Tuesday, October 19, 2010

പട്ടും പൊന്നുമില്ല; തുളസിമാലയിട്ട് ബാബു അമിതയെ സഖിയാക്കി

പട്ടും പൊന്നുമില്ല; തുളസിമാലയിട്ട് ബാബു അമിതയെ സഖിയാക്കി

ചിറ്റൂര്‍: സ്വര്‍ണാഭരണങ്ങളുടെ ആര്‍ഭാടത്തിളക്കവും പട്ടിന്റെ പകിട്ടും ഒഴിവാക്കി കതിര്‍മണ്ഡപത്തിലെത്തിയ അമിതയെ ചരടില്‍കോര്‍ത്ത താലിയും തുളസിമാലയുമണിയിച്ച് ബാബു സ്വന്തമാക്കി. ആചാരത്തിന്റെയും ആര്‍ഭാടത്തിന്റെയും വിലങ്ങുകള്‍ തകര്‍ത്ത് ചിറ്റൂര്‍ തെക്കേഗ്രാമം ശ്രീരാമക്ഷേത്രത്തിലായിരുന്നു പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന ഈ വിവാഹം.

വണ്ടിത്താവളം കേയിയോട് ബാബുവിനും വിളയോട് എഴുത്താണി വീട്ടുകുഴി അമിതയ്ക്കും ലളിതവിവാഹത്തിനോടായിരുന്നു താത്പര്യം. ചിറ്റൂരിലെ പൊതുമരാമത്ത് അസി. എന്‍ജിനിയര്‍ ഓഫീസില്‍ യു.ഡി.ക്ലര്‍ക്കായ ബാബു നിത്യചൈതന്യയതിയുടെ ശിഷ്യനായിരുന്നു. പണക്കൊഴുപ്പിന്റെയും ആര്‍ഭാടത്തിന്റെയും ഉത്സവങ്ങളായി മാറുന്ന വിവാഹ ആഘോഷങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍കൂടിവേണ്ടിയാണ് തുളസിമാലയെ പ്രതീകമാക്കിയതെന്ന് വധൂവരന്മാര്‍ പറയുന്നു.

സാമൂഹികപരിഷ്‌കരണ പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ബാബു വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോള്‍തന്നെ അത് മാതൃകാപരമായിരിക്കണമെന്ന് ഉറപ്പിച്ചു. പൊന്നിനോടും പണത്തിനോടും ഭ്രമമില്ലാത്ത വധുവിനെ കണ്ടെത്താനായിരുന്നു പിന്നീടുള്ള ശ്രമം. കുടുംബസുഹൃത്തായ ശശിയാണ് ഇതേ ചിന്താഗതിയുള്ള അമിതയെക്കുറിച്ച് ബാബുവിനോട് പറയുന്നത്. പിന്നീടെല്ലാം വേഗത്തിലായിരുന്നു. ലളിതവിവാഹം നടത്തുന്നതില്‍ ചെറിയ എതിര്‍പ്പുകള്‍ ബന്ധുക്കളുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും ബാബുവിന്റെയും അമിതയുടെയും നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ഒന്നും വിലപ്പോയില്ല. ഏറ്റവുമടുത്ത ബന്ധുക്കളായ 30 പേരെ മാത്രമാണ് ബാബു വിവാഹത്തിന് ക്ഷണിച്ചത്. സഹപ്രവര്‍ത്തകര്‍പോലും അതിലുള്‍പ്പെട്ടിട്ടില്ല. അമിതയുടെ ബന്ധുക്കളുള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്തത് നൂറില്‍ താഴെ പേര്‍ മാത്രം. ഇവര്‍ക്കായി ചിറ്റൂര്‍ തുഞ്ചന്‍മഠത്തില്‍ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

ആര്‍ഭാടവിവാഹങ്ങള്‍ കുടുംബങ്ങളെ കടക്കെണിയിലാക്കുന്നതും ആത്മഹത്യയിലേക്ക് നയിക്കുന്നതും പതിവായ സമൂഹത്തില്‍ ഈവിവാഹം ഒരു സന്ദേശമായി എത്തണം എന്നതാണ് ബാബുവിന്റെയും ബി.എഡുകാരിയായ അമിതയുടെയും ആഗ്രഹം.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment