ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, August 03, 2012

വിന്‍ഡോസ് 8 ഒക്ടോബര്‍ 26 ന് പുറത്തിറങ്ങും


വിന്‍ഡോസ് 8 ഒക്ടോബര്‍ 26 ന് പുറത്തിറങ്ങും
സാന്‍ഫ്രാന്‍സിസ്കോ: തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസിന്‍െറ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് എട്ട് ഒക്ടോബര്‍ 26ന് പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റിന്‍െറ സെയില്‍സ് മീറ്റില്‍ യൂണിറ്റ് തലവനായ സ്റ്റീവന്‍ സിനോഫ്സ്കിയാണ് വിന്‍ഡോസ് 8 വാതായനം തുറന്നുവെയ്ക്കുന്ന ദിവസം വെളിപ്പെടുത്തിയത്. കൂടാതെ മൈക്രോസോഫ്റ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ ബ്രാന്‍ഡന്‍ ലേബ്ളാന്‍ക് കഴിഞ്ഞ ദിവസം തന്‍െറ ബ്ളോഗിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പേഴ്സണല്‍ കംപ്യൂട്ടറുകളിലേക്ക് മാത്രമല്ല സ്മാര്‍ട്ഫോണുകളിലേക്കും ടാബ്ലറ്റുകളിലേക്കുമുള്ള പതിപ്പും പ്രസ്തുത ദിവസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കംപ്യൂട്ടറില്‍ വിന്‍ഡോസ് 8 അപ്ഗ്രേഡ് ചെയ്യുകയോ അപ്ഡേഷന്‍ ലഭ്യമാകുന്ന പുതിയ കംപ്യൂട്ടര്‍ വാങ്ങുകയോ ചെയ്യാം. വിന്‍ഡോസ് XP യോ, വിന്‍ഡോസ് 7 ഓ ഉപയോഗിക്കുന്നവര്‍ക്ക് 40 ഡോളര്‍ മുടക്കിയാല്‍ വിന്‍ഡോസ് 8 ലേക്ക് മാറാം.
സാധാരണ ഡെസ്ക്ടോപ്പിനും ടച്ച്സക്രീനിനും ഉതകുന്ന രീതിയിലാണ് വിന്‍ഡോസ് 8 പുറത്തിറക്കുന്നത്. വിന്‍ഡോസ് 8ന് മൂന്ന് പതിപ്പുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഗൂഗിളിന്‍െറ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടും ആപ്പിളിന്‍െറ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനോടും (iOS) മത്സരിക്കേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ വിന്‍ഡോസ് 7 പുറത്തിറങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തിറങ്ങുന്ന വിന്‍ഡോസ് 8ല്‍ കാതലായ പല മാറ്റങ്ങളും മൈക്രോസോഫ്റ്റ് വരുത്തിയിട്ടുണ്ട്.

Thursday, August 02, 2012

ടീഷര്‍ട്ടില്‍ നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന കാലം വരുന്നു





അമേരിക്കയില്‍ സൗത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച സങ്കേതം രംഗത്തെത്തിയാല്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ നിങ്ങളിട്ടിരിക്കുന്ന ടീഷര്‍ട്ട് തന്നെ മതിയാകും. സാധാരണ ടീഷര്‍ട്ടുകളില്‍ വൈദ്യുതി സംഭരിച്ച് സൂക്ഷിക്കാനുള്ള വിദ്യയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഫോണുകളും മറ്റ് ഉപകരണങ്ങളും വസ്ത്രങ്ങളില്‍ നിന്ന് ചാര്‍ജ് ചെയ്യാനുള്ള വഴി തുറക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 

ചുരുട്ടിവെയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും അധികം വൈകാതെ വിപണിയിലെത്തുമെന്നാണ് ടെക് വിദഗ്ധരുടെ പ്രവചനം. അത്തരം ഉപകരണങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന കണ്ടെത്തലാണ് അമേരിക്കന്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. 

സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറായ ഷിയോഡോങ് ലീ, പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ ലിഹോങ് ബാവോ എന്നിവര്‍ ചേര്‍ന്നാണ് ടീഷര്‍ട്ടുകളെ വൈദ്യുതസംഭരണിയാക്കുന്ന വിദ്യ കണ്ടെത്തിയത്.

ലോക്കല്‍ ഡിസ്‌ക്കൗണ്ട് സ്‌റ്റോറില്‍ നിന്ന് വാങ്ങിയ ടീഷര്‍ട്ടിനെ ഒരു ഫ് ളൂറൈഡ് ലായനിയില്‍ മുക്കി ഉണക്കിയ ശേഷം, ഓക്‌സിജന്‍ വിമുക്ത പരിസ്ഥിതിയില്‍ ഉന്നത ഊഷ്മാവില്‍ ബേക്ക് ചെയ്യുകയാണ് ഗവേഷകര്‍ ചെയ്തത്. 

ആ പ്രക്രിയ വഴി തുണിയിലെ നാരുകള്‍ സെല്ലുലോസില്‍ നിന്ന് കാര്‍ബണായി പരിവര്‍ത്തനം ചെയ്തുവെന്ന് 'അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്' ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ആ പ്രക്രിയ മൂലം തുണിയുടെ വഴക്കത്തിന് (flexibility) ഒരു കോട്ടവും സംഭവിച്ചില്ല. 

തുണിനാരുകളെ ഇലക്ട്രോഡുകളായി ഉപയോഗിക്കുക വഴി, തുണിയുടെ ഭാഗങ്ങളെ കപ്പാസിറ്റര്‍ (capacitor) ആക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ തെളിയിച്ചു. വൈദ്യുതിയെ സംഭരിച്ചു വെയ്ക്കാനാണ് കപ്പാസിറ്ററുകള്‍ ഉപയോഗിക്കുന്നത്. ഏതാണ്ടെല്ലാ വൈദ്യുതോപകരണങ്ങളുടെയും അഭിഭാജ്യഘടകമാണ് കപ്പാസിറ്ററുകള്‍. 

ടീഷര്‍ട്ടിന്റെ ഭാഗങ്ങള്‍ ആയിരക്കണക്കിന് പ്രാവശ്യം റീചാര്‍ജ് ചെയ്യാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഉയര്‍ന്ന പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ സാധിക്കുന്ന 'സൂപ്പര്‍കപ്പാസിറ്ററുകളാ'യി തുണിയെ മാറ്റാന്‍ കഴിയുന്നു എന്നാണിതിനര്‍ഥം-പ്രൊഫ.ലീ പറഞ്ഞു. 

ആയിരക്കണക്കിന് തവണ റീചാര്‍ജ് ചെയ്തിട്ടും, തുണിയുടെ വൈദ്യുതസംഭരണ ശേഷിക്ക് അഞ്ചു ശതമാനത്തിലേറെ ശോഷണം സംഭവിച്ചില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. 

'മൊബൈല്‍ ഫോണ്‍ പോലെ കൈയില്‍ കൊണ്ടുനടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇത്തരം സൂപ്പര്‍ കപ്പാസിറ്ററുകളുപോയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയും'-പ്രൊഫ.ലീ പറഞ്ഞു. 

വസ്ത്രം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കോട്ടണ്‍ ടീഷര്‍ട്ടുകള്‍ക്ക് ഭാവിയില്‍ കൂടുതല്‍ ഉപയോഗങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സെല്‍ഫോണും ഐപാഡുമൊക്കെ ചാര്‍ജ് ചെയ്യാനുള്ള വഴിയായേക്കാം ടീഷര്‍ട്ടുകള്‍, അദ്ദേഹം അഭിപ്രായപ്പെട്ടു.