Saturday, April 02, 2011

ഒരേയൊരിന്ത്യ





മുംബൈ: ഹൃദയം നിറഞ്ഞുതുളുമ്പി. ലങ്കയും കടന്ന് ലോകകിരീടം ഇന്ത്യ വീണ്ടെടുത്തു. വാങ്കഡേ സ്‌റ്റേഡിയത്തിലെ ത്രിവര്‍ണസാഗരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പട്ടാഭിഷേകം. ശനിയാഴ്ച രാത്രി ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ 28 വര്‍ഷത്തിന് ശേഷം കിരീടം തിരിച്ചുപിടിക്കുന്നത്. ലോകചാമ്പ്യനായതിലൂടെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ കരിയര്‍ പൂര്‍ണസൗഭാഗ്യത്തിലെത്തി. മഹേന്ദ്ര സിങ് ധോനി കിരീടം ഏറ്റുവാങ്ങുമ്പോള്‍ മുംബൈയുടെ മുറിവുകള്‍ക്ക് അതൊരു സ്‌നേഹസാന്ത്വനമായി. അനശ്വര വിജയത്തിന്റെ നീലക്കടലില്‍ ഓളം വെട്ടിയത് ഗൗതം ഗംഭീറിന്റെയും (97) ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടേയും (91* ) ഉജ്ജ്വല പ്രകടനമാണ്. 

കളി കൈവിട്ടു പോയല്ലോ എന്ന് കരുതിയതാണ്. വാങ്കഡേ പിച്ചില്‍ 275 റണ്‍സിന്റെ ദുഷ്‌കരമായൊരു ലക്ഷ്യമാണ് ശ്രീലങ്ക ഇന്ത്യക്ക് നല്‍കിയത്. തുടക്കത്തില്‍ തന്നെ സെവാഗും സച്ചിനും പുറത്തായതോടെ ഗാലറി നിരാശയില്‍ മുഖം പൂഴ്ത്തി. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് തിരിച്ചുവന്നു, സച്ചിന് വേണ്ടി കപ്പ് നേടാന്‍. ഈ ലോകകപ്പില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ധോനി ഇന്ത്യന്‍ തീരത്തേക്ക് വിജയത്തിന്റെ തോണി തുഴഞ്ഞു. ധോനിയുടെ നായകത്വത്തില്‍ ഇന്ത്യയുടെ രണ്ടാം ലോകകിരീടം.

ഇന്ത്യയുടെ മനസ്സില്‍ തീകോരിയിട്ട് രണ്ടാം പന്തില്‍ തന്നെ വീരേന്ദര്‍ സെവാഗ് പുറത്തായി. ഏഴാം ഓവറില്‍ ലസിത് മലിംഗ ഇന്ത്യയുടെ ഹൃദയം ഭേദിച്ചു. സച്ചിന്‍ പുറത്ത്. 18 റണ്‍സുമായി തന്റെ അവസാന ലോകകപ്പ് മത്സരം കളിച്ച് സച്ചിന്‍ മടങ്ങിയത് ഭയാനകമായ നിശ്ശബ്ദതയോടെയാണ് സ്‌റ്റേഡിയം കണ്ടുനിന്നത്. 

നാഥനായ സൂര്യന്‍ മറഞ്ഞപ്പോഴും പക്ഷെ, ഇന്ത്യന്‍ താമര വാടിയില്ല. ഗൗതം ഗംഭീറും ധോനിയും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 109 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയായത്. അര്‍ഹിച്ച സെഞ്ച്വറി പക്ഷെ, അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഗംഭീര്‍ പാഴാക്കി. നേരത്തെ മഹേല ജയവര്‍ധനയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് (പുറത്താവാതെ 103) ലങ്കക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. 

രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റേയും ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്‌സെയുടേയും സാന്നിധ്യത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രജനീ കാന്ത് ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളും ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യ തോറ്റത് ഒരേയൊരു കളിയാണ്, പ്രാഥമിക റൗണ്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെ. കടുത്ത മത്സരങ്ങളുടെ അതിസമ്മര്‍ദത്തെയാണ് നോക്കൗട്ട് ഘട്ടത്തില്‍ ഇന്ത്യ അതിജീവിച്ചത്. 

ക്വാര്‍ട്ടറില്‍ ലോകക്രിക്കറ്റിലെ ഓസ്‌ട്രേലിയന്‍ പ്രതാപത്തിന് ഇന്ത്യ തിരശ്ശീലയിട്ടു. പിന്നീട് ലോകം ശ്രദ്ധിച്ച സെമി പോരാട്ടത്തില്‍ ഇന്ത്യ തകര്‍ത്തത് പാകിസ്താനെ. ഒടുവില്‍ ഓരോ ഇഞ്ചും പൊരുതി അന്തിമ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ സ്വപ്ന കിരീടം. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിസ്മയകാലം. ഈ അനശ്വര വിജയത്തില്‍ ഒരു മലയാളിയും പങ്കാളിയായ് എന്നതില്‍ മൂന്നേകാല്‍ കോടി ജനങ്ങള്‍ക്ക് അഭിമാനിക്കാം. ശ്രീശാന്തിന്റെ രണ്ടാം ലോകകിരീടമാണിത്. 

ഇന്ത്യയുടെ ആദ്യ ട്വെന്റി 20 കിരീടവിജയത്തിലും ടീമില്‍ ശ്രീയുണ്ടായിരുന്നു. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് മൂന്ന് ലോകകിരീടം സ്വന്തമാക്കിയപ്പോഴും അതില്‍ മലായളി സാന്നിധ്യമുണ്ടായി. 83 ല്‍ സുനില്‍ വല്‍സന്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 32.5 ലക്ഷം ഡോളറാണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനമായി ലഭിച്ചത്. റണ്ണേഴ്‌സ് അപ്പായ ശ്രീലങ്കക്ക് 15 ലക്ഷം ഡോളറും. 





0 അഭിപ്രായ(ങ്ങള്‍) :

Post a Comment