Sunday, August 05, 2012

ക്വാഡ്‌കോര്‍ നിരയില്‍ എല്‍.ജി. ഓപ്ടിമസ്‌




ക്വാഡ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളെക്കുറിച്ച് ലോകം കേട്ടുതുടങ്ങിയത് ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചാണ്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നടന്ന കോണ്‍ഗ്രസില്‍ ഹ്വാവേ (huawei) എന്ന ചൈനീസ് കമ്പനി ക്വാഡ്‌കോര്‍ പ്രൊസസറുളള അസെന്റ് ഡി ക്വാഡ് എന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം എല്‍.ജി. ഒപ്ടിമസ് എക്‌സ് 3, എച്ച്.ടി.സി. എന്‍ഡെവര്‍ എന്നീ സ്മാര്‍ട്‌ഫോണുകള്‍ മൊബൈല്‍കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടു. ഇവയും ക്വാഡ്‌കോര്‍ പ്രൊസസറുളള മോഡലുകളായിരുന്നു.

അതോടെ 2012 ല്‍ നടക്കാന്‍ പോകുന്നത് ക്വാഡ്‌കോര്‍ ഫോണുകളുടെ കിടമത്സരമായിരിക്കുമെന്ന് പലരും വിധിയെഴുതി. തുടര്‍ന്നുള്ള മാസങ്ങളില്‍ വിപണിയിലെത്തിയ സാംസങ് എസ് 3, എച്ച്.ടി.സി. വണ്‍എക്‌സ് തുടങ്ങിയ പല മോഡലുകളിലും ക്വാഡ്‌കോര്‍ പ്രൊസസറുണ്ടായിരുന്നു. ഇനിയിറങ്ങാന്‍ പോകുന്ന ആപ്പിള്‍ ഐഫോണ്‍ 5, സാംസങ് നോട്ട് 10.1 എന്നിവയിലും ക്വാഡ്‌കോര്‍ പ്രൊസസര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡ്യുവല്‍ കോര്‍ പ്രൊസസറുള്ള കമ്പ്യൂട്ടറുകളെയും സ്മാര്‍ട്‌ഫോണുകളെയുംകുറിച്ച് നമുക്കറിയാം. രണ്ടു ഡ്യുവല്‍ കോര്‍ പ്രൊസസറുകള്‍ ചേരുന്നതാണ് ക്വാഡ്‌കോര്‍ പ്രൊസസര്‍. ഡ്യുവല്‍കോര്‍ പ്രൊസസറുകളുടെ ഇരട്ടിവേഗം ന്യായമായും ക്വാഡ്‌കോറിന് ഉറപ്പുനല്‍കാനാകും, ഊര്‍ജലാഭവും.

എല്‍.ജി.യുടെ ക്വാഡ്‌കോര്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലുമെത്തി എന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. ഒപ്ടിമസ് 4എക്‌സ് എച്ച്.ഡി (Optimus 4X HD) എന്നു പേരുള്ള ഈ ഫോണ്‍ ഇന്ത്യയിലെ എല്‍.ജി. ഷോറൂമുകളില്‍ ലഭ്യമാണ്.

1.5 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ എന്‍വിഡിയ ടെഗ്രാ 3 പ്രൊസസര്‍ തന്നെയാണ് ഒപ്ടിമസ് 4 എക്‌സിന്റെ ആകര്‍ഷണം. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ഒരു ജി.ബി. റാമാണുള്ളത്.

4.7 ഇഞ്ച് ഐ.പി.എസ്. സ്‌ക്രീനോടുകൂടിയ ഒപ്ടിമസ് 4എക്‌സ് എച്ച്.ഡിയുടെ ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 720 ഗുണം 1280 പിക്‌സല്‍സ് ആണ്. എട്ട് മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ ഫോണില്‍ വീഡിയോകോളിങിനായി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ഓട്ടോഫോക്കസ്, ഫേസ്ട്രാക്കിങ്, പനോരമ, എച്ച.ഡി. റെക്കോഡിങ് എന്നീ സൗകര്യങ്ങളോടുകൂടിയതാണ് എട്ട് മെഗാപിക്‌സല്‍ ക്യാമറ.

എഫ്്.എം. റേഡിയോ, അസിസ്റ്റഡ് ജി.പി.എസ്., 3.5 എം.എം. ഓഡിയോ ജാക്ക്, 64 ജി.ബി. മൈക്രോ എസ്.ഡി. സ്ലോട്ട് എന്നിവയും ഫോണിലുണ്ട്. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത്, എന്‍.എഫ്.സി. എന്നിവയാണ് ഒപ്ടിമസ് 4 എക്‌സിലുള്ളത്.

ഒമ്പതു മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 10 മണിക്കൂര്‍ ത്രിജി ഉപയോഗവുമാണ് ഈ ഫോണിന്റെ ബാറ്ററി ബാക്കപ്പായി എല്‍.ജി.അവകാശപ്പെടുന്നത്. എല്‍.ജി. ഒപ്ടിമസ് 4എക്‌സ് എച്ച്.ഡി.യുടെ വില 35,000 രൂപ.

വിലയേറിയ ഒപ്ടിമസ് 4എക്‌സ് എച്ച്.ഡി.ക്കൊപ്പം മിഡ്‌റേഞ്ചില്‍ മറ്റൊരു മോഡല്‍ സ്മാര്‍ട്‌ഫോണ്‍ കൂടി എല്‍.ജി. ഇന്ത്യക്കാര്‍ക്കായി കാഴ്ചവെച്ചിട്ടുണ്ട്. 13,200 രൂപ വിലവരുന്നഓപ്ടിമസ് എല്‍5 (Optimus L5). നാലിഞ്ച് എച്ച്.വി.ജി.എ. സ്‌ക്രീനോടു കൂടിയ ഈ ഫോണിന്റെ പിക്ചര്‍ റിസൊല്യൂഷന്‍ 320 ഗുണം 480 പിക്‌സല്‍സ് ആണ്.

ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഒപ്ടിമസ് എല്‍ ഫൈവില്‍ 800 മെഗാഹെര്‍ട്‌സ് പ്രൊസസറും 512 എം.ബി. റാമുമാണുള്ളത്. ത്രിജി, വൈഫൈ, ബ്ലൂടുത്ത്, എന്‍.എഫ്.സി., എഫ്.എം. റേഡിയോ, അസിസ്റ്റഡ് ജി.പി.എസ്., ആക്‌സിലറോമീറ്റര്‍ എന്നിവയും ഫോണിലുണ്ട്. രണ്ട് ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഈ ഫോണില്‍ 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡുപേയാഗിക്കാം. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment