നാനൂറ് വര്‍ഷം മുമ്പ് ഗലീലിയോ ഗലീലി തന്റെ ടെലസ്‌കോപ്പ് ചന്ദ്രന് നേരെ തിരിച്ച രാത്രിയിലാണ് ആധുനിക ജ്യോതിശാസ്ത്രം പിറന്നതെന്ന് പറയാറുണ്ട്. 1609 നവംബര്‍ 30 നായിരുന്നു അത്. ഇറ്റലിയില്‍ പാദുവയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് ദൂരദര്‍ശനിയുമായി ഗലീലിയോ ഇറങ്ങി. ദൂരദര്‍ശനി കൂടാതെ അദ്ദേഹത്തിന്റെ പക്കല്‍ എഴുതാനും വരയ്ക്കാനുമുള്ള പാഡും പേനയുമുണ്ടായിരുന്നു. ദൂരദര്‍ശനി ചന്ദ്രന് നേരെ തിരിച്ചപ്പോള്‍ കണ്ട കാര്യങ്ങള്‍ അദ്ദേഹം ക്ഷമയോടെ കുറിച്ചു വെയ്ക്കാനും സ്‌കെച്ച് ചെയ്യാനും തുടങ്ങി.........!
നാല് നൂറ്റാണ്ട് കഴിഞ്ഞിട്ടും കാര്യങ്ങളില്‍ വലിയ മാറ്റമൊന്നുമില്ല. ഇപ്പോഴും തുടക്കക്കാരായ വാനനിരീക്ഷകര്‍ക്ക് വേണ്ടത് ടെലസ്‌കോപ്പും പെന്‍സിലും പേപ്പറും നക്ഷത്രങ്ങളുടെ ചാര്‍ട്ടുമൊക്കെ തന്നെ..ഒപ്പം ക്ഷമയും. ഇനിയുള്ള കാലം പക്ഷേ, കാര്യങ്ങള്‍ ഇത്ര പഴഞ്ചനായിരിക്കില്ല. പുതിയ ടെലസ്‌കോപ്പുകളും സ്മാര്‍ട്ട്‌ഫോണുകളും അവയുടെ ആപ്ലിക്കേഷനുകളും തുടക്കക്കാരായ വാനനിരീക്ഷകരുടെ രക്ഷയ്‌ക്കെത്തുകയാണ്. വാനനിരീക്ഷണവും അക്ഷരാര്‍ഥത്തില്‍ 'സ്മാര്‍ട്ടാ'കുന്നുവെന്ന് ചുരുക്കം.
രാത്രിയിലെ ആകാശത്തെക്കുറിച്ച് ആഴത്തില്‍ അറിയാത്ത അമേച്വര്‍ വാനനിരീക്ഷകര്‍ക്ക് പോലും സഹായമാകുന്ന തരത്തിലുള്ള ടെലസ്‌കോപ്പുകളും സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുമാണ് രംഗത്തെത്തുന്നത്. തറയിലുറപ്പിച്ച് വെച്ച് ടെലസ്‌കോപ്പിലെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ തന്നെ ആകാശത്ത് നക്ഷത്രങ്ങളുടെ ദിശയിലേക്ക് സ്വയംതിരിഞ്ഞ് അതിനെ നിരീക്ഷിച്ച് ഏത് നക്ഷത്രമാണതെന്ന് പറഞ്ഞു തരുന്ന പുതിയ തലമുറ ടെലസ്‌കോപ്പുകളാണ് വാനനിരീക്ഷണത്തെ അടിമുടി മാറ്റാന്‍ പോകുന്നത്.
ഇത്തരത്തില്‍ നക്ഷത്രങ്ങളുടെ സ്ഥാനം സ്വയം കണ്ടുപിടിക്കാന്‍ ശേഷിയുള്ള ടെലസ്‌കോപ്പുകളുടെ മൂന്ന് വ്യത്യസ്ത മോഡലുകള്‍ 'സെലസ്‌ട്രോണ്‍' (Celestron) കമ്പനി അടുത്ത ജൂലായ് മാസത്തോടെ വിപണിയിലെത്തിക്കുമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 700 മുതല്‍ 800 ഡോളര്‍ വരെയായിരിക്കും ടെലസ്‌കോപ്പുകളുടെ വില. കമ്പനിയുടെ പുതിയ ശാഖയായ
'സ്‌കൈപ്രൊഡിജി' (SkyProdigy)ലക്ഷ്യമിടുന്നത് തന്നെ അത്ര പരിചയവും അറിവുമില്ലാത്ത അമേച്വര്‍ വാനനിരീക്ഷകരെയാണ്.
'സ്വയം ക്രമീകരിക്കുന്ന ടെലസ്‌കോപ്പ് ആര്‍ക്കും അനായാസമായി ഉപയോഗിക്കാം, ഗംഭീരമാണത്'-മസാച്യൂസെറ്റ്‌സിലെ വില്യംസ് കോളേജിന് കീഴില്‍
ഹോപ്കിന്‍സ് ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ ജെയ് പസാച്ചോഫ് അഭിപ്രായപ്പെടുന്നു. 'സ്വന്തം വീട്ടുപരിസരത്തിരുന്ന് തന്നെ ഏറ്റവും താത്പര്യമുണര്‍ത്തുന്ന ജ്യോതിശാസ്ത്ര ദൃശ്യങ്ങള്‍ മിനിറ്റുകള്‍കൊണ്ട് നിരീക്ഷിക്കാന്‍ ആളുകളെ ഇത്തരം ടെലസ്‌കോപ്പുകള്‍ സഹായിക്കും'.
ജ്യോതിശാസ്ത്ര ഗോളങ്ങളുടെ സ്ഥാനങ്ങള്‍ നിര്‍ണിയിക്കാന്‍ ഇത്തരം ടെലസ്‌കോപ്പുകളെ സഹായിക്കുക അതിലുള്ള ഡിജിറ്റല്‍ ക്യാമറയാണ്. ക്യാമറ ആകാശത്തിന്റെ ദൃശ്യങ്ങളെടുക്കും. ആ ദൃശ്യങ്ങളെ ടെലസ്‌കോപ്പില്‍ സൂക്ഷിച്ചിട്ടുള്ള ആകാശദൃശ്യങ്ങളുടെ കമ്പ്യൂട്ടറൈസ്ഡ് ഡേറ്റാബേസുമായി താരതമ്യം ചെയ്താണ്, നക്ഷത്രങ്ങളെയും മറ്റ് ആകാശവസ്തുക്കളെയും ടെലസ്‌കോപ്പ് തിരിച്ചറിയുക. ഇതിനെല്ലാം കൂടി ഏറിയാല്‍ മൂന്നു മിനിറ്റ് സമയമേ വേണ്ടൂ.
ഓട്ടോമാറ്റിക്കായി ജ്യോതിശാസ്ത്ര ഗോളങ്ങള്‍ക്ക് നേരെ തിരിയാന്‍ കഴിവുള്ളതും, കമ്പ്യൂട്ടര്‍ ഡേറ്റാബേസ് ഉപയോഗിക്കുന്നതുമായ ടെലസ്‌കോപ്പുകള്‍ പുതുമയല്ല. പക്ഷേ, നിലവിലുള്ള അത്തരം ഉപകരണങ്ങള്‍ സാധാരണക്കാര്‍ക്ക് പലപ്പോഴും സാങ്കേതികമായി വെല്ലുവിളിയാകാറുണ്ട്. അത്തരം വെല്ലുവിളികള്‍ പരമാവധി ഒഴിവാക്കി, അനായേസേന ആര്‍ക്കും ഉപയോഗിക്കാന്‍ പാകത്തിലുള്ള സ്മാര്‍ട്ട് ടെലസ്‌കോപ്പാണ് സെലസ്‌ട്രോണിന്റെ ആവനാഴിയിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പുതിയ ടെലസ്‌കോപ്പുകള്‍ മാത്രമല്ല, കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകളും അമേച്വര്‍ വാനനിരീക്ഷകര്‍ക്ക് അനുഗ്രമായി മാറുകയാണ്. ആപ്പിളിന്റെ ഐഫോണ്‍ പോലുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ പ്രത്യേകത, അവയിലെ ക്യാമറയുടെയും പ്രോസസിങ് ശേഷിയുടെയും സഹായത്തോടെ ടെലസ്‌കോപ്പുകളില്‍ സാധ്യമാകാത്ത പ്രത്യേകതകള്‍ സന്നിവേശിപ്പിക്കാം എന്നതാണ്.
ഉദാഹരണത്തിന്
'റെഡ്ഷിഫ്ട്' (Redshift) എന്ന ഐഫോണ്‍/ഐപാഡ് ആപ്ലിക്കേഷന്റെ കാര്യം പരിഗണിക്കാം (ഇതിന്റെ വില 11.99 ഡോളര്‍). രാത്രിയില്‍ ആകാശത്ത് കാണുന്നതില്‍ ഏറ്റവും തിളക്കമേറിയ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും തിരിച്ചറിയാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. മാത്രമല്ല, ഒരു ബഹിരാകാശവാഹനത്തില്‍ വിദൂരഗ്രഹങ്ങള്‍ക്കരികിലൂടെയുള്ള ഒരു 'പ്രതീതിയാഥാര്‍ഥ്യ യാത്ര'യും തരമാക്കാന്‍ ഈ ആപ്ലിക്കേഷന് കഴിയും.
വാനനിരീക്ഷണത്തില്‍ സഹായിക്കുന്ന മറ്റൊരു ഐഫോണ്‍/ഐപാഡ് ആപ്ലിക്കേഷനാണ് 'സ്റ്റാര്‍ വാക്ക്' (Star Walk). ഇതിന്റെ ചെലവ് മൂന്ന് ഡോളറാണ്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള ഇതേ ജനുസില്‍പെട്ട ആപ്ലിക്കേഷനാണ് 'ഗൂഗിള്‍ സ്‌കൈ മാപ്പ്' (Google Sky Map). ഈ ആപ്ലിക്കേഷന്‍ സൗജന്യമാണ്.
ആപ്ലിക്കേഷനുകള്‍ മാത്രമല്ല, ടെലസ്‌കോപ്പിനെയും സ്മാര്‍ട്ട്‌ഫോണിനെയും നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുന്ന സങ്കേതങ്ങളും രംഗത്തെത്തുകയാണ്. അതിലൊന്നാണ്, ഐഫോണിനെ ടെലസ്‌കോപ്പിന്റെ ഐപീസുമായി നേരിട്ടു ഘടിപ്പിക്കാന്‍ സഹായിക്കുന്ന അഡാപ്റ്ററാണ്. മാഗ്നിലക്‌സ് കമ്പനിയാണ്
എം.എക്‌സ്-1 (MX-1) എന്ന അഡാപ്റ്ററിന് രൂപം നല്‍കിയിട്ടുള്ളത്. 45 ഡോളറാണ് വില.
ഈ അഡാപ്റ്ററിന്റെ സഹായത്തോടെ യൂസര്‍മാര്‍ക്ക് ശനിയുടെയും
ചന്ദ്രന്റെയും വ്യാഴത്തിന്റെയുമൊക്കെ ദൃശ്യങ്ങള്‍ നേരിട്ട് ഫോണില്‍ പകര്‍ത്താനാകും. എന്നാല്‍, വിദൂര ഗാലക്‌സികളുടെ ദൃശ്യങ്ങള്‍ ഇതിലെടുക്കാനാവില്ല. എന്നാല്‍, തുടക്കക്കാര്‍ക്ക് ഇത് ഏറെ ആവേശജനകമാകുമെന്ന് മാഗ്നിലക്‌സ് അധികൃതര്‍ പറയുന്നു.
ഇത്തരം പുതിയ ടെലസ്‌കോപ്പുകളും സ്മാര്‍ട്ട്‌ഫോണ്‍ സാധ്യതകളും ആപ്ലിക്കേഷനുകളും, വാനനിരീക്ഷണത്തിലും ജ്യോതിശാസ്ത്രത്തിലുമുള്ള താത്പര്യം കൂടുതല്‍ പേരിലുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.