ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Tuesday, May 03, 2011

പ്രചരിച്ചപോലെ ബ്രിട്ടാസ് കുത്തക ചാനലിലേക്ക്!


PRO
മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സില്‍ ചേര്‍ന്നുകൊണ്ട് ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളിലൂടെ വന്ന ഊഹാപോഹങ്ങള്‍ ശരിയാണെന്ന് തെളിയിച്ചു. ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സിന്റെ ആസ്ഥാനത്തെത്തിയ ബ്രിട്ടാസ് ചാനലിന്റെ ബിസിനസ് ഹെഡായി ചുമതലയേറ്റു എന്ന് ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ കെ മാധവന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബ്രിട്ടാസ് തിരിച്ചുവരുമെന്ന പിണറായി വിജയന്റെയും മമ്മൂട്ടിയുടെയും പ്രസ്താവനകള്‍ വെറും വാക്കായി.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ടിവിയുടെ മലയാളം ‘കൈ’ ആണ് ഏഷ്യാനെറ്റ്. കുത്തക മാധ്യമങ്ങളെ ഏറെ എതിര്‍ത്ത് പ്രസംഗിക്കുകയും ക്ലാസുകള്‍ എടുക്കുകയും ചെയ്തിട്ടുള്ള ഒരു കമ്യൂണിസ്റ്റുകാരന്റെ ഈ ചുവടുമാറ്റം അത്ഭുതത്തോട് കൂടിയാണ് പലരും കാണുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഒഴികെയുള്ള ഏഷ്യാനെറ്റ് മലയാളം ചാനലുകളുടെ ബിസിനസ് ഹെഡ് ആയിരിക്കും ബ്രിട്ടാസ് എന്നാണ് അറിയുന്നത്.

രാജിവച്ചൊഴിഞ്ഞ ജോണ്‍ ബ്രിട്ടാസ് അല്‍‌പകാലത്തിന് ശേഷം കൈരളി ടിവിയിലേക്ക് തന്നെ മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയും പറയുകയുണ്ടായി. തിരുവനന്തപുരത്ത് ചേര്‍ന്ന കൈരളി ടിവി ജീവനക്കാരുടെ യോഗത്തിലാണ് ഇക്കഴിഞ്ഞ ദിവസം പിണറായി ഇങ്ങിനെ പറഞ്ഞത്. കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയും രാജി താല്‍‌ക്കാലികം ആണെന്നാണ് പ്രതികരിച്ചത്.

കൈരളിയില്‍ നിന്ന് രാജിവച്ചപ്പോള്‍ തന്നെ ബ്രിട്ടാസിനെ ചുറ്റിപ്പറ്റി ഏറെ ഊഹാപോഹങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയുണ്ടായി. അന്തര്‍ദ്ദേശീയ മാധ്യമമായ സ്റ്റാര്‍ ടിവിയിലേക്ക് ബ്രിട്ടാസ് ചേക്കേറുമെന്ന അഭ്യൂഹം തന്നെയായിരുന്നു ഇതില്‍ പ്രമുഖം. പാര്‍ട്ടി തന്നെ ഒരു ദേശീയ ടെലിവിഷന്‍ ചാനല്‍ രൂപീകരിക്കുമെന്നും ബ്രിട്ടാസിനെ അതിന്റെ തലപ്പത്ത് ഇരുത്തുമെന്നും ഉള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ഉസാമ: സങ്കല്‌പവും യാഥാര്‍ഥ്യവും




Posted on: 03 May 2011
എം. കേശവമേനോന്‍


ജീവിച്ചിരിക്കുന്നവരുടെ ലോകത്തുനിന്ന് ഉസാമ ബിന്‍ലാദന്‍ നീക്കംചെയ്യപ്പെട്ടത് എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിശോധിക്കുമ്പോള്‍, അദ്ദേഹം ആഗോള ഭീകരപ്രവര്‍ത്തനത്തിന് നല്‍കിയ സംഭാവന ദ്വിമുഖമാണെന്നതാണ് പരിഗണിക്കേണ്ട പ്രധാനപ്പെട്ട വസ്തുത. ലോകത്തിന്റെ പലഭാഗത്തും ശാന്തിയും സമാധാനവും തകര്‍ക്കുന്ന വിധത്തില്‍ നൂറുകണക്കിന് യുവാക്കളെ ജിഹാദിലേക്ക് ആകര്‍ഷിച്ച, പ്രതീകങ്ങളുടെയും പ്രതിച്ഛായകളുടെയും ഒരു ചിത്രമണ്ഡലം, ഐക്കണോഗ്രാഫി, അദ്ദേഹം സൃഷ്ടിച്ചു. കഴിഞ്ഞ 15 കൊല്ലത്തിനിടെ ലോകം ഞെട്ടലോടെ കണ്ട ചില ഭീകര സംഭവങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഉതകിയ സംഘടനാ സംവിധാനങ്ങളും ശൃംഖലകളും അദ്ദേഹമാണ് ഉണ്ടാക്കിയെടുത്തത്. സപ്തംബര്‍ 2001ന് ശേഷം ഈ സംവിധാനങ്ങള്‍ക്ക് തുടര്‍ച്ചയായ നാശംനേരിടുകയും ചിത്രമണ്ഡലത്തിന് മങ്ങലേല്‍ക്കുകയും ചെയ്തു. ചരിത്രത്തിലെ പരാജയങ്ങളിലൊന്നാണ്ഉസാമയുടെ ജീവിതം. അമേരിക്കയുടെ പ്രത്യേക സൈനികസംഘം അത് തുടച്ചുനീക്കി എന്ന് കരുതാനുള്ള പ്രലോഭനം സ്വാഭാവികമാണ്. എന്നാല്‍, പൂര്‍ണമായും നശിപ്പിക്കപ്പെട്ടില്ലെങ്കില്‍ ഇനിയും പൊട്ടിമുളയ്ക്കാനുള്ള കാമ്പ് അവശേഷിപ്പിച്ചിട്ടാണ് ഉസാമ പിന്‍വാങ്ങിയത് എന്നത് മറന്നുകൂടാ. അങ്ങനെ ചെയ്യുന്നത് ബുദ്ധിശൂന്യതയാവും.

തത്ത്വങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനേക്കാളധികം ജിഹാദിനെക്കുറിച്ചുള്ള ഒരു ചിത്രലോകം വരച്ചുണ്ടാക്കുന്നതിനാണ് ജിഹാദി എന്ന നിലയ്ക്കുള്ള തന്റെ ജീവിതത്തിന്റെ ആദ്യപാതി കൂടുതലായും അദ്ദേഹം വിനിയോഗിച്ചത്. 1979ല്‍ സോവിയറ്റ് യൂണിയന്റെ അധിനിവേശത്തെത്തുടര്‍ന്ന് പാകിസ്താന്‍ -അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് ആദ്യം കടന്നുചെന്ന അറബികളിലൊരാള്‍ അദ്ദേഹമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭൗതിക ജീവിതത്തിന്റെ ആകര്‍ഷണങ്ങളില്‍ നിന്ന് സ്വയം പിന്‍വലിഞ്ഞ്, പരിശുദ്ധരായി മതവിരുദ്ധര്‍ക്കെതിരെ പോരാടാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്ത സയ്യിദ് ഖുത്തുബിന്റെയും അബ്ദുള്ള അസമിന്റെയും ശാസനങ്ങള്‍ തന്നെ പ്രചോദിപ്പിക്കുകയുണ്ടായെന്ന് പിന്നീടുള്ള അവസരങ്ങളില്‍ അദ്ദേഹം പറയുകയുണ്ടായി. 

എന്നാല്‍, സോവിയറ്റ് യൂണിയനെതിരായ പോരാട്ടത്തില്‍, അതിന്റെ നടത്തിപ്പില്‍ ചരടുവലിച്ചിരുന്ന സൗദി -അമേരിക്കന്‍ -പാകിസ്താനി ചാരസംഘങ്ങള്‍ക്കു വേണ്ടി വലിയൊരുകാലം സ്വതന്ത്രനായ കരാറുകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു ഉസാമ എന്നു വേണം കരുതാന്‍. നിര്‍മാണമേഖലയില്‍ വന്‍തോതില്‍ പ്രവര്‍ത്തിച്ചിരുന്ന തന്റെ പിതാവിന്റെ സ്ഥാപനങ്ങളുടെ വൈദഗ്ധ്യവും സാമഗ്രികളും ഉപയോഗിച്ച് ഒളിച്ച് പ്രവര്‍ത്തിക്കുന്ന ആസ്പത്രികള്‍ ഉള്‍പ്പെടെ രക്ഷാസങ്കേതങ്ങള്‍ പണിയുന്നതിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ വിശ്വസ്തരായ അനുയായികളില്‍ ആരും തന്നെ അദ്ദേഹം യഥാര്‍ഥ പോരാട്ടത്തില്‍ പങ്കെടുത്തുവെന്ന് അവകാശപ്പെട്ടിട്ടില്ല. ജജ്ജിയില്‍ സോവിയറ്റ് സൈന്യം അറബ് മുജാഹിദീന്‍ കേന്ദ്രത്തിനു നേരേ ആക്രമണം നടത്തിയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് വെടിയുണ്ടകള്‍ യഥാര്‍ഥത്തില്‍ നേരിടേണ്ടി വന്നത്. പക്ഷേ, ക്രമേണ ഒരു പ്രതീകമെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ മൂല്യവും സാധ്യതയും ആരോ കണ്ടറിഞ്ഞു. തുടര്‍ന്ന്, സമ്പത്തും ജീവിത സൗകര്യങ്ങളും ഉപേക്ഷിച്ച് വിശ്വാസത്തിനുവേണ്ടി പടപൊരുതാനിറങ്ങി, ആത്മത്യാഗം അനുഷ്ഠിക്കാന്‍ തയ്യാറായ സമ്പന്നനായ ഒരു സൗദി എന്ന പ്രതിച്ഛായ ക്രമേണ നിര്‍മിച്ചെടുക്കുകയായിരുന്നു. ഈ പ്രതിച്ഛായ മുജാഹിദീന്‍ പോരാളി സംഘങ്ങളിലേക്ക് അറബി യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ വലിയ പങ്കു വഹിച്ചുവെന്ന് കരുതുന്നു. ഉസാമയ്ക്ക് അത് പുതിയ ഒരു വ്യക്തിത്വം മാത്രമല്ല, തന്റെ തന്നെ നിലയെയും വിലയെയും കുറിച്ച് ഊതിവീര്‍പ്പിച്ച ഒരു ധാരണയും പകര്‍ന്നു നല്‍കി. 1990 ആയപ്പോഴേക്കും തന്റെ തന്നെ പ്രാധാന്യത്തെക്കുറിച്ചുള്ള സ്വയംബോധ്യം അദ്ദേഹത്തില്‍ ആളിക്കത്താന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് അദ്ദേഹം അമേരിക്കയ്ക്കും ജൂതര്‍ക്കുമെതിരെ തന്റെ ആദ്യത്തെ യുദ്ധപ്രഖ്യാപനം നടത്തുകയും സദ്ദാം ഹുസൈനെതിരെ രാജ്യത്തെ പ്രതിരോധിക്കുന്ന ചുമതല തനിക്കും തന്നോടൊപ്പം അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിച്ച അറബി വംശജര്‍ക്കും നല്‍കുന്നതാവും നല്ലതെന്ന് സൗദി രാജാവിനോട് നിര്‍ദേശിക്കുകയും ചെയ്തു.

പിന്നീടുള്ള ആറു വര്‍ഷക്കാലം പ്രതിച്ഛായ വളര്‍ത്തലൊഴിച്ച് അധികമൊന്നും ഉസാമ ചെയ്തതായി കരുതാന്‍ വയ്യ. ഉസാമയെ സുഡാനിലേക്ക് കെട്ടിയയയ്ക്കാന്‍, അലോസരത്തിലായ അദ്ദേഹത്തിന്റെ കുടുംബത്തെ സൗദി അധികൃതര്‍ പ്രേരിപ്പിച്ചു. അമേരിക്കയ്ക്കും സൗദി അധികൃതര്‍ക്കുമെതിരെ അദ്ദേഹം ഇടയ്ക്കിടെ ഇറക്കിക്കൊണ്ടിരുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ വീണ്‍വാക്കുകളായി തള്ളിക്കളയാവുന്നതായിരുന്നു. അതേസമയം, മറ്റിടങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍ ലോകത്തിന് അദ്ദേഹം വന്‍ഭീഷണിയാകാനുള്ള സാധ്യത വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.

സോവിയറ്റ് യൂണിയനുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത, തീവ്രാശയങ്ങള്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞിരുന്ന അറബികള്‍ തൊണ്ണൂറുകളില്‍ താന്താങ്ങളുടെ നാടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയിരുന്നു. അള്‍ജീരിയ മുതല്‍ യെമന്‍ വരെ, ദൂരെ ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യഎന്നിവിടങ്ങളിലും പുതുതായി രൂപംകൊണ്ടു കഴിഞ്ഞിരുന്ന തീവ്ര ഇസ്‌ലാമിസ്റ്റ് സംഘങ്ങള്‍ തങ്ങളുടെ സര്‍ക്കാറുകളുമായി ഏറ്റുമുട്ടാന്‍ അപ്പോഴേക്കും തുടങ്ങിയിരുന്നു. ഇവരോടൊപ്പമാണ് ഈ അറബ് അഫ്ഗാന്‍കാര്‍ ചേര്‍ന്നത്. സങ്കല്പം യാഥാര്‍ഥ്യമാവുകയായിരുന്നു. സമൂഹത്തില്‍ നിന്ന് വേറിട്ട് കഴിഞ്ഞ്, യുദ്ധത്താല്‍ പരിശുദ്ധരാക്കപ്പെട്ട യഥാര്‍ഥ വിശ്വാസികള്‍ എന്ന് സ്വയം കരുതിയ അവര്‍ അഴിമതിക്കാരെ പുറത്താക്കാന്‍ പോരാട്ടം തുടങ്ങി എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. അള്‍ജീരിയയിലെ സായുധ ഇസ്‌ലാമിക് സംഘവും ഈജിപ്തിലെ ഗമാ ഇസ്‌ലാമിയും തങ്ങളുടെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കൂട്ടിയപ്പോള്‍ അവര്‍ക്കു വേണ്ടി ആര്‍പ്പു വിളിക്കാന്‍ ഉസാമ പല മാധ്യമങ്ങളിലൂടെയും രംഗത്തു വന്നു. റിയാദിലും അല്‍കോബാറിലും ഞെട്ടലുണ്ടാക്കുന്ന ബോംബാക്രമണങ്ങള്‍ നടത്തിക്കൊണ്ട് മറ്റ് തീവ്രവാദി സംഘങ്ങളെ പെട്ടെന്നു തന്നെ ഉസാമ മറികടന്നു എന്ന ഒരു സ്ഥിതിയുണ്ടായി. ഉസാമ സുഡാന്‍ വിട്ട് അഭയത്തിനായി താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനില്‍ ചേക്കേറിയതോടെ സങ്കല്പവും യാഥാര്‍ഥ്യവും കൂടിക്കലര്‍ന്നു. ആഗോളജിഹാദിനു വേണ്ടിയുള്ള പ്രായോഗികപ്രവര്‍ത്തനങ്ങളില്‍ കാണ്ഡഹാറിലും തോറാബോറാ കുന്നുകളിലും ഇരുന്നാണ് ഉസാമ ഏര്‍പ്പെട്ടത്. സോവിയറ്റ് യൂണിയന് എതിരായ യുദ്ധകാലത്ത് താന്‍ രൂപം നല്‍കിയ അല്‍ഖ്വെയ്ദ, പേരു സൂചിപ്പിക്കും പോലെ ഒരു താവളം അല്ലെങ്കില്‍ കേന്ദ്രം മാത്രമാണ്. കാണാന്‍ കഴിയുന്ന സൗകര്യങ്ങള്‍ അവര്‍ ഉണ്ടാക്കിയിട്ടില്ലെന്നല്ല. യുദ്ധമുന്നണിയിലേക്ക് പോകുന്ന അറബികള്‍ക്കുള്ള ഇടത്താവളങ്ങളും അതിഥിമന്ദിരങ്ങളും പാകിസ്താനി പരിശീലകര്‍ പോരാളികള്‍ക്ക് പരിശീലനം നല്‍കിയിരുന്ന കേന്ദ്രങ്ങളും അങ്ങനെ ഉണ്ടാക്കിയിരുന്നു. ഒരു ഭരണകേന്ദ്രമായും കൈകാര്യകേന്ദ്രമായും പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമായിരുന്നു ഉടലെടുത്തുകൊണ്ടിരുന്ന വേളയില്‍ അല്‍ഖ്വെയ്ദയുടെ സ്വരൂപം എന്നതാണ് അതിന്റെ പ്രാധാന്യം. യുദ്ധത്തില്‍ പങ്കെടുക്കുന്ന അറബികളെ സംബന്ധിച്ചുള്ള രേഖകള്‍ സൂക്ഷിക്കുന്ന ഒരു കേന്ദ്രമായും ഇത് പ്രവര്‍ത്തിച്ചു. തങ്ങളുടെ മക്കള്‍ക്ക് എന്തു സംഭവിച്ചു എന്ന് അവരുടെ കുടുംബങ്ങളെ വിവരമറിയിക്കാനും ഇതുവഴി സാധിച്ചു. 20,000 അറബികള്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ടാവും എന്നാണ് കരുതുന്നത്. ഇവരില്‍ മിക്കവരുടെയും പേരും മേല്‍വിലാസവും അല്‍ഖ്വെയ്ദ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്നും കരുതപ്പെടുന്നു.

1996നു ശേഷം ഉസാമ തന്റെ ആഗോള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞിരുന്ന ഇത്തരക്കാരുമായി ബന്ധം വെക്കാനുള്ള സാമഗ്രികള്‍ അദ്ദേഹം സ്വരൂപിച്ചിരുന്നു. ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇടങ്ങളിലേക്ക് പണവും സാമഗ്രികളും ഉപദേശ നിര്‍ദേശങ്ങളും അങ്ങനെ എത്തിക്കാനും സാധിച്ചു. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഇവയൊക്കെ ആവശ്യത്തിനനുസരിച്ച് മാറ്റിക്കൊണ്ടുപോവാനും ഇതുവഴി സാധിച്ചു. ഇതിനൊക്കെ ചരടുവലിച്ചിരുന്ന, അല്ലെങ്കില്‍ അഫ്ഗാനിസ്താനിലെ സുരക്ഷിത സ്ഥാനത്തിരുന്ന് ഇതിന്റെയൊക്കെ സംവിധായകന്‍ താനാണെന്ന് നടിച്ചിരുന്ന ഉസാമ അപ്പോഴേക്കും ഒരു യഥാര്‍ഥ ആഗോളഭീഷണിയായി മാറിക്കഴിഞ്ഞിരുന്നു. അവിടുന്നങ്ങോട്ട് ഭീകരാക്രമണങ്ങളുടെ ഗ്രാഫ്, ആസൂത്രണം, കൂസലില്ലായ്മ എന്നിവകൊണ്ടും മരിക്കുന്നവരുടെ എണ്ണം കൊണ്ടും കുത്തനെ ഉയരുകയായിരുന്നു. നയ്‌റോബിയിലും ഡാര്‍ എസ് സലാമിലുമുള്ള അമേരിക്കന്‍ എംബസികള്‍ക്ക് നേരേ നടന്ന ആക്രമണങ്ങളും ഏഡനില്‍ അമേരിക്കന്‍ കപ്പലായ 'യു.എസ്.എസ്. കോളി'ന് നേരേ നടന്നതും അതു പോലുള്ള മറ്റ് അതിക്രമങ്ങളും 2001 സപ്തംബര്‍ 11ന് നടന്ന ഭീകരാക്രമണത്തിന്റെ മുന്നോടിയായി വര്‍ത്തിച്ചു. 

9/11ന്റെ പ്രധാന ആസൂത്രകനും ചുമതലക്കാരനും ഉസാമ തന്നെയാണോ, അതോ ഖാലിദ് ഷെയ്ക്ക് മുഹമ്മദോ? ആഗോളഭീകരപ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള പ്രചാരണങ്ങളുടെ ഗുണഭോക്താവ് എന്നതില്‍ക്കവിഞ്ഞ് എന്തെങ്കിലുമായിട്ടുണ്ടോ ഉസാമ എപ്പോഴെങ്കിലും? അതിന്റെ മുഖ്യപ്രചാരകന്‍, പണം സംഘടിപ്പിക്കുന്നവരിലെ പ്രധാനി എന്നതില്‍ക്കവിഞ്ഞ് എന്തെങ്കിലും? ഈ ചോദ്യങ്ങളൊക്കെ പ്രസക്തമല്ലാതായിക്കഴിഞ്ഞു. പ്രസക്തമായ കാര്യം അദ്ദേഹം സൃഷ്ടിച്ചെടുത്ത സങ്കല്പമോ പ്രവര്‍ത്തന ശൃംഖലകളോ അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും നിലനില്‍ക്കുമോ എന്നതാണ്. അറബ് അഫ്ഗാന്‍കാര്‍, അതായത് അവരില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നവര്‍, അവരുടെ നാല്പതാം വയസ്സും അമ്പതാം വയസ്സും പിന്നിടുന്നവരാകണം. പലരെയും അവരവരുടെ ഗവണ്‍മെന്റുകള്‍ തന്നെ കൊന്നുകളഞ്ഞിട്ടുണ്ടാവണം. ഇടയ്ക്കിടെ പുതിയ ആളുകള്‍ സംഘത്തില്‍ ചേരുന്നുണ്ടാവാം. പക്ഷേ, ഒരിക്കല്‍ ജിഹാദിനായി ഇറങ്ങിത്തിരിച്ചവരുടെ നാടുകളിലെ ചെറുപ്പക്കാര്‍ ജനാധിപത്യത്തിന്റെ അവതരണഗാനങ്ങളാലാണ് ഇപ്പോള്‍ ഏറെയും ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നാണ് കാണുന്നത്. ഉസാമയുടെ സമനില തെറ്റിയ പറച്ചിലുകള്‍ക്ക് കേള്‍വിക്കാര്‍ കുറഞ്ഞു വരികയാവാം. പക്ഷേ, ഈ വര്‍ത്തമാനങ്ങള്‍ ഒരിക്കല്‍ ഏറ്റു പിടിക്കാനുണ്ടായ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം.

Sunday, May 01, 2011

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്




Osama Bin Laden

വാഷിങ്ടണ്‍: അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയോടെ അമേരിക്കന്‍ അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്. ലാദന്‍ മരിച്ചുവെന്നും യുഎസ് അധികൃതര്‍ മൃതദേഹം കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

സിഐഎ ഓപ്പറേഷനിലൂടെ ഇസ്ലാമാബാദിന് പുറത്തെവിടെയോ വച്ചാണ് ലാദന്‍ കൊല്ലപ്പെട്ടതെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ലാദന് വേണ്ടിയുള്ള തിരച്ചില്‍ തുടരുമെന്ന് ഏതാനും നാളുകള്‍ക്ക് മുമ്പ്അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചിരുന്നു.

2001 അഫ്ഗാനിസ്ഥാനില്‍ വച്ചാണ് ലാദന്‍ അവസാനമായി പുറം ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.. ഇതിന് ശേഷം  പലപ്പോഴും വീഡിയോ ക്ലിപ്പുകളിലൂടെയും മറ്റും ലാദന്‍ ലോകത്ത് തന്റെ സാന്നിധ്യമറിയിച്ചിരുന്നു.

ഇതിനിടെ ഒട്ടേറെ തവണ ലാദന്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. അമേരിക്ക തങ്ങളുടെ പ്രധാന ശത്രുവായി കണ്ടിരുന്ന  ലാദനെ കുരുക്കാനായി ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് വൈറ്റ് ഹൗസ് അധികൃതര്‍ അദ്ദേഹത്തിന്റെ മകന്‍ ഒമര്‍ ബിന്‍ ലാദനുമായി ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിച്ചതായി അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഒമര്‍ തന്നെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്.

2001 സെപ്തംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി തീവ്രവാദി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ലാദന്‍. ലാദനെ പിടികൂടാന്‍ 2001 മുതല്‍ അമേരിക്ക ശ്രമം നടത്തുകയാണ്. അമേരിക്കന്‍ ബോംബാക്രമണത്തില്‍ ഒരാഴ്ച മുന്‍പാണ് ലാദന്‍ കൊല്ലപ്പെട്ടതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
  
ലാദന്‍ 1957 മാര്‍ച്ച് 10ന് സൗദി അറേബ്യയിലെ റിയാദില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള വ്യവസായി മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദന്‍ ആയിരുന്നു ബിന്‍ ലാദന്റെ പിതാവ്. 1968 മുതല്‍ 1976 വരെ റിയാദിലെ അല്‍ താഗര്‍ മോഡല്‍ സ്‌കൂളില്‍ പഠിച്ച ലാദന്‍ പിന്നീട് കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദം നേടി.  മതപരമായ കാര്യങ്ങളിലായിരുന്നു പഠിക്കുമ്പോള്‍ ലാദന് താല്പര്യം. ഒരു കവി കൂടിയായിരുന്നു വിദ്യാര്‍ത്ഥിയായിരുന്ന ലാദന്‍.

1974ല്‍ പതിനേഴാമത്തെ വയസ്സിലാണ് ലാദന്‍ ആദ്യഭാര്യയായ നജ്‌വ ഘാനത്തെ വിവാഹം കഴിച്ചത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാദന് നാല് ഭാര്യമാരും 25 മക്കളുമുണ്ട്.