Friday, February 11, 2011

മൊബൈല്‍ സാധ്യതകളിലേക്ക് യാഹൂവും കളംമാറ്റുന്നു



Posted on: 07 Feb 2011





മൊബൈല്‍ യുഗത്തിന്റെ പുത്തന്‍ സാധ്യതകള്‍ മുതലാക്കുകയെന്ന ലക്ഷ്യവുമായി ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂവും ചുവടുമാറ്റുന്നു. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യാഹൂവിന്റെ പുതിയ നീക്കം. ഈ മാസം ബാര്‍സലോണയില്‍ നടക്കുന്ന 'മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസി'ല്‍ മൊബൈല്‍ പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ യാഹൂ മേധാവി കരോള്‍ എ.ബാര്‍ട്‌സ് പ്രഖ്യാപിക്കുമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

മൊബൈല്‍ ഫോണുകളിലും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ പോലുള്ള മറ്റ് മൊബൈല്‍ ഉപകരണങ്ങളിലും, ഉപയോക്താക്കള്‍ക്ക് 'പേഴ്‌സണലൈസ്ഡ് ഉള്ളടക്കം' (personlized content) ലഭ്യമാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കായി, ഒരു പബ്ലീഷിങ് പ്ലാറ്റ്‌ഫോമാണ് യാഹൂ സൃഷ്ടിക്കുന്നത്. എന്നാല്‍, ഇതെപ്പറ്റി പ്രതികരിക്കാന്‍ യാഹൂ വക്താവ് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഉപയോക്താക്കള്‍ രൂപംനല്‍കുന്ന ഉള്ളടക്കമാണ് പുതിയ കാലത്തിന്റെ മുദ്ര. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നിങ്ങനെയുള്ള സൗഹൃദക്കൂട്ടായ്മകളില്‍ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍) സംഭവിക്കുന്നത് അതാണ്. നിമിഷംപ്രതി പെരുകിക്കൊണ്ടിരിക്കുന്ന ആ ഉള്ളടക്ക പ്രളയത്തില്‍ നിന്ന് ഉപയോക്താവിന് താത്പര്യമുള്ള അപ്‌ഡേറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ പ്രോഗ്രാമുകള്‍ രംഗത്തെത്തുകയാണ്.

ഐപാഡ് ആപ്ലിക്കേഷനായ 'ഫ് ളിപ്പ്‌ബോര്‍ഡ്' (Flipboard) മേല്‍പ്പറഞ്ഞ തരത്തിലൊരു പ്രോഗ്രാമാണ്. ഉപയോക്താവിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഫീഡുകളില്‍ നിന്നുള്ള ഉള്ളടക്കത്തിനനുസരിച്ച്, മറിച്ചുനോക്കാവുന്ന ഒരു മാഗസിന്‍ പോലെ ചിത്രങ്ങളും എഴുത്തും മുന്നിലെത്തിക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുക. പേഴ്‌സണലൈസ്ഡ് ഐപാഡ് മാഗസിന്‍ സാധ്യമാക്കുന്ന 'എഡിഷന്‍സ്' (Editions) എന്നൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതായി എ.ഒ.എല്‍ വെളിപ്പെടുത്തിയത് അടുത്തയിടെയാണ്.

സെര്‍ച്ച്, സോഷ്യല്‍ മീഡിയ, മറ്റ് ഉറവിടങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ കണ്ടെത്തി അവയിലെ ഏറ്റവും പ്രസക്തമായ ഉള്ളടക്കം ഉപയോഗിക്കുന്ന തരത്തിലുള്ളതാണ് യാഹൂ ഉദ്ദേശിക്കുന്ന പ്ലാറ്റ്‌ഫോമെന്ന്, പദ്ധതിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പിള്‍ ഗാഡ്ജറ്റുകളിലും പ്രവര്‍ത്തിക്കത്തക്ക വിധം നിജപ്പെടുത്തിയ ആപ്ലിക്കേഷന്‍ യാഹൂവിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും.

'ഡെഡ്‌ഐ' (Deadeye) എന്ന് പ്രാഥമികമായി പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ കഴിഞ്ഞ കുറെ മാസങ്ങളായി 50 എന്‍ജിനിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. തേര്‍ഡ്പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്കായി ചില പ്രസാധകരുമായി സഹകരിക്കാനും യാഹൂ ഉദ്ദേശിക്കുന്നുണ്ട്. മൊബൈല്‍ ആപ്ലിക്കേഷന്‍ തരംഗത്തില്‍ കമ്പനിയും ഭാഗമാകേണ്ടതുണ്ടെന്ന് കഴിഞ്ഞ മാസം യാഹൂ മേധാവി ബാര്‍ട്‌സ് നിക്ഷേപകരോട് പറയുകയുണ്ടായി.

ടാബ്‌ലറ്റുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ഉപഭോക്താക്കള്‍ കൂടുതല്‍ സമയം ചെലവിടുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 'ഫോറെസ്റ്റര്‍ റിസര്‍ച്ച്' അടുത്തയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം ലോകത്ത് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ വില്‍പ്പന ഇരട്ടിയാകും-ഏതാണ്ട് 241 ലക്ഷം യൂണിറ്റുകള്‍ വില്‍ക്കപ്പെടും. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനിടെ, നിലവിലുള്ള പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ അടിസ്ഥാനമായ ഇന്റര്‍നെറ്റ് ആക്ടിവിറ്റിയെ അപേക്ഷിച്ച്, മൊബൈല്‍ ആക്ടിവിറ്റി നാല് മടങ്ങ് വരെ വര്‍ധിക്കാമെന്ന്, 'കാരിസ് ആന്‍ഡ് കമ്പനി'യിലെ വിശകലന വിദഗ്ധന്‍ അഗര്‍വാള്‍ സന്ദീപ് പറയുന്നു.

ഈ പശ്ചാത്തലത്തിലാണ് യാഹൂവിന്റെ നീക്കം ശ്രദ്ധേയമാകുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് സാധ്യത തുറക്കുന്നതാണ് യാഹൂ പോലൊരു മുന്‍നിര കമ്പനിയുടെ പദ്ധതി.

ഒരുകാലത്ത് വെബ്ബിലെ രാജാക്കളായിരുന്ന യാഹൂവിന് അതിന്ന് പഴയകഥയാണ്. മാസം 65 കോടി സന്ദര്‍ശകര്‍ യാഹൂ സൈറ്റിനുണ്ടെങ്കിലും, ഓണ്‍ലൈനില്‍ യാഹൂവിന്റെ സ്വാധീനം കുറയുകയാണ്. വരുമാനത്തില്‍ 12 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ യാഹൂവിനുണ്ടായത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 735 പേരെയാണ് യാഹൂ ഒഴിവാക്കിയത്. ഇത് യാഹൂവിലെ മൊത്തെ തൊഴിലാളികളുടെ അഞ്ച് ശതമാനം വരും. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment