Wednesday, February 02, 2011

ലോകത്തെ മൊബൈല്‍ കണക്ഷന്‍ 500 കോടി കവിഞ്ഞു



Posted on: 10 Jul 2010






ലോകം മൊബൈല്‍ വിപ്ലവത്തിന്റെ പിടിയിലാണെന്ന വാദം അതിശയോക്തിയല്ലെന്ന് പുതിയ റിപ്പോര്‍ട്ട്. 'വയര്‍ലെസ്സ് ഇന്റലിജന്‍സ്' പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വെറും 18 മാസത്തിനുള്ളില്‍ ലോകത്ത് പുതിയതായി നൂറുകോടിയിലേറെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നല്‍കപ്പെട്ടു. ഇപ്പോള്‍ 500 കോടിയിലേറെ മൊബൈല്‍ കണക്ഷനുകളുണ്ട് എല്ലാ രാജ്യങ്ങളിലുമായി.

ലോകജനസംഖ്യ 669 കോടിയെന്ന കാര്യംകൂടി ചേര്‍ത്തു വായിച്ചാല്‍, മൊബൈല്‍ രംഗം എത്തിയിരിക്കുന്ന വളര്‍ച്ചയുടെ വ്യാപ്തി വ്യക്തമാകും. പല മേഖലകളിലും മൊബൈല്‍ വളര്‍ച്ച നൂറു ശതമാനം കടന്നിരിക്കുന്നു. പലരും ഒന്നിലധികം മൊബൈല്‍ കണക്ഷനുകള്‍ക്ക് ഉടമകളാണെന്ന് സാരം.

ഭൂമുഖത്തെ ഏറ്റവും ജനപ്രിയമായ ഉപഭോക്തൃ ഉപകരണമായി മൊബൈല്‍ മാറിയിരിക്കുന്നുവെന്നാണ്, 'സി.സി.എസ്.ഇന്‍സൈറ്റി'ലെ വിശകലന വിദഗ്ധന്‍ ബെന്‍ വുഡിന്റെ നിരീക്ഷണം. ബ്രിട്ടനിലെ കാര്യം മാത്രമെടുക്കുക. 1987 ല്‍ ആദ്യ മൊബൈല്‍ കമ്പനികള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍, കമ്പനിയിലെ വിദഗ്ധര്‍ പോലും പ്രവചിച്ചിരുന്നത് പരമാവധി 10,000 ഫോണുകള്‍ ചെലവാകുമെന്നാണ്. നിലവില്‍ മൂന്നുകോടി മൊബൈല്‍ ഫോണുകള്‍ വീതം വര്‍ഷംതോറും ബ്രിട്ടനില്‍ ചെലവാകുന്നു-ബെന്‍ വുഡ് ചൂണ്ടിക്കാട്ടുന്നു.

ധ്രുതഗതിയിലാണ് ലോകത്ത് മൊബൈല്‍ ആധിപത്യം സ്ഥാപിച്ചത്. സ്മാര്‍ട്ട്‌ഫോണുകള്‍ രംഗത്തെത്തിയതോടെ, കമ്പ്യൂട്ടറിന്റെ ജോലികള്‍ക്കൂടി മൊബൈല്‍ ഫോണുകള്‍ ഏറ്റെടുത്തു. മൊബൈലിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന് ത്രിജിയും വൈഫൈയുമൊക്കെ ആക്കംകൂട്ടി. 2008 ലാണ് മൊബൈല്‍ രംഗം 400 കോടിയെന്ന പരിധി കടന്നത്. ഇന്നത്തെ നിലക്ക് 2012 ഓടെ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 600 കോടി പിന്നിടുമെന്ന്വയര്‍ലെസ്സ് ഇന്റലിജന്‍സ് കണക്കുകൂട്ടുന്നു.

മൊബൈല്‍ രംഗം നേടുന്ന വളര്‍ച്ചയില്‍ മുഖ്യപങ്ക് ഏഷ്യാ-പെസഫിക് മേഖലയ്ക്കാണ്. ഇന്ത്യയും ചൈനയും ഉള്‍പ്പെട്ട ഈ മേഖലയില്‍ 2010 ജൂണ്‍ അവസാനം വരെ 47 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

500 കോടി മൊബൈല്‍ ഫോണുകളെന്നു പറഞ്ഞാല്‍, അത് ലോകത്താകെയുള്ള പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് മൂന്നുമടങ്ങ് വരും-ബെന്‍ വുഡ് അറിയിക്കുന്നു. സമ്പന്നര്‍ക്കും സാധാരണക്കാര്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന തരത്തിലുള്ള സാമൂഹികാംഗീകാരം മൊബൈല്‍ ഫോണിന് ലഭിച്ചു കഴിഞ്ഞുവെന്നാണ് പുതിയ പ്രവണത വ്യക്തമാക്കുന്നത്. 1994 മുതല്‍ ലോകത്താകമാനം ആയിരം കോടി ഫോണുകള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. അതില്‍ നോക്കയ കമ്പനിയാണ് ഏറ്റവുമധികം ഫോണുകള്‍ വിറ്റത്-340 കോടി എണ്ണം.

പടിഞ്ഞാറന്‍ യൂറോപ്പില്‍ മൊബൈല്‍ ഫോണിന്റെ പ്രചാരം ജനസംഖ്യയെ കടത്തി വെട്ടിക്കഴിഞ്ഞു. ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ 130 ശതമാനമാണ് അവിടെ മൊബൈല്‍ പ്രചാരം. ഒന്നിലേറെ ഫോണുകളുടെ ഉടമകളാണ് ഒട്ടേറെപ്പേര്‍. ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയില്‍ ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ മൊബൈല്‍ ഫോണ്‍ പ്രചാരം 52 ശതമാനമാണ്.

മൊബൈല്‍ ഫോണുകള്‍ മാത്രമല്ല, വയര്‍ലെസ്സ് കണക്ടിവിറ്റിയുള്ളഐപാഡ് പോലുള്ള മൊബൈല്‍ ഉപകരണങ്ങളുടെയും കാലമാണ് വരാന്‍ പോകുന്നതെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ കാര്യത്തില്‍ ഐപാഡിലൂടെ ആപ്പിള്‍ തുടക്കമിട്ട വിപ്ലവം വ്യാപിക്കുമെന്ന് സാരം

0 അഭിപ്രായ(ങ്ങള്‍) :

Post a Comment