ഉദരസംബന്ധമായ അസുഖവുമായി ഡോ ക്ടറെ സമീപിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും ഗ്യാസിന്റെ ഉപദ്രവവും അതിനോടനുബന്ധിച്ചുള്ള അസ്വസ്ഥതകളും ആയിരിക്കും വിവരിക്കാനുണ്ടാകുക. അല്പം ആഹാരം കഴിച്ചാല്‍പോലും വയറ് കാറ്റ് നിറഞ്ഞതുപോലെ വീര്‍ക്കുക, പുറമെ കേള്‍ക്കത്തക്കവണ്ണം വയറിനുള്ളില്‍ ശബ്ദം ഉണ്ടാകുക, നെഞ്ചില്‍ ഭാരം കയറ്റിവച്ചതുപോലെ അസ്വസ്ഥതകളും എരിച്ചി ലും, പുളിച്ചുതേട്ടല്‍, ഛര്‍ദ്ദിക്കുവാനുള്ള തോന്നല്‍, വായില്‍ വെള്ളം തെളിയല്‍, തുടര്‍ച്ചയായ ഏമ്പക്കം... ഇങ്ങനെ പോകുന്ന രോഗിയുടെ പരാതികള്‍. ചിലരില്‍ മലബന്ധവും ഉണ്ടാകുന്നു.
ഗ്യാസ്ട്രബിള്‍ നിരപായമെങ്കിലും ശസ്ത്രക്രിയയോ, ഏറെക്കാലം വിദഗ്ധചികിത്സയോ ആവശ്യം ഉള്ള ഗൗരവമേറിയ രോഗമെന്നപോലെ തന്നെ, രോഗിക്ക് വളരെ അസ്വസ്ഥതകളും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന പ്രശ്‌നമാണ്. ഇതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴുണ്ടാകുന്ന ആധിയും ആകുലതയും നിമിത്തം ചിലര്‍ക്കെങ്കിലും മനോരോഗവിദഗ്ധനെ സമീപിക്കേണ്ട സ്ഥിതിപോലും ഉണ്ടായേക്കാം.
തെറ്റിദ്ധാരണനിമിത്തം, ഇതേ ലക്ഷണങ്ങളുള്ള മറ്റു ചില ഗുരുതരങ്ങളായ രോഗങ്ങളുടെ, രൂക്ഷതയേറിയ മരുന്നുകള്‍ കഴിക്കേണ്ടിവരുന്ന നിര്‍ഭാഗ്യവാന്മാരും ഉണ്ട്. പ്രത്യക്ഷപ്പെട്ടിരിക്കുന്ന രോഗലക്ഷണങ്ങളുടെ ശരിയായ കാരണം കണ്ടെത്താനും, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങി നേരത്തെ തന്നെ ഉണ്ടായിരുന്ന രോഗങ്ങളുടെ അവസ്ഥ മനസ്സിലാക്കാനും ആഹാരശൈലിയിലും ജീവിതസാഹചര്യങ്ങളിലും ഉണ്ടായ മാറ്റങ്ങള്‍ വിലയിരുത്താനും ഉള്ള ശ്രമങ്ങള്‍ നടന്നാലേ ഈ രോഗത്തെ ഫലപ്രദമായി ചികിത്സിക്കുവാന്‍ കഴിയൂ. വിശദമായ പരിശോധനയിലൂടെ, പ്രത്യേകിച്ച് അവയവത്തകരാറുകള്‍ ഒന്നും കണ്ടെത്താനായില്ലെങ്കില്‍ ഗ്യാസ്ട്രബിള്‍ പേടിക്കേണ്ട ഒരു രോഗമല്ല.
സാധാരണയായി ഓക്‌സിജന്‍, നൈട്രജന്‍, കാര്‍ബണ്‍ ഡൈയോക്‌സൈഡ്, ഹൈഡ്രജന്‍, മീഥേന്‍ എന്നിവയാണ് ആമാശയത്തിലും കുടലുകളിലും കാണപ്പെടുന്ന വായു ഘടകങ്ങള്‍. ഇവയില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്നവ വളരെ കുറഞ്ഞ അളവിലേ കാണുന്നുള്ളൂ. കഴിച്ച ആഹാരത്തിന്റെ സ്വഭാവം, ഭക്ഷ്യവസ്തു വിഴുങ്ങുമ്പോള്‍ ഒപ്പം ഉള്ളിലെത്തുന്ന വായുവിന്റെ അളവ്, പചനവ്യൂഹത്തിന്റെ ദഹിപ്പിക്കാനുള്ള ശക്തി, ആമാശയത്തിന്‍േറയും കുടലുകളുടേയും ചലനവേഗത, വ്യക്തിയുടെ മാനസികാവസ്ഥയുടെ അസാധാരണത്വം, അയാള്‍ക്കു ലഭിക്കുന്ന ശാ രീരികവ്യായാമത്തിന്റെ തോത് എന്നിങ്ങനെ ധാരാളം ഘടകങ്ങളെ ആശ്രയിച്ച്, ഓരോ വ്യ ക്തിയുടേയും ആമാശയത്തിലും കുടലുകളി ലും സ്ഥിതിചെയ്യുന്ന വായുവിന്റെ അളവ് വ്യത്യസ്തമായിരിക്കും. ആരോഗ്യവാനായ ഒരാളില്‍ പ്രതിദിനം 400 മുതല്‍ 1500വരെ മില്ലിമീറ്റര്‍ വായു ശരീരത്തില്‍നിന്നും പുറന്തള്ളുന്നുണ്ട്. ഗ്യാസിന്റെ അസുഖം ഉള്ളവരിലും അത്തരം രോഗം ഇല്ലാത്തവരിലും തമ്മില്‍, ആമാശയാന്ത്രങ്ങളില്‍ ഉള്‍ക്കൊള്ളുന്ന വായുവിന്റെ അളവില്‍ വലിയ വ്യത്യാസം ഒന്നും കാണപ്പെടുന്നില്ല. എന്നാല്‍ വായു കൃത്രിമമായി ഉള്ളിലേക്കു കടത്തിവിട്ട് നടത്തിയ പരീക്ഷണത്തില്‍, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നവരേക്കാള്‍, ആരോഗ്യവാന്മാര്‍ക്ക് അതുകൂടുതല്‍ ഫലപ്രദമായി ഉള്‍ക്കൊള്ളാന്‍ കഴിയും എന്നു തെളിയുകയുണ്ടായി. ഗ്യാസ്ട്രബിളിന്റെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നവരില്‍ത്തന്നെ ചിലരില്‍ അകത്തു പ്രവേശിപ്പിക്കപ്പെട്ട വായു പുറന്തള്ളുന്നതിലേക്ക് കുടലുകളുടെ അധോഭാഗത്ത് എത്താന്‍ ഏറെ സമയം എടുത്തപ്പോള്‍, മറ്റുചിലരില്‍ ആവായു കു ടലുകളില്‍നിന്നും തിരികെ ആമാശയത്തിലേക്കുതന്നെ എത്തുന്നതായും കണ്ടെത്തുകയുണ്ടായി. ഗ്യാസുല്പാദനം ശരീരത്തില്‍കൂടിയ അളവില്‍ ഉണ്ടാകുന്നു എന്നതിനേക്കാള്‍ അതി നെ ആമാശയാന്ത്രങ്ങള്‍ തങ്ങളുടെ ചലനത്തിലൂടെയും ആ ഗിരണത്തിലൂടെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗമായി പ്രത്യക്ഷപ്പെടുന്നത്.
വയര്‍ നിറയെ ആഹാരം കഴിച്ചുകഴിഞ്ഞാല്‍ ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ വായു, ഏമ്പക്കരൂപത്തില്‍ വായിലെത്തുവാനു ള്ള ഒരു സ്വാഭാവിക പ്രവണത എല്ലാവരിലും ഉള്ളതാണ്. ആമാശയത്തില്‍ ആഹാരം നിറയുമ്പോള്‍, അതോടൊപ്പം നാംവിഴുങ്ങിയ വായുവും ഈ ഏമ്പക്കത്തിലൂടെ പുറന്തള്ളപ്പെടും. കുഞ്ഞിനു മുലയൂട്ടിക്കഴിഞ്ഞാല്‍, തോളില്‍ ക മഴ്ത്തിക്കിടത്തി പുറത്തു പതുക്കെ തട്ടണമെന്ന് അമ്മമാരെ ഉപദേശിക്കുന്നത് ഈ ഉദ്ദേശ്യത്തോടെയാണ്. ഇതു സാധിക്കുന്നത് ആമാശയത്തിനും അന്നനാളത്തിനും ഇടയിലുള്ള കവാടം തുറക്കുന്നതുകൊണ്ടാണ്. സാധാരണനിലയില്‍ ആമാശയത്തില്‍ നിന്നും അന്നനാളത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ തിരികെ പ്രവേശിക്കാത്ത രീതിയിലാണ് ഈ കവാടത്തിന്റെ ഘടന.
ആമാശയം നിറയുമ്പോള്‍ മാത്രമല്ല, നേന്ത്ര പ്പഴം, തക്കാളി, ചുവന്നുള്ളി, തുവരപ്പരിപ്പ്, ചെറുപഴം, ഉരുളക്കിഴങ്ങ് തുടങ്ങിയ ചില പ്രത്യേകതരം ഭക്ഷ്യവസ്തുക്കളുടെ ഉപയോഗവും ഏമ്പക്കം ഉണ്ടാക്കാന്‍ കാരണമാകാറുണ്ട്. ചിലരില്‍ ആഹാരസമയങ്ങള്‍ക്കിടക്കുള്ള അവസരങ്ങളില്‍ ഉള്ളിലെത്തുന്ന വായു, ആമാശയത്തില്‍ കെട്ടിനില്‍ക്കുകയും, ആഹാരം കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്നുതന്നെ വീര്‍ത്ത്, അത് ഏമ്പക്കത്തിലൂടെ വായുവിനെ പുറന്തള്ളുവാനുള്ള ഒരു പ്രേരണ ആയിത്തീരുകയും ചെയ്യാറുണ്ട്.
വായുവിഴുങ്ങുന്ന സ്വഭാവം ചിലരില്‍ പ്രത്യേകിച്ചും കാണാറുണ്ട്. ഇത്തരക്കാര്‍ സംസാരിക്കുമ്പോഴും, ആഹാരം കഴിക്കു മ്പോഴും വെള്ളം കുടിക്കുമ്പോഴും കൂടുതല്‍ വായു ഉള്ളിലേക്കു പ്രവേശിക്കാനിടയാകുന്നു. കൂടാതെ സ്‌ട്രോ ഉപയോഗിച്ച് ശീതളപാനീയങ്ങള്‍ കുടിക്കുന്നതും പുകവലിയും ച്യൂവിങ്ങ് ഗമ്മിന്റെ ഉപയോഗവും ഇതു സംഭവിക്കുവാനി ട നല്‍കുന്നു. ആകാംക്ഷയും ആകുലചിന്തയും ഉള്ളവരിലും ഇതിനുള്ള സാദ്ധ്യതകള്‍ വളരെയുണ്ട്. ഉദരത്തിലേയും നെഞ്ചിലേയും അസ്വസ്ഥതകള്‍ക്ക് താത്കാലികശമനം എന്ന നിലയ്ക്ക് കൃത്രിമമായി ഏമ്പക്കം വിടാന്‍ ശ്രമിക്കുന്നതും വായു കൂടിയ അളവില്‍ ഉള്ളിലെത്താനവസരം ഉണ്ടാക്കുന്നു. ഈ ശീലം ഉള്ളവരെ വിശദപരിശോധനക്ക് വിധേയമാക്കി, ഉദരവ്രണം, പിത്താശയക്കല്ല് എന്നീ രോഗാവസ്ഥകള്‍ ഇല്ല എന്നുറപ്പ് വരുത്തേണ്ടതാണ്.
പചനവ്യൂഹത്തിന്റെ അവയവപരവും പ്രവര്‍ത്തനപരവും ആയ വൈകല്യങ്ങളിലും വയര്‍വീര്‍ത്തതുപോലെയുള്ള തോന്നല്‍ ഉണ്ടാകാവുന്നതാണ്. ചിലപ്പോള്‍ വായു കുടലുകളിലേതെങ്കിലും ഭാഗത്തു തടഞ്ഞുനിന്ന് ഉദരത്തിലോ നെഞ്ചിലോ വിവരണാതീതമായ പീഡകള്‍ ഉണ്ടാക്കാം. ഹൃദ്രോഗമാണോ എന്ന സംശയംപോലും തോ ന്നും. കഴുത്തിലും തോളിലും ഇടതുകൈയിലും പ്രത്യേകിച്ച് കഴപ്പോ വേദനയോ ഉണ്ടാക്കുന്നില്ല എന്നത് ഹൃദയാവയവത്തകരാറുമായി ഇതിനുള്ള ഒരു വ്യത്യാസം ആണ്. മലബന്ധത്തിനു പരിഹാരം ഉണ്ടായാല്‍ത്തന്നെ ഒരു പരിധിവരെ, ഗ്യാസ്ട്രബിള്‍ നിമിത്തം ഉണ്ടായേക്കാവുന്ന അസ്വസ്ഥതകള്‍ക്ക് ശമനം കിട്ടാറുണ്ട്. ചില ര്‍ക്ക് ഇതിനായി എനിമ കൊടുക്കേണ്ടിവരും എ ന്നുമാത്രം.
ഭൂരിപക്ഷംപേരിലും വിദഗ്ധപരിശോധനകള്‍കൊണ്ട് പോലും, പ്രത്യേകിച്ച് ഒരു കാരണവും ഈ രോഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നുവരില്ല. പൊതുവേ ആരോഗ്യവും ശരീരത്തിന്റെ തൂക്കവും തൃപ്തികരമായാലും, വളരെ ക്ലേശനിര്‍ഭരമായ ഒരു രോഗചരിത്രവും ലക്ഷണങ്ങളും ആയിരിക്കും ഇത്തരം രോഗികള്‍ അവതരിപ്പിക്കുക. അധോവായു പലരിലും അ സ്വസ്ഥതകള്‍ ഉണ്ടാക്കുമെങ്കിലും അതൊരു രോ ഗലക്ഷണമാകുന്നതു വളരെ ചുരുക്കമാണ്.
സാധാരണ, നാംകഴിക്കുന്ന അന്നജം വന്‍ കുടലില്‍ എത്താറില്ല. പക്ഷേ, ദഹനശക്തിയു ടെ കുറവുകൊണ്ടോ, ആഗിരണശേഷിയുടെ പോരായ്മ കൊണ്ടോ, ബീന്‍സ്, ഉരുളക്കിഴങ്ങ് തുടങ്ങിയ ചില പ്രത്യേകതരം ഭക്ഷ്യവസ്തുക്ക ള്‍ അമിതമായി ഉപയോഗിക്കുക വഴിയോ ആ ഗിരണം ചെയ്യപ്പെടാത്ത അന്നജം ഉള്‍ക്കൊള്ളു ന്ന ആഹാരം കഴിക്കുന്നതുകൊണ്ടോ ഇങ്ങനെ സംഭവിക്കാം. ആരോഗ്യവാന്മാരില്‍പോലും, കഴിക്കുന്ന അന്നജത്തിന്റെ ഇരുപതുശതമാനത്തോളം ആഗിരണം ചെയ്യപ്പെടാറില്ല. അരിയാഹാരത്തിലെ അന്നജം പൂര്‍ണമായും ആഗിരണം ചെയ്യപ്പെടുമ്പോള്‍, ഗോതമ്പ്, ഓട്‌സ്, ഉരുളക്കിഴങ്ങ് എന്നിവയിലേതു ഭാഗികമായേ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. ഇങ്ങനെയുള്ള അ ന്നജത്തിലും ഭക്ഷ്യവസ്തുക്കളിലെ നാരുകളി ലും ബാക്ടീരിയകള്‍ പ്രവര്‍ത്തിച്ചാണ് ഗ്യാസ് രൂപം കൊള്ളുന്നത്. തേനിലും പഴങ്ങളിലും സ്വാഭാവികമായി ഉള്‍ക്കൊള്ളുന്ന ഫ്രാക്‌റ്റോസ് സോഫ്ട്ഡ്രിങ്ക്‌സിലും മറ്റും മധുരം കിട്ടാനായി ധാരാളം ചേര്‍ക്കുന്നുണ്ട്. ഗ്യാസ്ട്രബിള്‍ രോഗം ഉള്ളവരില്‍ ഫ്രാക്‌റ്റോ സ് ആഗിരണം വേണ്ടരീതിയില്‍ നടക്കാതിരിക്കുന്നത് അസുഖം കൂട്ടുന്നതായും, ഇതൊഴിവാക്കുമ്പോള്‍ രോഗശമനം ഉണ്ടാകുന്നതായും കണ്ടിട്ടുണ്ട്.
മലബന്ധംകാരണം വിസര്‍ജ്യവസ്തുക്കള്‍ കൂടുതല്‍ സമയം വന്‍കുടലില്‍ കെ ട്ടിനില്‍ക്കാനിടവന്നാല്‍ അതിലടങ്ങിയിട്ടുള്ള അ ന്നജത്തില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ ബാക്ടീരിയയ്ക്ക് അവസരം കിട്ടുകയും വായു കൂടുതലായി ഉണ്ടാകാനിട നല്‍കുകയും ചെ യ്യും. ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങള്‍ക്കൊപ്പം പനി, ഛര്‍ദ്ദി, ശരീരത്തിന്റെ തൂക്കക്കുറവ്, വയറിളക്കം, ഉറക്കമില്ലായ്മ, മലത്തിലൂടെ രക്തസ്രാവം എന്നിവ കാണപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രമേഹരോഗികളില്‍ നാഡീതകരാറുകള്‍ കൊണ്ട് കുടലുകളുടെ ചലനത്തിന്റെ സ്വാഭാവി കവേഗതക്ക് മാന്ദ്യം ഉണ്ടാക്കാം. കഴുത്തിനിരുവശവും സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യം രോഗിയില്‍ വയറുവീര്‍പ്പും മലബന്ധവും ഉണ്ടാക്കാവുന്നതാണ്.
ഇത്തരം അവയവപരമായ തകരാറുകള്‍ ഒന്നും കണ്ടെത്താനാകുന്നില്ലെങ്കില്‍, ഉദരത്തിലെ ഗ്യാസ് കുറയ്ക്കാനും, ദഹനശക്തി വര്‍ദ്ധിപ്പിക്കാനും ആമാശയത്തിന്‍േറയും കുടലുകളുടേയും പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താനും യുക്തമായ ഔഷധങ്ങള്‍ വിദഗ്‌ധോപദേശം അനുസരിച്ച് കഴിക്കണം.
ഗ്യാസ്ട്രബിള്‍ ഒഴിവാക്കുവാന്‍
ദൈനംദിനജീവിതത്തിലെ അപത്ഥ്യങ്ങളും ക്രമംതെറ്റിയുള്ള ആഹാരവിഹാരങ്ങളും ഒ ഴിവാക്കുകയാണ് ഈരോഗം ബാധിക്കാതിരിക്കാന്‍ പ്രധാനമായും വേണ്ടത്. ശരീരത്തിനു ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍ ഏതൊക്കെയെന്നു മനസ്സിലാക്കി അവ വര്‍ജ്ജിക്കണം. ഈ കാലത്ത് മായം ചേര്‍ക്കാത്ത ഭക്ഷണപാനീയങ്ങള്‍ പൊതുവിപണിയില്‍ നിന്ന് ലഭിക്കുക ബുദ്ധിമുട്ടാകയാല്‍ അത്തരം ആഹാരങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുകയാണു നല്ലത്. ഫ്രിഡ്ജ ില്‍ വെച്ച ഭക്ഷ്യവസ്തുക്കളും കൂള്‍ഡ്രിങ്ക്‌സ്, ഐസ്‌ക്രീം തുടങ്ങിയവയും ഗ്യാസ്ട്രബിളുള്ളവര്‍ ഒഴിവാക്കണം. പരസ്പരം യോജിക്കാത്തവ (പാലും മീനും പോലുള്ള വിരുദ്ധാഹാരങ്ങള്‍) ഒരേ സമയത്ത് ഒന്നിച്ചുപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പഴകിയതും ദുഷിച്ചതുമായ മത്സ്യം മാംസം തുടങ്ങിയവ കഴിക്കരുത്. ദഹിക്കുവാന്‍ വിഷമം ഉള്ളതും എരിവും പുളിയും അധികം ചേര്‍ത്തതുമായവയും കഴിക്കാതിരിക്കണം.
ആഹാരം കഴിച്ചയുടനേയുള്ള പകലുറക്കം ഒഴിവാക്കുകയാണു നല്ലത്. ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂടെക്കൂടെ വെള്ളം കുടിക്കരുത്. അമിതമായ മദ്യപാനവും പുകവലിയും ഈ രോഗത്തെ വര്‍ദ്ധിപ്പിക്കും എന്നോര്‍ക്കുക. തുവരപ്പരിപ്പ്, ഉരുളക്കിഴങ്ങ് ചെറുപഴം, പയര്‍വര്‍ഗങ്ങള്‍, എണ്ണയില്‍ വറു ത്ത ഭക്ഷ്യവസ്തുക്കള്‍ ഇവയും വര്‍ജിക്കണം. കൃത്യസമയത്ത് ആഹാരം കഴിക്കുന്ന കാര്യത്തില്‍ ഗ്യാസ്ട്രബിള്‍ രോഗി പ്രത്യേകം ശ്രദ്ധിക്കുകതന്നെ വേണം. വയറ് വിശന്നിരിക്കുവാന്‍ പാടില്ല. ചായ, കാപ്പി ഇവ വളരെ കുറച്ചുമാത്രം ഉപയോഗിക്കുകയോ ഉപേക്ഷിക്കുക തന്നെയോ ചെയ്യുന്നത് നല്ലതാണ്. എപ്പോഴും സംഘര്‍ഷപൂരിതമായ മനസ്സുള്ളവര്‍ക്ക് ഗ്യാസ്ട്രബിള്‍ വിട്ടുമാറില്ല എന്നോര്‍ക്കുക. അതിനാല്‍ ആധിയും ആകാംക്ഷയും മനഃസംഘര്‍ഷങ്ങളും പരമാവധി ഒഴിവാക്കണം.
പൂതീകരഞ്ജാസവം, ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, പഞ്ചകോലാസവം, അഭയാരി ഷ്ടം എന്നിവയും ഹിംഗുവചാദിഗുളിക വൈ ശ്വാനരചൂര്‍ണം, ധാന്വന്തരം ഗുളിക, ദശമൂലഹരീതകിലേഹം, വില്വാദിലേഹം തുടങ്ങിയവയും ഈ രോഗം മാറാന്‍ വളരെ നല്ലതാണ്.
വിദഗ്ധനിര്‍ദ്ദേശാനുസരണം ഇവ ഉപയോ ഗിക്കുകയും പത്ഥ്യങ്ങള്‍ പൂര്‍ണമായി പാലിക്കുകയും ചെയ്താല്‍ ഗ്യാസ്ട്രബിളിനു പൂര്‍ണശമനം പ്രതീക്ഷിക്കാം. ജീരകവെള്ളത്തില്‍ ധാന്വന്തരം ഗുളിക ചേര്‍ത്തുകഴിക്കുന്നത് നല്ലതാണ്. വെള്ളുള്ളി ചതച്ചിട്ട് കാച്ചിയ ചൂടുപാല്‍ കുടിക്കുന്നതും നല്ലതാണ്. ദഹനത്തെ സഹായിക്കുന്ന തരത്തിലുള്ള യോഗാസനങ്ങളും വ്യായാമവും ഈ രോഗത്തെ നിയന്ത്രണവിധേയമാക്കുവാന്‍ സഹായിക്കുന്നു. നടത്തം നല്ല വ്യായാമമാണ്. ഒരേ സ്ഥാനത്ത് തുടര്‍ച്ചയായിരിക്കുന്നത് കുടലുകളുടെ ശരിയായ ചലനത്തെ പ്രതികൂലമായി ബാധിക്കുകയും അത് ദഹനക്കേടിനു കാരണമായിത്തീരുകയും ചെയ്യും. അതിനാല്‍ തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യേണ്ടിവരുന്നവര്‍ ഇടയ്ക്കിടെ എണീറ്റ് അല്പം നടക്കുന്നതു നല്ലതാണ്.
ഡോ. കെ. മുരളീധരന്‍പിള്ള
പ്രിന്‍സിപ്പാള്‍
വൈദ്യരത്‌നം ആയുര്‍വേദ
കോളേജ്, ഒല്ലുര്‍, തൃശ്ശൂര്‍