മൊബൈല്‍രംഗത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടുപോയ മൈക്രോസോഫ്ട്, ടെക് രംഗത്തെ അതിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വിന്‍ഡോസ് 8 ന്റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചു. ഡെസ്‌ക്ടോപ്പുകളിലും ടാബ്‌ലറ്റുകളിലും ഒരേസമയം ഉപയോഗിക്കാന്‍ പാകത്തില്‍ ചിട്ടപ്പെടുത്തിയ ഒഎസിന്റെ പരീക്ഷണപ്പതിപ്പ് ഇപ്പോള്‍ ടൗണ്‍ലോഡ് ചെയ്യാനാകും.
ആം ഹോള്‍ഡിങ്‌സ് (ARM Holdings) രൂപകല്‍പ്പന ചെയ്യുന്ന, കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോപ്രൊസസറുകള്‍ക്ക് കൂടി യോജിച്ച തരത്തിലുള്ള ആദ്യ വിന്‍ഡോസ് പതിപ്പാണിത്. വിന്‍ഡോസ് 8 ന്റെ സഹായത്തോടെ ആപ്പിളിന്റെ ഐപാഡുമായി നേര്‍ക്കുനേര്‍ മത്സരം സാധ്യമാകുമെന്ന് മൈക്രോസോഫ്ട് കണക്കുകൂട്ടുന്നു.
'ഇത് ശരിക്കും വിന്‍ഡോസ് 7 നെക്കാളും മികച്ചതാണ്'-ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ ഒഎസിന്റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചുകൊണ്ട്, മൈക്രോസോഫ്ട് വിന്‍ഡോസ് യൂണിറ്റ് മേധാവി സ്റ്റീവന്‍ സിനോഫ്‌സ്‌കി പറഞ്ഞു.
മൈക്രോസോഫ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വില്‍പ്പന നടന്ന ഒഎസ് വകഭേദമാണ് വിന്‍ഡോസ് 7. മൂന്നു വര്‍ഷമായിട്ടില്ല വിന്‍ഡോസ് 7 രംഗത്തെത്തിയിട്ട്. അതിനകം 525 മില്യണ്‍ കോപ്പികളാണ് ആ ഒഎസ് വിറ്റഴിഞ്ഞത്.
എങ്കിലും, കമ്പ്യൂട്ടിങിന്റെ പുത്തന്‍ മുഖമായ ടാബ്‌ലറ്റ് രംഗത്ത് ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ക്ക് മൈക്രോസോഫ്ടിനെ പാര്‍ശ്വവത്ക്കരിക്കാന്‍ സാധിച്ചു. മൈക്രോസോഫ്ടിന്റെ പരമ്പരാഗത ശക്തിമേഖലയായ ഡെസ്‌ക്ടോപ്പിന്റെ ആധിപത്യം കുറഞ്ഞുവരുന്നത് കമ്പനിക്ക് മുന്നറിയിപ്പായി. അതിന്റെ ഫലമാണ് വിന്‍ഡോസ് 8.
പരമ്പരാഗത ഡെസ്‌ക്ടോപ്പില്‍ മൗസിനെയും കീബോര്‍ഡിനെയും പിന്തുണയ്ക്കുന്നതുപോലെ തന്നെ, ടച്ച്‌സ്‌ക്രീനിനെയും പിന്തുണയ്ക്കാന്‍ വിന്‍ഡോസ് 8 ന് സാധിക്കും. എന്നുവെച്ചാല്‍, ഇത്രകാലവും മൈക്രോസോഫ്ട് ഇറക്കിയ ഒഎസുകളില്‍ നിന്ന് വ്യത്യസ്തമായി, ഇരട്ടമുഖത്തോടെയാണ് വിന്‍ഡോസ് 8 വരുന്നതെന്ന് സാരം.
2011 സപ്തംബര്‍ മുതല്‍ ഡെവലപ്പര്‍മാര്‍ക്ക് വിന്‍ഡോസ് 8 ന്റെ പരീക്ഷണപ്പതിപ്പ് ലഭ്യമായിരുന്നു. 30 ലക്ഷം തവണ ഡെവലപ്പര്‍ പ്രിവ്യൂ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു.
ആ പതിപ്പ് പുറത്തിറക്കിയ ശേഷം ഏതാണ്ട് ഒരുലക്ഷം മാറ്റങ്ങള്‍ വിന്‍ഡോസ് 8 ല്‍ വരുത്താന്‍ കഴിഞ്ഞതായി സിനോഫ്‌സ്‌കി അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് ബീറ്റാ പതിപ്പ് ലഭ്യമാകുന്നത് ഇപ്പോഴാണ്. ബുധനാഴ്ച രാവിലെ മുതല്‍ വിന്‍ഡോസ് 8 ന്റെ പ്രിവ്യൂ പതിപ്പ് അഥവാ ബീറ്റാ പതിപ്പ് ഡൗണ്‍ലോഡിന് ലഭ്യമായി. ഇതിനകം 70 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആ സോഫ്ട്‌വേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞതായി സിനോഫ്‌സ്‌കി അറിയിച്ചു. preview.windows.com ല്‍ നിന്ന് ആര്‍ക്കും വിന്‍ഡോസ് 8 ന്റെ പ്രിവ്യൂപ്പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ആം രൂപകല്‍പ്പന ചെയ്ത പ്രൊസസറുകളിലും, ഇന്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഒരേ സമയം വിന്‍ഡോസ് 8 പ്രവര്‍ത്തിക്കുക എന്നതാണ് മൈക്രോസോഫ്ടിന്റെ ലക്ഷ്യം- ഒരു വെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നത് പോലെ. അതില്‍ വിജയിച്ചാല്‍ ഈ രംഗത്തെ മറ്റ് കമ്പനികളെയൊക്കെ ഒറ്റയടിക്ക് പിന്നിലാക്കാനും, ടാബ്‌ലറ്റിന്റെ പുത്തന്‍ സാമ്രാജ്യം കീഴടക്കാനും കഴിയുമെന്ന് മൈക്രോസോഫ്ട് കണക്കുകൂട്ടുന്നു.
ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും വിന്‍ഡോസിന്റെ പുതിയ പതിപ്പുകള്‍ രംഗത്തെത്തിക്കുകയാണ് മൈക്രോസോഫ്ടിന്റെ പതിവ്. അതനുസരിച്ചാണെങ്കില്‍, 2012 ഒക്ടോബറോടെ വിന്‍ഡോസ് 8 പൂര്‍ണരൂപത്തില്‍ പുറത്തിറങ്ങേണ്ടതാണ്.
വിന്‍ഡോസ് 8 ന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിലും ടാബ്‌ലറ്റ് പതിപ്പിലും തികച്ചും പുതുമയാര്‍ന്ന സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ഒരുക്കുന്നതില്‍ മൈക്രോസോഫ്ട് വിജിയിച്ചിട്ടുണ്ട്. നിലവിലുള്ള വിന്‍ഡോസ് ഫോണ്‍ സോഫ്ട്‌വേറില്‍ നിന്ന് കടംകൊണ്ട 'മെട്രോ' സമ്പര്‍ക്കമുഖമാണ് വിന്‍ഡോസ് 8 ന്റേത്. സ്‌ക്രീനില്‍ എവിടെയും നീക്കി പ്രതിഷ്ഠിക്കാന്‍ സാധിക്കുന്ന 'കട്ടകള്‍' അഥവാ ബ്ലോക്കുകളാണ് ഈ സമ്പര്‍ക്കമുഖത്തിന്റെ കാതല്‍.
വിന്‍ഡോസ് സമ്പര്‍ക്കമുഖത്തില്‍ കാതലായ മാറ്റം മൈക്രോസോഫ്ട് വരുത്തിയത് വിന്‍ഡോസ് 95 ഒഎസിലായിരുന്നു. അതിന് ശേഷം ഏറ്റവും അര്‍ഥവത്തായ സമ്പര്‍ക്കമുഖ പരിഷ്‌ക്കരണമാണ് വിന്‍ഡോസ് 8 ല്‍ വരുത്തിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
വിന്‍ഡോസ് 8 ന്റെ ബീറ്റയില്‍ 'വിന്‍ഡോസ് സ്‌റ്റോറും' ഉള്‍പ്പെടുന്നു. ആപ്ലിക്കേഷനുകള്‍ (Apps) ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷിക്കാനും, ക്ലൗഡ് സ്റ്റോറേജിന്റെ സഹായത്തോടെ ഉള്ളടക്കങ്ങള്‍ വിന്‍ഡോസ് ഫോണ്‍ പോലുള്ള മറ്റ് ഉപകരണങ്ങളിലേക്ക് മാറ്റാനും ഉപയോക്താവിന് സാധിക്കും. മാത്രമല്ല, മൈക്രോസോഫ്ടിന്റെ പുതിയ ബ്രൗസര്‍ വകഭേദമായഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10 പരീക്ഷിക്കാനും കഴിയും.