Sunday, August 05, 2012

'ഏഴ് സംഭ്രമനിമിഷങ്ങള്‍ക്ക്' ലോകമൊരുങ്ങി




വാഷിങ്ടണ്‍ : 1969-ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമായാണത് വിശേഷിപ്പിക്കപ്പെടുന്നത്. യു.എസ്സിന്റെ റോബോട്ടിക് പേടകമായ 'ക്യൂരിയോസിറ്റി' തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.01ന് ചൊവ്വാഗ്രഹത്തിലിറങ്ങുമ്പോള്‍ അതൊരു ബഹിരാകാശ വിസ്മയമാവും. 

നൂതനവും സാഹസികവുമായ 'ലാന്‍ഡിങ്' രീതിയാണു യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ'(നാഷണല്‍ ഏറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍) യിലെ ശാസ്ത്രജ്ഞര്‍ ഈ പേടകത്തിനായി വിഭാവനം ചെയ്തിരിക്കുന്നത് എന്നതാണു കാരണം. 

'ക്യൂരിയോസിറ്റി' ചൊവ്വയിലിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഏഴു മിനിറ്റുകള്‍ അതീവനിര്‍ണായകമാണ്. അതുകൊണ്ടുതന്നെ 'ഏഴു സംഭ്രമനിമിഷങ്ങള്‍' (സെവന്‍ മിനിറ്റ്‌സ് ഓഫ് ടെറര്‍) എന്നാണതിനെ 'നാസ' വിശേഷിപ്പിക്കുന്നത്. 

മുന്‍കാല ചൊവ്വാപര്യവേക്ഷണ പേടകങ്ങളെ അപേക്ഷിച്ച് വലിപ്പവും ഭാരവും കൂടുതലായതുകൊണ്ടാണു 'ക്യൂരിയോസിറ്റി'ക്കുവേണ്ടി സങ്കീര്‍ണമായ 'ലാന്‍ഡിങ്' രീതി പരീക്ഷിക്കേണ്ടിവന്നത്. 

'സ്പിരിറ്റ്', 'ഓപര്‍ച്യുണിറ്റി' തുടങ്ങിയ മുന്‍ പേടകങ്ങള്‍ 'എയര്‍ ബാഗു'കളുടെ സഹായത്തോടെയാണ് ചൊവ്വയിലിറങ്ങിയതെങ്കില്‍, 'ആകാശ ക്രെയിന്‍' സംവിധാനമാണ് 'ക്യൂരിയോസിറ്റി'ക്കായി ഉപയോഗിക്കുന്നത്. 'ലാന്‍ഡിങ്ങി'ന് ഏഴു മിനിറ്റു മുമ്പ് വിക്ഷേപണവാഹനത്തില്‍നിന്ന് വേര്‍പെടുന്ന പേടകം ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നു. 'ആകാശ ക്രെയിനാ'ണ് പിന്നെ പേടകത്തെ താങ്ങുന്നത്. 

ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ അതിവേഗമാര്‍ജിക്കുന്ന പേടകം പിന്നീട് ക്രമാനുഗതമായി വേഗം കുറച്ച് വളഞ്ഞും പുളഞ്ഞുമിറങ്ങുന്നു. പേടകത്തിന്റെ ആറു ചക്രങ്ങളും ചൊവ്വയുടെ പ്രതലത്തില്‍ മുട്ടുന്നതോടെ 'ആകാശ ക്രെയിനു'മായി അതിനെ ബന്ധിപ്പിച്ചിരുന്ന നൈലോണ്‍ ചരടുകള്‍ വിച്ഛേദിക്കപ്പെടും. 'ക്രെയിന്‍' പറന്നകലുകയും സുരക്ഷിതമായ ദുരത്തെത്തിയശേഷം തകര്‍ന്നുവീഴുകയും ചെയ്യും. 

ഗ്രഹമധ്യരേഖയോടു ചേര്‍ന്നുള്ള 'ഗേല്‍ ക്രേറ്റര്‍' എന്ന പടുകൂറ്റന്‍ കുഴിയുടെ അടിത്തട്ടിലാണു പേടകം ഇറങ്ങുക. 154 കിലോമീറ്റര്‍ വീതിയുള്ള ഈ കുഴിയില്‍ അഞ്ചു കിലോമീറ്റര്‍ ഉയരമുള്ളൊരു പര്‍വതമുണ്ട്- മൗണ്ട് ഷാര്‍പ്. കുഴിയില്‍നിന്ന് മുകളിലേക്കുയര്‍ന്നാണതിന്റെ നില്‍പ്പ്. 

ചൊവ്വയില്‍ എന്നെങ്കിലും ജീവാണുസാന്നിധ്യമുണ്ടായിരുന്നോ എന്നതിന്റെ തെളിവുകള്‍ ഈ കുഴിയില്‍നിന്നും മലയില്‍ നിന്നും തോണ്ടിയെടുക്കാനാവുമെന്ന പ്രതീക്ഷയാണ് 'നാസ' യിലെ ശാസ്ത്രജ്ഞര്‍ക്കുള്ളത്. അതിനാവശ്യമായ ഉപകരണങ്ങളുടെ സമ്പന്നശേഖരവും വഹിച്ചാണ് 566 ദശലക്ഷം കിലോമീറ്റര്‍ പറന്ന് 'ക്യൂരിയോസിറ്റി' ചൊവ്വയിലെത്തുന്നത്. രണ്ടു വര്‍ഷം നീണ്ട ദൗത്യത്തിനിടെ സുപ്രധാന വിവരങ്ങള്‍ ഈ പേടകം ഭൂമിയിലേക്കു വിനിമയം ചെയ്യുമെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ നവംബര്‍ 26-നു ഫേ്‌ളാറിഡയിലെ കേപ് കനവറില്‍നിന്നാണ് പേടകം വിക്ഷേപിച്ചത്. യു.എസ്സിന്റെ ഇതേവരെയുള്ള ഏറ്റവും വലിയ ചൊവ്വാപര്യവേക്ഷണ പദ്ധതിയാണിത്. 250 കോടി ഡോളര്‍ (ഏതാണ്ട് 13,750 കോടി രൂപ) ആണ് ചെലവ്. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment