Friday, February 18, 2011

എല്‍.ജി. ജി-സ്ലേറ്റ് ആദ്യ ത്രീഡി ടാബ്‌ലറ്റ്‌



Posted on: 18 Feb 2011




ബാഴ്‌സലോണയില്‍ സമാപിച്ച വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് ഉപകരണങ്ങള്‍ അവതരിപ്പിച്ചത് എല്‍ജിയാണ്. പൂര്‍ണതോതിലുള്ള ആദ്യ ത്രീഡി സ്മാര്‍ട്ട്‌ഫോണായ 'ഓപ്ടിമസ് ത്രീഡി' (LG Optimus 3D)യും ലോകത്തെ ആദ്യ ത്രീഡി ടാബ്‌ലറ്റായ 'ജി-സ്ലേറ്റും' (LG G-Slate). ത്രീഡി ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ മാത്രമല്ല, ഉന്നത റിസല്യൂഷനില്‍ ത്രിമാന വീഡിയോ റിക്കോര്‍ഡ് ചെയ്യാനും സഹയാക്കുന്ന ഉപകരണമാണ് ജി-സ്ലേറ്റ്. ത്രീഡി വീഡിയോ പ്ലേബാക്കിനൊപ്പം ത്രീഡി റിക്കോര്‍ഡിങും സാധ്യമായ ഒരു ടാബ്‌ലറ്റ് രംഗത്തെത്തുന്നത് ആദ്യമായാണ്.


ത്രീഡി സിനിമയ്ക്കും ത്രീഡി ടിവിക്കും പിന്നാലെ ടാബ്‌ലറ്റിലേക്കും ത്രീഡി ചെക്കേറുന്നത്, വിനോദത്തിന്റെ അര്‍ഥതലങ്ങളെത്തന്നെ മാറ്റിമറിക്കാന്‍ പോന്ന മുന്നേറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത്രകാലവും ത്രീഡി വീഡിയോ ക്യാമറകളില്‍ മാത്രം സാധ്യമായിരുന്ന ഹൈഡെഫിനിഷന്‍ ത്രീഡി വിഡിയോ റിക്കോര്‍ഡിങാണ് ജി-സ്ലേറ്റ് ഉപയോഗിച്ച് സാധിക്കുന്നത്. ടാബ്‌ലറ്റിന്റെ പിന്‍വശത്ത് അഞ്ചു മെഗാപിക്‌സല്‍ വീതമുള്ള രണ്ട് ക്യാമറകളുണ്ട്. ഇരട്ട ക്യാമറയുപയോഗിച്ചാണ് ഉന്നത റിസല്യൂഷനില്‍ ത്രീഡി വീഡിയോ റിക്കോര്‍ഡിങ് സാധ്യമാകുന്നത്. മാത്രമല്ല, ഏത് പ്രകാശത്തിലും റിക്കോര്‍ഡിങ് സാധ്യമാക്കാനായി എല്‍ഇഡി ഫ് ളാഷിന്റെ പിന്തുണയും ഈ ക്യാമറകള്‍ക്കുണ്ട്. പക്ഷേ, ജി-സ്ലേറ്റില്‍ ത്രീഡി ദൃശ്യങ്ങള്‍ ആസ്വദിക്കണമെങ്കില്‍ ത്രീഡി കണ്ണടയുടെ സഹായം ആവശ്യമാണ്.


ആപ്പിളിന്റെ ഐപാഡ് ഉള്‍പ്പടെ നിലവില്‍ വിപണിയിലുള്ള ടാബ്‌ലറ്റുകളെ വെല്ലുവിളിക്കാന്‍ പാകത്തില്‍ തന്നെയാണ് എല്‍ജി തങ്ങളുടെ ത്രീഡി ടാബ്‌ലറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. 8.9 ഇഞ്ച് വലിപ്പവും, 1280 ഗുണം 768 പിക്‌സല്‍ ഡിസ്‌പ്ലേയുമുള്ള ജി-സ്ലേറ്റിന്റെ കരുത്ത്, എന്‍വിഡിയ ടെഗ്ര 2.1 ജിഗാഹെര്‍ട്‌സ് പ്രൊസസറാണ്. വീഡിയോ, ഫോട്ടോകള്‍ തുടങ്ങിയ മള്‍ട്ടിമീഡിയ ഉള്ളടക്കം പ്ലേ ചെയ്യാന്‍ ഏറ്റവും അനുയോജ്യമാം വിധം, ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റു (ജിപിയു) മായി ഈ പ്രൊസസര്‍ സമ്മേളിപ്പിച്ചിരിക്കുന്നു. ടാബ്‌ലറ്റുകള്‍ക്കായുള്ള ആന്‍ഡ്രോയിഡ് 3.0 ഹണികോമ്പ് പ്ലാറ്റ്‌ഫോമിലാണ് ഇതിലുള്ളത്.


ത്രീഡി വീഡിയോ റിക്കോര്‍ഡ് ചെയ്യാനുള്ള ഇരട്ട ക്യാമറ കൂടാതെ, വീഡിയോ വിളികള്‍ക്കായി മുന്‍വശത്ത് 2 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 32 ജിബി ഫ് ളാഷ് മെമ്മറിയാണ് ജി-സ്ലേറ്റിലേത്. വൈഫൈ, 3ജി കണക്ടിവിറ്റിയുണ്ട്. അമേരിക്കയിലെങ്കിലും 4ജി കണക്ടിവിറ്റിക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 6400 mAh ബാറ്ററി, ഹൈ-ഡെഫിനിഷന്‍ മള്‍ട്ടിമീഡിയ ഇന്റര്‍ഫേസ് (HDMI) ഔട്ട്പുട്ട്, ഗൈറോസ്‌കോപ്പ്, ആക്‌സലറോമീറ്റര്‍, സെന്‍സര്‍ തുടങ്ങിയവയൊക്കെ ജി-സ്ലേറ്റിലുണ്ടാകും. മാര്‍ച്ച് മാസത്തോടെ ടി-മൊബൈലാണ് അമേരിക്കയില്‍ ജി-സ്ലേറ്റ് വിപണിയിലെത്തിക്കുക. വിലയെക്കുറിച്ച് എല്‍ജി സൂചനയൊന്നും നല്‍കിയിട്ടില്ല.


0 അഭിപ്രായ(ങ്ങള്‍) :

Post a Comment