Wednesday, September 05, 2012

ആദ്യ വിന്‍ഡോസ്8 ഫോണ്‍ സാംസംഗില്‍ നിന്ന്


ആദ്യ വിന്‍ഡോസ്8 ഫോണ്‍ സാംസംഗില്‍ നിന്ന്
ഗ്യാലക്സി നോട്ട് രണ്ടാമന്‍, ആന്‍ഡ്രോയിഡ് കാമറ... ബെര്‍ലിനില്‍ നടക്കുന്ന അന്താരാഷ്ട്ര റേഡിയോ പ്രദര്‍ശനത്തില്‍ (ഐ.എഫ്.എ) സാംസംഗില്‍ നിന്ന് പ്രതീക്ഷിച്ച ചില ഉല്‍പ്പന്നങ്ങളാണ് ഇവ. അഭ്യൂഹങ്ങള്‍ യാഥാര്‍ഥ്യമാക്കി ഇവയെല്ലാം പ്രഖ്യാപിച്ച സൗത്ത് കൊറിയന്‍ ഇലക്ട്രോണിക് ഭീമന്‍മാര്‍ ഒരു 'സര്‍പ്രൈസ്' കൂടി മേളയില്‍ ഒരുക്കിവെച്ചിരുന്നു, ആദ്യ വിന്‍ഡോസ് എട്ട് ഫോണ്‍.
സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന നോക്കിയ വേള്‍ഡ് കോണ്‍ഫറന്‍സില്‍ വിന്‍ഡോസ് എട്ട് ഫോണ്‍ പ്രഖ്യാപിക്കാനിടയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സാംസംഗ് നോക്കിയയെ കടത്തിവെട്ടുന്ന പ്രഖ്യാപനം നടത്തിയത്. ആന്‍ഡ്രോയിഡ് ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട പേറ്റന്റ് കേസില്‍ അമേരിക്കന്‍ കോടതിയില്‍ നിന്ന് കിട്ടിയ 'അടി'ക്ക് ശേഷം കമ്പനി വിന്‍ഡോസ് ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. വിന്‍ഡോസ് ആര്‍.ടി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലെറ്റ് കമ്പ്യൂട്ടറും സാംസംഗ് മേളയില്‍ പുറത്തിറക്കിയിരുന്നു. വിന്‍ഡോസ് ഉല്‍പ്പന്നങ്ങള്‍ക്കായി സാംസംഗ് എ.ടി.ഐ.വി എന്ന ട്രേഡ് മാര്‍ക്ക് ആഗസ്റ്റ് മധ്യത്തോടെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
വിന്‍ഡോസ് എട്ട് ഫോണിന്റെ വിശേഷങ്ങള്‍ ആദ്യം;-എ.ടി.ഐ.വി എസ് എന്നാണ് സാംസംഗ് തങ്ങളുടെ വിന്‍ഡോസ് എട്ട് ഫോണിന് ഇട്ടിരിക്കുന്ന പേര്. മികച്ച ഫിനിഷിംഗോടെയുള്ള അലൂമിനിയം ബോഡിയുള്ള ഫോണിന് 8.7 മില്ലിമീറ്റര്‍ മാത്രമാകും കനം. സ്ക്രീന്‍ വലുപ്പം ഗ്യാലക്സി എസ്3യുടേതിന് സമാനമായിരിക്കും,4.8 ഇഞ്ച്. കോര്‍ണിംഗ് ഗൊറില്ല ഗ്ളാസ്2 ഉപയോഗിച്ചുള്ള എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ആന്‍ഡ്രോയിഡ് വേണോ ഐ ഫോണ്‍ വേണോ എന്ന് 'കണ്‍ഫ്യൂഷന്‍' അടിച്ച് നടക്കുന്നവര്‍ക്ക് മികച്ച ചോയിസ് ആയിരിക്കുമെന്ന് സാംസംഗ് അവകാശപ്പെടുന്നു.
ഡ്യുവല്‍കോര്‍,മള്‍ട്ടി കോര്‍ പ്രോസസറുകളെ ഒരു പോലെ പിന്തുണക്കുന്ന വിന്‍ഡോസ് എട്ടിന്റെ മികവ് കണക്കിലെടുത്ത് 1.5 ജിഗാഹെഡ്സ് ഡ്യുവല്‍കോര്‍ പ്രോസസറാണ് എ.ടി.ഐ.വി എസിലുള്ളത്. ഒരു ജി.ബി ഓണ്‍ബോര്‍ഡ് റാമും വിന്‍ഡോസ് 7 ഫോണുകളേക്കാള്‍ പ്രവര്‍ത്തന വേഗം ഉറപ്പുനല്‍കുന്നു. ഗ്യാലക്സി എസ്3ലെ പോലെ എട്ട് എം.പി ആട്ടോഫോക്കസ് കാമറ, 1.9 എം.പി ഫ്രണ്ട് കാമറ എന്നിവയാണ് കാമറ വിശേഷം. 16, 32 ജി.ബി സംഭരണശേഷിയുള്ള വിന്‍ഡോസ് 8 ഫോണ്‍ മൈക്രോ എസ്.ഡി കാര്‍ഡ് എക്സ്പാന്‍ഷനും വാഗ്ദാനം ചെയ്യുന്നു. 2300 എം.എ.എച്ച് ശേഷിയുള്ള ബാറ്ററി ഉപഭോക്താക്കളെ നിരാശരാക്കില്ലെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
സാങ്കേതിക തികവില്‍ മറ്റു മോഡലുകള്‍ക്കൊപ്പം നില്‍ക്കുന്ന വിന്‍ഡോസ് എട്ട് ഫോണ്‍ ആന്‍ഡ്രോയിഡിനും ഐഫോണിനും ഒപ്പം മല്‍സരിക്കണമെങ്കില്‍ ആപ്ലിക്കേഷനുകളുടെ വൈവിധ്യം മാത്രം മതിയെന്നാണ് സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ വിന്‍ഡോസ് എട്ടിനെ ഗൗരവമായി എടുക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് ഉറപ്പാക്കാത്തപക്ഷം വിന്‍ഡോസ് എട്ട് ഫോണിനും മുന്‍ഗാമികളെപ്പോലെ മൂന്നോ,നാലോ സ്ഥാനത്ത് നില്‍ക്കേണ്ടിവരും. ഒക്ടോബര്‍ 26ന് വിന്‍ഡോസ് എട്ട് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കിയ ശേഷമേ ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തൂ. ഗ്യാലക്സി നോട്ട് രണ്ട്,ഗ്യാലക്സി ആന്‍ഡ്രോയിഡ് കാമറ,ഗ്യാലകസ്സി പ്ലെയര്‍ 5.8 എന്നിവയാണ് ബെര്‍ലിനില്‍ സാംസംഗ് ഇതുവരെ പുറത്തിറക്കിയ മറ്റു ഉല്‍പ്പന്നങ്ങള്‍.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment