Sunday, May 01, 2011

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്




Osama Bin Laden

വാഷിങ്ടണ്‍: അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയോടെ അമേരിക്കന്‍ അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്. ലാദന്‍ മരിച്ചുവെന്നും യുഎസ് അധികൃതര്‍ മൃതദേഹം കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

സിഐഎ ഓപ്പറേഷനിലൂടെ ഇസ്ലാമാബാദിന് പുറത്തെവിടെയോ വച്ചാണ് ലാദന്‍ കൊല്ലപ്പെട്ടതെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ലാദന് വേണ്ടിയുള്ള തിരച്ചില്‍ തുടരുമെന്ന് ഏതാനും നാളുകള്‍ക്ക് മുമ്പ്അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചിരുന്നു.

2001 അഫ്ഗാനിസ്ഥാനില്‍ വച്ചാണ് ലാദന്‍ അവസാനമായി പുറം ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.. ഇതിന് ശേഷം  പലപ്പോഴും വീഡിയോ ക്ലിപ്പുകളിലൂടെയും മറ്റും ലാദന്‍ ലോകത്ത് തന്റെ സാന്നിധ്യമറിയിച്ചിരുന്നു.

ഇതിനിടെ ഒട്ടേറെ തവണ ലാദന്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. അമേരിക്ക തങ്ങളുടെ പ്രധാന ശത്രുവായി കണ്ടിരുന്ന  ലാദനെ കുരുക്കാനായി ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് വൈറ്റ് ഹൗസ് അധികൃതര്‍ അദ്ദേഹത്തിന്റെ മകന്‍ ഒമര്‍ ബിന്‍ ലാദനുമായി ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിച്ചതായി അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഒമര്‍ തന്നെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്.

2001 സെപ്തംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി തീവ്രവാദി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ലാദന്‍. ലാദനെ പിടികൂടാന്‍ 2001 മുതല്‍ അമേരിക്ക ശ്രമം നടത്തുകയാണ്. അമേരിക്കന്‍ ബോംബാക്രമണത്തില്‍ ഒരാഴ്ച മുന്‍പാണ് ലാദന്‍ കൊല്ലപ്പെട്ടതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
  
ലാദന്‍ 1957 മാര്‍ച്ച് 10ന് സൗദി അറേബ്യയിലെ റിയാദില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള വ്യവസായി മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദന്‍ ആയിരുന്നു ബിന്‍ ലാദന്റെ പിതാവ്. 1968 മുതല്‍ 1976 വരെ റിയാദിലെ അല്‍ താഗര്‍ മോഡല്‍ സ്‌കൂളില്‍ പഠിച്ച ലാദന്‍ പിന്നീട് കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദം നേടി.  മതപരമായ കാര്യങ്ങളിലായിരുന്നു പഠിക്കുമ്പോള്‍ ലാദന് താല്പര്യം. ഒരു കവി കൂടിയായിരുന്നു വിദ്യാര്‍ത്ഥിയായിരുന്ന ലാദന്‍.

1974ല്‍ പതിനേഴാമത്തെ വയസ്സിലാണ് ലാദന്‍ ആദ്യഭാര്യയായ നജ്‌വ ഘാനത്തെ വിവാഹം കഴിച്ചത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാദന് നാല് ഭാര്യമാരും 25 മക്കളുമുണ്ട്.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment