ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, January 06, 2012

ജിഎസ്എം ഫോണുകള്‍ ഭീഷണിയിലെന്ന് വിദഗ്ധന്‍




ലോകത്ത് 80 ശതമാനം ഫോണുകളിലും ഉപയോഗിക്കുന്ന വയര്‍ലെസ്സ് സങ്കേതം സുരക്ഷാപഴുതുള്ളതാണെന്ന് മുന്നറിയിപ്പ്. ജിഎസ്എം വയര്‍ലെസ് സങ്കേതം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍, ദുഷ്ടബുദ്ധികള്‍ക്ക് എളുപ്പത്തില്‍ നിയന്ത്രണത്തിലാക്കാമെന്ന് ജര്‍മന്‍ മൊബൈല്‍ സുരക്ഷാവിദഗ്ധനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ജിഎസ്.എം സങ്കേതത്തിലെ പഴുത് ചൂഷണം ചെയ്യാനായാല്‍, ഉടമസ്ഥന്‍ അറിയാതെ ഫോണിനെക്കൊണ്ട് ടെക്‌സ്റ്റ് മെസേജുകള്‍ അയപ്പിക്കാനും ഫോണ്‍ കോളുകള്‍ വിളിപ്പിക്കാനും സാധിക്കും - ജര്‍മനിയിലെ സെക്യൂരിറ്റി റിസര്‍ച്ച് ലാബ്‌സിന്റെ മേധാവി കാര്‍സ്റ്റെന്‍ നോഹ്ല്‍ പറഞ്ഞു.

ഇതിന് സമാനമായ ആക്രമണങ്ങള്‍ കുറച്ച് ഫോണുകൡ മുമ്പ് നടന്നിട്ടുണ്ട്. എന്നാല്‍, പുതിയ രീതിയിലുള്ള ആക്രമണം വഴി ജിഎസ്എം സങ്കേതം ഉപയോഗിക്കുന്ന ഏത് ഫോണിനെയും എളുപ്പത്തില്‍ വരുതിയിലാക്കാന്‍ കുബുദ്ധികള്‍ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

'ചെറിയൊരു സമയംകൊണ്ട് ലക്ഷക്കണക്കിന് ഫോണുകളെ ആക്രമിക്കാന്‍ കഴിയും'-നോഹ്ല്‍ ചൂണ്ടിക്കാട്ടി. ബര്‍ലിനില്‍ നടക്കുന്ന ഒരു ഹാക്കിങ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം വാര്‍ത്താഏജന്‍സിക്ക് മുന്നില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കോര്‍പ്പറേറ്റ് ലാന്‍ഡ്‌ലൈനുകളെയും മറ്റും വരുതിയിലാക്കി ഫോണ്‍തട്ടിപ്പ് നടത്തുന്നത് പുതുമയുള്ള സംഗതിയല്ല. ഇങ്ങനെ കുബുദ്ധികള്‍ നുഴഞ്ഞുകയറി ഫോണ്‍ലൈനുകള്‍ ചൂഷണം ചെയ്തകാര്യം മിക്കപ്പോഴും ഭീമമായ ഫോണ്‍ബില്‍ വരുമ്പോഴാകും സ്ഥാപനങ്ങള്‍ അറിയുക.

11 രാജ്യങ്ങളിലെ 32 മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ പ്രകടനം നോഹ്‌ലലിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വിലയിരുത്തിയപ്പോള്‍, സുരക്ഷയുടെ കാര്യത്തില്‍ അവയൊന്നും മികച്ച പ്രകടനമല്ല കാഴ്ചവെയ്ക്കുന്നതെന്ന് കണ്ടു. അതിന്റെ അടിസ്ഥാനത്തില്‍ gsmmap.orgഎന്നൊരു റാങ്കിങ് സൈറ്റും രൂപപ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രിയ, ബെല്‍ജിയം, ചെക് റിപ്പബ്ലിക്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, ഇറ്റലി, മൊറോക്കോ, സ്ലൊവാക്യ, സ്വിറ്റ്‌സ്വര്‍ലന്‍ഡ്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ 32 മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ പ്രകടനമാണ് ഗവേഷകര്‍ വിലയിരുത്തിയത്. (ചിത്രം കടപ്പാട് : റോയിട്ടേഴ്‌സ്) 

വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ടെലിവിഷന്‍, ആപ്പിളില്‍ നിന്ന്


വിളിച്ചാല്‍ വിളി കേള്‍ക്കുകയും, പറഞ്ഞാല്‍ അനുസരിക്കുകയും ചെയ്യുന്ന ടെലിവിഷന്റെ കാര്യം ആലോചിച്ചു നോക്കൂ. അത് വയര്‍ലെസ് കൂടിയാണെങ്കിലോ....റിമോര്‍ട്ട് കണ്‍ട്രോളില്‍ ചാനലിന് വേണ്ടി പരതേണ്ട ആവശ്യം വരില്ല, ഏത് ചാനലാണ് വേണ്ടതെന്ന് ടിവിയോട് പറഞ്ഞാല്‍ മതി. കേബിള്‍ കണക്ഷന്റെ പൊല്ലാപ്പുകളുമില്ല. 

ആപ്പിളിന്റെ മൂശയില്‍ ഒരുങ്ങുന്ന ഭാവി ടെലിവിഷന്റേതായി പുറത്തുവന്നിട്ടുള്ള സവിശേഷതകളില്‍ ചിലതാണിത്. ഇക്കാര്യത്തില്‍ സ്റ്റീവ് ജോബ്‌സിന്റെ സ്വപ്‌നങ്ങളുമായി ആപ്പിള്‍ മുന്നോട്ടു പോവുകയാണെന്ന് സാരം. 

ഭാവി ടെലിവിഷനെ സംബന്ധിച്ച തങ്ങളുടെ സങ്കല്‍പ്പം സമീപ ആഴ്ചകളില്‍ ആപ്പിള്‍ ഉന്നതര്‍, ഒട്ടേറെ വമ്പന്‍ കമ്പനികളിലെ മീഡിയ എക്‌സിക്യുട്ടീവുകളുമായി ചര്‍ച്ചചെയ്തതായി'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 

വിവിധ ഷോകളും സിനിമകളുമൊക്കെ ടെലിവിഷനില്‍ വയര്‍ലെസ് ആയി സ്ട്രീമിങ് നടത്താനുള്ള സങ്കേതം ആപ്പിള്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ആപ്പിളിന്റെ സീനിയര്‍ വൈസ്പ്രസിഡന്റ് എഡ്ഡി ക്യു അടക്കമുള്ളവരാണ്, മീഡിയ എക്‌സിക്യുട്ടീവുകളുമായി പുതിയ ടിവി സങ്കേതങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തിയത്. 

അത്തരം ഒരു മീറ്റങിനിടെയാണ് ശബ്ദനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ടിവി പ്രവര്‍ത്തിപ്പിക്കാനുള്ള സങ്കേതവും വികസിപ്പിക്കുന്ന കാര്യം ആപ്പിള്‍ ഉന്നതര്‍ സൂചിപ്പിച്ചത്. യൂസറുടെ ശബ്ദം മാത്രമല്ല, അംഗവിക്ഷപങ്ങളനുസരിച്ചും ടിവിയെ നിയന്ത്രിക്കാവുന്ന സങ്കേതമാണത്രേ ആപ്പിള്‍ നിര്‍മിക്കുന്നത്! 

സാധാരണഗതിയില്‍ ആപ്പിള്‍ അതിന്റെ ഉത്പന്നങ്ങള്‍ അതീവരഹസ്യമായാണ് വികസിപ്പിക്കാറ്. ടിവി സങ്കേതങ്ങളുടെ കാര്യത്തിലും 'അവ്യക്തമായ' ചില ആശയങ്ങള്‍ മാത്രമേ ആപ്പിള്‍ പങ്കുവെച്ചിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, ഏതെങ്കിലും ടിവി ഷോകളുടെ ലൈസന്‍സിനായി ആപ്പിള്‍ ശ്രമിച്ചിട്ടുമില്ല. അതിനര്‍ഥം, ആപ്പിള്‍ ടിവി യാഥാര്‍ഥ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ്. 

എന്നാല്‍, ചില പ്രത്യേക സംഗതികള്‍ മീഡിയ കമ്പനികളുമായി ഗൂഗിള്‍ ചര്‍ച്ചചെയ്തു. ടെലിവിഷന്റെ ഉള്ളടക്കം വ്യത്യസ്ത രീതിയില്‍ സ്ട്രീമിങ് നടത്തുന്നതാണ് അതിലൊരു സംഗതി. ടിവി സെറ്റില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം, വ്യത്യസ്തമായ മറ്റൊരു ഉപകരണത്തില്‍ (ഉദാഹരണത്തിന് സ്മാര്‍ട്ട്‌ഫോണ്‍) യാത്രയ്ക്കിടെ കാണാന്‍ കഴിയുംവിധം സ്ട്രീമിങിന്റെ സാധ്യത വര്‍ധിപ്പിക്കുക. 

ആപ്പിളിന്റെ ടിവി സെറ്റപ്പ് ബോക്‌സ് ഇപ്പോള്‍ തന്നെ വിപണിയിലുണ്ട്. അതിന്റെ സഹായത്തോടെ, പുതിയ വീഡിയോ സ്ട്രീമിങ് സാധ്യമാക്കുന്ന കാര്യമാവാം ഒരുപക്ഷേ, ആപ്പിള്‍ ഉന്നതര്‍ മീഡിയ എക്‌സിക്യുട്ടീവുകളുമായി ചര്‍ച്ച ചെയ്തതെന്നും ചിലര്‍ പറയുന്നു. 

ആളുകള്‍ ടിവി ആസ്വദിക്കുന്ന രീതി മാറ്റുകയെന്നത് ആപ്പിളിന്റെ ആഗ്രഹമാണ്. മ്യൂസിക് വ്യവസായവും സെല്‍ഫോണ്‍ വ്യവസായവും ആപ്പിള്‍ മാറ്റിമറിച്ചതു പോലെ, ഇക്കാര്യവും സാധ്യമാക്കണമെന്നത് സ്റ്റീവ് ജോബ്‌സിന്റെ സ്വപ്‌നമായിരുന്നു. 

ആപ്പിളിന്റെ വയര്‍ലെസ് സ്ട്രീമിങ് സങ്കേതമായ 'എയര്‍പ്ലേ' (AirPlay)യുടെ ഒരു വേര്‍ഷനാകണം ടിവിക്കായി ആപ്പിള്‍ വികസിപ്പിക്കുന്നതെന്ന് ചില നിരീക്ഷകര്‍ കരുതുന്നു. ഐഫോണ്‍, ഐപാഡ് തുടങ്ങിയ മൊബൈല്‍ ഉപകരണങ്ങളില്‍ നിന്ന് സെറ്റപ്പ് ബോക്‌സിന്റെ സഹായമില്ലാതെ ടെലിവിഷനിലേക്ക് വീഡിയോ സ്ട്രീമിങ് നടത്താന്‍ ഈ സങ്കേതം സഹായിക്കും (ഈ പ്രക്രിയ ഇപ്പോള്‍ ആപ്പിളിന്റെ ടിവി സെറ്റപ്പ് ബോക്‌സിന്റെ സഹായത്തോടെ സാധ്യമാണ്). 

പുതിയൊരിനം ടെലിവിഷന്‍ തന്നെയാണ് ആപ്പിള്‍ വികസിപ്പിക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തെങ്കിലും, അതിനോട് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. 

ആപ്പിളിനെപ്പോലെ ടിവി പുനരവതരിപ്പിക്കാന്‍ തീവ്രശ്രമം നടത്തുന്ന ഒട്ടേറെ കമ്പനികളുണ്ട്. കമ്പ്യൂട്ടറുകളിലും ടാബ്‌ലറ്റുകളിലും വീഡിയോ ആസ്വദിക്കുന്നത് ടിവിയിലും സാധ്യമാക്കാനാണ് മിക്കവരുടെയും ശ്രമമെങ്കിലും, അത്തരം ഉപകരണങ്ങള്‍ക്ക് പരസ്പരം ആശയമവിനിമയം സാധ്യമാക്കുന്നതാണ് ഇപ്പോഴും പ്രശ്‌നം.

ടിവി രംഗത്ത് കാര്യമായി ഇടപെടുന്ന കമ്പനികളിലൊന്ന് ഗൂഗിളാണ്. പരമ്പരാഗത ടിവികളില്‍ ഇന്റര്‍നെറ്റ് വീഡിയ ആസ്വദിക്കാന്‍ പാകത്തിലുള്ള ആപ്ലിക്കേഷനുകള്‍, ഗൂഗിള്‍ ടിവി സോഫ്ട്‌വേറിന്റെ സഹായത്തോടെ യൂസര്‍മാരിലെത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. മൈക്രോസോഫ്ട് അതിന്റെ എക്‌സ്‌ബോക്‌സ് ഗെയിമിങ് കണ്‍സോളില്‍ വീഡിയോ ഉള്ളടക്കം ആസ്വദിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടെക്‌നോളജി ഭീമന്‍മാരുടെ പുതിയ മത്സരരംഗമായി ടെലിവിഷന്‍ മാറുന്നുവെന്നാണ് ഇക്കാര്യങ്ങള്‍ നല്‍കുന്ന സൂചന. പരമ്പരാഗത ടെലിവിഷന്‍ മാധ്യമം പുതിയ രൂപത്തില്‍ പിറവിയെടുക്കാന്‍ ഇത് സഹായിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Sunday, January 01, 2012

സോഷ്യല്‍ മീഡിയ താരമായ വര്‍ഷം; ഗൂഗിളിന് വെട്ടിനിരത്തലിന്റേയും



2011 പൂര്‍ത്തിയാകുമ്പോള്‍ ഡിജിറ്റല്‍ ലോകം ബാക്കിയാക്കുന്ന അടയാളങ്ങള്‍ എന്താണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനകീയപ്രക്ഷോഭങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ മുമ്പെങ്ങുമില്ലാത്ത വിധം കരുത്തു പകര്‍ന്നതിന് പോയ വര്‍ഷം സാക്ഷിയായി. ടൈംമാഗസില്‍ 2011 ലെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി 'പ്രതിഷേധകനെ'യാണ് തിരഞ്ഞെടുത്തത്. പ്രതിഷേധങ്ങള്‍ക്ക് അഗ്നി പകര്‍ന്നതോ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും.

പുതിയ കാലത്തിന്റെ അടയാളം സോഷ്യല്‍ മീഡിയ തന്നെയെന്ന് അടയാളപ്പെടുത്തുകയാണ്, അറബ് നാടുകളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ മുതല്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ നടന്ന പൊതുജന മുന്നേറ്റം വരെ. കേരളത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇപ്പോഴത്തെ നിലയ്‌ക്കെത്തിച്ചതില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഹിച്ച പങ്ക് ചെറുതല്ല.

സോഷ്യല്‍ മീഡിയയ്ക്ക് വര്‍ധിച്ചു വരുന്ന സ്വീകാര്യതയുടെ തെളിവാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചില കണക്കുകള്‍. ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് സൈറ്റായ ഗൂഗിളിന് തൊട്ടടുത്തെത്തിയിരിക്കുന്നു ഫെയ്‌സ്ബുക്കിലെയും സന്ദര്‍ശകരുടെ എണ്ണം എന്നാണ് മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനമായ 'നീല്‍സണ്‍' പുറത്തുവിട്ട പുതിയ കണക്കുകള്‍ പറയുന്നത്.

2011 ല്‍ അമേരിക്കയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള അന്തരം കുറഞ്ഞിരിക്കുന്നുവെന്ന് നീല്‍സണ്‍ പറയുന്നു. പ്രതിമാസം 153,441,000 പേര്‍ ഗൂഗിള്‍ സന്ദര്‍ശിക്കുന്നുവെങ്കില്‍, ഫെയ്‌സ്ബുക്കിന്റെ കാര്യത്തില്‍ ഈ സംഖ്യ 137,644,000 ആണ്. ഗൂഗിള്‍ പുതിയതായി തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് നീല്‍സന്റെ കണക്ക് പ്രകാരം സന്ദര്‍ശകരുടെ കാര്യത്തില്‍ എട്ടാം സ്ഥാനത്ത് മാത്രമാണെന്നും നീല്‍സന്റെ കണക്ക് പറയുന്നു.

സിരി, കിന്‍ഡ്ല്‍ ഫയര്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ഉയര്‍ച്ചപോലെ, ഡിജിറ്റല്‍ ലോകം കൂടുതലായി മൊബൈലിലേക്ക് മാറുന്നതിനും 2011 സാക്ഷിയായി. കമ്പ്യൂട്ടിങിന്റെ ഭാവി മൊബൈല്‍ ഉപകരണങ്ങളില്‍ തന്നെയെന്ന് വിളിച്ചോതുന്നതാണ്, ആപ്പിളിന്റെ ഐപാഡ് 2, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ തുടങ്ങിയ ടാബ്‌ലറ്റുകളുടെ വിജയം. ഒപ്പം ആപ്പിളിന്റെ ഐഫോണ്‍ 4 എസും സാംസങിന്റെ ഗാലക്‌സി നെക്‌സസ് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ നേടിയ വിജയവും ചെറുതല്ല. മൈക്രോസോഫ്ടിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണ്‍ 7 അടിസ്ഥാനമാക്കിയുള്ള നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണായ ലുമിയ രംഗത്തെത്തിയതും 2011 ല്‍ തന്നെ.

മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഐഫോണ്‍ 4 എസിലെ 'സിരി'യായിരുന്നു താരം. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അ
ടിസ്ഥാനമാക്കിയുള്ള ആ ഡിജിറ്റല്‍ അസിസ്റ്റന്റ് വലിയ ആകാംക്ഷയാണ് ടെക് ലോകത്ത് ഉണര്‍ത്തിയത്. 'ഗൂഗിള്‍ സെര്‍ച്ചിന് സിരി ഭീഷണിയാണെ'ന്ന് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് പറയുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍! സിരിക്ക് ബദലാകാന്‍ 'മേജല്‍' എന്നൊരു ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ഗൂഗിള്‍ എന്നതാണ് ഒടുവിലത്തെ വാര്‍ത്ത.

മൊബൈലിലേക്ക് ലോകം മാറുന്നത് സാധ്യതകള്‍ മാത്രമല്ല ഭീഷണികളും വര്‍ധിപ്പിക്കുന്നു. ഓണ്‍ലൈന്‍ ക്രിമിനലുകളുടെയും കുബുദ്ധികളുടെയും ദുഷ്ടപ്രോഗ്രാം നിര്‍മാതാക്കളുടെയും ശ്രദ്ധ മൊബൈല്‍ രംഗത്തേക്ക് മാറുന്നതിന് കടന്നുപോകുന്ന വര്‍ഷം സാക്ഷ്യം വഹിച്ചു. ഗൂഗിളിന് നിരവധി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍, ഭീഷണിയുടെ പേരില്‍ ഉപേക്ഷിക്കേണ്ടി വന്നു. കാരിയര്‍ ഐക്യു എന്ന കമ്പനിയുടെ ഒരു രഹസ്യ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തക്കളുടെ ഓരോ നീക്കങ്ങളും പിന്തുടരുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന കാര്യം വലിയ അമ്പരപ്പാണ് അടുത്തയിടെ ടെക് ലോകത്ത് സൃഷ്ടിച്ചത്.

ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന് വെട്ടിനിരത്തലിന്റെ വര്‍ഷമായിരുന്നു 2011. ലാറി പേജ് ഗൂഗിളിന്റെ സിഇഒ ആയി സ്ഥാനമേറ്റ ശേഷമെടുത്ത നിര്‍ണായക തീരുമാനമാണ്, ഉത്പന്നങ്ങളുടെയും സര്‍വീസുകളുടെയും എണ്ണം കുറയ്ക്കുക എന്നത്. ഗൂഗിള്‍ വേവ്, ഗൂഗിള്‍ ബസ്, ഗൂഗിള്‍ നോള്‍ എന്നിങ്ങനെ വലിയ ആവേശത്തോടെ അവതരിപ്പിക്കപ്പെട്ട ഡസണ്‍ കണക്കിന് സര്‍വീസുകളും ഉത്പന്നങ്ങളും ഉപേക്ഷിക്കാനാണ് ഗൂഗിള്‍ തീരുമാനിച്ചത്. പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് പോലുള്ളവയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഈ നയംമാറ്റമെന്ന് ഗൂഗിള്‍ പറയുന്നു.

വെബ്ബ് @ 20


സുപ്രധാനമായ ചില വാര്‍ഷികങ്ങള്‍ക്കും 2011 സാക്ഷിയായി. ഏറ്റവും ശ്രദ്ധേയം പുത്തന്‍ മാധ്യമവിപ്ലവത്തിന് തുടക്കംകുറിച്ച വേള്‍ഡ് വൈഡ് വെബ്ബിന് 20 തികഞ്ഞു എന്നതാണ്. ടിം ബേണേഴ്‌സി ലീ തയ്യാറാക്കിയ വേള്‍ഡ് വൈഡ് വെബ്ബ് പ്രോഗ്രാം പൊതുജനങ്ങള്‍ക്കുള്ള ഒരു സര്‍വീസ് എന്ന നിലയ്ക്ക് ഇന്റര്‍നെറ്റില്‍ ലഭ്യമായത് 1991 ആഗസ്ത് ആറിനാണ്. അത്രകാലവും അക്കാദിമിക്, ഗവേഷണ സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെട്ടിരുന്ന ഇന്റര്‍നെറ്റ് എന്ന ആഗോള വിവരവിനിമയ ശൃംഖലയെ സാധാരണക്കാരന്റെ പക്കലെത്തിച്ചത് വെബ്ബിന്റെ ആവിര്‍ഭാവമാണ്. ലോകം പിന്നീടൊരിക്കലും പഴയതുപോലെ ആയില്ല.

ഈമെയില്‍ എന്ന ഇലക്ട്രോണിക്‌സ് മെയില്‍ ആരംഭിച്ചതിന്റെ നാല്പതാം വാര്‍ഷികവും
2011 ലായിരുന്നു. 1971 ഹേമന്തത്തില്‍ അമേരിക്കയില്‍ റേ ടോംലിന്‍സണ്‍ എന്ന കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ താന്‍ രൂപപ്പെടുത്തിയ 'സെന്‍ഡ് മെസേജ് പ്രോഗ്രാമി'ന്റെ സഹായത്തോടെ തന്റെ കമ്പ്യൂട്ടറില്‍ നിന്ന് ഒരു മീറ്റര്‍ അകലെയിരുന്ന മറ്റൊരു കമ്പ്യൂട്ടറിലേക്ക് ഒരു സന്ദേശമയച്ചതോടെയായിരുന്നു ഈമെയിലിന്റെ തുടക്കം.

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയക്ക് തുടക്കമിട്ടിട്ട് പത്തുവര്‍ഷമായതും 2011 ല്‍ തന്നെ. ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും ചേര്‍ന്ന് 2001 ജനവരി 15 നാണ് വിക്കിപീഡിയയ്ക്ക് തുടക്കമിടുന്നത്. ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാവുന്ന, ആര്‍ക്കും എഡിറ്റുചെയ്യാവുന്ന വിക്കിപീഡിയയുടെ വളര്‍ച്ച മിന്നല്‍വേഗത്തിലായിരുന്നു. ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളിലൊന്നാണ് ഇന്ന് വിക്കിപീഡിയ.

പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയും വ്യക്തിഗത വിനോദത്തിന്റെയും ചരിത്രവഴികളെ പുതിയ പാതയിലേക്ക് നയിച്ച ഐപോഡ് എന്ന ഐതിഹാസിക ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ട് പത്തുവര്‍ഷം തികഞ്ഞതും ഇപ്പോഴാണ്. 2001 ഒക്ടോബര്‍ 23 നാണ് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ലോകത്തിന് മുന്നില്‍ ഐപോഡ് ആദ്യമായി അവതരിപ്പിച്ചത്. ഐപോഡ് യുഗത്തിന് അന്ത്യമാവുകയാണോ എന്ന സംശയത്തിന്റെ നിഴലിലാണ് അതിന്റെ പത്താംവാര്‍ഷികം കടന്നുപോകുന്നത്.

വേര്‍പാടുകള്‍

സാങ്കേതികവിദ്യയുടെ ചരിത്രത്തില്‍ മുദ്രപതിപ്പിച്ച ചില വ്യക്തിത്വങ്ങള്‍ വിടവാങ്ങിയതിനും 2011 സാക്ഷിയായി. അതില്‍ ഏറ്റവും ശ്രദ്ധേയം ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെയും പ്രോഗ്രാമിങ് വിദഗ്ധന്‍ ഡെന്നീസ് റിച്ചിയുടെയും വേര്‍പാടായിരുന്നു.

സാങ്കേതികവിദ്യയ്ക്ക് എങ്ങനെ മനുഷ്യജീവിതം കൂടുതല്‍ മെച്ചപ്പെടുത്തനാകുമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത വ്യക്തിയായിരുന്നു സ്റ്റീവ് ജോബ്‌സ്. ആപ്പിള്‍ കമ്പനി സ്ഥാപിക്കുകയും മകിന്റോഷ് വഴി പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ യുഗത്തിലേക്ക് ലോകത്തെ കൈപിടിച്ച് നടത്തുകയും ചെയ്ത സ്റ്റീവ് സ്വന്തം സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആപ്പിളിന്റെ അമരത്തിലെത്തിയ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് പേഴ്‌സണല്‍ കമ്പ്യൂട്ടിങ് പുത്തന്‍ യുഗത്തിലേക്ക് ചുവടുവെച്ചത്-ഐപോഡിലൂടെയും ഐഫോണിലൂടെയും ഐപാഡിലൂടെയും. ഭാവിയെ കണ്ടെത്തിയ മനുഷ്യനായിരുന്നു അദ്ദേഹം. ഇതിഹാസതുല്യമായ ആ ജീവിതം കഴിഞ്ഞ ഒക്ടോബര്‍ ആറിന് അവസാനിച്ചു.

ഡിജിറ്റല്‍ വിപ്ലവത്തിന്റെ ചരിത്രവഴിയില്‍ മറക്കാനാകാത്ത നാമമാണ് ഡെന്നീസ് റിച്ചിയുടേത്. 'സി' പ്രോഗ്രാമിങ് ലാംഗ്വേജിന്റെ സൃഷ്ടാവും യുണീക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹനിര്‍മാതാവുമായ ഡെന്നീസ് റിച്ചി അന്തരിച്ച വിവരം ലോകമറിഞ്ഞത് ഒക്ടോബര്‍ എട്ടിനാണ്. ലിനക്‌സ്, മാക് ഒഎസ്, ഐഒഎസ്, ആന്‍ഡ്രോയിഡ്, ജാവാസ്‌ക്രിപ്റ്റ്, C++ തുടങ്ങിയവയെല്ലാം, യുണീക്‌സ് ഒഎസിന്റെയും സി ലാംഗ്വേജിന്റെയും പിന്‍ഗാമികളാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടിങിലും മൊബൈല്‍ കമ്പ്യൂട്ടിങിലും ആധുനിക പ്രോഗ്രാമിങ് സങ്കേതങ്ങളിലുമെല്ലാം സ്വാധീനം ചെലുത്തിയ മുന്നേറ്റമാണ് ഡെന്നീസ് റിച്ചി നടത്തിയതെന്ന് സാരം.