Thursday, March 08, 2012

ഇന്ത്യന്‍വിപണിയിലേക്ക് മോട്ടറോള ഏട്രിക്‌സ് 2




അനുദിനം വളര്‍ച്ചനേടുന്ന ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മോട്ടറോളയുടെ സാന്നിധ്യം താരതമ്യേന കുറവായിരുന്നു. അള്‍ട്രാസ്ലിം മോഡലായ മോട്ടറോള റേസര്‍ മാത്രമാണ് അല്പങ്കെിലും ചലനമുണ്ടാക്കിയത്. സാംസങും നോക്കിയയും ബ്ലാക്ക്‌ബെറിയും കൈയടക്കിവച്ചിരിക്കുന്ന ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഒരുകൈ നോക്കാനൊരുങ്ങുകയാണ് ഈ അമേരിക്കന്‍ കമ്പനി. അമേരിക്കയടക്കമുളള രാജ്യങ്ങളില്‍ മികച്ച സ്വീകാര്യത ലഭിച്ച ഏട്രിക്‌സ് 2 എന്ന സ്മാര്‍ട്‌ഫോണ്‍ മോട്ടറോള ഇന്ത്യയില്‍ അവതരിപ്പിച്ചതും ഈ ലക്ഷ്യം മുന്നില്‍ കണ്ടുതന്നെ.

2011 ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ മികച്ച സ്മാര്‍ട്‌ഫോണിനുള്ള അവാര്‍ഡ് ലഭിച്ച ഏട്രിക്‌സ് 4 ജിയുടെ പരിഷ്‌കരിച്ച മോഡലാണ് ഏട്രിക്‌സ് 2. പ്രൊസസറിന്റെ വേഗക്കുറവും ഹൈഡെഫനിഷന്‍ റെക്കോഡിങിന്റെ അഭാവവുമായിരുന്നു ഏട്രിക്‌സ് 4 ജിയുടെ പേരായ്മയായി ചുണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പുതിയ വെര്‍ഷനില്‍ അതൊക്കെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഏട്രിക്‌സ് ടുവിന് ഒരു ജിഗാഹെര്‍ട്‌സ് കോര്‍ടെക്‌സ്-എ9 പ്രൊസസറാണു കരുത്തു പകരുന്നത്. ഒരു ജിബി റാമും ഇതിലുണ്ട്.

540 ബൈ 960 പിക്‌സല്‍ റെസല്യൂഷനുള്ള 4.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ പോറല്‍ വീഴാത്ത ഗോറില്ലഗഌസ് കൊണ്ടുണ്ടാക്കിയതാണ്. എല്‍ഇഡി ഫ്ലാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറ, 1080 പി ഹൈഡെഫനിഷന്‍ വീഡിയോ റെക്കോഡിങ്, വീഡിയോ കോളിങിനായി ഫ്രണ്ട് ക്യാമറ എന്നിവയും ഏട്രിക്‌സ് ടുവിലുണ്ട്. എട്ട് ജിബി ഇന്റേണല്‍ മെമ്മറിക്കുപുറമെ 32 ജിബി വരെയുള്ള മൈക്രോ എസ്ഡി സ്‌ലോട്ടും ഈ ഫോണിലുണ്ട്. മള്‍ട്ടിപ്പിള്‍ മീഡിയ ഫോര്‍മാറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഏട്രിക്‌സ് ടു എച്ച്ഡിഎംഐ പോര്‍ട്ട് ആയും ഉപയോഗിക്കാം.

ലൈവ് വിജറ്റുകളോടുകൂടിയ മോട്ടറോളയുടെ സ്വന്തം മോട്ടോബ്ലര്‍ യൂസര്‍ ഇന്റര്‍ഫേസും ഏട്രിക്‌സ് ടുവിലുണ്ട്. ഫ്ലാഷ് ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന എച്ച്ടിഎംഎല്‍ വെബ്ബ്രൗസര്‍, അസിസ്റ്റഡ് ജിപിഎസ്, ഇ-കോമ്പസ്, ലൈറ്റ്-പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, വൈഫെ, ബ്ലൂടുത്ത് എന്നിവയും ഫോണിലുണ്ട്.


മൊബൈല്‍ഫോണിനെ കമ്പ്യൂട്ടര്‍ മോണിറ്ററുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാവുന്ന ലാപ്‌ഡോക്ക് സംവിധാനമുളള ഫോണാണിത്. കമ്പ്യൂട്ടറിലെ വീഡിയോകളും ചിത്രങ്ങളുമൊക്കെ ഫോണില്‍ കാണാവുന്ന സുമോകാസ്റ്റ് ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍ബില്‍ട്ട് ആയി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു.

എട്ട് മണിക്കൂര്‍ അമ്പതു മിനുട്ട് തുടര്‍ച്ചയായ സംസാരസമയവും 382 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ആയുസും ഈ ഫോണിന്റെ ബാറ്ററി ഉറപ്പുതരുന്നു.

23,000 രൂപയാണ് ഫോണിന് ഇന്ത്യയിലെ വില. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ബിസിനസ് സൈറ്റുകളായ ലെറ്റ്‌സ്‌ബൈ, ഫ്ലാപ്കാര്‍ട്ട്, സാഹോളിക് എന്നിവയിലൊക്കെ ഏട്രിക്‌സ് ടു വില്‍പനയ്‌ക്കെത്തിക്കഴിഞ്ഞു.

ഇതേ വിലനിരവാരമുള്ള എച്ച്ടിസി ഡിസയര്‍ എച്ച്ഡി, എച്ച്ടിസി റഡാര്‍, ബ്ലാക്ക്‌ബെറി ബോള്‍ഡ് 9780, സാംസങ് ഗാലക്‌സി ആര്‍ എന്നീ മോഡലുകളോടാവും ഏട്രിക്‌സ് ടുവിന് മത്സരിക്കേണ്ടിവരുക.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment