Thank you for visiting My BLOG!

Thursday, March 10, 2011

അര്‍ബുദം നിര്‍ണയിക്കാനും മൊബൈല്‍ ഫോണ്‍



Posted on: 07 Mar 2011



സ്മാര്‍ട്ട്‌ഫോണുകള്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും കടന്നുകയറുന്ന അവസ്ഥയാണിപ്പോള്‍. വിനോദം, ബാങ്കിങ്, ഇന്റര്‍നെറ്റ്, ഓഫീസ്, ആരോഗ്യം, യാത്ര തുടങ്ങി ഒട്ടനവധി മേഖലകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രയോജനപ്പെടുന്നു. ഇതില്‍ ആരോഗ്യരംഗത്തേക്കുള്ള പ്രവേശനമാണ് ഏറ്റവും ശ്രദ്ധേയം. അര്‍ബുദനിര്‍ണയം പോലും സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് വേഗത്തില്‍ സാധിക്കുമെന്നതാണ് പുതിയ വാര്‍ത്ത. വെറും ഒരു മണിക്കൂര്‍കൊണ്ട് മൊബൈല്‍ ഫോണിന്റെ സഹായത്തോടെ രോഗനിര്‍ണയം സാധ്യമാകുന്ന സങ്കേതമാണ് അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.

ആരോഗ്യപരിശോധന മിക്കവര്‍ക്കും മടുപ്പിക്കുന്നതും വേദനാജനകവുമായ കാര്യമാണ്. കുത്തിവെപ്പ്, കുത്തിയെടുക്കല്‍ പോലെയുള്ള പലതും അതിന് വേണ്ടിവരും. സമയവും പണവും ഏറെ വേണ്ടിവരികയും ചെയ്യുന്നു. അര്‍ബുദ നിര്‍ണയ പരിശോധനയാണെങ്കില്‍ പറയുകയും വേണ്ട. പല രീതിയില്‍ ദിവസങ്ങളോളമുള്ള ടെസ്റ്റുകള്‍, നിരീക്ഷണങ്ങള്‍ തുടങ്ങിയ അനേകം നടപടികള്‍ വേണം കാന്‍സര്‍ നിര്‍ണയത്തിന്. ഫലമറിയാനുള്ള കാത്തിരിപ്പാണ് ഇതിലെ ഏറ്റവും വേദനാജനകം. മിക്കപ്പോഴും ഇതിനായി പ്രത്യേക പരിശോധനാ സ്ഥലങ്ങളെയോ സ്‌പെഷ്യലിസ്റ്റ് ആസ്​പത്രികളെയോ ആശ്രയിക്കേണ്ടി വരികയും ചെയ്യും.

എന്നാല്‍, അര്‍ബുദനിര്‍ണയം വെറും ഒരു മണിക്കൂര്‍ കൊണ്ട് സാധിക്കുമെന്നത് - അതും മൊബൈല്‍ ഫോണിന്റെയും മറ്റൊരു ലഘുഉപകരണത്തിന്റെയും സഹായത്തോടെ-തികച്ചും ആശ്വാസജനകമാണ്. മസാച്യൂസെറ്റ്‌സ് ജനറല്‍ ആസ്​പത്രിയിലെയും ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെയും ഗവേഷകരാണ് ഈ സങ്കേതം വികസിപ്പിച്ചത്. ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായേക്കാവുന്ന മുന്നേറ്റമായി ഇത് വിലയിരുത്തപ്പെടുന്നു.

രോഗനിര്‍ണയത്തിന് സ്മാര്‍ട്ട്‌ഫോണില്‍ ഘടിപ്പിക്കുന്ന ഉപകരണം ചെറുതാണ്, കൊണ്ടുനടക്കാന്‍ പറ്റുന്നത്. അതിനാല്‍ രോഗികള്‍ എവിടെയാണോ ഉള്ളത്, അവിടെയെത്തി വേണമെങ്കിലും പരിശോധന നടത്താം. രോഗികളില്‍ നിന്നെടുക്കുന്ന ചെറിയൊരളവ് കോശമാതൃകയാണ് ഉപകരണം പെട്ടെന്ന് പരിശോധിച്ച് ഫലം നല്‍കുന്നത്. ഉദരസംബന്ധമായ അര്‍ബുദം ബാധിച്ച അമ്പതോളം രോഗികളില്‍ ഈ മൊബൈല്‍ ഉപകരണം കൊണ്ട് പരിശോധന നടത്തിയപ്പോള്‍ 96 ശതമാനം ഫലവും കൃത്യമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഇത് നിലവിലുള്ള പരിശോധനാരീതികളെ അപേക്ഷിച്ച് മെച്ചപ്പെട്ട ഫലമാണ്. 'സയന്‍സ് ട്രാന്‍സ്‌ലേഷണല്‍ മെഡിസിനിലാ'ണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

പുതിയ സങ്കേതമുപയോഗിച്ച് പരിശോധന നടത്തുമ്പോള്‍ മനുഷ്യര്‍ വരുത്താവുന്ന തെറ്റുകള്‍ക്ക് സാധ്യത കുറയുന്നതിനാല്‍, നിലവിലുള്ള രീതിയെക്കാളും മികച്ചതാണ് ഇതെന്ന് മസാച്യൂസെറ്റ്‌സ് ജനറല്‍ ആസ്​പത്രിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഹാഖോ ലീ പറയുന്നു. വേഗം കൂടുതല്‍ വ്യക്തതയാര്‍ന്ന ഫലം ഇത് നല്‍കുന്നു. ലീയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നാനോസാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ആധുനിക മൈക്രോചിപ് ആണ് രോഗിയുടെ കോശസാമ്പിളില്‍ നിന്ന് വിവിധതരത്തിലുള്ള അര്‍ബുദ പ്രോട്ടീനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.

സ്മാര്‍ട്ട് ഫോണില്‍ ഘടിപ്പിക്കാവുന്ന ഈ മൈക്രോചിപ്പ് ഒരു പ്രത്യേക സോഫ്ട്‌വേറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പിളിന്റെ ഐഫോണില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പുതിയ സോഫ്ട്‌വേര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് ടെക്‌നോളജിയിലെ (കാല്‍ടെക്) കെമിസ്ട്രി പ്രൊഫസറായ ജെയിംസ് ഹെല്‍ത്തിന്റെ അഭിപ്രായത്തില്‍ പുതിയ രീതി എളുപ്പം കൈകാര്യം ചെയ്യാവുന്നതും, പെട്ടെന്ന് ഫലം ലഭിക്കുന്നതുമാണ്. കൂടാതെ പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ രീതിയോട് ജനങ്ങള്‍ക്ക് കൂടുതല്‍ താത്പര്യമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.

രക്തപരിശോധന, ഹൃദയമിടിപ്പ്, ഇ.സി.ജി, ഇ.ഇ.ജി തുടങ്ങിയ പരിശോധനകള്‍വരെ സ്മാര്‍ട്ട് ഫോണുകളുടെ സഹായത്തോടെ ഇപ്പോള്‍ സാധ്യമാണ്. രോഗ പരിശോധനാ രംഗത്തുണ്ടാവുന്ന ഭീമമായ ചെലവുകള്‍ ഒരുപരിധിവരെ കുറക്കാനും ഇത്തരം രീതികള്‍ സഹായിക്കുന്നു. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment