ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ ആവേശം മാത്രമായി ബ്ലോഗ് എന്ന നവമാധ്യമം അവസാനിക്കുമോ. ബ്ലോഗുകള്‍ക്ക് അവസാനമായിക്കഴിഞ്ഞു എന്ന് എഴുത്തുകാരനായ എന്‍.എസ്.മാധവന്‍ അടുത്തയിടെയാണ് ഒരു അഭിമുഖത്തില്‍ പ്രവചിച്ചത്. ആ പ്രവചനത്തെ ഏതാണ്ട് ശരിവെയ്ക്കുന്നതാണ് 'ന്യൂയോര്‍ക്ക് ടൈംസ്' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകള്‍ കരുത്താര്‍ജിച്ചതോടെ, ബ്ലോഗര്‍മാര്‍ - പ്രത്യേകിച്ചും കൗമാരപ്രായക്കാരായ ബ്ലോഗര്‍മാര്‍ - കൂട്ടത്തോടെ അവയിലേക്ക് ചെക്കേറുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ആശയപ്രകാശനത്തിനുള്ള നവസാധ്യതയെന്ന നിലയ്ക്കാണ് കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കം മുതല്‍ ബ്ലോഗുകള്‍ ശ്രദ്ധ നേടിയത്. എന്നാല്‍, ആശയപ്രകാശനം കൂടുതല്‍ ഫലപ്രദമായി നടത്താനും സുഹൃത്തുക്കള്‍ക്ക് മുന്നിലേക്ക് തന്റെ ആശയങ്ങള്‍ ഒറ്റയടിക്ക് എത്തിക്കാനും സൗഹൃദക്കൂട്ടായ്മകള്‍ സൗകര്യമൊരുക്കിയതോടെയാണ് ബ്ലോഗുകള്‍ തളരാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്യു റിസെര്‍ച്ച് സെന്ററിന്റെ
'ഇന്റര്‍നെറ്റ് ആന്‍ഡ് അമേരിക്കന്‍ ലൈഫ് പ്രൊജക്ട്' നടത്തിയ പഠനമാണ് റിപ്പോര്‍ട്ടിനാധാരം.
അമേരിക്കയില്‍ 2006-2009 കാലഘട്ടത്തില്‍ പന്ത്രണ്ടിനും പതിനേഴിനും മധ്യേ പ്രായമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ബ്ലോഗിങിന്റെ തോത് പകുതിയായി കുറഞ്ഞെന്ന് പഠനം പറയുന്നു. ആ പ്രായപരിധിയില്‍പെട്ട ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 14 ശതമാനത്തിന് മാത്രമാണ് ബ്ലോഗുകളുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ 18-33 പ്രായക്കാര്‍ക്കിടയില്‍ ബ്ലോഗിങില്‍ രണ്ടു വര്‍ഷംകൊണ്ട് രണ്ട് ശതമാനം കുറവുണ്ടായതായി കണ്ടിരുന്നു.
പലരും ബ്ലോഗെഴുത്ത് കുറയ്ക്കാനുള്ള കാരണം പലതാണ്. ദൈര്‍ഘ്യമേറിയ ബ്ലോഗ്‌പോസ്റ്റുകള്‍ എഴുതാന്‍ പലര്‍ക്കും സമയമില്ലാതായി, പകരം ശ്രദ്ധ ട്വിറ്ററിലേക്കും ഫെയ്‌സ്ബുക്കിലേക്കും തിരിഞ്ഞു. കാര്യമായി വായനക്കാരില്ല എന്നതും പല ബ്ലോഗര്‍മാരെയും നിരുത്സാഹപ്പെടുത്തി. അതേസമയം, സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി തങ്ങളുടെ ആശയം പങ്കിടാന്‍ സോഷ്യന്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ (സൗഹൃദക്കൂട്ടായ്മകള്‍) മികച്ച അവസരമൊരുക്കുകയും ചെയ്തു.
ബ്ലോഗര്‍ (Blogger),
ലൈവ്‌ജേര്‍ണല്‍ (LiveJournal) തുടങ്ങിയ സര്‍വീസുകള്‍ ജനപ്രിയമായതോടെയാണ് പത്തുവര്‍ഷം മുമ്പ് ബ്ലോഗുകള്‍ വന്‍തോതില്‍ വര്‍ധിക്കാനാരംഭിച്ചത്. രാഷ്ട്രീയം മുതല്‍ ഭക്ഷണശീലങ്ങളും വ്യക്തിപരമായ അനുഭവങ്ങളും വരെ ബ്ലോഗുകള്‍ക്ക് വിഷയമായി. ഏറ്റവും വലിയ ചര്‍ച്ചാവേദികളായും ആശയവിനിമയ ഉപാധികളിലൊന്നായും ബ്ലോഗുകള്‍ പരിണമിച്ചു. 2004 ലെ ഇംഗ്ലീഷ് വാക്കായി മെറിയം വെബ്ബ്സ്റ്റര്‍ ഡിക്ഷണറി
'ബ്ലോഗ്' (blog) അംഗീകരിച്ചു.
തുടക്കത്തില്‍ വ്യക്തിപരമായ സംഗതി എന്ന നിലയ്ക്കായിരുന്നു ബ്ലോഗെങ്കില്‍, പിന്നീട് ബ്ലോഗുകളുടെ സാധ്യത മനസിലാക്കി മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളും ബ്ലോഗുകളെ തങ്ങളുടെ ന്യൂസ് സൈറ്റുകളുടെ ഭാഗമാക്കാന്‍ തുടങ്ങി. ബ്ലോഗുകളായി തുടങ്ങിയ
'ദി ഹഫിങ്ടണ്‍ പോസ്റ്റ്' (The Huffington Post) പോലുള്ള മാധ്യമ സൈറ്റുകളെ ഒടുവില്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയത്ത സ്ഥിതിയുമായി.
ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് സ്വഭാവത്തെ
ഫെയ്‌സ്ബുക്ക്പുനര്‍നിര്‍ണയിക്കും വരെ ബ്ലോഗായിരുന്നു രാജാവ്. 140 ക്യാരക്ടറില്‍ ഒതുക്കേണ്ട ഹൃസ്വസന്ദേശങ്ങള്‍ വഴി സംവദിക്കുന്ന
ട്വിറ്ററുംബ്ലോഗുകളുടെ ആധിപത്യം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇപ്പോള്‍ ലോകവുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ബ്ലോഗിന്റെ ആവശ്യമില്ല. പരാതിയോ പരിഭവമോ വിമര്‍ശനമോ നിഗമനമോ -എന്തും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാം. ലിങ്കുകളോ ഫോട്ടോകളോ വീഡിയോകളോ എന്തും നല്‍കാം. മാത്രമല്ല, ബ്ലോഗിന്റെ കാര്യത്തിലെന്നപോലെ വായനക്കാര്‍ വന്ന് കാണാന്‍ കാക്കേണ്ട കാര്യവുമില്ല. പോസ്റ്റ് ചെയ്യുന്ന നിമിഷം തന്നെ സുഹൃത്തുക്കളുടെ മുന്നില്‍ അതെത്തും.
തളര്‍ച്ച നേരിടുന്നു എന്നത് ശരിതന്നെ. എന്നാല്‍, ബ്ലോഗുകളെ അങ്ങനെ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് മിക്കവുരും കുരുതുന്നു. ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് ബ്ലോഗുകള്‍ തന്നെയാണ് ഇപ്പോഴും നന്ന് എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ബ്ലോഗിങ് നശിക്കുകയല്ല, പുതിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അവ കടന്നു കയറുകയാണ് ചെയ്യുന്നതെന്ന് 'ഇന്റര്‍നെറ്റ് ആന്‍ഡ് അമേരിക്കന്‍ ലൈഫ് പ്രോജക്ടി'ലെ ലീ റെയ്‌നീ പറയുന്നു. എന്നുവെച്ചാല്‍, ബ്ലോഗുകളും സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ പോലുള്ളവയും തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ മായുകയാണെന്ന് സാരം.
'ടംബ്ലര്‍' (Tumblr) എന്ന സര്‍വീസ് ഉദാഹരണമായെടുക്കുക. ബ്ലോഗിങും മറ്റ് സര്‍വീസുകളും തമ്മിലുള്ള അതിര്‍ത്തി എങ്ങനെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതിന് മുന്തിയ ഉദാഹരണമാണ് ഈ സര്‍വീസ്. ഒരു ബ്ലോഗിങ് സര്‍വീസ് എന്നാണ് ടംബ്ലര്‍ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍, അതിന്റെ ഉപയോക്താക്കളില്‍ പലരും തങ്ങളൊരു ബ്ലോഗറാണെന്ന് കരുതുന്നില്ല. തങ്ങള്‍ ബ്ലോഗിങ് നിര്‍ത്തി എന്ന് പറയുന്ന പലരും ടംബ്ലറില്‍ ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്യുന്നത് തുടരുന്ന കാര്യം ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
ബ്ലോഗിങിനോട് ഉപയോക്താക്കള്‍ക്കുണ്ടായിട്ടുള്ള സമീപനം പ്രമുഖ ബ്ലോഗിങ് പ്ലാറ്റ്‌ഫോമുകളുടെ കാര്യത്തില്‍ ദൃശ്യമാണ്. ഗൂഗിളിന്റെ ബ്ലോഗിങ് പ്ലാറ്റ്‌ഫോമാണ് ബ്ലോഗര്‍. അമേരിക്കയില്‍ ബ്ലോഗറിലെ സന്ദര്‍ശകരുടെ സംഖ്യ കഴിഞ്ഞ ഡിസംബറില്‍, ഒരു വര്‍ഷം മുമ്പത്തേതിലും രണ്ട് ശതമാനം കുറഞ്ഞ് -58.6 മില്യന്‍ ആയി. അതേസമയം ആഗോളതലത്തില്‍ ബ്ലോഗറിലെ സന്ദര്‍ശകരുടെ എണ്ണം 9 ശതമാനം വര്‍ധിച്ച് 323 മില്യണ്‍ ആയി.
പുതിയ പ്രവണത മനസിലാക്കി മാറാനൊരുങ്ങുകയാണ് ലൈവ്‌ജേര്‍ണല്‍ എന്ന ബ്ലോഗിങ് സര്‍വീസ്. കമ്മ്യൂണിറ്റികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സ്വഭാവം തങ്ങളുടെ ബ്ലോഗിങ് പ്ലാറ്റ്‌ഫോമിലേക്ക് ആവാഹിക്കാനാണ് അവരുടെ ശ്രമം. റഷ്യന്‍ ഓണ്‍ലൈന്‍ മീഡിയ കമ്പനിയായ എസ്.യു.പിയ്ക്കാണ് ലൈവ്‌ജേര്‍ണലിന്റെ ഉടമസ്ഥത.
ബ്ലോഗിങിന്റെ കാര്യത്തില്‍ കോട്ടം പറ്റാതെ തുടരുന്ന പ്ലാറ്റ്‌ഫോം ടംബഌറും വേഡ്പ്രസ്സുമാണ്. ടംബ്ലറിന്റെ കാര്യം മുമ്പ് സൂചിപ്പിച്ചല്ലോ. വേഡ്പ്രസ്സിനെ സംബന്ധിച്ചിടത്തോളം, ഗൗരവമായി ബ്ലോഗിങിനെ കാണുന്നവരാണ്, അല്ലാതെ കൗമാരപ്രായക്കാരല്ല തങ്ങളുടെ ഉപഭോക്താക്കളെന്ന്
വേഡ്പ്രസ്സിന്റെ ഉടമസ്ഥരായ 'ഓട്ടോമാറ്റികി'(Automattic) ന്റെ ചീഫ് എക്‌സിക്യുട്ടീവ് ടോണി ഷ്‌നീഡര്‍ പറയുന്നു. മാത്രമല്ല, ബ്ലോഗുകളുടെ ലിങ്കുകള്‍ ഫെയ്‌സ്ബുക്കിലും മറ്റുമിട്ട് കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് എത്തിക്കാനുള്ള മാര്‍ഗമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നതെന്നും ഷ്‌നീഡര്‍ കരുതുന്നു
കൗമാരപ്രായക്കാര്‍ ബ്ലോഗിങില്‍ വിരക്തി കാട്ടിത്തുടങ്ങിയെങ്കിലും, മുതിര്‍ന്നവര്‍ ബ്ലോഗിങിലേക്ക് കൂടുതലായി വരുന്നുവെന്നാണ് പഠനം കാണിക്കുന്നത്. 34-45 പ്രായപരിധിയിലുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 16 ശതമാനം പേര്‍ 2010 ല്‍ ബ്ലോഗര്‍മാരായിരുന്നു. രണ്ടു വര്‍ഷം മുമ്പത്തേതിനെ അപേക്ഷിച്ച് ആറ് പോയന്റ് വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായതെന്ന് പ്യൂ സര്‍വ്വെ വെളിപ്പെടുത്തുകയുണ്ടായി. 46-55 പ്രായമുള്ളവര്‍ക്കിടയില്‍ ബ്ലോഗിങ് അഞ്ച് പോയന്റ് വര്‍ധിച്ച് 11 ശതമാനമായി. 65-73 വയസ്സുള്ളവര്‍ക്കിടയില്‍ ഇത് രണ്ട് പോയന്റ് വര്‍ധിച്ച് എട്ടു ശതമാനവുമായി.