Tuesday, May 03, 2011

പ്രചരിച്ചപോലെ ബ്രിട്ടാസ് കുത്തക ചാനലിലേക്ക്!


PRO
മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സില്‍ ചേര്‍ന്നുകൊണ്ട് ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളിലൂടെ വന്ന ഊഹാപോഹങ്ങള്‍ ശരിയാണെന്ന് തെളിയിച്ചു. ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സിന്റെ ആസ്ഥാനത്തെത്തിയ ബ്രിട്ടാസ് ചാനലിന്റെ ബിസിനസ് ഹെഡായി ചുമതലയേറ്റു എന്ന് ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ കെ മാധവന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബ്രിട്ടാസ് തിരിച്ചുവരുമെന്ന പിണറായി വിജയന്റെയും മമ്മൂട്ടിയുടെയും പ്രസ്താവനകള്‍ വെറും വാക്കായി.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ടിവിയുടെ മലയാളം ‘കൈ’ ആണ് ഏഷ്യാനെറ്റ്. കുത്തക മാധ്യമങ്ങളെ ഏറെ എതിര്‍ത്ത് പ്രസംഗിക്കുകയും ക്ലാസുകള്‍ എടുക്കുകയും ചെയ്തിട്ടുള്ള ഒരു കമ്യൂണിസ്റ്റുകാരന്റെ ഈ ചുവടുമാറ്റം അത്ഭുതത്തോട് കൂടിയാണ് പലരും കാണുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഒഴികെയുള്ള ഏഷ്യാനെറ്റ് മലയാളം ചാനലുകളുടെ ബിസിനസ് ഹെഡ് ആയിരിക്കും ബ്രിട്ടാസ് എന്നാണ് അറിയുന്നത്.

രാജിവച്ചൊഴിഞ്ഞ ജോണ്‍ ബ്രിട്ടാസ് അല്‍‌പകാലത്തിന് ശേഷം കൈരളി ടിവിയിലേക്ക് തന്നെ മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയും പറയുകയുണ്ടായി. തിരുവനന്തപുരത്ത് ചേര്‍ന്ന കൈരളി ടിവി ജീവനക്കാരുടെ യോഗത്തിലാണ് ഇക്കഴിഞ്ഞ ദിവസം പിണറായി ഇങ്ങിനെ പറഞ്ഞത്. കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയും രാജി താല്‍‌ക്കാലികം ആണെന്നാണ് പ്രതികരിച്ചത്.

കൈരളിയില്‍ നിന്ന് രാജിവച്ചപ്പോള്‍ തന്നെ ബ്രിട്ടാസിനെ ചുറ്റിപ്പറ്റി ഏറെ ഊഹാപോഹങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയുണ്ടായി. അന്തര്‍ദ്ദേശീയ മാധ്യമമായ സ്റ്റാര്‍ ടിവിയിലേക്ക് ബ്രിട്ടാസ് ചേക്കേറുമെന്ന അഭ്യൂഹം തന്നെയായിരുന്നു ഇതില്‍ പ്രമുഖം. പാര്‍ട്ടി തന്നെ ഒരു ദേശീയ ടെലിവിഷന്‍ ചാനല്‍ രൂപീകരിക്കുമെന്നും ബ്രിട്ടാസിനെ അതിന്റെ തലപ്പത്ത് ഇരുത്തുമെന്നും ഉള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment