Tuesday, May 10, 2011

മൊബൈലുകള്‍ക്ക് തുണയാകാന്‍ വയര്‍ലെസ്സ് കീബോര്‍ഡുകള്‍



Posted on: 10 May 2011

-

സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും കമ്പ്യൂട്ടറുകള്‍ക്ക് ബദലായി മാറുകയാണ്. യാത്രകളിലും മറ്റും ലാപ്‌ടോപ്പുകള്‍ക്ക് ബദലായി ടാബ്‌ലറ്റുകള്‍ ഉപയോഗിക്കാനാകും. എന്നാല്‍, കമ്പ്യൂട്ടറില്‍ എഴുതുന്ന കാര്യം വരുമ്പോള്‍, എന്നുവെച്ചാല്‍ ടൈപ്പിങിന് ഇവ രണ്ടും പൂര്‍ണമായും യോഗ്യമല്ല. ദൈര്‍ഘ്യമേറിയ ഒരു കത്തോ, കഥയോ മറ്റോ ടൈപ്പ് ചെയ്യേണ്ട ആവശ്യം വന്നാല്‍ കുഴഞ്ഞതുതന്നെ.

അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എക്‌സ്റ്റേണല്‍ കീബോര്‍ഡുകളാണ് ആശ്രയം. എന്നാല്‍, ഇത്തരം നീളന്‍ കീബോര്‍ഡുകള്‍ കൊണ്ടുനടക്കാനുള്ള പ്രയാസം കാരണം പലര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാറുമില്ല.

ഈ അവസ്ഥയ്ക്ക് പരിഹാരമായി മടക്കിവെക്കാവുന്ന തരത്തിലുള്ള കീബോര്‍ഡുകള്‍ നേരത്തെ ഇറങ്ങിയിരുന്നെങ്കിലും, അതില്‍ നിന്ന് വ്യത്യസ്തവും സൗകര്യപ്രദവുമായ ഒരിനം കീബോര്‍ഡ് രംഗത്തെത്തിക്കഴിഞ്ഞു. ചുരുട്ടി ഒരു മൊബൈലിന്റെ വലിപ്പത്തിലാക്കി കൊണ്ടുനടക്കാവുന്ന വയര്‍ലെസ് കീബോര്‍ഡാണ് മൊബൈല്‍ ഉപകരണങ്ങള്‍ക്ക് തുണയാകാന്‍ രംഗത്തെത്തിയിട്ടുള്ളത്.


സാധാരണ കീബോര്‍ഡുകളുടെ അത്ര തന്നെ വലിപ്പമുള്ള, വെള്ളം നനയാത്ത ഈ ബ്ലൂടൂത്ത് കീബോര്‍ഡ് ഏതു പ്രതലത്തില്‍ വെച്ചും അനായാസം ഉപയോഗിക്കാം.

വിന്‍ഡോസ് ഫോണ്‍, ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം തുടങ്ങിയ മൊബൈല്‍ ഒഎസുകളെയെല്ലാം പിന്തുണയ്ക്കുന്ന ഈ കീബോര്‍ഡ്, 10 മീറ്റര്‍ വരെ അകലെ വെച്ചുപോലും ഉപയോഗിക്കാം. ബ്ലൂടൂത്ത് വഴി ഒരിക്കല്‍ ഉപകരണവുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് ഇവ സ്വമേധയാ കണക്ട് ആയിക്കൊള്ളും.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കീബോര്‍ഡില്‍ യുഎസ്ബി വഴി ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പേഴ്‌സണല്‍ കമ്പ്യൂട്ടിങ് രംഗം ടാബ്‌ലറ്റുകളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം കീബോര്‍ഡുകള്‍ വളരെ ഉപകാരപ്രദമാണെന്നതില്‍ സംശയമില്ല.


ഐഫോണുകളുടെയും ടാബ്‌ലറ്റുകളുടെയും അനുബന്ധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കാലിഫോര്‍ണിയന്‍ കമ്പനിയായ സ്‌കോചെ ഇന്‍ഡസ്ട്രീസ് (Scosche Industries) ആണ് 'സ്‌കോച്ചെ ഫ്രീകീ' (Scosche freeKEY) എന്നു പേരുള്ള ഈ കീബോര്‍ഡ് രംഗത്തിറക്കിയിരിക്കുന്നത്. ചാര്‍ജറടക്കം വില 60 ഡോളര്‍. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment