ്യൂ ഫോണിലുള്ളത്. വര്‍ഷങ്ങളുടെ ഗവേഷണഫലമായാണ് പ്യുവര്‍വ്യൂ ദൃശ്യസങ്കേതം രൂപപ്പെടുത്തിയതെന്ന് നോക്കിയ അവകാശപ്പെടുന്നു. ചിത്രങ്ങളുടെ ഗുണമേന്‍മ, സൂം ചെയ്യുമ്പോഴും ചിത്രത്തിന്റെ മിഴിവ് നഷ്ടമാകാതിരിക്കല്‍, മങ്ങിയ വെളിച്ചത്തിലും മെച്ചപ്പെട്ട ചിത്രങ്ങള്‍ പകര്‍ത്താനുള്ള സാധ്യതയൊക്കെ ഈ സങ്കേതം മുന്നോട്ടുവെയ്ക്കുന്നു.

ഫോട്ടോകള്‍ മാത്രമല്ല, വീഡിയോ പിടിക്കാനും ഈ സ്മാര്‍ട്ട്‌ഫോണ്‍ സഹായിക്കും. ഉന്നത റസല്യൂഷനില്‍ 1080പി വീഡിയോ ഇതില്‍ സാധ്യമാകും.


സൂപ്പര്‍ഫോണ്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ ഫോണിന്റെ പ്ലാറ്റ്‌ഫോം പക്ഷേ നോക്കിയയുടെ സിമ്പിയന്‍ ബെല്‍ (Symbian Belle) ആണെന്നത് പലരും നെറ്റി ചുളിക്കാന്‍ ഇടയാക്കിയിരിക്കുന്നു. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം എങ്കിലുമാകേണ്ടതായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം.

കാരണം, നോക്കിയ ഉപേക്ഷിക്കാന്‍ തീരുമാനിച്ച പഴഞ്ചന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് സിമ്പിയന്‍. പകരം മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ ഒഎസിലാകും നോക്കിയയുടെ ഭാവിയെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആ സ്ഥിതിക്ക് ഇങ്ങനെയൊരു സൂപ്പര്‍ഫോണ്‍ സിമ്പിയന്‍ ബെല്‍ പ്ലാറ്റ്‌ഫോമില്‍ വേണ്ടിയിരുന്നോ എന്നാണ് ചോദ്യം.

നാലിഞ്ച് അമൊലെഡ് ഡിസ്‌പ്ലെയാണ് പ്യൂവര്‍വ്യൂ ഫോണിന്റേത്. പോറല്‍ വീഴാതിരിക്കാന്‍ ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. 1.3 GHz പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. 16ജിബി തനത് മെമ്മറിയുള്ള ഫോണില്‍ 32 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കാനുമാകും.

2012 മെയ് മാസത്തില്‍ നോക്കിയ 808 പ്യുവര്‍വ്യൂ വിപണിയിലെത്തും. ലഭ്യമായ വിവരമനുസരിച്ച് നോക്കിയ 808 പ്യുവര്‍വ്യൂവിന് അമേരിക്കയില്‍ 760 ഡോളറായിരിക്കും വില; ഇന്ത്യയില്‍ ഏതാണ്ട് 34000 രൂപയും.

വിന്‍ഡോസ് ഫോണ്‍ 7 ല്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 610, സിമ്പിയന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആഷ 202, ആഷ 203, ആഷ 302 എന്നീ ഫോണുകളും മൊബൈല്‍ കോണ്‍ഗ്രസില്‍ നോക്കിയ അവതരിപ്പിച്ചു.