Friday, May 13, 2011

വിഎസ് ചരിത്രം തിരുത്തിയെഴുതുന്നു




VS Achuthanandan
തിരുവനന്തപുരം: കേരള രാഷ്ട്രീയചരിത്രത്തില്‍ ഏറെ നിര്‍ണായകമായ മാറ്റങ്ങളുണ്ടാക്കുന്നതിരഞ്ഞെടുപ്പായി ഇത്തവണത്തേത് മാറുമെന്ന പ്രവചനം ശരിയായിരിക്കുന്നു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുന്നണികളെ വന്‍ഭൂരിപക്ഷത്തിന് സഭയിലേക്ക് അയക്കുന്ന പതിവില്‍ നിന്നും മാറി ചിന്തിയ്ക്കുകയാണ് കേരള ജനത.

72 സീറ്റ് നേടി സാങ്കേതികമായ ജയം യുഡിഎഫ് ഉറപ്പാക്കിയെങ്കിലും കൈയകലത്ത് ഇടതുമുന്നണിയെ എത്തിയ്ക്കാന്‍ കഴിഞ്ഞത് വിഎസിന്റെ വിജയമായാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

അഴിമതിയോടും പെണ്‍വാണിഭക്കാരോടുമുള്ള വിഎസിന്റെ സന്ധിയില്ലാ പോരാട്ടങ്ങളും മറ്റും ജനം സ്വീകരിച്ചുവെന്ന് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വിഎസിനെ ഒറ്റതിരിഞ്ഞ് ആക്രമിയ്ക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിരുന്നു. അച്യുതാനന്ദന്റെ മകനെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടെ പല വിഷയങ്ങളും ശക്തമായി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞെങ്കിലും അതിനൊന്നും കാര്യമായ ചലനങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പോലും വിഎസിന്റെ പ്രായത്തെ ചൂണ്ടിക്കാണിച്ച് പ്രചാരണം നടത്തിയത് യുഡിഎഫിന്റെ ആശങ്കകളെയാണ് പുറത്തുകൊണ്ടുവന്നത്. രാഹുലിനുള്ള വിഎസിന്റെ അമുല്‍ ബേബി പ്രയോഗം ഇന്ത്യന്‍ രാഷ്ട്രീയം തന്നെ ശ്രദ്ധേയമായിരുന്നു.

ക്രിസ്ത്യന്‍ സഭകളുടെ ശക്തമായ എതിര്‍പ്പും എന്‍എസ്.എസ്. ഇത്തവണ യു.ഡി.എഫിനെ നേരിട്ട് തന്നെ പിന്തുണച്ചിട്ടുപോലും വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതും വിഎസിന്റെ താരമൂല്യം വെളിപ്പെടുത്തുന്നു.

നാല് സീറ്റിന്റെ വ്യത്യാസത്തില്‍ ഏതാണ്ട് യുഡിഎഫിനൊപ്പമെത്താന്‍ കഴിഞ്ഞത് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ തരംഗം ഉണ്ടായില്ല എന്നതിന്റെ തെളിവാണ്. മാത്രമല്ല പഞ്ചായത്ത്-ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ ഭരണവിരുദ്ധ പ്രതിച്ഛായയെ മറികടക്കാന്‍ അവസാനത്തെ നാല് മാസം കൊണ്ട് അച്യുതാനന്ദന്‍ സര്‍ക്കാരിന് കഴിഞ്ഞു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment