Saturday, June 02, 2012

പുതിയ ഐഫോണിന് വലിയ സ്‌ക്രീനെന്ന് റിപ്പോര്‍ട്ട്‌





പുറത്തിറങ്ങാന്‍ പോകുന്ന അടുത്ത തലമുറ ഐഫോണിന്റെ സ്‌ക്രീന്‍ വലിപ്പം നാലിഞ്ചായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ വലിപ്പമുള്ള ഡിസ്‌പ്ലെ നിര്‍മിക്കാന്‍ ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ കമ്പനികള്‍ക്ക് ആപ്പിള്‍ നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഐഫോണിന് 3.5 ഇഞ്ച് ഡിസ്‌പ്ലെയാണുള്ളത്; 2007 ല്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ അതാണ് സ്ഥിതി. നാലിഞ്ചാകുമ്പോള്‍ ഫോണിലെ ഡിസ്‌പ്ലെ മേഖല 30 ശതമാനം വര്‍ധിക്കും.

ദക്ഷിണകൊറിയയിലെ എല്‍ജി ഡിസ്‌പ്ലെ, ഷാര്‍പ്പ് കോര്‍പ്പറേഷന്‍, ജപ്പാനിലെ ഡിസ്‌പ്ലെ ഇന്‍കോര്‍പ്പറേറ്റഡ് എന്നീ കമ്പനികള്‍ ആപ്പിളിനായി പുതിയ ഐഫോണ്‍ ഡിസ്‌പ്ലെയുടെ പ്രാഥമിക നിര്‍മാണം ആരംഭിച്ചതായി, വിശ്വസനീയകേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.

വ്യവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് താമസിയാതെ ആപ്പിളില്‍നിന്ന് ഈ കമ്പനികള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുമെന്ന് കരുതുന്നു. ജൂണില്‍ തന്നെ കമ്പനികള്‍ ഡിസ്‌പ്ലെ ഉത്പാദനം പൂര്‍ണതോതില്‍ ആരംഭിച്ചേക്കും. അങ്ങനെയെങ്കില്‍ പുതിയ ഐഫോണിന്റെ ഉത്പാദനം ആഗസ്തില്‍ ആപ്പിളിന് തുടങ്ങാനാകും.


സാംസങിന്റെ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണിനുള്ള മറുപടിയെന്ന നിലയ്ക്കാണ് ഐഫോണിന്റെ സ്‌ക്രീന്‍ വലിപ്പം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. സാംസങിന്റെ ഗാലക്‌സി എസ് 3 ഫോണിന്റേത് 4.8 ഇഞ്ചാണ്. മാത്രമല്ല, കൂടുതല്‍ വേഗമേറിയ ക്വാഡ്‌കോര്‍ പ്രൊസസറാണ് ഗാലക്‌സി എസ് 3 നുള്ളത്.

ലോകത്ത് ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന കമ്പനി
യെന്ന പദവി ഈ വര്‍ഷമാണ് ആപ്പിളിനെ പിന്നിലാക്കി സാംസങ് സ്വന്തമാക്കിയത്. ആ നേട്ടത്തിന് സാംസങിന്റെ തുരുപ്പ് ശീട്ട് ഗാലക്‌സി ഫോണുകളായിരുന്നു. 2012 ലെ ആദ്യ മൂന്നുമാസംകൊണ്ട് 450 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങ് വിറ്റു.

അടുത്ത തലമുറ ഐഫോണിന് വിസ്താരമേറിയ ഡിസ്‌പ്ലെയാകുമുള്ളതെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അക്കാര്യം സ്ഥിരീകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment