Thursday, February 17, 2011

ആന്‍ഡ്രോയിഡ്-ബാഴ്‌സലോണയിലെ താരം



Posted on: 17 Feb 2011




ബാഴ്‌സലോണയില്‍ സമാപിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലെ യഥാര്‍ഥ താരം ആരാണ്. 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' ഉള്‍പ്പടെയുള്ള പ്രമുഖ മാധ്യമങ്ങളുടെ വിലയിരുത്തല്‍ ശരിയാണെങ്കില്‍ 'ആഡ്രോയിഡാണ് താരം'! മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട പ്രാധാന്യമര്‍ഹിക്കുന്ന ഏതാണ്ട് എല്ലാ ഉപകരണവും (അത് സ്മാര്‍ട്ട്‌ഫോണാകട്ടെ, ടാബ്‌ലറ്റ് കമ്പ്യൂട്ടറാകട്ടെ) ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം യാദൃശ്ചികമല്ലെന്ന് വ്യക്തം. ടെക് ലോകത്ത് ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോം നേടിക്കൊണ്ടിരിക്കുന്ന അസാധാരണമായ സ്വീകാര്യതയുടെ നേര്‍ക്കാഴ്ചയായി മാറി മൊബൈല്‍ കോണ്‍ഗ്രസ്.

ആന്‍ഡ്രോയിഡിന് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യത ഇപ്പോള്‍ വെറും പ്രചാരണത്തട്ടിപ്പല്ലെന്ന് 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' വിലയിരുത്തുന്നു. മൊബൈല്‍ കാരിയര്‍മാരും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നവരും ആന്‍ഡ്രോയിഡിന് നല്‍കുന്ന പ്രധാന്യം, ആ മൊബൈല്‍ പ്ലാറ്റ്‌ഫോമിനെ ആപ്പളിന്റെ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റ' (iOS)ത്തിനൊപ്പമോ അതിനപ്പുറത്തോ പ്രതിഷ്ഠിക്കുന്നു. ഇപ്പോഴത്തെ ആശങ്ക, ആന്‍ഡ്രോയിഡിന്റെ സ്വാധീനം വര്‍ധിച്ച് അതൊരു സര്‍വാധിപതിയായി മാറുമോ എന്നതാണ്.

ഒരു വര്‍ഷം മുമ്പ് ബാര്‍സലോണയില്‍ ഒത്തുകൂടിയവര്‍ക്ക് ആന്‍ഡ്രോയിഡ് പോലൊരു ഓപ്പണ്‍സോഴ്‌സ് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആശങ്കകളോ അല്‍പ്പ വിശ്വാസമോ ഇത്തവണ ദൃശ്യമായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ ചില ഉപകരണങ്ങളുടെ കാര്യം പരിഗണിക്കുക. സാംസങിന്റെ പുതിയ ഗാലക്‌സി എസ് സ്മാര്‍ട്ട്‌ഫോണും ടാബ്‌ലറ്റും, എച്ച്ടിസിയുടെ ആദ്യ ടാബ്‌ലറ്റായ 'ഫ് ളെയര്‍' (HTC Flyer) കൂടാതെ അഞ്ച് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍, എല്‍ജി അവതരിപ്പിച്ച ആദ്യ ത്രീഡി ടാബ്‌ലറ്റായ 'ജി-സ്ലേറ്റും' (LG G-Slate) ആദ്യ ത്രീഡി ഫോണായ'ഓപ്ടിമസ് ത്രീഡി'യും, ലോകത്തെ ആദ്യ പ്ലേസ്റ്റേഷന്‍ സര്‍ട്ടിഫൈഡ് ഫോണായ സോണി എറിക്‌സന്റെ 'എക്‌സ്​പീരിയ പ്ലേ'. എല്ലാം ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍. ഇവ കൂടാതെ ഡസണ്‍ കണക്കിന് ആഡ്രോയിഡ് ഉപകരണങ്ങളാണ് മൊബൈല്‍ കോണ്‍ഗ്രസില്‍ സ്ഥാനംപിടിച്ചത്.


ആന്‍ഡ്രോയിഡ് ലോകം കീഴടക്കുന്നതിനാണ് ബാഴ്‌സലോണ സാക്ഷ്യം വഹിച്ചതെന്ന് 'ബി.ബി.സി' വിലയിരുത്തുന്നു. 'ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഷോയില്‍ ആന്‍ഡ്രോയിഡ് സര്‍വവ്യാപിയായി'-ബി.ബി.സി.റിപ്പോര്‍ട്ട് പറയുന്നു. പ്രസിദ്ധ അമേരിക്കന്‍ ന്യൂസ് മാഗസിന്‍ 'ന്യൂസ്‌വീക്ക്' കഴിഞ്ഞ വര്‍ഷം ആന്‍ഡ്രോയിഡിന്റെ അസാധാരണമായ വിജയത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച കവര്‍‌സ്റ്റോറിയുടെ തലവാചകം 'ആന്‍ഡ്രോയിഡ് ഇന്‍വേഷന്‍' (ആന്‍ഡ്രോയിഡ് അധിനിവേശം) എന്നായിരുന്നു. ആ തലവാചകം അന്വര്‍ഥമാക്കുംവിധമാണ് ഈ മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ച.

മൊബൈല്‍ രംഗത്ത് ആന്‍ഡ്രോയിഡാകും ഇനി മുന്നിലുണ്ടാവുകയെന്ന്, മൊബൈല്‍ കോണ്‍ഗ്രസിനെ കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്യുമ്പോള്‍ ഗൂഗിള്‍ മേധാവി എറിക് ഷിമിഡ്റ്റ് പ്രഖ്യാപിച്ചു. ''ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ ഇക്കോസിസ്റ്റമാണത്'-അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ഓരോ ദിവസവും മൂന്നുലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ വീതം ഗൂഗിള്‍ ആക്ടിവേറ്റ് ചെയ്യുന്നതായി ഷിമിഡ്റ്റ് വെളിപ്പെടുത്തി. എന്നുവെച്ചാല്‍, പ്രതിവര്‍ഷം 10.95 കോടി ആന്‍ഡ്രോയിഡ് ഫോണുകള്‍. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന 170 ഉപകരണങ്ങള്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണ്.

ഇത്തരത്തില്‍ വിജയം നേടുന്നുണ്ടെങ്കിലും, പക്ഷേ ആന്‍ഡ്രോയിഡ് വിമര്‍ശനത്തിന് അതീതമല്ല. വ്യത്യസ്ത ഉപകരണങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണ് ആന്‍ഡ്രോയിഡ്. അതു തന്നെയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ദൗര്‍ബല്യമെന്ന് 'മുബാലൂ'വെന്ന ആപ്ലിക്കേഷന്‍ ഡെവലപ്പറിലെ ബെന്‍ ട്രെവെല്ല ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്ത സ്‌ക്രീന്‍ വലിപ്പങ്ങളും ഹാര്‍ഡ്‌വേര്‍ സവിശേഷതകളും പ്രത്യേക യൂസര്‍ ഇന്റര്‍ഫേസുകളുമുള്ള ഉപകരണങ്ങളൊക്കെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുള്ള പ്രശ്‌നം, ഡെവലപ്പര്‍മാര്‍ക്ക് ഓരോ ആപ്ലിക്കേഷനും ഒട്ടേറെ ഉപകരണങ്ങളില്‍ പരീക്ഷിച്ച് നോക്കേണ്ടി വരുന്നു എന്നതാണ്. അതേസമയം, ആപ്പിളിന്റെ ഐഫോണ്‍ പ്ലാറ്റ്‌ഫോമിന്റെ കാര്യത്തില്‍ ഈയൊരു പ്രശ്‌നമേ ഉദിക്കുന്നില്ല.

ഇക്കാര്യം ഷിമിഡ്റ്റിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, 'അതെപ്പറ്റി ചിലത് ഞങ്ങളും കേട്ടു'വെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 'ജിഞ്ചര്‍ബ്രഡ്' പോലുള്ള ആന്‍ഡ്രോയിഡിന്റെ ഏറ്റവും ഒടുവലത്തെ പതിപ്പുകള്‍ വ്യാപകമാകുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ കുറയുമെന്ന് ഷിമിഡ്റ്റ് അറിയിച്ചു. 

ആന്‍ഡ്രോയിഡിന്റെ ഭാവിയെക്കുറിച്ച് ചില സൂചനകളും മൊബൈല്‍ കോണ്‍ഗ്രസില്‍ ഗൂഗിള്‍ മേധാവി നല്‍കി. മൊബൈല്‍ ഫോണിനായുള്ള ആന്‍ഡ്രോയിഡിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പ് ജിഞ്ചര്‍ബ്രഡ് (Gingerbread) ആണ്. ഇംഗ്ലീഷില്‍ അതിന്റെ ആദ്യ അക്ഷരം G. അതിന് ശേഷം ടാബ്‌ലറ്റുകള്‍ക്കായി ഇറക്കിയ ആന്‍ഡ്രോയിഡ് പതിപ്പാണ്ഹണികോമ്പ് (Honeycomb). അതിന്റെ ആദ്യ അക്ഷരം H. ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിന്റെ പേര് I എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുത്തതായിരിക്കുമെന്നും, ഒരു മധുരപലഹാരത്തിന്റെ പേരായിരിക്കുമതെന്നും ഷിമിഡ്റ്റ് വെളിപ്പെടുത്തി.

അതേസമയം, മൊബൈല്‍ കോണ്‍ഗ്രസ് തുടങ്ങും മുമ്പ് തന്നെ ഈ വര്‍ഷത്തെ സുപ്രധാന മൊബൈല്‍ സംഭവത്തിന് ലോകം സാക്ഷിയാവുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ നോക്കിയയും മൈക്രോസോഫ്ടുമായുണ്ടാക്കിയ പങ്കാളിത്തമാണത്. ആന്‍ഡ്രോയിഡിനെതിരെ ശക്തമായി നിലയുറപ്പിക്കാനാണ് ഇതുവഴി നോക്കിയയും മൈക്രസോഫ്ടും ലക്ഷ്യമിടുന്നതെന്ന്, ഇരു കമ്പനികളും ഇതിനകം സൂചന നല്‍കിക്കഴിഞ്ഞു. പക്ഷേ, നിലവില്‍ ആഡ്രോയിഡ് നേരിടുന്ന അസാധാരണമായ സ്വീകാര്യതയെ വെല്ലുവിളിച്ച് നോക്കിയയുടെ വിന്‍ഡോസ് ഫോണ്‍ 7 പ്ലാറ്റ്‌ഫോമിന് എത്രകണ്ട് മുന്നോട്ട് വരാനാകും എന്നിടത്താണ് പ്രശ്‌നം.

നോക്കിയയെ ആകര്‍ഷിക്കാന്‍ ഗൂഗിള്‍ ശ്രമിച്ചതായി ഷിമിഡ്റ്റ് അറിയിച്ചു. ഗൂഗിളുമായി തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നതായി നോക്കിയ മേധാവിയും വെളിപ്പെടുത്തിയിരുന്നു. 'അവര്‍ ആന്‍ഡ്രോയിഡ് സ്വീകരിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നു'-ഷിമിഡ്റ്റ് പറഞ്ഞു. അതിനായി തങ്ങള്‍ മുന്നോട്ടു വെച്ച വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഗൂഗിള്‍ മേധാവി പറഞ്ഞു. 'വിന്‍ഡോസ് 7 വഴി മികച്ച കാര്യമാണ് മൈക്രോസോഫ്ട് ചെയ്തത്. മനോഹരമായ രൂപകല്‍പ്പനയാണ് അതിന്റേത്. പക്ഷേ, ആന്‍ഡ്രോയിഡിന്റെ കാര്യത്തില്‍ ഞങ്ങളുടെ അഭീഷ്ടം, അവരുടേത് പോലെ തന്നെ വലുതാണ്. ഏറ്റവും മികച്ച മൊബൈല്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം'-ഷിമിഡ്റ്റ് അറിയിച്ചു.

2010 ന്റെ അവസാനത്തെ അര്‍ധവാര്‍ഷിക കാലയളവില്‍ ലോകത്താകമാനം വിറ്റത് 329 ലക്ഷം ആന്‍ഡ്രോയിഡ് ഫോണുകളാണ്. നോക്കിയയുടെ സിമ്പിയന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന 310 ലക്ഷം ഫോണുകള്‍ ചെലവായി. ആപ്പിളിന്റെ 162 ലക്ഷം ഫോണുകളും, റിം കമ്പനിയുടെ 146 ലക്ഷം ബ്ലാക്ക്ബറി ഫോണുകളുമാണ് ഈ കാലയളവില്‍ ചെലവായത്. മൂന്ന് വര്‍ഷം മുമ്പ് സിമ്പിയാനെ ആരെങ്കിലും വെല്ലുവിളിക്കാനെത്തുമെന്ന് ഒരാളും കരുതിയിരുന്നില്ല. അതായിരുന്നു എല്ലാ അര്‍ഥത്തിലും നമ്പര്‍ വണ്‍. അതേസമയം, സിമ്പിയാനെ പുറംകൈ കൊണ്ട് തട്ടിയിട്ടാണ് നോക്കിയ ഇപ്പോള്‍ വിന്‍ഡോസ് ഫോണ്‍ 7 നെ പുല്‍കുന്നത്.

ആപ്പളിന്റെ ആരും മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രസംഗിച്ചില്ല. ആപ്പിളിനോ ഐഫോണിനോ കോണ്‍ഗ്രസില്‍ പ്രത്യേക വിഭാഗവുമുണ്ടായിരുന്നില്ല. പക്ഷേ, പ്രതിനിധികളില്‍ പലരുടെയും പക്കലുണ്ടായിരുന്നത് ഐഫോണായിരുന്നു എന്നത്, മാര്‍ക്കറ്റ് എന്താണെന്നതിന്റെ സൂചനയായി. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment