Posted on: 22 Aug 2011
2050 ആകുമ്പോള്‍ ഗ്രാമങ്ങളില്‍ ജനം കുറയും. ഭൂമിയിലെ 80 ശതമാനം പേരും നഗരങ്ങളില്‍ പാര്‍പ്പു തുടങ്ങും. ആ കാലത്ത് ഇന്നുള്ള 680 കോടി മനുഷ്യര്‍ 900 കോടിയായി വളര്‍ന്നിരിക്കും. ഉള്ള കൃഷിഭൂമിയുടെ ഉത്പാദശേഷി തന്നെ പരമാവധി ഊറ്റിയെടുത്തു കഴിഞ്ഞ മനുഷ്യന്‍ പുതിയ ജനകോടികളെ തീറ്റാന്‍ ഇനി എവിടെ കൃഷിയിറക്കും?
ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്ന പ്രാഥമിക ആവശ്യങ്ങള്‍ പണമുള്ളവനിലേക്ക് മാത്രം ചുരുങ്ങുന്ന കാലത്ത് ജനിച്ചുപോയവന് ജീവിക്കാന്‍ ആഹാരമെങ്കിലും കൊടുക്കേണ്ടതുണ്ട്. കൃഷിയോഗ്യമായ ഭൂമിയുടെ 80 ശതമാനം മാത്രമേ മനുഷ്യന്‍ ഇന്നുപയോഗിക്കുന്നുള്ളൂ. അവന്റെ പിടിപ്പുകേട് കൊണ്ട് 15 ശതമാനം പാഴായി കിടക്കുന്നു. ഇവിടേക്കാണ് 'വെര്‍ട്ടിക്കല്‍ ഫാമിങ്' എന്ന ആശയം കടന്നുവരുന്നത്. കുത്തനേ വളരുന്ന നഗരങ്ങളില്‍ കുത്തനേ ഒരു കൃഷിരീതി. ഒന്നാം നിലയില്‍ ചോളം, രണ്ടാം നിലയില്‍ ചീര, മൂന്നാം നിലയില്‍ വെണ്ട, നാലാം നിലയില്‍ നെല്ല്....
ന്യുയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡിക്‌സണ്‍ ഡെസ്‌പോമിയറാണ് പുതിയ കാലത്ത് ഈ ആശയം അവതരിപ്പിച്ചത്; അത് പുതിയതല്ലെങ്കിലും. തെക്കേ അമേരിക്കയിലെ തദ്ദേശിയര്‍ വളരെക്കാലം കുത്തനേ തട്ടുകളാക്കിയ ഭൂമയില്‍ കൃഷി നടത്തിയിരുന്നു. കിഴക്കനേഷ്യയിലെ വീടുകളുടെ മട്ടുപ്പാവിലെ നെല്‍കൃഷിയും ഇതേ രീതിയിലുള്ളതാണ്. ഇനിയും പിന്നോട്ട് പോയാല്‍ ബാബിലോണിലെ തൂക്ക് പൂന്തോട്ടങ്ങളെയും ഇതിന്റെ പട്ടികയില്‍ പെടുത്താം. എന്നാല്‍, ലോക ജനസംഖ്യ അതിദ്രുതം വളരുകയും കൃഷിഭൂമി കുറയുകയും ചെയ്യുന്ന ഇന്ന് ഈ ആശയം കൂടുതല്‍ ആകര്‍ഷകമാകുന്നു.
1950-കളുടെ അന്ത്യ പാദത്തിലെത്തിയ ഹരിത വിപ്ലവം കാര്‍ഷികോത്പാദനത്തിലുണ്ടാക്കിയ വര്‍ദ്ധനവ് പൊട്ടിത്തെറിച്ച പോലെ പടര്‍ന്ന ജനങ്ങള്‍ക്ക് അന്നം നല്‍കി. '50-കളിലുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയായി ഇന്ന് ജനസംഖ്യ. ആഗോളതലത്തില്‍ ഭക്ഷണത്തിന്റെ ആവശ്യവും അതിനനുസരിച്ച് കൂടി. 'വെര്‍ട്ടിക്കല്‍ ഫാമിങ്ങി'ന് ഈ ആവശ്യം നിവൃത്തിയാക്കാന്‍ കഴിയുമെന്നണ് ഇതിന്റെ വക്താക്കളുടെ അവകാശവാദം. 1999-ല്‍ ഡെസ്‌പോമിയര്‍ ഈ ആശയം മുന്നോട്ട് വെച്ചപ്പോള്‍ മുതല്‍ ആര്‍ക്കിടെക്ടുകളും ശാസ്ത്രജ്ഞരും ഇതിന്റെ സാധ്യതയെക്കുറിച്ച് കൊണ്ടു പിടിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഡെസ്‌പോമിയറിന്റെയും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളുടെയും കണക്കുകൂട്ടലനുസരിച്ച് 30 നിലക്കെട്ടിടത്തിലെ കൃഷികൊണ്ട് അരലക്ഷം പേരെ പോറ്റാം. ഇത്തരത്തില്‍ 160 കെട്ടിടങ്ങളുണ്ടെങ്കില്‍ ന്യുയോര്‍ക്ക് നഗരവാസികള്‍ക്ക് വര്‍ഷം മുഴുവന്‍ അന്നം നല്‍കാമെന്നാണ് കടലാസിലെ കണക്ക്.
ഹരിത ഗൃഹങ്ങളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്ന അതേ രീതിയാണ് വെര്‍ട്ടിക്കല്‍ ഫാമിങ്ങിലും അവലംബിക്കുന്നത്. മണ്ണില്ലാതെ ഹൈഡ്രോപോണിക് (ധാതു പോഷക മിശ്രിതത്തിലോ തൊണ്ടോ ചകിരിച്ചോറോ പോലുള്ള മാധ്യമങ്ങളിലോ സസ്യങ്ങള്‍ വളര്‍ത്തുന്ന രീതി) എയ്‌റോപോണിക് (അന്തരീക്ഷത്തിലോ മൂടല്‍ മഞ്ഞിലോ സസ്യങ്ങള്‍ വളര്‍ത്തുന്ന രീതി) മാര്‍ഗങ്ങളില്‍ കൃഷിനടത്താമെന്നാണ് വെര്‍ട്ടിക്കല്‍ ഫാമിങ്ങിന്റെ ആവിഷ്‌കര്‍ത്താക്കള്‍ പറയുന്നത്.
നേട്ടങ്ങള്‍
* വരള്‍ച്ച, വെള്ളപ്പൊക്കം, കീടബാധ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ബാധിക്കാതെ വര്‍ഷം മുഴുവനും ഉത്പാദനം.
* കീടനാശിനകളോ രാസവളങ്ങളോ ഉപയോഗിക്കാതെയുള്ള കൃഷിരീതി
* നിലമുഴാനും കൊയ്യാനും ചരക്കുകടത്തിനും യന്ത്രവത്കൃത വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന ഇന്ധന നഷ്ടം കുറയുന്നു
* നഗരങ്ങളിലെ ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍ ഭക്ഷ്യോത്പാദന കേന്ദ്രങ്ങളായി മാറുന്നു
* നഗരങ്ങള്‍ക്ക് ഒരു സുസ്ഥിര പരിസ്ഥിതി ലഭിക്കുന്നു
* പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു
* പ്രകൃതി വിഭവങ്ങളായ ഭൂമി, വെള്ളം എന്നിവയ്ക്കു വേണ്ടിയുള്ള പോരാട്ടം കുറയുന്നു
* കൃഷിഭൂമി പ്രകൃതിയ്ക്ക് തിരിച്ചു നല്‍കി സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്താനാവുന്നു
അങ്ങനെ അനവധി നേട്ടങ്ങളാണ് വെര്‍ട്ടിക്കല്‍ ഫാമിങിന്റേതായി അവതരിപ്പിക്കപ്പെടുന്നത്.
ഇത്തരം നേട്ടങ്ങള്‍ നിരത്തുമ്പോഴും സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ വെളിച്ചത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യും എന്നതിന് കൃത്യമായ ഉത്തരമില്ല. എല്‍.ഇ.ഡി. ലൈറ്റുകള്‍ ഉപയോഗിച്ച് കൃതിമ പ്രകാശം നല്‍കി പ്രകാശ സംശ്ലേഷണം ഉറപ്പാക്കാം എന്നാണ് നിലവിലെ പരിഹാരം. വീട്ടില്‍ വളര്‍ത്തുന്ന സസ്യങ്ങള്‍ സൂര്യപ്രകാശം ലഭിക്കുന്നിടത്തേയ്ക്ക് ചരിഞ്ഞു വളരും പോലെ തന്നെയാകും കെട്ടിടങ്ങളിലെ കൃഷിയുടെ അനുഭവവും എന്ന് ഇതിന്റെ പ്രായോഗികത സംശയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. നല്ലവണ്ണം പ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളരുന്ന ചെടി കൂടുതല്‍ ഫലം ഉത്പ്പാദിപ്പിക്കുമ്പോള്‍ മറ്റുള്ളവയുടെ ഉത്പ്പാദനം ശുഷ്‌കമാകുകയും അങ്ങനെ മൊത്തം ഉത്പ്പാദനം കുറയുകയും ചെയ്യും. എല്‍.ഇ.ഡി. വെളിച്ചത്തിന്റെ ലഭ്യത ഇതിന് പരിഹാരമാകുമെങ്കിലും പത്തോ ഇരുപതോ നിലകെട്ടിടത്തില്‍ നടത്തുന്ന കൃഷിക്ക് എത്രമാത്രം പ്രകാശം ലഭ്യമാക്കേണ്ടി വരും?
ചില്ലുകൂട്ടില്‍ പച്ചക്കറി വളര്‍ത്തുന്ന ഒരു സംവിധാനം ബ്രിട്ടനിലെ കെന്റിലുണ്ട്. 90 ഹെക്ടറില്‍ സലാഡിനുള്ള പച്ചക്കറികള്‍ കൃഷിചെയ്യുന്ന താനെറ്റ് എര്‍ത്ത്. മഞ്ഞുകാലത്ത് സസ്യങ്ങള്‍ക്ക് 15 മണിക്കൂര്‍ പ്രകാശം നല്‍കേണ്ടിവരും. ഇതിനായി സ്വന്തം വൈദ്യുതി നിലയമുണ്ട് താനെറ്റ് എര്‍ത്തിന്. വെര്‍ട്ടിക്കല്‍ ഫാമിങ് വഴി ഊര്‍ജം ലാഭിക്കാമെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാമെന്നുമുള്ള അവകാശവാദത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന ഉദാഹരണമാണിത്. മറ്റൊന്ന്, ധ്രുവ പ്രദേശങ്ങളിലും വര്‍ഷത്തില്‍ മൂന്നും നാലും മാസം സൂര്യപ്രകാശം ലഭ്യമല്ലാത്ത രാജ്യങ്ങളിലും കൃത്രിമ വെളിച്ചം ഉറപ്പാക്കാന്‍ വന്‍ ചെലവുവരും എന്നതാണ്. പലപ്പോഴും അത് ഇറക്കുമതിച്ചെലവിനേക്കാള്‍ കൂടുതലുമായിരിക്കും.
സൂര്യപ്രകാശത്തിന്റെ സാധ്യത കഴിയുന്നത്ര ഉപയോഗപ്പെടുത്താനായെങ്കില്‍ മാത്രമേ 'വെര്‍ട്ടിക്കല്‍ ഫാമിങ്' യാഥാര്‍ഥ്യമാകൂ. വിപ്ലവകരമായ ഈ കൃഷിരീതി നടപ്പിലായാല്‍ നെല്ലുവിളയും പാടങ്ങള്‍ക്ക് പകരം നെല്ലുവിളയും ബഹുനില മന്ദിരങ്ങളാവും കാണാനാവുക.