ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, March 11, 2011

ജപ്പാനില്‍ ഭൂകമ്പം, സുനാമി



Posted on: 12 Mar 2011




മരണം 1000 കവിയും







* ജപ്പാന്‍ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പം
* ഒനാഗവ ആണവനിലയത്തില്‍ തീപ്പിടിത്തം
* ഭൂകമ്പ ബാധിത മേഖലകളിലെ ആണവനിലയങ്ങള്‍ അടച്ചു; ജനങ്ങളെ ഒഴിപ്പിച്ചു
* നൂറോളംപേരുള്ള കപ്പല്‍ ഒഴുകിപ്പോയി
* സുനാമി അടിച്ചത് ടോക്കിയോയ്ക്കടുത്ത് മിയാഗി, ഫുകുഷിമ ജില്ലകളില്‍
* ലക്ഷങ്ങള്‍ ഭൂകമ്പക്കെടുതിയില്‍
* ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശമന്ത്രാലയം

ടോക്യോ: അതിശക്തമായ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ കൂറ്റന്‍ സുനാമിത്തിരമാലകള്‍ ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് മരണതാണ്ഡവമാടി. ആയിരത്തിലേറെപ്പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. നാന്നൂറോളംപേരെ കാണാതായിട്ടുണ്ട്. 

വന്‍നാശം വിതച്ച് പത്തുമീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ച തിരമാലകളില്‍ കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയി. കപ്പലുകളും ബോട്ടുകളും കരയിലെത്തി. നൂറോളം പേരുള്ള ഒരു കപ്പല്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് ഒരു ആണവനിലയത്തില്‍ വന്‍അഗ്‌നിബാധയുണ്ടായി. സെന്‍ഡായ് മേഖലയില്‍ ഏക്കര്‍കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ഒരു എണ്ണ ശുദ്ധീകരണശാലയിലും ഉരുക്കുനിര്‍മാണശാലയിലും തീപ്പിടിത്തമുണ്ടായി. സെന്‍ഡായ് നഗരത്തില്‍നിന്നു മാത്രം ഇരുന്നൂറോളം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ലക്ഷക്കണക്കിന് വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കുട്ടികളുള്‍പ്പെടെ ഒട്ടേറെപ്പേരെ കാണാതായതിനാല്‍ മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍ പറഞ്ഞു.

ജപ്പാന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പമാണ് വെള്ളിയാഴ്ച മിയാഗി തീരത്തിനടുത്തുണ്ടായതെന്ന് കാലാവസ്ഥാപഠനകേന്ദ്രം അറിയിച്ചു. ഭൂകമ്പമാപിനിയിലത് 8.9 തീവ്രത രേഖപ്പെടുത്തി. തീരത്തുനിന്ന് 80 കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് പ്രഭവകേന്ദ്രം.

പ്രാദേശികസമയം ഉച്ചയ്ക്ക് 2.46 നാണ് ( ഇന്ത്യന്‍സമയം രാവിലെ 11.16) ഭൂകമ്പമുണ്ടായത്. അതിന്റെ തുടര്‍ച്ചയായി തലസ്ഥാനനഗരമായ ടോക്യോ വരെ 400 കിലോമീറ്ററോളം വരുന്ന ഭാഗത്ത് തീപ്പിടിത്തവും നാശനഷ്ടങ്ങളുമുണ്ടായി. പിന്നാലെ ശക്തമായ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. ഇതിലൊന്നിന്റെ തീവ്രത 7.4 ആയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പമുണ്ടായ പശ്ചാത്തലത്തില്‍ പസഫിക് മേഖലയില്‍ ജപ്പാന്‍ സുനാമിമുന്നറിയിപ്പു പുറപ്പെടുവിച്ചിരുന്നു. തീരപ്രദേശങ്ങളിലും താഴ്ന്ന ഭൂവിഭാഗങ്ങളിലും താമസിക്കുന്നവരോട് മാറിപ്പോകാനും നിര്‍ദേശിച്ചു. 

എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ രാക്ഷസത്തിരമാലകളാണ് തീരങ്ങളെ വിഴുങ്ങിക്കൊണ്ട് ആഞ്ഞടിച്ചത്. കറുത്ത ചളി കലര്‍ന്ന തിരമാലകള്‍ മുന്നില്‍ കണ്ടതെല്ലാം നിലംപരിശാക്കിക്കൊണ്ട് കുതിച്ചു. കാറുകളെയും വീടുകളെയുമൊക്കെ അമ്മാനമാടിക്കൊണ്ടാണ് സമുദ്രജലം കെടുതി വിതച്ചത്. മിയാഗി, ഫുകുഷിമ ജില്ലകളിലാണ് മരണത്തിരകള്‍ നാശം വിതച്ചത്. 

സെന്‍ദായ് വിമാനത്താവളത്തിലേക്ക് അടിച്ചെത്തിയ തിരമാലകള്‍ റണ്‍വേയെ മുക്കിക്കളഞ്ഞു. തുടര്‍ന്ന് വിമാനത്താവളം അടച്ചിടേണ്ടിവന്നു.

ഭുകമ്പത്തെത്തുടര്‍ന്ന് ഒനാഗവാ ആണവനിലയത്തില്‍വന്‍ തീപ്പിടിത്തമുണ്ടായത് കടുത്ത ആശങ്ക പടര്‍ത്തി. തുടര്‍ന്ന് ഭൂകമ്പ ബാധിതമേഖലകളിലെ നാല് ആണവനിലയങ്ങള്‍ അടച്ചിട്ടു. രാജ്യത്ത് ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഭൂകമ്പമുണ്ടായ മേഖലകളിലെ ആണവനിലയങ്ങളില്‍ നിന്ന് വികിരണഭീഷണിയില്ലെന്ന് പ്രധാനമന്ത്രി നവാട്ടോ കാന്‍ അറിയിച്ചു. എന്നാല്‍ ഈ ഭാഗങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വടക്കന്‍ ജപ്പാനിലെ 45 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വാര്‍ത്താവിനിമയ ശൃംഖലയും താറുമാറായി. റോഡുകളെല്ലാം പാടെ തകര്‍ന്ന നിലയിലാണ്. സെന്‍ഡായ് നഗരത്തിലെ പടുകൂറ്റന്‍ ഹോട്ടല്‍ സമുച്ചയം തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നു സംശയിക്കുന്നു. 

നൂറു പേരുള്ള കപ്പല്‍ സുനാമിത്തിരകളുടെ പ്രഹരത്തില്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. ആരും രക്ഷപ്പെട്ടതായി അറിവില്ല. ടോക്യോക്കടുത്ത് ഇചിചാരയിലെ എണ്ണശുദ്ധീകരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. 

സുനാമിത്തിരമാലകള്‍ ഹവായ് ദ്വീപസമൂഹങ്ങളിലുമെത്തി. ഇവിടെ തീരദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഭീഷണിയില്ല


ന്യൂഡല്‍ഹിഃ ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൗമമന്ത്രാലയ സെക്രട്ടറി ശൈലേഷ് നായക് പറഞ്ഞു. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് സുനാമി മുന്നറിയിപ്പു പ്രകടിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമുദ്രത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Thursday, March 10, 2011

വയര്‍ലെസ്സ് വൈദ്യുതി മോണിറ്ററുകള്‍ക്കും



Posted on: 08 Mar 2011



കമ്പ്യട്ടറും മറ്റു ഇലക്‌ട്രോണിക്‌സ് ഉപകണങ്ങളും വൈദുതി വയറുകള്‍ ഒഴിവാക്കി തികച്ചും വയര്‍ലെസ് ആയി പ്രവര്‍ത്തിക്കുന്ന കാലം വരാന്‍പോകുന്നു. അതിന്റെ ആദ്യപടിയായെന്നോണം വൈദ്യുതിവയറുകള്‍ ഒഴിവാക്കിയുള്ള വയര്‍ലെസ്സ് കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

മൊബൈലുകളും മറ്റ് വയര്‍ലെസ്സ് ഇലക്ട്രോക്‌സ് ഉപകരണങ്ങളും വ്യാപകമായെങ്കിലും വെദ്യുതിയുടെ കാര്യത്തില്‍ വയര്‍ലെസ് എന്നത് നടക്കാന്‍ കഴിയാത്ത സ്വപ്‌നമായിട്ടാണ് പലരും കരുതിയിരുന്നത്. നേരിട്ട് വൈദ്യുതിവയറുകള്‍ ബന്ധിപ്പിക്കാതെ ബള്‍ബോ ഫാനോ പ്രവര്‍ത്തിക്കുക അസാധ്യം എന്നായിരുന്നു ധാരണ. എന്നാല്‍, ആ മേഖലയിലും ശാസ്ത്രം വിജയംവരിക്കുകയാണ്.

ഇതിന്റെ ആദ്യപടിയായെന്നോണം വയര്‍ലെസ് ചാര്‍ജറുകള്‍ രംഗത്തുവരുന്ന കാര്യം മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലോകത്തിലെ മികച്ച ഐ.ടി അനുബന്ധ ഉപകരണ കമ്പനികളിലൊന്നായ ഫ്യുജിറ്റ്‌സ്യൂ കമ്പനിയാണ് മാഗ്‌നറ്റിക് ഇന്റന്‍ഷന്‍ സങ്കേതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വയര്‍ലെസ് മോണിറ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

കമ്പ്യൂട്ടറിലേക്കും മോണിറ്ററിലേക്കും ബ്ലൂടൂത്ത്, വൈഫൈ എന്നീ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും മറ്റു വിവരങ്ങളും കൈാമാറുണ്ടെങ്കിലും, വയര്‍ലെസ്സായി വൈദ്യുതി നല്‍കാന്‍ ഇതുവരെ സാധ്യമായിരുന്നില്ല. ജര്‍മ്മനിയില്‍ മാര്‍ച്ച് അഞ്ചിന് അവസാനിച്ച ഇലആകഠ 2011ഷോയിലാണ് ഈ കമ്പ്യൂട്ടര്‍ മോണിറ്ററിന്റെ പ്രദര്‍ശനം നടന്നത്.

വൈഫൈ റൂട്ടര്‍ പോലെ നിശ്ചിത അകലത്തില്‍ (10 മിറ്റര്‍ വരെ അകലത്തില്‍) സ്ഥാപിക്കപ്പെട്ട ഹോട്ട്് സ്‌പോട്ടില്‍ നിന്നാണ് മാഗ്‌നറ്റിക് ഇന്റക്ഷന്‍ വഴി വൈദ്യുതി സ്വീകരിക്കുന്നത്. ഇത്തരത്തില്‍ വൈദ്യുതി സ്വീകരിക്കുന്ന സങ്കേതത്തെ സ്മാര്‍ട്ട് യൂണിവേഴ്‌സല്‍ പവര്‍ ആക്‌സസ് (SUPA) ടെക്‌നോളജി എന്നാണ് പറയുന്നത്. ചിത്രങ്ങളും മറ്റും സി.പി.യുവില്‍ നിന്ന് സ്വീകരിക്കുന്നതും വയര്‍ലെസ് ആയിത്തന്നെ. 22 ഇഞ്ച് മോണിറ്ററാണ് ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്റീരിയര്‍ ഡിസൈനിങ്ങുകള്‍ക്ക് പ്രധാന്യം നല്‍കുന്ന ഓഫീസുകള്‍ക്കും മറ്റും ഇത്തരം മോണിറ്ററുകള്‍ അനുയോജ്യമായിരിക്കും.

മാഗ്‌നറ്റിക് ഇന്റക്ഷന്‍ സാങ്കേതികവിദ്യ പുതിയ ഒന്ന് അല്ല എന്നും കൂടിയ അളവിലുള്ള െൈവദ്യുതി പ്രസരണം അപകടങ്ങള്‍ക്ക് കാരണമാക്കുമെന്നും വിമര്‍ശനമുണ്ട്. മാത്രമല്ല വിലകുറഞ്ഞ കേബിളുകള്‍ക്ക് പകരമുള്ള ഈ സംവിധാനം വളരെ ചെലവേറിയതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ശല്യസന്ദേശങ്ങളെ ഇനി പേടിക്കേണ്ട



Posted on: 08 Mar 2011




മൊബൈല്‍ഫോണില്‍ നമ്മുടെ സൈ്വര്യംകെടുത്താനെത്തുന്ന ശല്യസന്ദേശങ്ങളെ (ശല്യമെസേജുകളെ) നിയന്ത്രിക്കാന്‍ പുതിയ സോഫ്ട്‌വേര്‍ പിറവിയെടുത്തു. ഡല്‍ഹിയില്‍ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍േേഷന്‍ ടെക്‌നോളജിയിലെ (ഐ.ഐ.ഐ.ടി.) വിദഗ്ധരാണ് ഇതു രൂപപ്പെടുത്തിയത്. 'എസ്.എം.എസ്. അസാസിന്‍' (SMS Assassin) എന്നു പേരിട്ടിരിക്കുന്ന ഈ സോഫ്ട്‌വേര്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമുക്ക് താത്പര്യമില്ലാത്ത ഒരു ശല്യമെസേജും (spam messages) ഫോണിലേക്ക് വരില്ല.

ശല്യമെസേജുകളില്‍തന്നെ നമുക്ക് എന്തെങ്കിലും താത്പര്യമുള്ളവ മാത്രം മൊബൈലിലേക്ക് കടത്തിവിടാനുള്ള സൗകര്യവും ഈ സോഫ്ട്‌വേറിലുണ്ട്. ഐ.ഐ.ഐ.ടി.യിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പൊന്നുരംഗം കുമാരഗുരു, ഗവേഷകവിദ്യാര്‍ഥി കുല്‍ദീപ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ സോഫ്ട്‌വേര്‍ രൂപപ്പെടുത്തിയത്.

പരസ്യ എസ്.എസ്.എം.എസുകളുടെ എണ്ണം അനിയന്ത്രിതമാം വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഇത്തരമൊരു സോഫ്ട്‌വേറിനെക്കുറിച്ച് ആലോചിച്ചതെന്ന് പൊന്നുരംഗം കുമാരഗുരു 'മാതൃഭൂമി'യോടു പറഞ്ഞു. ഒരുദിവസം രാജ്യമൊട്ടാകെ പത്തുകോടി പരസ്യ എസ്.എം.എസുകള്‍ പ്രചരിക്കുന്നുണ്ട്. ഈ രംഗത്തെ കമ്പനികളുടെ കിടമത്സരം കാരണം 3,500 രൂപ മുടക്കിയാല്‍ ഒരുലക്ഷം മെസേജുകള്‍ വരെ അയക്കാന്‍ സാധിക്കുന്ന സ്ഥിതിയാണുള്ളത്.

തിരക്കിനിടയില്‍ നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നവയാണ് ഇത്തരം മിക്ക മെസേജുകളും. എന്നാല്‍, ഇവയില്‍ ചിലതെങ്കിലും നമുക്ക് ഉപകാരപ്പെടുന്നവയാകാം. ചിലര്‍ക്ക് ശല്യമെസേജെന്നുതോന്നുന്നത് മറ്റുചിലര്‍ക്ക് താത്പര്യമുള്ളതാകാം. അതുകൊണ്ടുതന്നെ എല്ലാ പരസ്യമെസേജുകളും നിയന്ത്രിക്കാനുള്ള ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ പദ്ധതി ഫലപ്രദമാകില്ല. വേണ്ട സന്ദേശങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയും മറ്റുള്ളവ ഇന്‍ബോക്‌സിലെത്തും മുമ്പേ ഡിലീറ്റ് ചെയ്യലുമാണ് എസ്.എം.എസ്. അസാസിന്‍ സോഫ്ട്‌വേറിന്റെ ധര്‍മമെന്ന് പൊന്നുരംഗം അറിയിക്കുന്നു.

നിലവില്‍ നോക്കിയയുടെ സിംബിയന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ഫോണുകളില്‍ മാത്രമേ 'എസ്.എം.എസ്. അസാസിന്‍' പ്രവര്‍ത്തിക്കൂ. താമസിയാതെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് മൊബൈല്‍ 7 പ്ലാറ്റ്‌ഫോമുകളിലും പ്രവര്‍ത്തിക്കുന്ന രീതിയില്‍ പുതിയ സോഫ്ട്‌വേര്‍ പരിഷ്‌ക്കരിക്കുമെന്ന് പൊന്നുരംഗം പറയുന്നു. അമേരിക്കയിലെ അരിസോണയില്‍ ഈമാസം നടന്ന ഹോട്ട്‌മൊബൈല്‍ 2011 അന്താരാഷ്ട്ര മൊബൈല്‍കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട 'എസ്.എം.എസ്. അസാസിന്‍' സോഫ്ട്‌വേറിന്റെ വികസന പരിപാടികള്‍ നടന്നുവരികയാണ്.

തുടര്‍ഗവേഷണത്തിനായി പരസ്യഎസ്.എം.എസുകള്‍ അയച്ചുതരണമെന്നാവശ്യപ്പെട്ട് പൊന്നുരംഗവും ശിഷ്യന്‍മാരും ഫെയ്‌സ്ബുക്കില്‍ പ്രത്യേകപേജ് തുടങ്ങിയിട്ടുണ്ട്. http://en-gb.facebook.com/SMSAssassin?v=info എന്ന േഫസ്ബുക്ക് അക്കൗണ്ടിലേക്കോ +91 8826068429 എന്ന മൊബൈല്‍ നമ്പറിലേക്കോ നമുക്ക് വരുന്ന പരസ്യമെസേജുകള്‍ ഫോര്‍വേഡ് ചെയ്തുകൊടുത്ത് അവരെ സഹായിക്കാം. പതിനഞ്ചുദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു.

അതിനിടെ, പരസ്യ എസ്.എം.എസുകള്‍ നിയന്ത്രിക്കാന്‍ ട്രായ് പ്രഖ്യാപിച്ച എസ്.എം.എസ്. നിയന്ത്രണപരിപാടി വീണ്ടും നീളുകയാണ്. മാര്‍ച്ച് ഒന്ന് മുതല്‍ നടപ്പാകുമെന്ന് പറഞ്ഞ പദ്ധതി ഏപ്രില്‍ ഒന്നിലേക്ക് നീട്ടിയിട്ടുണ്ട്. ടെലിമാര്‍ക്കറ്റിങ് കമ്പനികളും മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളും താത്പര്യമെടുക്കാത്തതുതന്നെ പ്രധാനകാരണം. ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ തങ്ങളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തങ്ങളനുവദിക്കുന്ന നമ്പറുകളില്‍ നിന്നുമാത്രമേ മെസേജുകള്‍ അയക്കാന്‍ പാടുള്ളൂ എന്നും ട്രായ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമേ അതനുസരിച്ചുള്ളൂ.

പരസ്യമെസേജുകള്‍ താത്പര്യമില്ലാത്ത ഉപഭോക്താക്കള്‍ അക്കാര്യമറിയിച്ചുകൊണ്ട് എസ്.എം.എസ്. അയക്കണമെന്ന ട്രായ് നിര്‍ദേശവും സ്വീകരിക്കപ്പെട്ടില്ല. രാജ്യമെങ്ങുമായി പതിനഞ്ചുശതമാനം മൊബൈല്‍വരിക്കാര്‍ മാത്രമേ ഇതുവരെ ഇങ്ങനെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്താല്‍ നമുക്ക് താത്പര്യമുളള ഓഫറുകളുടെ എസ്.എം.എസുകള്‍ പോലും ലഭിക്കാതാകും എന്നതാണ് ട്രായ് പദ്ധതിയുടെ പ്രധാനന്യൂനത. എന്തായാലും ഏപ്രില്‍ ഒന്ന് മുതല്‍ എസ്.എം.എസ്. നിയന്ത്രണപദ്ധതി നടപ്പാക്കുമെന്നാണ് ട്രായ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അര്‍ബുദം നിര്‍ണയിക്കാനും മൊബൈല്‍ ഫോണ്‍



Posted on: 07 Mar 2011



സ്മാര്‍ട്ട്‌ഫോണുകള്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും കടന്നുകയറുന്ന അവസ്ഥയാണിപ്പോള്‍. വിനോദം, ബാങ്കിങ്, ഇന്റര്‍നെറ്റ്, ഓഫീസ്, ആരോഗ്യം, യാത്ര തുടങ്ങി ഒട്ടനവധി മേഖലകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രയോജനപ്പെടുന്നു. ഇതില്‍ ആരോഗ്യരംഗത്തേക്കുള്ള പ്രവേശനമാണ് ഏറ്റവും ശ്രദ്ധേയം. അര്‍ബുദനിര്‍ണയം പോലും സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് വേഗത്തില്‍ സാധിക്കുമെന്നതാണ് പുതിയ വാര്‍ത്ത. വെറും ഒരു മണിക്കൂര്‍കൊണ്ട് മൊബൈല്‍ ഫോണിന്റെ സഹായത്തോടെ രോഗനിര്‍ണയം സാധ്യമാകുന്ന സങ്കേതമാണ് അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.

ആരോഗ്യപരിശോധന മിക്കവര്‍ക്കും മടുപ്പിക്കുന്നതും വേദനാജനകവുമായ കാര്യമാണ്. കുത്തിവെപ്പ്, കുത്തിയെടുക്കല്‍ പോലെയുള്ള പലതും അതിന് വേണ്ടിവരും. സമയവും പണവും ഏറെ വേണ്ടിവരികയും ചെയ്യുന്നു. അര്‍ബുദ നിര്‍ണയ പരിശോധനയാണെങ്കില്‍ പറയുകയും വേണ്ട. പല രീതിയില്‍ ദിവസങ്ങളോളമുള്ള ടെസ്റ്റുകള്‍, നിരീക്ഷണങ്ങള്‍ തുടങ്ങിയ അനേകം നടപടികള്‍ വേണം കാന്‍സര്‍ നിര്‍ണയത്തിന്. ഫലമറിയാനുള്ള കാത്തിരിപ്പാണ് ഇതിലെ ഏറ്റവും വേദനാജനകം. മിക്കപ്പോഴും ഇതിനായി പ്രത്യേക പരിശോധനാ സ്ഥലങ്ങളെയോ സ്‌പെഷ്യലിസ്റ്റ് ആസ്​പത്രികളെയോ ആശ്രയിക്കേണ്ടി വരികയും ചെയ്യും.

എന്നാല്‍, അര്‍ബുദനിര്‍ണയം വെറും ഒരു മണിക്കൂര്‍ കൊണ്ട് സാധിക്കുമെന്നത് - അതും മൊബൈല്‍ ഫോണിന്റെയും മറ്റൊരു ലഘുഉപകരണത്തിന്റെയും സഹായത്തോടെ-തികച്ചും ആശ്വാസജനകമാണ്. മസാച്യൂസെറ്റ്‌സ് ജനറല്‍ ആസ്​പത്രിയിലെയും ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെയും ഗവേഷകരാണ് ഈ സങ്കേതം വികസിപ്പിച്ചത്. ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായേക്കാവുന്ന മുന്നേറ്റമായി ഇത് വിലയിരുത്തപ്പെടുന്നു.

രോഗനിര്‍ണയത്തിന് സ്മാര്‍ട്ട്‌ഫോണില്‍ ഘടിപ്പിക്കുന്ന ഉപകരണം ചെറുതാണ്, കൊണ്ടുനടക്കാന്‍ പറ്റുന്നത്. അതിനാല്‍ രോഗികള്‍ എവിടെയാണോ ഉള്ളത്, അവിടെയെത്തി വേണമെങ്കിലും പരിശോധന നടത്താം. രോഗികളില്‍ നിന്നെടുക്കുന്ന ചെറിയൊരളവ് കോശമാതൃകയാണ് ഉപകരണം പെട്ടെന്ന് പരിശോധിച്ച് ഫലം നല്‍കുന്നത്. ഉദരസംബന്ധമായ അര്‍ബുദം ബാധിച്ച അമ്പതോളം രോഗികളില്‍ ഈ മൊബൈല്‍ ഉപകരണം കൊണ്ട് പരിശോധന നടത്തിയപ്പോള്‍ 96 ശതമാനം ഫലവും കൃത്യമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഇത് നിലവിലുള്ള പരിശോധനാരീതികളെ അപേക്ഷിച്ച് മെച്ചപ്പെട്ട ഫലമാണ്. 'സയന്‍സ് ട്രാന്‍സ്‌ലേഷണല്‍ മെഡിസിനിലാ'ണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

പുതിയ സങ്കേതമുപയോഗിച്ച് പരിശോധന നടത്തുമ്പോള്‍ മനുഷ്യര്‍ വരുത്താവുന്ന തെറ്റുകള്‍ക്ക് സാധ്യത കുറയുന്നതിനാല്‍, നിലവിലുള്ള രീതിയെക്കാളും മികച്ചതാണ് ഇതെന്ന് മസാച്യൂസെറ്റ്‌സ് ജനറല്‍ ആസ്​പത്രിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഹാഖോ ലീ പറയുന്നു. വേഗം കൂടുതല്‍ വ്യക്തതയാര്‍ന്ന ഫലം ഇത് നല്‍കുന്നു. ലീയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നാനോസാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ആധുനിക മൈക്രോചിപ് ആണ് രോഗിയുടെ കോശസാമ്പിളില്‍ നിന്ന് വിവിധതരത്തിലുള്ള അര്‍ബുദ പ്രോട്ടീനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.

സ്മാര്‍ട്ട് ഫോണില്‍ ഘടിപ്പിക്കാവുന്ന ഈ മൈക്രോചിപ്പ് ഒരു പ്രത്യേക സോഫ്ട്‌വേറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പിളിന്റെ ഐഫോണില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പുതിയ സോഫ്ട്‌വേര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് ടെക്‌നോളജിയിലെ (കാല്‍ടെക്) കെമിസ്ട്രി പ്രൊഫസറായ ജെയിംസ് ഹെല്‍ത്തിന്റെ അഭിപ്രായത്തില്‍ പുതിയ രീതി എളുപ്പം കൈകാര്യം ചെയ്യാവുന്നതും, പെട്ടെന്ന് ഫലം ലഭിക്കുന്നതുമാണ്. കൂടാതെ പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ രീതിയോട് ജനങ്ങള്‍ക്ക് കൂടുതല്‍ താത്പര്യമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.

രക്തപരിശോധന, ഹൃദയമിടിപ്പ്, ഇ.സി.ജി, ഇ.ഇ.ജി തുടങ്ങിയ പരിശോധനകള്‍വരെ സ്മാര്‍ട്ട് ഫോണുകളുടെ സഹായത്തോടെ ഇപ്പോള്‍ സാധ്യമാണ്. രോഗ പരിശോധനാ രംഗത്തുണ്ടാവുന്ന ഭീമമായ ചെലവുകള്‍ ഒരുപരിധിവരെ കുറക്കാനും ഇത്തരം രീതികള്‍ സഹായിക്കുന്നു. 

Sunday, March 06, 2011

ഹാന്‍ഡ്‌സെറ്റ് ഒന്ന്; ഫോണ്‍ രണ്ട് !

 Posted on: 05 Mar 2011




സ്മാര്‍ട്‌ഫോണുകളുടെ വരവോടെ ഓഫീസ്‌േജാലികള്‍ അതിലേക്ക് മാറ്റുന്നവരുടെ എണ്ണം കൂടിവരികയാണ്. ബിസിനസ് പ്രെസന്റേഷനുകളും കമ്പനി ഇമെയിലുകളുമെല്ലാം സ്മാര്‍ട്‌ഫോണില്‍ തയ്യാറാക്കുകയും പരിശോധിക്കുകയും ഇടപാടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്കൊക്കെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് ആപ്ലിക്കേഷനുകളിലെ ദുഷ്ടപ്രോഗ്രാമുകള്‍ (malwares). ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ സൗജന്യമായി ലഭ്യമായിരുന്ന 21 ജനപ്രിയ ആപ്ലിക്കേഷനുകള്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഗൂഗിള്‍ പിന്‍വലിച്ചത് കഴിഞ്ഞദിവസമാണ്. മൊബൈലില്‍ നിന്ന് ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ വിവരങ്ങള്‍ കവരുകയും കൈമാറുകയും ചെയ്യുന്നവയാണ് ഈ ആപ്ലിക്കേഷനുകളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ജീവനക്കാര്‍ക്ക് കമ്പനി നല്‍കുന്ന ഒഫീഷ്യല്‍ ഫോണുകളിലേക്ക് അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് പല ഐ.ടി. കമ്പനികളും നിരോധിച്ചുകഴിഞ്ഞു. സ്മാര്‍ട്‌ഫോണുകളിലെ എല്ലാ വിവരങ്ങളും ഏതുനിമിഷവും മായ്ച്ചുകളയാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് എഴുതി വാങ്ങിയതിനുശേഷമേ പല കമ്പനികളും ഇപ്പോള്‍ സ്മാര്‍ട്‌ഫോണുകള്‍ ജീവനക്കാര്‍ക്ക് നല്‍കാറുള്ളൂ. ഓഫീസ് ആവശ്യത്തിന് ഒരു സ്മാര്‍ട്‌ഫോണ്‍, സ്വകാര്യ ആവശ്യത്തിന് മറ്റൊന്ന് എന്ന അസൗകര്യം സഹിക്കേണ്ട ഗതികേടിലാണ് പുതുകാലത്തെ ടെക്കികള്‍.

ആപ്ലിക്കേഷന്‍സുകള്‍ വരുത്തിവെച്ച ഈ പൊല്ലാപ്പ് മറികടക്കാനായി പുതിയൊരു ആപ്ലിക്കേഷന്‍ തന്നെ പിറവിയെടുത്തുവെന്നതാണ് സൈബര്‍ ലോകത്തുനിന്നുള്ള പുതിയ വാര്‍ത്ത. ഐ.ടി. സ്റ്റാര്‍ട്ടപ്പ് കമ്പനിയായഎന്റര്‍പോയ്ഡ് പുറത്തിറക്കിയ 'ഡിവൈഡ്' എന്ന ആപ്ലിക്കേഷനാണ് സ്മാര്‍ട്‌ഫോണുകളുടെ സുരക്ഷിത്വത്തിന് കാവലാളകുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ നിങ്ങളുടെ സ്മാര്‍ട് ഫോണിനെ ഔദ്യോഗികം എന്നും വ്യക്തിപരം എന്നും കൃത്യമായി വേര്‍തിരിക്കുകയാണ് 'ഡിവൈഡ്' ചെയ്യുക. ശരിക്കും രണ്ടു ഫോണുകള്‍ ഉപയോഗിക്കുന്ന അനുഭവം സമ്മാനിക്കും ഈ ആപ്ലിക്കേഷനെന്ന് എന്റര്‍പ്രോയ്ഡ് സി.ഇ.ഒ. ആന്‍ഡ്രൂ ടോയ് അവകാശപ്പെടുന്നു.

'ഐഫോണിന്റെ വരവോടെ ബ്ലാക്ക്‌ബെറി പോലെ ബിസിനസ് ആവശ്യങ്ങള്‍ക്കുമാത്രം ഉപയോഗിക്കാവുന്ന സ്മാര്‍ട്‌ഫോണുകള്‍ക്ക് പ്രിയം കുറഞ്ഞിട്ടുണ്ട്. ബിസിനസിനൊപ്പം വിേനാദത്തിനുകൂടി ഉതകുന്ന സ്മാര്‍ട്‌ഫോണുകളാണ് ഏറെപ്പേരും ഇഷ്ടപ്പെടുന്നത്. അതുസൃഷ്ടിക്കുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഡിവൈഡ് സഹായിക്കും''- ടോയ് പറയുന്നു. ഡിവൈഡ് ഒരുതവണ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ കമ്പനിയുടെ സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാവും ഫോണ്‍ പ്രവര്‍ത്തിക്കുക. വര്‍ക്ക് മോഡ് എന്നും പ്ലേ മോഡ് എന്നുമുള്ള രണ്ട് വേലിക്കെട്ടുകള്‍ക്കുള്ളിലാണ് പിന്നെ ഫോണിന്റെ പ്രവര്‍ത്തനം.

കമ്പനി ഇമെയിലുകളും മറ്റ് വിശദാംശങ്ങളുമൊക്കെയുള്ള വര്‍ക്ക് മോഡിലേക്ക് കയറണമെങ്കില്‍ പാസ്‌വേഡ് വേണ്ടിവരും. വിനോദ ആവശ്യങ്ങള്‍ക്കായി ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളെല്ലാം പ്ലേമോഡിലാണ് സൂക്ഷിക്കപ്പെടുക. ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യുന്ന അപ്ലിക്കേഷനുകള്‍ക്ക് ഫോണിലെ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ 'ഡിവൈഡ്' അനുമതി നല്‍കില്ല. േജാലി ചെയ്യുന്ന കമ്പനിയിലെ സെര്‍വറുമായി ക്ലൗഡിങ് സംവിധാനമുപയോഗിച്ച് ഫോണിനെ ബന്ധപ്പെടുത്താന്‍ ഡിവൈഡിനു കഴിയും. അതുകൊണ്ട് തന്നെ കമ്പനിക്ക് നിങ്ങളുടെ ഫോണിലെ മുഴുവന്‍ ഔദ്യോഗികവിവരങ്ങളും മായ്ച്ചുകളയാന്‍ സാധിക്കും. പക്ഷേ, സ്വകാര്യമായ വിവരങ്ങളൊന്നും നശിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കുകയുമില്ല. ഫലത്തില്‍ രണ്ടുഫോണ്‍ ഉപയോഗിക്കുന്നതുപോലെ തന്നെ. ഫോണിന്റെ സ്‌ക്രീനില്‍ തന്നെ നേര്‍പകുതിയായി രണ്ടു മോഡുകളും പ്രവര്‍ത്തിപ്പിക്കാമെന്നതും മറ്റൊരു സൗകര്യമാണ്.

ഡിവൈഡ് ആപ്ലിക്കേഷന്റെ ബീറ്റ ട്രയല്‍ വെര്‍ഷന്‍ ഒരാഴ്ചയായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. നിലവില്‍ ആന്‍ഡ്രോയ്ഡ് 2.2 വെര്‍ഷന്‍ പ്ലാറ്റ്‌ഫോമുള്ള ഫോണുകളില്‍ മാത്രമേ ഇതു പ്രവര്‍ത്തിപ്പിക്കാനാകൂ. എന്നാല്‍ ഏറെ താമസിയാതെ ബ്ലാക്ക്‌ബെറി, ഐഫോണ്‍, വിന്‍േഡാസ്-7 നോക്കിയ തുടങ്ങിയവയിലും പ്രവര്‍ത്തിക്കുന്ന ഡിവൈഡ് ആപ്ലിക്കേഷനുകള്‍ ഇറങ്ങിയേക്കുമെന്നറിയുന്നു.