മൊബൈല്‍ഫോണുകള്‍ സ്മാര്‍ട്ടായതോടെ കഷ്ടത്തിലായ കൂട്ടരാണ് ബാറ്ററികള്‍. മൊബൈല്‍ സംസാരിക്കാനും മെസേജ് അയക്കാനും മറ്റും ഉപയോഗിച്ചിരുന്ന മൂന്നും നാലും ദിവസം ചാര്‍ജ് നിന്നിരുന്ന ബാറ്ററികള്‍ സ്മാര്‍ട്ട്ഫോണിലേക്ക് എത്തിയതോടെ കഷ്ടിച്ച് ഒരു ദിവസം കൂടിയാല്‍ ഒന്നര ദിവസം, അതിനുള്ളില്‍ വറ്റിവരണ്ട് പണിമുടക്കുകയാണ്. അത്യാവശ്യം ഇന്‍റര്‍നെറ്റ് ബ്രൗസ് ചെയ്യുകയും പാട്ടുകേള്‍ക്കുകയും സിനിമ കാണുകയും ഒക്കെ ചെയ്യുന്ന മൊബൈലാണെങ്കില്‍ ഒരു ദിവസം തന്നെ ചാര്‍ജ് നിന്നാല്‍ ഭാഗ്യം. കൂടെ ഒരു ചാര്‍ജര്‍ കൊണ്ടുനടന്നില്ലെങ്കില്‍ എപ്പോ വേണമെങ്കിലും നിങ്ങള്‍ ‘പെരുവഴി’യിലാകും. ബാറ്ററിയുടെ ആയുസ് കുറച്ചെങ്കിലും കൂട്ടാന്‍ സഹായിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? താഴെപറയുന്ന പൊടിക്കൈകള്‍ ഒന്നു ചെയ്തുനോക്കൂ.
ഡിസ്പ്ളേ ശ്രദ്ധിക്കുക- സ്മാര്‍ട്ട്ഫോണില്‍ ഏറ്റവുമധികം ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്നയാളാണ് ഡിസ്പ്ളേ. ഡിസ്പ്ളേ ബ്രൈറ്റ്നസ് എത്ര ഉയര്‍ന്നിരിക്കുന്നുവോ അത്ര വേഗത്തില്‍ ചാര്‍ജ് ഇറങ്ങും. സ്ക്രീന്‍ ബ്രൈറ്റ്നസ് 100 ഒക്കെ ഇട്ട ശേഷം ചാര്‍ജ് പെട്ടന്ന് തീരുന്നുവെന്ന് ഫോണിനെ കുറ്റം പറയേണ്ട എന്ന് സാരം. വീട്ടിലോ ഓഫീസിലോ ആണെങ്കില്‍ ബ്രൈറ്റ്നെസ് കുറച്ചുവെക്കുകയാണ് ഇതിനുള്ള പ്രതിവിധി. ടൈംഔ് ഓപ്ഷനുള്ള ഫോണുകളില്‍ സ്ക്രീന്‍ലൈറ്റ് ടൈംഔ് 15 മുതല്‍ 30 വരെ സെക്കന്‍റ് ആക്കിവെച്ചാല്‍ നന്നായിരിക്കും.
കണക്ടിവിറ്റി വില്ലനായേക്കാം- ചാര്‍ജ് കുടിക്കുന്ന മറ്റൊരു വില്ലനാണ് കണക്ടിവിറ്റി, പ്രത്യേകിച്ച് വൈഫൈയും ജി.പി.എസും. യാത്രയിലും മറ്റും ആണെങ്കില്‍ പുതിയ സിഗ്നലുകള്‍ ലഭ്യമാക്കാന്‍ ഇവ ഏറെ ബാറ്ററി ചാര്‍ജ് വിനിയോഗിക്കുന്നു. ആവശ്യമില്ലാ· സമയങ്ങളില്‍ എല്ലാ കണക്ടിവിറ്റിയും ഓഫ് ആക്കാന്‍ ശ്രദ്ധിച്ചാല്‍ ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാം. വൈഫൈ, ജി.പി.എസ് എന്നിവയുടെ വിഡ്ജറ്റുകളോ ഷോര്‍ട്ട്കട്ട് കീയോ ഹോംസ്ക്രീനില്‍ ഉപയോഗിച്ചാല്‍ ഇത് ഏറെ എളുപ്പമാകും.
ഹോംസ്ക്രീന്‍ കുത്തിനിറക്കരുത്- എളുപ്പത്തില്‍ ഉപയോഗിക്കാനെന്ന് പറഞ്ഞ് ഉപയോഗിക്കാത്ത ആപ്ളിക്കേഷനുകളുടെ വരെ ഷോര്‍ട്ട്കട്ടുകളും വിഡ്ജറ്റുകളും ഹോംസ്ക്രീനില്‍ ഇടുന്നവരാണ് നമ്മള്‍ പലരും. എന്നാല്‍ ഹോംസ്ക്രീനില്‍ ഐക്കണുകളുടെ എണ്ണം വര്‍ധിക്കുന്നത് ബാറ്ററി ചാര്‍ജിന് ഹാനികരമാണ് എന്നതാണ് വസ്തുത. ഹോംസ്ക്രീനില്‍ ആനിമേറ്റഡ് വാള്‍പേപ്പറുകള്‍ ഒഴിവാക്കേണ്ടതാണ്.
ഗെയിമുകളും ആപ്ളിക്കേഷനുകളും ഉപയോഗിച്ച ശേഷം വെറുതെ എക്സിറ്റ് അടിക്കാതെ ഷട്ട്ഡൗണ്‍ ചെയ്തുവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം അവ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുകയും അത് ബാറ്ററി ചാര്‍ജ് നഷ്ടമുണ്ടാക്കുകയും ചെയ്യും.
ആപ്ളിക്കേഷന്‍ സ്റ്റോറുകളില്‍ ബാറ്ററി ഉപയോഗം കാണാന്‍ കഴിയുന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഫോണിലെ ആപ്ളിക്കേഷനുകളും പ്രോഗ്രാമുകളും എത്ര ബാറ്ററി ചാര്‍ജ് ഉപയോഗിക്കുമെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
ആപ്ളിക്കേഷനുകള്‍ ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പതിവായി പുതുക്കുന്നതാണ് (സിംക്രണൈസേഷന്‍) മറ്റൊരു വില്ലന്‍. ഫേസ്ബുക്ക്, ട്വിറ്റര്‍, കാലാവസ്ഥ,വാര്‍ത്തകള്‍ തുടങ്ങിയവക്കായുള്ള ആപ്ളിക്കേഷനുകള്‍ ഉദാഹരണം. ഇവയില്‍ അപ്ഡേറ്റുകളുടെ സമയം വര്‍ധിപ്പിക്കുകയോ അത്യാവശ്യമില്ലാത്ത ആപ്ളിക്കേഷനുകളാണെങ്കില്‍ അപ്ഡേറ്റ് ഓഫ് ചെയ്യുകയോ ചെയ്യുക