ഒരു സ്മാര്‍ട്ട്‌ഫോണില്‍ എത്ര മെഗാപിക്‌സല്‍ ക്യാമറ വേണം. എത്രയെന്ന് വേണമെങ്കിലും നിങ്ങള്‍ പറഞ്ഞോളൂ...അത്തരം എല്ലാ കണക്കുകൂട്ടലും തെറ്റിക്കും നോക്കിയയുടെ പുതിയ ഫോണായ 808 പ്യുവര്‍വ്യൂ. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ (MWC 2012) ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ഈ സ്മാര്‍ട്ട്‌ഫോണിലേത് 41 മെഗാപിക്‌സല്‍ ക്യാമറയാണ്!
മൊബൈല്‍ ഇമേജിങ് ഉപകരണങ്ങളുടെ കാര്യത്തില്‍ പുതിയൊരു 'വ്യവസായ നിലവാരം' നിശ്ചയിക്കാന്‍ പോന്നതാകും നോക്കിയ 808 പ്യുവര്‍വ്യൂ (Nokia 808 PureView) എന്ന് കമ്പനി അവകാശപ്പെടുന്നു. പ്രസിദ്ധമായ 'കാള്‍ സീസ്' (Carl Zeiss) കമ്പനിയാണ് നോക്കിയ ഫോണിനുള്ള 41 മെഗാപിക്‌സല്‍ സെന്‍സര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
'പ്യുവര്‍വ്യൂ ഫോണി'ലെ ക്യാമറ 41 മെഗാപിക്‌സല്‍ ആണെന്ന് കേള്‍ക്കുമ്പോള്‍, പരസ്യബോര്‍ഡുകളുടെ വലിപ്പമുള്ള ചിത്രങ്ങളേ എടുക്കാനാകൂ എന്ന് കരുതരുത്. എത്ര വലിപ്പത്തിലുള്ള ചിത്രം വേണമെന്ന് ഉപയോക്താവിന് നിശ്ചയിക്കാം- 2 മെഗാപിക്‌സല്‍, 3 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍, അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്ന റസല്യൂഷന്‍ എന്നിങ്ങനെ.
'ശരിയായ ഒരു പിക്‌സലി'ന്റെ പരിധിക്കുള്ളിലേക്ക് ഏഴ് പിക്‌സലുകള്‍ വരെ സന്നിവേശിപ്പിച്ച് ചിത്രത്തിന്റെ മിഴിവും ഗുണമേന്‍മയും വര്‍ധിപ്പിക്കാനുള്ള സങ്കേതമാണ് പ്യുവര്‍വ്യൂ ഫോണിലുള്ളത്. വര്‍ഷങ്ങളുടെ ഗവേഷണഫലമായാണ് പ്യുവര്‍വ്യൂ ദൃശ്യസങ്കേതം രൂപപ്പെടുത്തിയതെന്ന് നോക്കിയ അവകാശപ്പെടുന്നു. ചിത്രങ്ങളുടെ ഗുണമേന്‍മ, സൂം ചെയ്യുമ്പോഴും ചിത്രത്തിന്റെ മിഴിവ് നഷ്ടമാകാതിരിക്കല്‍, മങ്ങിയ വെളിച്ചത്തിലും മെച്ചപ്പെട്ട ചിത്രങ്ങള്‍ പകര്‍ത്താനുള്ള സാധ്യതയൊക്കെ ഈ സങ്കേതം മുന്നോട്ടുവെയ്ക്കുന്നു.
ഫോട്ടോകള്‍ മാത്രമല്ല, വീഡിയോ പിടിക്കാനും ഈ സ്മാര്‍ട്ട്‌ഫോണ്‍ സഹായിക്കും. ഉന്നത റസല്യൂഷനില്‍ 1080പി വീഡിയോ ഇതില്‍ സാധ്യമാകും.
സൂപ്പര്‍ഫോണ്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ ഫോണിന്റെ പ്ലാറ്റ്‌ഫോം പക്ഷേ നോക്കിയയുടെ സിമ്പിയന്‍ ബെല്‍ (Symbian Belle) ആണെന്നത് പലരും നെറ്റി ചുളിക്കാന്‍ ഇടയാക്കിയിരിക്കുന്നു. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം എങ്കിലുമാകേണ്ടതായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം.
കാരണം, നോക്കിയ ഉപേക്ഷിക്കാന്‍ തീരുമാനിച്ച പഴഞ്ചന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് സിമ്പിയന്‍. പകരം മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ ഒഎസിലാകും നോക്കിയയുടെ ഭാവിയെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആ സ്ഥിതിക്ക് ഇങ്ങനെയൊരു സൂപ്പര്‍ഫോണ്‍ സിമ്പിയന്‍ ബെല്‍ പ്ലാറ്റ്‌ഫോമില്‍ വേണ്ടിയിരുന്നോ എന്നാണ് ചോദ്യം.
നാലിഞ്ച് അമൊലെഡ് ഡിസ്‌പ്ലെയാണ് പ്യൂവര്‍വ്യൂ ഫോണിന്റേത്. പോറല്‍ വീഴാതിരിക്കാന്‍ ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. 1.3 GHz പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. 16ജിബി തനത് മെമ്മറിയുള്ള ഫോണില്‍ 32 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കാനുമാകും.
2012 മെയ് മാസത്തില്‍ നോക്കിയ 808 പ്യുവര്‍വ്യൂ വിപണിയിലെത്തും. ലഭ്യമായ വിവരമനുസരിച്ച് നോക്കിയ 808 പ്യുവര്‍വ്യൂവിന് അമേരിക്കയില്‍ 760 ഡോളറായിരിക്കും വില; ഇന്ത്യയില്‍ ഏതാണ്ട് 34000 രൂപയും.
വിന്‍ഡോസ് ഫോണ്‍ 7 ല്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 610, സിമ്പിയന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആഷ 202, ആഷ 203, ആഷ 302 എന്നീ ഫോണുകളും മൊബൈല്‍ കോണ്‍ഗ്രസില്‍ നോക്കിയ അവതരിപ്പിച്ചു.