Wednesday, February 02, 2011

നോക്കിയ സ്വയം മാറാനൊരുങ്ങുന്നു



Posted on: 30 Jan 2011





നിര്‍ണായകമായ ഒരു തീരുമാനം കൈക്കൊള്ളാന്‍ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനി ഒരുങ്ങുന്നതായി സൂചന. ഫിന്നിഷ് കമ്പനിയായ 'നോക്കിയ'യാണ് സ്വന്തം ഭാവിക്ക് വേണ്ടി സുപ്രധാനമായ തീരുമാനമെടുക്കാന്‍ പോകുന്നത്. സിമ്പിയന്‍ ഓപ്പറേറ്റിങ് സിസ്റ്റ (ഒ.എസ്) ത്തെ മാത്രം ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനമാണത്.

മാത്രമല്ല, നോക്കിയ വികസിപ്പിച്ച ചില പഴയ മൊബൈല്‍ ഒ.എസുകളും കമ്പനി ഒഴിവാക്കും. പകരം, അറിയപ്പെടുന്ന ഏതെങ്കിലും പുതു തലമുറ മൊബൈല്‍ ഒ.എസിലേക്ക് നോക്കിയ മാറുമെന്നാണ് റിപ്പോര്‍ട്ട്. അത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡാകുമോ, മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 ആകുമോ എന്നേ അറിയാനുള്ളൂ.

ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ നോക്കിയ ഇപ്പോള്‍ ഒരുങ്ങുന്നതെന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യത്തിന്റെ ഉത്തരത്തിന് ഏറ്റവുമൊടുവിലത്തെ ചില കണക്കുകള്‍ പരിശോധിച്ചാല്‍ മതി. 2010 ഡിസംബറിലെ കണക്കു പ്രകാരം പോയ വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയയുടെ ലാഭത്തിലുണ്ടായ കുറവ് 21 ശതമാനമാണ്. നോക്കിയയുടെ വിപണിയിലെ പങ്ക് 35 ശതമാനത്തില്‍ നിന്ന് 31 ശതമാനമായി. നോക്കിയയ്ക്ക് മുന്നില്‍ ഒന്നുമല്ലാതിരുന്ന പല ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ലാഭം ക്രമമായി വര്‍ധിപ്പിക്കുന്ന സമയത്താണ് നോക്കിയയുടെ ലാഭം കുറയുന്നത്.

കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ തന്ത്രത്തില്‍ കാര്യമായ ഒരു മാറ്റം ഫിബ്രിവരി 11 ന് നോക്കിയ പ്രഖ്യാപിക്കുമെന്ന് സി.ഇ.ഒ. സ്റ്റീഫന്‍ ഇലോപ്പാണ് പ്രസ്താവിച്ചത്. മൈക്രോസോഫ്ട് വിട്ട് നോക്കിയയുടെ സാരഥ്യമേറ്റെടുത്തയാളാണ് ഇലോപ്പ്. മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 പ്ലാറ്റ്‌ഫോമില്‍ നോക്കിയ ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നതായി ഏതാനും മാസംമുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നോക്കിയയുടേതായ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഫോണുകള്‍ പുറത്തിറക്കുകയെന്ന് ഇലോപ്പ് വ്യക്തമാക്കി. വിന്‍ഡോസ് ഫോണ്‍ 7 ന്റെ കാര്യത്തില്‍ മൈക്രോസോഫ്ട് അത്തരം മാറ്റങ്ങള്‍ കാര്യമായി അനുവദിക്കാറില്ല. അതേസമയം, ഓപ്പണ്‍സോഴ്‌സ് പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡില്‍ അതിനുള്ള വന്‍സാധ്യയുണ്ട് താനും. ഇപ്പോള്‍ തന്നെ സാംസങ് പോലെ പല മൊബൈല്‍ കമ്പനികളും തങ്ങളുടെ രീതിയില്‍ മാറ്റം വരുത്തിയാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കുന്നത്.

വിജയിക്കാന്‍ കഴിയുന്ന ഒരു മൊബൈല്‍ ഇക്കോസിസ്റ്റമാണ് ഇതുവഴി നോക്കിയ വിഭാവനം ചെയ്യുന്നതെന്ന് സി.ഇ.ഒ.പറയുന്നു. സെര്‍ച്ച്, പരസ്യം, ഇ-കൊമേഴ്‌സ്, സോഷ്യന്‍ നെറ്റ്‌വര്‍ക്കിങ്, ലൊക്കേഷന്‍ അടിസ്ഥാനമായുള്ള സേവനങ്ങള്‍, വിനോദം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതാകും പുതിയ ആ ഇക്കോസിസ്റ്റമെന്ന് അദ്ദേഹം അറിയിക്കുന്നു. നോക്കുക, ഇതില്‍ ആദ്യത്തേത് രണ്ടുമാണ് ഗൂഗിളിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങള്‍. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment