Friday, January 06, 2012

ജിഎസ്എം ഫോണുകള്‍ ഭീഷണിയിലെന്ന് വിദഗ്ധന്‍




ലോകത്ത് 80 ശതമാനം ഫോണുകളിലും ഉപയോഗിക്കുന്ന വയര്‍ലെസ്സ് സങ്കേതം സുരക്ഷാപഴുതുള്ളതാണെന്ന് മുന്നറിയിപ്പ്. ജിഎസ്എം വയര്‍ലെസ് സങ്കേതം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍, ദുഷ്ടബുദ്ധികള്‍ക്ക് എളുപ്പത്തില്‍ നിയന്ത്രണത്തിലാക്കാമെന്ന് ജര്‍മന്‍ മൊബൈല്‍ സുരക്ഷാവിദഗ്ധനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ജിഎസ്.എം സങ്കേതത്തിലെ പഴുത് ചൂഷണം ചെയ്യാനായാല്‍, ഉടമസ്ഥന്‍ അറിയാതെ ഫോണിനെക്കൊണ്ട് ടെക്‌സ്റ്റ് മെസേജുകള്‍ അയപ്പിക്കാനും ഫോണ്‍ കോളുകള്‍ വിളിപ്പിക്കാനും സാധിക്കും - ജര്‍മനിയിലെ സെക്യൂരിറ്റി റിസര്‍ച്ച് ലാബ്‌സിന്റെ മേധാവി കാര്‍സ്റ്റെന്‍ നോഹ്ല്‍ പറഞ്ഞു.

ഇതിന് സമാനമായ ആക്രമണങ്ങള്‍ കുറച്ച് ഫോണുകൡ മുമ്പ് നടന്നിട്ടുണ്ട്. എന്നാല്‍, പുതിയ രീതിയിലുള്ള ആക്രമണം വഴി ജിഎസ്എം സങ്കേതം ഉപയോഗിക്കുന്ന ഏത് ഫോണിനെയും എളുപ്പത്തില്‍ വരുതിയിലാക്കാന്‍ കുബുദ്ധികള്‍ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

'ചെറിയൊരു സമയംകൊണ്ട് ലക്ഷക്കണക്കിന് ഫോണുകളെ ആക്രമിക്കാന്‍ കഴിയും'-നോഹ്ല്‍ ചൂണ്ടിക്കാട്ടി. ബര്‍ലിനില്‍ നടക്കുന്ന ഒരു ഹാക്കിങ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം വാര്‍ത്താഏജന്‍സിക്ക് മുന്നില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കോര്‍പ്പറേറ്റ് ലാന്‍ഡ്‌ലൈനുകളെയും മറ്റും വരുതിയിലാക്കി ഫോണ്‍തട്ടിപ്പ് നടത്തുന്നത് പുതുമയുള്ള സംഗതിയല്ല. ഇങ്ങനെ കുബുദ്ധികള്‍ നുഴഞ്ഞുകയറി ഫോണ്‍ലൈനുകള്‍ ചൂഷണം ചെയ്തകാര്യം മിക്കപ്പോഴും ഭീമമായ ഫോണ്‍ബില്‍ വരുമ്പോഴാകും സ്ഥാപനങ്ങള്‍ അറിയുക.

11 രാജ്യങ്ങളിലെ 32 മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ പ്രകടനം നോഹ്‌ലലിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വിലയിരുത്തിയപ്പോള്‍, സുരക്ഷയുടെ കാര്യത്തില്‍ അവയൊന്നും മികച്ച പ്രകടനമല്ല കാഴ്ചവെയ്ക്കുന്നതെന്ന് കണ്ടു. അതിന്റെ അടിസ്ഥാനത്തില്‍ gsmmap.orgഎന്നൊരു റാങ്കിങ് സൈറ്റും രൂപപ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രിയ, ബെല്‍ജിയം, ചെക് റിപ്പബ്ലിക്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, ഇറ്റലി, മൊറോക്കോ, സ്ലൊവാക്യ, സ്വിറ്റ്‌സ്വര്‍ലന്‍ഡ്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ 32 മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ പ്രകടനമാണ് ഗവേഷകര്‍ വിലയിരുത്തിയത്. (ചിത്രം കടപ്പാട് : റോയിട്ടേഴ്‌സ്) 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment