Monday, February 28, 2011

ആകാശത്തിന് അതിരായി മുകേഷിന്റെ വീട്



Posted on: 13 Oct 2010




മുംബൈ: മുകേഷ് അംബാനി അഹ്ലാദത്തിലാണ്, ആകാശം കീഴടക്കിയ സന്തോഷത്തില്‍. അന്റിലയെന്ന പേരില്‍ ദക്ഷിണ മുംബൈയില്‍ നിര്‍മിച്ചിരിക്കുന്ന അത്യാഢംബര ഭവനത്തിലേക്ക് ഒക്ടോബര്‍ 28ന് താമസം മാറാനിരിക്കയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി. ഏഴു വര്‍ഷത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷും കുടുംബവും അന്റിലയിലേക്ക് താമസം മാറുന്നത്. അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ മനോഹരമായ ദ്വീപിന്റെ പേരാണ് അന്റില.

27 നിലകളുള്ള വീട്ടില്‍ സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, മിനി തീയേറ്റര്‍ എന്നീ സൗകര്യങ്ങളുണ്ട്. വീടിന് മുകളില്‍ മുന്ന് ഹെലിപാഡുകളുമുണ്ട്. ആന്റിലയെന്ന് പേരിട്ടിട്ടുള്ള ഈ വീടിന്റെ പാര്‍ക്കിങ് ലോട്ട് മാത്രം ആറ് നിലകളിലായാണ്. ഇതില്‍ 160 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. പാര്‍ക്കിങ് ലോട്ടിന് മുകളിലെ നിലയില്‍ സ്ഥിതി ചെയ്യുന്ന ലോബിയില്‍ ഒമ്പത് എലവേറ്ററുകളാണുള്ളത്. ലോകത്തെ ആഢംബര വീടുകളില്‍ പ്രഥമസ്ഥാനത്താണ് 570 അടി ഉയരമുള്ള ഈ കെട്ടിടം.

വീടിന്റെ രുപകല്‍പനയും ഡിസൈനിങ്ങും മുകേഷിന്റെ ഭാര്യ നിതയുടെ മേല്‍നോട്ടത്തിലായിരുന്നു. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റും മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ ടീം മാനേജ്‌മെന്റും നിതയുടെ നേതൃത്വത്തിലാണ്. രാജ്യാന്തര ആര്‍കിടെക്ക്ചറല്‍ കമ്പനികളായ ഹിഷ്‌ബെഡ്‌നര്‍ അസോസിയേറ്റ്‌സും പെര്‍ക്കിന്‍ വില്ലുമാണ് വീട് ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 28ന് നടക്കുന്ന ചടങ്ങിലേക്ക് വ്യവസായ,സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രശസ്ത വ്യക്തികളെ ക്ഷണിച്ചിട്ടുണ്ട്.

ദക്ഷിണ മുംബൈയില്‍ സീവിന്‍ഡിലുള്ള കഫ് പരേഡ് മേഖലയിലെ വസതിയിലായിരുന്ന മുകേഷ് അംബാനി നേരത്തെ താമസിച്ചിരുന്നത്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതോട് കൂടി പ്രമുഖ വ്യവസായി കുമാര്‍ മംഗളം ബിര്‍ള മുകേഷ് അംബാനിക്ക് അയല്‍വാസിയാവും.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment