Friday, January 07, 2011

മൈക്രോസോഫ്ടും നോക്കിയയും കൈകോര്‍ക്കുന്നു ?


കടപ്പാട്: മതുഭുമി





മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 പ്ലാറ്റ്‌ഫോമില്‍ നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍ വരുമോ? ഇതു സംബന്ധിച്ച് നോക്കിയയും മൈക്രോസോഫ്ടും തമ്മില്‍ ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്.

വിന്‍ഡോസ് ഫോണ്‍ 7 പുറത്തിറങ്ങി ആദ്യ ആറാഴ്ച കൊണ്ട് 15 ലക്ഷം ഫോണുകള്‍ വിറ്റഴിഞ്ഞുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ്, ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ കമ്പനിയുമായി മൈക്രോസോഫ്ട് ചര്‍ച്ച നടത്തുന്നതായുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും അടക്കി വാഴുന്ന സ്മാര്‍ട്ട് ഫോണ്‍ രംഗത്ത്, പ്രതാപമുറപ്പിക്കാനുള്ള നീക്കമായാണ് നോക്കിയയുടെയും മൈക്രോസോഫ്ടിന്റെയും നീക്കത്തെ നിരീക്ഷകര്‍ കാണുന്നത്. പുതിയ മൊബൈല്‍ വിപ്ലവത്തില്‍ പിടിവിട്ടുപോയ കമ്പനികളാണ് നോക്കിയയും മൈക്രോസോഫ്ടും.


പുതിയ മൊബൈല്‍ വിപ്ലവത്തില്‍ സ്ഥാനമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഒക്ടോബറില്‍ വിന്‍ഡോസ് ഫോണ്‍ 7 മൈക്രോസോഫ്ട് അവതരിപ്പിച്ചത്. ഇതിനകം ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന 15 ലക്ഷം ഫോണുകള്‍ ചെലവായി എന്ന വിവരം മൈക്രോസോഫ്ടിലെ ആച്ചിം ബെര്‍ഗ് ആണ് വെളിപ്പെടുത്തിയത്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് നേടുന്ന വന്‍വിജയമാണ് നോക്കിയയെയും മൈക്രോസോഫ്ടിനെയും അടുപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആന്‍ഡ്രോയിഡിന് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമായി മൈക്രോസോഫ്ടാണ് നോക്കിയയുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തതത്രേ. നോക്കിയയുടെ ഇപ്പോഴത്തെ മേധാവി, മുന്‍ മൈക്രോസോഫ്ട് എക്‌സിക്യുട്ടീവ് ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

വിന്‍ഡോസ് ഫോണ്‍ 7 ന്റെ ആദ്യവില്‍പ്പന ആന്‍ഡ്രോയിഡിന്റെ ആദ്യകാല വളര്‍ച്ചയെ കടത്തിവെട്ടും വിധമാണെന്ന കാര്യം തീര്‍ച്ചയായും നോക്കിയയെ ആകര്‍ഷിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മാത്രമല്ല, വിന്‍ഡോസ് ഫോണിന്റെ ആപ്ലിക്കേഷന്‍ രംഗവും വേഗം വളരുകയാണ്. രണ്ടു മാസംകൊണ്ട് 4000 ആപ്ലിക്കേഷനുകള്‍ എന്നത് ശ്രദ്ധേയമായ വളര്‍ച്ച തന്നെയാണ്. 2008 ഒക്ടോബറില്‍ രംഗത്തെത്തിയ ആന്‍ഡ്രോയിഡ് ഇത്രയും വളര്‍ച്ചയെത്താന്‍ 2009 മാര്‍ച്ച് വരെ കാക്കേണ്ടി വന്നു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment