Wednesday, November 24, 2010

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഐസ്ലേറ്റ്



ഇന്ത്യയിലെ ഗ്രാമീണ സ്‌കൂളുകളില്‍ നിന്ന് പരമ്പരാഗത സ്ലേറ്റുകള്‍ താമസിയാതെ അപ്രത്യക്ഷമായേക്കും. പകരം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചെലവു കുറഞ്ഞ ഇലക്ട്രോണിക് സ്ലേറ്റുകള്‍ വിദ്യാര്‍ഥികളെ ഡിജിറ്റില്‍ യുഗത്തിലേക്ക് കൈപ്പിടിച്ചു നടത്തും. സാധാരണ വിദ്യാര്‍ഥികളെ ഡിജിറ്റല്‍ ലോകത്തേക്ക് ആനയിക്കാനുദ്ദേശിച്ചുള്ള 'ഐസ്ലേറ്റ്' (I-slate) പദ്ധതി അമേരിക്കയിലെയും സിംഗപ്പൂരിലെയും സര്‍വകലാശാലകളുടെ സഹകരണത്തോടെയാണ് മുന്നേറുന്നത്.

സിംഗപ്പൂരിലെ നാന്‍യാങ് ടെക്‌നോളജിക്കല്‍ സര്‍വകലാശാല (എന്‍.ടി.യു), അമേരിക്കയിലെ റൈസ് സര്‍വകലാശാല എന്നിവ സംയുക്തമായാണ് ഐസ്ലേറ്റ് പദ്ധതി നടപ്പാക്കുന്നത്. വളരെക്കുറഞ്ഞ ഊര്‍ജോപയോഗമുള്ള ഒരു ഇലക്ട്രോണിക് നോട്ട്പാഡാണ് പദ്ധതിയുടെ കാതല്‍. റൈസ് സര്‍വകലാശാലയിലെ ഗവേഷകനായ കൃഷ്ണ പലേം ആണ് ഈ ആശയത്തിന് പിന്നില്‍.

എന്‍.ടി.യുവിന് കീഴിലുള്ള 'സസ്റ്റൈനബിള്‍ ആന്‍ഡ് ഇന്‍ഫോഡൈനാമിക്‌സ് ഇന്‍സ്റ്റിട്ട്യൂട്ട്' (ഐ.എസ്.എ.ഐ.ഡി) ആണ് ഐസ്ലേറ്റിന് രൂപംനല്‍കുന്നത്. റൈസ് സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ പലേമിനെ പദ്ധതിയില്‍ സഹായിക്കുന്നു. 

നിലവിലുള്ളവയെക്കാള്‍ വളരെ ഊര്‍ജോപയോഗം കുറഞ്ഞ പ്രത്യേകതരം ചിപ്പുകളാണ് ഐസ്ലേറ്റുകളില്‍ ഉപയോഗിക്കുക. സ്വിറ്റ്‌സ്വര്‍ലന്‍ഡിലെ സെന്റര്‍ ഫോര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് മൈക്രോടെക്‌നോളജിയുമായി സഹകരിച്ച് ഐ.എസ്.എ.ഐ.ഡിയാണ് ചിപ്പുകള്‍ നിര്‍മിക്കുന്നത്. സാധാരണ കാല്‍ക്കുലേറ്ററുകളില്‍ ഉപയോഗിക്കുന്ന മാതിരിയുള്ള സോളാര്‍ പാനലുകളാകും ഐസ്ലേറ്റിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുക.

ഐസ്ലേറ്റിന്റെ ആദ്യരൂപത്തിന്റെ പരീക്ഷണോപയോഗം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഴിഞ്ഞ ആഗസ്ത് ആദ്യം ആരംഭിച്ചു കഴിഞ്ഞു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വിദല്‍' (ViDAL) എന്ന ഏജന്‍സിയാണ് പരീക്ഷണോപയോഗത്തിന് സഹായിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് 110 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള മോഹദ് ഹുസൈന്‍പള്ളി ഗ്രാമത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഐസ്ലേറ്റ് ആദ്യം ഉപയോഗിച്ചു നോക്കുന്നത്.

ഇത്രകാലവും സാധാരണ സ്ലേറ്റ് മാത്രം ഉപയോഗിച്ചിരുന്ന വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പരീക്ഷണാര്‍ഥം ഐസ്ലേറ്റ് ഉപയോഗിച്ചു തുടങ്ങിയത്. അവര്‍ വേഗം തന്നെ ഐസ്ലേറ്റിന്റെ ഉപയോഗവും സാധ്യതകളും മനസിലാക്കിക്കഴിഞ്ഞെന്ന് ഗവേഷകര്‍ പറയുന്നു.

ഐസ്ലേറ്റിന്റെ ആദ്യരൂപത്തിന്റെ പോരായ്മകളെന്താണെന്ന് വിദ്യാര്‍ഥികളുടെ പക്കല്‍ നിന്നുതന്നെ മനസിലാക്കാനും വേണ്ട പരിഷ്‌ക്കരണങ്ങള്‍ വരുത്താനുമാണ് പരീക്ഷണോപയോഗംകൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതി വിജയിത്തിലെത്തിയാല്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ യുഗത്തിലേക്കുള്ള കാല്‍വെയ്പ്പാകും ഐസ്ലേറ്റിലൂടെ ഉണ്ടാവുക. എന്നാല്‍, ഐസ്ലേറ്റിന്റെ വില, അതിന്റെ പ്രത്യേകതകള്‍ ഇവയൊന്നും ഇപ്പോള്‍ വെളിവായിട്ടില്ല.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment