Sunday, June 03, 2012

നോക്കിയയ്ക്ക് ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം!


നോക്കിയ എന്‍9 സ്മാര്‍ട്‌ഫോണില്‍ ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ് വിച്ച് വേര്‍ഷനും ലഭിക്കാന്‍ സാധ്യത. മീഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റാണ് എന്‍9 എങ്കിലും അതിനൊപ്പം ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസിഎസ് കൂടി അതില്‍ ഉള്‍പ്പെടുത്തുകയാണ് പദ്ധതി.
ലിനക്‌സ് അധിഷ്ഠിത മീഗോയില്‍ പ്രവര്‍ത്തിക്കുന്ന എന്‍9ലേക്ക് മറ്റൊരു ഓപണ്‍ ഓപറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് കൊണ്ടുവരുന്നത് ഒരു സ്വതന്ത്ര ഡെവലപര്‍ ഫോറമായ എന്‍ഐടി ഡ്രോയിഡ് ആണ്. പ്രോജക്റ്റ് മെഹെം എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ഇതിന്റെ ആല്‍ഫാ വേര്‍ഷനിലാണ് ഇപ്പോള്‍ സംഘം.
എന്‍9ല്‍ ആന്‍ഡ്രോയിഡ് ഐസിഎസ് പ്രവര്‍ത്തിക്കുന്ന സ്‌ക്രീന്‍ഷോട്ട് ആഴ്ചകള്‍ക്ക് മുമ്പ് പുറത്തായിരുന്നു. ഡെവലപര്‍ സംഘം നോക്കിയ-ആന്‍ഡ്രോയിഡ് സംയോജനത്തിനൊരുങ്ങുകയാണെന്ന വാര്‍ത്തകളും അതോടെ പ്രചരിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോഴാണ് ഇവര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
എന്‍9 സ്മാര്‍ട്‌ഫോണില്‍ ഉപയോക്താക്കള്‍ക്ക് എങ്ങനെ ഐസിഎസ് അപ്‌ഡേറ്റ് ലഭിക്കുമെന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഏറെ സ്വീകാര്യത ലഭിച്ച സ്മാര്‍ട്‌ഫോണായിരുന്നു നോക്കിയ എന്‍9. എന്നാല്‍ മീഗോയെ പുറത്തുനിര്‍ത്തി തുടര്‍ന്നുള്ള ഉത്പന്നങ്ങളില്‍ വിന്‍ഡോസ്  അവതരിപ്പിക്കാമെന്ന നോക്കിയയുടെ തീരുമാനമാണ് ഉപയോക്താക്കള്‍ പിന്നീട് ഈ ബ്രാന്‍ഡിന് എതിരാകാന്‍ കാരണമായത്.
3.9 ഇഞ്ച് അമോലെഡ്  ഡിസ്‌പ്ലെയുമായെത്തിയ നോക്കിയ എന്‍9 പോറലുകളെ പ്രതിരോധിക്കാന്‍ ഗോറില്ല ഗ്ലാസ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരുന്നത്.
എന്‍ഐടി ഡ്രോയ്ഡിന്റെ പുതിയ പ്രോജക്റ്റ് വിജയിച്ചാല്‍ നോക്കിയ എന്‍9 ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് ഒഎസും മീഗോയും ഈ ഫോണില്‍ ഉപയോഗിക്കാനാകും. ഇതോടെ ആന്‍ഡ്രോയിഡ്, മീഗോ പ്ലാറ്റ്‌ഫോമിനെയും നോക്കിയ ഉത്പന്നങ്ങളേയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു മികച്ച ഉത്പന്നം ഉപയോഗിക്കാനുള്ള അവസരവും കൈവരും.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment