Monday, March 05, 2012

ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് കുതിക്കുന്നു, സിമ്പിയന്‍ പിന്നില്‍









ലോകത്തെവിടെയും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ എതിരാളികള്‍ ആന്‍ഡ്രോയിഡ് ഫോണുകളും ഐഫോണുമാണെങ്കില്‍, ഇന്ത്യയിലെ കഥ വ്യത്യസ്തമാണ്. ഇവിടെ ആന്‍ഡ്രോയിഡും നോക്കിയയുടെ സിമ്പിയന്‍ ഫോണുകളും തമ്മിലാണ് മത്സരം. ഇന്ത്യയില്‍ ഇത്രകാലവും സിമ്പിയാനാണ് മുന്നില്‍ നിന്നതെങ്കില്‍, ആന്‍ഡ്രോയിഡ് ആദ്യമായി സിമ്പിയാനെ കടത്തിവെട്ടിയതായി റിപ്പോര്‍ട്ട്.


വിപണി ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്‍ (IDC) പുറത്തിറക്കിയ അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. സോണി എറിക്‌സണ്‍, സാംസങ് മുതലായ കമ്പനികളുടെ ആന്‍ഡ്രോയിഡ് ഫോണുകളാണ് നോക്കിയയുടെ സിമ്പിയന്‍ ഫോണുകളെ പിന്നിലാക്കിയത്.


മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗത്തുനിന്ന് നോക്കിയാല്‍, ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 42.4 ശതമാനം വിഹിതവുമായി ആന്‍ഡ്രോയിഡ് ആദ്യമായി മുന്നിലെത്തിയെന്ന് ഐഡിസിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. നടപ്പു സാമ്പത്തികവര്‍ഷത്തെ മൂന്നാംപാദത്തിലാണ് സിമ്പിയനെ ആന്‍ഡ്രോയിഡ് പിന്നിലാക്കിയത്.


'സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തെ അപേക്ഷിച്ച്, മൂന്നാംപാദത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗം 21.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഒരുവര്‍ഷം മുമ്പത്തെ അപേക്ഷിച്ച് വളര്‍ച്ച 51.5 ശതമാനമാണ്. രാജ്യത്തെ മൊബൈല്‍ ഫോണ്‍ വിപണിയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിഹിതം കഴിഞ്ഞ പാദത്തില്‍ 5.6 ശതമാനമായിരുന്നത് 6.5 ശതമാനമായി വര്‍ധിക്കാന്‍ ഇത് കാരണമായി'-ഐഡിസിയിലെ മൊബൈല്‍ ഫോണ്‍ വിശകലന വിദഗ്ധന്‍ ജി.രാജീവ് പറഞ്ഞു.


ലോകമെങ്ങും സിമ്പിയന്റെ കാല്‍ക്കീഴില്‍ നിന്ന് മണ്ണൊലിച്ചു പോകുന്നത് മറ്റാരെക്കാളും കൂടുതല്‍ മനസിലാക്കിയത് നോക്കിയ തന്നെയായിരുന്നു. ആന്‍ഡ്രോയിഡ് ഫോണുകളോടും ഐഫോണിനോടും പിടിച്ചുനില്‍ക്കാന്‍ നോക്കയയുടെ സിമ്പിയന്‍ ഫോണുകള്‍ക്ക് കഴിഞ്ഞില്ല.


'കത്തുന്ന അടിത്തറ'യെന്നാണ് നോക്കിയ സിഇഒ സ്റ്റീഫന്‍ ഇലോപ്പ് സിമ്പിയനെ ഈവര്‍ഷമാദ്യം വിശേഷിപ്പിച്ചത്. സിമ്പിയനെ കൈവെടിഞ്ഞ്, മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് പ്ലാറ്റ്‌ഫോം സ്വീകരിക്കാന്‍ നോക്കിയ തീരുമാനിച്ചത് അങ്ങനെയാണ്. വിന്‍ഡോസ് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ലൂമിയ 800 സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ നോക്കിയ ഇന്ത്യന്‍ വിപണിയിലും എത്തുകയാണ്.


ഐഡിസിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പാദത്തിലെക്കാള്‍ 90 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുണ്ടായത്. അതെസമയം കഴിഞ്ഞ പാദത്തില്‍ ഐഫോണുകളുടെ വിപണി വിഹിതം 2.6 ആയിരുന്നത് പുതിയ പാദത്തില്‍ മൂന്നു ശതമാനമായി.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment