Thursday, February 17, 2011

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍



Posted on: 09 Feb 2011


ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ആരോഗ്യകരമാവണമെങ്കില്‍ നാം ഉദ്ദേശിച്ച കാര്യങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ നടപ്പിലാവണം. പക്ഷെ ഇന്ന് നമ്മളില്‍ പലരും പോളിസി എടുത്തിട്ടുണ്ടെങ്കില്‍ ഒന്നുകില്‍ പ്രേരണയോ, നിര്‍ബന്ധമോ, അതല്ലെങ്കില്‍ അല്‍പം പോളിസിയെക്കുറിച്ചുള്ള അറിവോ കൊണ്ടാണ്. എന്നാല്‍ ഒരു പോളിസി എടുക്കുന്നതിനുമുന്‍പായി ഒട്ടേറെ പ്രധാന കാര്യങ്ങള്‍ ഓര്‍ത്തുവെച്ചാല്‍ ഒന്നുകൂടി മെച്ചപ്പെട്ട പോളിസി എടുക്കുകയും, ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം. അവ ഏതെന്ന് പരിശോധിക്കാം.

1. ഇന്‍ഷുറന്‍സ് കമ്പനി : ഇന്ത്യയിലിന്ന് 20 ഓളം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലുണ്ട്. ഇതില്‍ 4 കമ്പനികള്‍ പൊതുമേഖലയിലും ബാക്കി സ്വകാര്യ മേഖലയിലുമാണ്. കമ്പനികള്‍ ഏതായാലും അവരുടെ സേവനം, വിശ്വാസ്യത, കൃത്യനിഷ്ഠ, ഉപഭോക്താവിനോടുള്ള സമീപനം, ഓഫീസ് നെറ്റ്‌വര്‍ക്ക്, കാര്യക്ഷമതയുള്ള ജീവനക്കാര്‍ എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ പോളിസി കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, കവര്‍ ചെയ്യാത്ത റിസ്‌കുകള്‍, പ്രീമിയം നിരക്ക് എന്നിവയും ഇതില്‍ പ്രധാനപ്പെട്ടവയാണ്.

2. പോളിസി : പോളിസിയെ പൊതുവെ പറഞ്ഞാല്‍ സ്റ്റാന്‍ഡേര്‍ഡ് പോളിസിയെന്നും, സ്‌പെഷ്യാലിറ്റി പോളിസിയെന്നും രണ്ടായി തിരിക്കാം. സാധാരണ മെഡിക്ലെയിം പോളിസിയില്‍ തന്നെ വ്യക്തികള്‍ക്കുള്ള പോളിസിയും, കുടുംബത്തിന് അനുയോജ്യമായ കുറഞ്ഞ പ്രീമിയം നിരക്കുള്ള ഫാമിലി ഫ്‌ളോട്ടര്‍ പോളിസിയും ഇന്ന് നിലവിലുണ്ട്. അതിനാല്‍ കഴിയുന്നതും കുടുംബത്തെ ഒന്നടങ്കം ഇന്‍ഷുര്‍ ചെയ്യുന്ന ഫാമിലി പോളിസികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. സ്‌പെഷ്യാലിറ്റി പോളിസികളില്‍ മാരകമായ അസുഖങ്ങള്‍, ഹോസ്​പിറ്റല്‍ ക്യാഷ്, ഡയബറ്റിക് പോളിസി, സ്റ്റുഡന്റ്‌സ് പോളിസി എന്നീ വിഭാഗങ്ങളും ഉണ്ട്. അടിസ്ഥാന പോളിസിയുള്ളവര്‍ക്കാണ് സ്‌പെഷ്യാലിറ്റി പോളിസി കൂടുതല്‍ അഭികാമ്യം.

3. ഇന്‍ഷുര്‍ ചെയ്യുന്ന തുക : ഒരു വ്യക്തിയുടെ / കുടുംബത്തിന്റെ വരുമാനത്തിനനുസൃതമായ രീതിയിലായിരിക്കണം ഇന്‍ഷുര്‍ ചെയ്യേണ്ട തുക തിരഞ്ഞെടുക്കേണ്ടത്. ഭാവിയിലെ ചികിത്സാ ചിലവുകളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുന്ന ഇന്‍ഷുറന്‍സ് തുക ശരിയായി തിരഞ്ഞെടുത്തില്ലെങ്കില്‍ ക്ലെയിം ഉണ്ടാവുന്നപക്ഷം മുഴുവന്‍ തുകയും ലഭ്യമായിക്കൊള്ളണമെന്നില്ല. ഇടക്കാലത്തുവെച്ച് ഇന്‍ഷുറന്‍സ് തുക കൂട്ടുവാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ മെഡിക്കല്‍ പരിശോധനയും വേണ്ടിവരാം. കൂടുതല്‍ തുകക്ക് ഇന്‍ഷുര്‍ ചെയ്യുന്നവര്‍ക്ക് രണ്ടോ മൂന്നോ ലക്ഷം രൂപയുടെ അടിസ്ഥാന പോളിസി എടുക്കുകയും, പിന്നീട്് 'ടോപ് അപ്' മെഡിക്ലെയിം പോളിസി എടുക്കുകയും ചെയ്താല്‍ രണ്ട് വ്യത്യസ്ഥ പോളിസികളിലായി കുറഞ്ഞ നിരക്കില്‍ ഇന്‍ഷുര്‍ ചെയ്യുകയും കൂടുതല്‍ തുകക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാവുകയും ചെയ്യും.

4. മെഡിക്കല്‍ പരിശോധന : ഇന്ന് മെഡിക്ലെയിം പോളിസികളില്‍ ഏറ്റവുമധികം തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണ് 'നിലവിലുള്ള അസുഖങ്ങള്‍'. നിലവിലുള്ള അസുഖങ്ങള്‍ അറിഞ്ഞോ അറിയാതെയോ പലരും പോളിസി എടുക്കുന്നു. പക്ഷെ ഡോക്ടറോട് ശരിയായ കാര്യങ്ങള്‍ തുറന്ന് പറയുകയും, ഇന്‍ഷുറന്‍സ് കമ്പനിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നതുമൂലം ക്ലെയിം കിട്ടാതെ പോവുന്നു. ഈ അവസ്ഥ ഒഴിവാക്കാന്‍ പറ്റിയ ഏക മാര്‍ഗ്ഗം ഇന്‍ഷുര്‍ ചെയ്യുന്നവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷം ഇന്‍ഷുര്‍ ചെയ്യുന്നതാണ് അഭികാമ്യം. അതിനാല്‍ ശരിയായ മെഡിക്കല്‍ പരിശോധനക്കുശേഷം ഇന്‍ഷുര്‍ ചെയ്താല്‍ നിലവിലുള്ള അസുഖം തിരിച്ചറിയാനും, അല്ലാത്ത അസുഖങ്ങള്‍ക്ക് ഭാവിയില്‍ സൗജന്യ ചികിത്സ ലഭ്യമാവാനും കൂടുതല്‍ സഹായകരമാവും.

5. ക്ലെയിം ചെയ്യുന്ന വിധം : രണ്ടുവിധത്തിലാണ് സാധാരണയായി മെഡിക്ലെയിം പോളിസിയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഒന്ന് ചികിത്സാ ചിലവുകള്‍ തിരികെ ലഭിക്കുന്ന രീതി. രണ്ട് ആസ്​പത്രിയില്‍ നിന്നും ലഭിക്കുന്ന സൗജന്യ ചികിത്സ. പോളിസി എടുക്കുമ്പോള്‍ തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ (ടി.പി.എ) നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡ് കൂടെ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇത്തരം കാര്‍ഡുകളിലൂടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അസുഖങ്ങള്‍ക്കും, അപകടങ്ങള്‍ക്കും വേണ്ടിവരുന്ന ചികിത്സാ ചിലവ് കമ്പനി അംഗീകരിച്ച ആസ്​പത്രികളില്‍ നിന്നുമാത്രമെ സൗജന്യമായിരിക്കുകയുള്ളു. മറ്റ് ആസ്​പത്രികളില്‍ ചികിത്സിച്ചാല്‍ ചിലവായ തുക തിരികെ ലഭിക്കുകയാണ് പതിവ്.

6. ആസ്​പത്രികള്‍ : അംഗീകൃത ആസ്​പത്രികള്‍ പോളിസി ഉടമയുടെ സമീപ പ്രദേശത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല, ആസ്​പത്രികള്‍ തന്നെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് അന്വേഷിക്കണം. പലപ്പോഴും മെഡിക്ലെയിം പോളിസി ഉടമകളെ സ്വീകരിക്കാന്‍ പ്രാപ്തരായ ആളൂകളുടെ സേവനം ആസ്​പത്രിയിലുണ്ടെന്നും ഉറപ്പുവരുത്തണം. ക്ലെയിം പെരുപ്പിച്ച് കാണിക്കുക, അനാവശ്യ ചികിത്സകള്‍ നടത്തുക, അമിതമായ ചാര്‍ജുകള്‍ ഈടാക്കുക എന്നീ കാര്യങ്ങളൂം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

7. തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ : ഇന്ത്യയില്‍ ഇന്ന് 30ഓളം അംഗീകൃത തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരുണ്ട്. ഇവരിലൂടെയാണ് ക്ലെയിം അനുബന്ധസേവനങ്ങള്‍ / സൗജന്യ ചികിത്സ സഹായങ്ങള്‍ എന്നിവ ലഭ്യമാവുന്നത്. ഇന്ന് ഒട്ടുമിക്ക ടി.പി.എ. കളുടെയും സേവനത്തെപ്പറ്റി ഒട്ടേറെ പരാതികള്‍ നിലവിലുണ്ട്. അതിനാല്‍ വിശ്വാസയോഗ്യമായ ടി.പി.എ. യെ തിരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമായി വന്നിരിക്കയാണ്.

8. പോളിസി പുതുക്കല്‍ : മെഡിക്ലെയിം പോളിസികള്‍ കാലാവധിക്ക് മുന്‍പായിതന്നെ പ്രീമിയം അടച്ച് പുതുക്കണം. ഒരു ദിവസം കാലാവധി കഴിഞ്ഞ് പ്രീമിയം അടച്ചാലും നിലവിലുള്ള പോളിസിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാവണമെന്നില്ല. കമ്പനികള്‍ മറന്നാലും ഇക്കാര്യം നാം മറക്കരുത്. പോളിസിയില്‍ ക്ലെയിം ഉണ്ടായാലും പോളിസി യഥാസമയം പുതുക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. തുടര്‍ച്ചയായി 4 വര്‍ഷം പുതുക്കുന്ന പോളിസികള്‍ക്ക് നിലവിലുള്ള അസുഖത്തിന് ചികിത്സ ഇപ്പോള്‍ ഒട്ടുമിക്ക പോളിസികളിലും ലഭ്യമാണ്. മാത്രമല്ല, തുടര്‍ച്ചയായി 4 വര്‍ഷം ക്ലെയിം ഇല്ലെങ്കില്‍ ഒരു നിശ്ചിത തുക മെഡിക്കല്‍ ചെക്കപ്പ് ചെയ്തതിനു ശേഷം തിരിച്ചുകിട്ടുന്നതാണ്.

9. കോ പേയ്‌മെന്റ് / ചികിത്സാ പരിധി : ഇന്ന് പ്രായമായവര്‍ക്കുള്ള പോളിസിയില്‍ ക്ലെയിം ഉണ്ടായാല്‍ ഒരു നിശ്ചിത തുക (ശതമാനം) പോളിസി ഉടമ സ്വയം വഹിക്കേണ്ടതുണ്ട്. ഇതിനെ കോ പേയ്‌മെന്റ് എന്ന് പറയുന്നു. ഇത് എത്രത്തോളമുണ്ടെന്ന് പോളിസി എടുക്കുമ്പോള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. അതുപോലെ തന്നെ ചികിത്സാ പരിധികള്‍ ഓരോ പോളിസിയിലും ഉണ്ടായിരിക്കുമെന്ന് ഇന്ന് പലര്‍ക്കും അറിയില്ല. ഇതിന്റെ പരിധി എത്രയാണെന്ന് അറിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ പോളിസി ഉടമ പണം നല്‍കേണ്ടതായി വരും.

10. ക്ലെയിം നടപടിക്രമങ്ങള്‍ : ഒരു അത്യാഹിതമുണ്ടായാല്‍ എന്തുചെയ്യണമെന്നറിയാതെ നാം പകച്ചു പോകുന്നു. ഈ അവസരത്തിലാണ് ക്ലെയിം നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവ് ഒരു സഹായഹസ്തമായി മാറുന്നത്. പോളിസി എടുക്കുമ്പോള്‍ തന്നെ ക്ലെയിം നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവ് ചോദിച്ച് മനസ്സിലാക്കണം. അതല്ലെങ്കില്‍ തെറ്റായ കാര്യങ്ങള്‍, ക്ലെയിം സമയപരിധി, ക്ലെയിം അനുബന്ധ രേഖകള്‍ എന്നിവ ശരിയായി നടപ്പിലാക്കാന്‍ സാധിക്കുകയില്ല.

ഓര്‍ക്കുക, ആരോഗ്യം സമ്പത്താണ്. ആരോഗ്യവും വരുമാനവും ഉള്ളപ്പോള്‍ സാധാരണയായി ഭാവിയിലെ റിസ്‌കുകളെപ്പറ്റി പലരും ചിന്തിക്കാറില്ല. ചിന്തിച്ചാല്‍ തന്നെ തനിക്കും കുടുംബത്തിനും ഇതൊന്നും ബാധകമല്ലെന്ന് നടിക്കും. പക്ഷെ ശരിയായ സമയത്ത് നേരാംവണ്ണം സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഭാവിയില്‍ തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും

0 അഭിപ്രായ(ങ്ങള്‍) :

Post a Comment