Sunday, October 02, 2011

മൊബൈലിന്റെ ഭാവി; കമ്പ്യൂട്ടിങിന്റെയും



പോക്കറ്റില്‍ കിടക്കുന്ന ആ ഉപകരണം-സ്മാര്‍ട്ട്‌ഫോണ്‍-എടുത്ത് മുന്നില്‍ വെച്ച് അല്‍പ്പസമയം അതിലേക്ക് നോക്കൂ. എന്നിട്ട് ചിന്തിക്കൂ....എന്തൊക്കെയാണ് കൈയിലൊതുങ്ങുന്ന ആ ഉപകരണം. സ്വാഭാവികമായും അത് മൊബൈല്‍ ഫോണ്‍ ആണ്. അതു മാത്രമാണോ, തീര്‍ച്ചയായും അല്ല. ക്യാമറയാണ്, കാംകോഡറാണ്. വീഡിയോ പ്ലെയറാണ്, പോര്‍ട്ടബിള്‍ മ്യൂസിക് പ്ലെയറാണ്. വോയിസ് റിക്കോര്‍ഡറാണ്, ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) അടിസ്ഥാനമാക്കിയുള്ള നാവിഗേറ്ററാണ്. ഡിജിറ്റല്‍ നോട്ട്പാഡാണ്, കലണ്ടറാണ്. ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനുള്ള ഉപകരണമാണ്, ഇഷ്ടമുള്ള ഗെയിമുകളുപയോഗിക്കാനുള്ള കളിയുപകരണമാണ്....ഈ പട്ടിക എത്ര വേണമെങ്കിലും ഇനിയും നീട്ടാം!

'ഒരു വെടിക്ക് രണ്ട് പക്ഷി'യെന്ന ചൊല്ല് സ്മാര്‍ട്ട്‌ഫോണിന്റെ കാര്യമാകുമ്പോള്‍ മാറ്റിയെഴുതേണ്ടി വരും. ഒറ്റ ഉപകരണം ഉള്ളില്‍ പേറുന്നത് എത്ര 'ഉപകരണത്തെ'യാണെന്ന് പറയാന്‍ കഴിയാത്ത അവസ്ഥ. ഒരു വീട് നിറയെ സൂക്ഷിച്ചു വെയ്‌ക്കേണ്ടിയിരുന്ന ഉപകരണങ്ങളാണ്, ഒറ്റയടിക്ക് ഉള്ളംകൈയിലൊതുങ്ങുന്ന ഫോണിനകത്തേക്ക് കടന്നുകൂടിയിരിക്കുന്നത്. ആധുനിക മനുഷ്യന്റെ ജീവിതശൈലിയെയും ആശയവിനിമയ രീതികളെയും വിനോദസാധ്യതകളെയും അടിമുടി പൊളിച്ചെഴുതുന്ന ഒന്നായി മൊബൈല്‍ വിപ്ലവം മാറിയിരിക്കുന്നു. മൊബൈലിന്റേതായിരിക്കും ഭാവിയെന്ന് പ്രവചിക്കാന്‍ ഇന്ന് വിദഗ്ധരുടെ ആവശ്യമില്ല, സാധാരണക്കാര്‍ക്ക് പോലും അക്കാര്യത്തില്‍ സംശയമുണ്ടാകില്ല.

മൂന്ന് പ്ലാറ്റ്‌ഫോമുകള്‍

സത്യം പറഞ്ഞാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ശരിക്കും സ്മാര്‍ട്ടാകാന്‍ തുടങ്ങിയിട്ട് അധികകാലമൊന്നുമായിട്ടില്ല. 2007 ജനവരി 9 നാണ് ശരിക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം ആരംഭിച്ചതെന്ന് നിരീക്ഷകര്‍ പറയുന്നു. അന്നാണ്, ആപ്പിള്‍ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത്. 'ആഗോള മൊബൈല്‍ ഫോണ്‍ വ്യവസായത്തെ പുനര്‍നിര്‍വചിച്ച സംഭവമായി' അത് വിലയിരുത്തപ്പെടുന്നു. ഒപ്പം ഒന്നുകൂടി സംഭവിച്ചു. ഐഫോണിനായുള്ള 'ആപ്പ് സ്റ്റോറും' (App Store) ആപ്പിള്‍ അവതരിപ്പിച്ചു. ആപ്ലിക്കേഷനുകളാണ് മൊബൈല്‍ കമ്പ്യൂട്ടിങിന്റെ ഭാവി തീരുമാനിക്കാന്‍ പോകുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയത് ആപ്പ് സ്റ്റോര്‍ ആയിരുന്നു.


സ്മാര്‍ട്ട്‌ഫോണ്‍ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് ആന്‍ഡ്രോയിഡ് ആയിരുന്നു. ആന്‍ഡ്രോയിഡ് കമ്പനിയെ 2005 ലാണ് ഗൂഗിള്‍ സ്വന്തമാക്കിയത്. ഹാര്‍ഡ്‌വേര്‍, സോഫ്ട്‌വേര്‍, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 84 കമ്പനികളുടെ കൂട്ടായ്മയായ 'ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലിയന്‍സ്' 2007 നവംബര്‍ 5 ന് പ്രഖ്യാപിക്കപ്പെട്ടു (വിക്കിപീഡിയ). 2008 ഒക്ടോബറില്‍ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ ആയ 'ടി-മൊബൈല്‍ ജി 1' (T-Mobile G1) വിപണിയിലെത്തി. ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും തമ്മിലുള്ള മത്സരമാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ ഏറ്റവും ശക്തമായി നടക്കുന്നത്.

താമസിയാതെ, മറ്റൊരു മൊബൈല്‍ പ്ലാറ്റ്‌ഫോം കൂടി മത്സരരംഗത്ത് എത്തും. മൈക്രോസോഫ്ട് വികസിപ്പിച്ച വിന്‍ഡോസ് ഫോണ്‍ 7 ആണത്. നോക്കിയ എന്ന ആഗോള മൊബൈല്‍ ഭീമന്‍ ഇനിയിറക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മൊബൈല്‍ രംഗത്തിന്റെ ഭാവി എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് ഒരുത്തരം മൊബൈല്‍ പ്ലാറ്റ്‌ഫോമുകളുടേതാണ്. മുഖ്യമായും മൂന്ന് പ്ലാറ്റ്‌ഫോമുകളുടേതായി (ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം അഥവാ ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണ്‍ 7) ഭാവി മൊബൈല്‍ രംഗം ചുരുങ്ങുമെന്ന് 'ഫിനാഷ്യല്‍ ടൈംസ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

വേഗം കൂടും, കനം കുറയും

മൊബൈലുകളായിരിക്കും ഭാവി നിശ്ചയിക്കുകയെന്ന് പറയുമ്പോള്‍, അതിന്റെ വിശദീകരണം ഏതൊക്കെ പ്ലാറ്റ്‌ഫോമുകളായിരിക്കും മൊബൈല്‍രംഗം വാഴുകയെന്ന വിശദീകരണത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അതിവേഗ മൊബൈല്‍ കണക്ടിവിറ്റിയും വിലകുറഞ്ഞ ടച്ച്‌സ്‌ക്രീനുകളും ശക്തിയേറിയ പ്രോസസറുകളും മൊബൈല്‍ ഉപകരണങ്ങളുടെ സ്വീകാര്യതയും സാധ്യതകളും പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതിനാണ് സമീപഭാവി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

മൊബൈല്‍ കമ്പ്യൂട്ടിങിന്റെ സാധ്യതകളുപയോഗിച്ച് രംഗം കീഴടക്കാന്‍ പോകുന്ന മറ്റൊരു താരം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളാണ്. സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യത്തിലെന്ന പോലെ, ടാബ്‌ലറ്റുകളുടെ കഥയിലും ചരിത്രം കുറിച്ചത് ആപ്പിളും സ്റ്റീവ് ജോബ്‌സുമാണ്. 2010 ജനവരി 27 ന് ആപ്പിള്‍ അവതരിപ്പിച്ച ഐപാഡ ആണ് ടാബ്‌ലറ്റുകളുടെ പുത്തന്‍ യുഗത്തിന് തുടക്കം കുറിച്ചത്. ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ ആവശ്യം പോലും ഒരുപരിധി വരെ ഇല്ലാതാക്കുന്ന ടാബ്‌ലറ്റുകളാണ് ഇനി രംഗം വാഴാന്‍ പോകുന്നതെന്ന് വിലയിരുത്തപ്പെടുന്നത്. അച്ചടിമാധ്യമങ്ങള്‍ക്ക് ഡിജിറ്റല്‍രംഗത്ത് പുനര്‍ജന്‍മം നല്‍കാന്‍ ഐപാഡ് പോലുള്ള ഉപകരണങ്ങള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.


കണക്ടിവിറ്റിയുടെ കാര്യത്തിലാണ് മൊബൈല്‍ രംഗത്ത് ഏറ്റവും വലിയ മാറ്റം വരാന്‍ പോകുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനകം നിലവിലുള്ള 3ജി നെറ്റ്‌വര്‍ക്കുകള്‍ 4ജി ആയി മാറുമെന്നാണ് കരുതുന്നത്. സൂപ്പര്‍വേഗത്തില്‍ വയര്‍ലെസ്സ് ഡൗണ്‍ലോഡ് സാധ്യമാകാന്‍ ഇത് സഹായിക്കും. അമേരിക്കയില്‍ 'വെറൈസണ്‍ വയര്‍ലെസ്സ്' കമ്പനി നിലവില്‍ 4ജി സര്‍വീസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. അവര്‍ നല്‍കുന്ന സേവനത്തില്‍ (LTE network) ഡൗണ്‍ലോഡ് വേഗം സെക്കന്‍ഡില്‍ 7-12 മെഗാബൈറ്റ്‌സ് (MBps) ആണ്. ഒരുപക്ഷേ, അത് സെക്കന്‍ഡില്‍ 100 എംബിപിഎസ് ആയി ഭാവിയില്‍ വര്‍ധിക്കാമെന്ന് വിലയിരുത്തപ്പെടുന്നു.

ടച്ച്‌സ്‌ക്രീനുകളും വയര്‍ലെസ്സ് കണക്ടിവിറ്റിയും കൂടി ചേര്‍ന്നപ്പോഴാണ് മൊബൈല്‍ ഉപകരണങ്ങള്‍ ഇന്നത്തെ രൂപത്തിലായത്. ഐഫോണിന്റെ വരവിന് മുമ്പ് -2006 ല്‍ - ആകെയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ വെറും ഏഴ് ശതമാനത്തില്‍ മാത്രമായിരുന്നു ടച്ച്‌സ്‌ക്രീന്‍ ഉപയോഗിച്ചിരുന്നത്. എബിഐ റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ കണക്ക് പ്രകാരം, 2010 ല്‍ അത് 75 ശതമാനമായി. 2016 ഓടെ സ്മാര്‍ട്ട്‌ഫോണുകളില്‍ 97 ശതമാനവും ടച്ച്‌സ്‌ക്രീനുകളിലാകും പ്രവര്‍ത്തിക്കുകയെന്നാണ് പ്രവചനം.

വിലകുറയുന്ന ടച്ച്‌സ്‌ക്രീനുകള്‍

ടച്ച്‌സ്‌ക്രീന്‍ സങ്കേതം ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വരുംനാളുകളിലും ഈ രംഗത്തെ പുതിയ മുന്നേറ്റങ്ങള്‍ മൊബൈല്‍ കമ്പ്യൂട്ടിങിന് കരുത്തു പകരുമെന്ന് തീര്‍ച്ചയാണ്. കപ്പാസിറ്റീവ് ടച്ച് കണ്‍ട്രോളറുകള്‍, ഇരുപാളികളിലുള്ള സെന്‍സറുകള്‍ക്ക് പകരം ഒറ്റപ്പാളി സെന്‍സറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ, ടച്ച്‌സ്‌ക്രീനുകളുടെ ചെലവ് 30 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്ന്, എബിഐ റിസര്‍ച്ചിലെ കെവിന്‍ ബര്‍ഡനെ ഉദ്ധരിച്ചുകൊണ്ട് 'ഫിനാഷ്യല്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മാണം വ്യാപകമാക്കാന്‍ അത് സഹായിക്കും. പോറല്‍ വീഴാത്ത 'ഗൊറില്ല ഗ്ലാസ്' ('gorilla glass') ടച്ച്‌സ്‌ക്രീനുകള്‍ക്ക് ഉപയോഗിക്കുകയെന്നതാണ് ഈ രംഗത്തെ മറ്റൊരു പുതിയ പ്രവണത.

ടച്ച്‌സ്‌ക്രീനുകളുടെ രംഗം മാത്രമല്ല, മൈക്രോപ്രൊസസറുകളുടെ ലോകവും വികസിച്ചു കൊണ്ടിരിക്കുകയാണ്. സിംഗിള്‍-കോര്‍ പ്രൊസസറുകളാണ് ബ്ലാക്ക്ബറിയുടെയും മറ്റും ആദ്യകാല സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചിരുന്നത്. അതിന് പകരം ഡ്യുവല്‍-കോര്‍ പ്രോസസറുകള്‍ രംഗത്തെത്തിയതോടെ, മൊബൈല്‍ കമ്പ്യൂട്ടിങിന്റെ ശക്തിയും വേഗവും വര്‍ധിച്ചു. അടുത്തയിടെ അമേരിക്കയില്‍ അവതരിപ്പിക്കപ്പെട്ട മോട്ടറോളയുടെ 'ഡ്രോയിഡ് ബയോണിക്' (Droid Bionic) ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് ഡ്യുവര്‍ കോര്‍ 1 GHz പ്രൊസസര്‍ ആണ്. 1 Gb റാം മെമ്മറിയുള്ള ആ ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വെറൈസണ്‍ വയര്‍ലെസ്സിന്റെ എല്‍ടിഇ നെറ്റ്്‌വര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലാണ്.

ഉന്നത ഡെഫനിഷനിലുള്ള (HD) വീഡിയോ പിടുത്തവും അതിവേഗ കണക്ടിവിറ്റിയും കൂടിച്ചേരുമ്പോള്‍, മൊബൈലുകളുടെ സഹായത്തോടെയുള്ള വീഡിയോ കോണ്‍ഫറന്‍സുകളും മറ്റും ഇപ്പോഴത്തേതിലും അനായാസമാകും. പക്ഷേ, ഇതൊക്കെ സാധ്യമാകാന്‍ മറ്റൊരു സംഗതികൂടി മൊബൈലുകളുടെ കാര്യത്തില്‍ ശരിയാകേണ്ടതുണ്ട്. അത് ഉയര്‍ന്ന ബാറ്ററിലൈഫ് ആണ്. ദിനംപ്രതി ഫോണ്‍ ചാര്‍ജ് ചെയ്യേണ്ട ഗതികേടിലാണ് നിലവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍.

ബാറ്ററിയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. പുതിയ തലമുറ ഐഫോണുകളും മറ്റ് സ്മാര്‍ട്ട്‌ഫോണുകളും കൂടുതല്‍ കനംകുറഞ്ഞ രൂപകല്‍പ്പനയാണ് അനുവര്‍ത്തിക്കുന്നത്. എന്നുവെച്ചാല്‍, കൂടുതല്‍ ചാര്‍ജ് സംഭരിക്കാനായി വലിപ്പംകൂടിയ ബാറ്ററികള്‍ മൊബൈലുകളില്‍ സാധ്യമല്ല എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെയും ഊര്‍ജോപയോഗം കുറയ്ക്കുകയാണ്, ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാനുള്ള മാര്‍ഗമെന്ന് പറയേണ്ടിയിരിക്കുന്നു. ഭാവിയില്‍ ചിലപ്പോള്‍ സൗരോര്‍ജം പോലുള്ള സ്രോതസ്സുകള്‍ മൊബൈലുകള്‍ക്ക് തുണയായേക്കാം.

എച്ച്ടിഎംഎല്‍ 5
(HTML5) പോലുള്ള വെബ്ബ് അധിഷ്ഠിത സങ്കേതങ്ങള്‍ വ്യാപകമാകുന്നത് എങ്ങനെയാകും മൊബൈല്‍ കമ്പ്യൂട്ടിങ് രംഗത്തെ സ്വാധീനിക്കുകയെന്നതും പ്രസക്തമാണ്. ആപ്പിളിന്റെ അപ്പ് സ്‌റ്റോര്‍ പോലുള്ള സംവിധാനങ്ങളെ അപ്രസക്തമാക്കാന്‍ ഇത്തരം നവസങ്കേതങ്ങള്‍ക്ക് കഴിയുമോ എന്ന സംശയം പല വിദഗ്ധര്‍ക്കുമുണ്ട്. വിവിധ മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ ഒരേപോലെ പിന്തുണയ്ക്കുന്ന ആപ്ലിക്കേഷനുകള്‍ ബ്രൗസറിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ചിലപ്പോള്‍ ഇത്തരം നവസങ്കേതങ്ങള്‍ വഴി സംഭവിച്ചേക്കാം. അങ്ങനെ വന്നാല്‍ ആപ്പ് സ്റ്റോറിനും മറ്റും വലിയ പ്രസക്തിയില്ല എന്നുവരാം.

ഏതായാലും ഭാവിയിലേക്കുള്ള വഴികാട്ടിയാണ്, നിങ്ങളുടെ കൈയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍. അതിന്റെ സാധ്യതകള്‍ ഇനിയും എത്രയോ മടങ്ങ് വര്‍ധിച്ചേക്കാം.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment