Friday, February 17, 2012

വെള്ളമൊഴിച്ചും ചാര്‍ജ് ചെയ്യാവുന്ന കാലം!



ഫെയ്‌സ്ബുക്കിന്റെയും യൂട്യൂബിന്റെയും കാലമാണിത്. ഭക്ഷണം തീര്‍ന്നുപോവുന്നത് സഹിക്കും; എന്നാല്‍ മൊബൈലിലോ കമ്പ്യൂട്ടറിലോ ബാറ്ററി തീര്‍ന്നുപോവുന്നത് പലര്‍ക്കും സഹിക്കാനാവില്ല. മൊബൈല്‍ ഉപകരണങ്ങള്‍ റീചാര്‍ജ് ചെയ്യാന്‍ പല രീതികള്‍ ഇപ്പോള്‍ പ്രയോഗത്തിലുണ്ട്. പരമ്പരാഗത വൈദ്യുത ചാര്‍ജറിനു പുറമേ സൂര്യപ്രകാശമുപയോഗിച്ചുള്ള ചാര്‍ജര്‍, ഓടുന്ന സമയത്തും സൈക്കിള്‍ ചവിട്ടുമ്പോഴും ചാര്‍ജ് ചെയ്യാവുന്ന രീതി, അങ്ങനെ ഒട്ടേറെ സങ്കേതങ്ങള്‍. ആ കൂട്ടത്തിലേക്ക് വിത്യസ്തമായ രീതിയില്‍ വെള്ളമൊഴിച്ച് ചാര്‍ജ് ചെയ്യാവുന്ന ഒരു ചാര്‍ജര്‍ വരുന്നു. സ്വീഡിഷ് കമ്പനിയായ പവര്‍ടെക് ആണ് ഇത് രൂപകല്‍പ്പന ചെയ്തത്. 

വെള്ളത്തിന് പുറമേ മറ്റു രാസവസ്തുക്കളും അടങ്ങിയ ഒരു കെമിക്കല്‍ ചാര്‍ജര്‍ ആണിത്. . വൈദ്യുതി ആവശ്യമായി വരുന്ന സമയത്ത് ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ചാര്‍ജറിലെ പ്രത്യേക അറയിലേക്ക് ഒഴിച്ചാല്‍ മതി 10 മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി റെഡി. എളുപ്പത്തില്‍ കൊണ്ടുനടക്കുകയും ചെയ്യാം.


മൊബൈല്‍ മാത്രമല്ല ടാബ്‌ലറ്റ്, ക്യാമറ, ജി.പി.എസ്. ഉപകരണങ്ങള്‍ തുടങ്ങി യു.എസ്.ബി. വഴി ചാര്‍ജ് ചെയ്യാവുന്നവയെല്ലാം ഇതുവഴി ചാര്‍ജ് ചെയ്യാം. ഇനി ശുദ്ധജലം ലഭിച്ചില്ലെങ്കില്‍ അതും പ്രശ്‌നമല്ല. അഴുക്കുജലമോ അധികം കട്ടിയിലല്ലാത്ത ചളിവെള്ളമോ ഉപ്പുവെള്ളമോ ആയാല്‍പ്പോലും ഉപകരണം പ്രവര്‍ത്തിക്കും. ചുരുക്കം പറഞ്ഞാല്‍ ഏതുപ്രദേശത്ത് പോയാലും കുടിവെള്ളം ലഭിച്ചില്ലെങ്കില്‍പ്പോലും മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാനാവുമെന്നുറപ്പിക്കാം. യു.എസ്.ബി. സ്ലോട്ട് വഴിയാണ് ഉപകരണങ്ങളിലേക്ക് ചാര്‍ജിങ് സാധ്യമാക്കുന്നത്. ഏതുകാലാവസ്ഥയിലും സമയത്തും ഉപയോഗിക്കാമെന്നതിനാല്‍ യാത്രാവേളകളിലും വിദൂരപ്രദേശങ്ങളിലുള്ളവര്‍ക്കും ഇത് വളരെഉപകാരപ്രദമായിരിക്കുമെന്നുറപ്പാണ്.

രാസപ്രവര്‍ത്തനം വഴിയാണ് ഈ ഉപകരണത്തില്‍ വൈദ്യുതി നിര്‍മിക്കുന്നത്. സോഡിയം സിലികൈഡ് എന്ന രാസവസ്തു അടങ്ങിയ പ്രത്യേക പവര്‍പക് (Power Pukk) കിറ്റ് ആണ് ഉപകരണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തെ വൈദ്യുതിയാക്കി മാറ്റുകയല്ല മറിച്ച് വെള്ളം ഈ രാസവസ്തുക്കളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ വാതകം ഉണ്ടാക്കുകയാണ് ഈ മാര്‍ഗത്തിലൂടെ ചെയ്യുന്നത്. ഈ വാതകം ഉപകരണത്തിലെ ഹൈഡ്രജന്‍ ബാറ്ററിയെ ചാര്‍ജാക്കുന്നു. ബാറ്ററിയില്‍ നിന്നാണ് യു.എസ്.ബി വഴി വൈദ്യുതി പുറത്തേക്ക് വരുന്നത്.

അല്‍പം പുക മാത്രമാണ് ഈ പ്രവര്‍ത്തനത്തില്‍ പുറത്തേക്ക് വരുന്നതെന്നും പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാണ് ഈ രീതിയെന്നും കമ്പനി അവകാശപ്പെടുന്നു. മെയിലോ ജൂണിലോ യൂറോപ്യന്‍ വിപണിയിലെത്തുന്ന ഈ ചാര്‍ജറിന്റെ യൂറോപ്പിലെ വില 200 യൂറോയും അമേരിക്കയില്‍ 200 ഡോളറുമായിരിക്കും. 

-shareefe2002@gmail.com

0 അഭിപ്രായ(ങ്ങള്‍) :

Post a Comment