ആപ്പിളിന്റെ ഇതുവരെയുള്ള റിക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ട് കമ്പനി പുറത്തിറക്കിയ പുതിയ ഐഫോണ്‍ പതിപ്പ് സൂപ്പര്‍ഹിറ്റാകുന്നു. അമേരിക്കയിലും മറ്റ് ചില രാജ്യങ്ങളിലും മൂന്നു ദിവസംകൊണ്ട് 40 ലക്ഷം ഐഫോണ്‍ 4 എസ് വിറ്റഴിഞ്ഞു. വെള്ളിയാഴ്ചയാണ് ഫോണ്‍ വിപണിയിലെത്തിയത്.
ഐഫോണ്‍ 4 നെ അപേക്ഷിച്ച് പുതിയ ഫോണിന്റെ ആദ്യദിനങ്ങളിലെ വില്‍പ്പന രണ്ട് മടങ്ങിലേറെയാണെന്ന്, ആപ്പിള്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഐഫോംണ്‍ 4 പുറത്തിറക്കിയപ്പോള്‍, ആദ്യ മൂന്നു ദിവസംകൊണ്ട് ലോകത്താകമാനം വിറ്റഴിഞ്ഞത് 17 ലക്ഷം ഫോണുകളായിരുന്നു.
അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 4 വിപണിയിലെത്തിയപ്പോള്‍ തുടക്കത്തില്‍ ലഭ്യമായിരുന്നത് എടി ആന്‍ഡ് ടി വരിക്കാര്‍ക്ക് മാത്രമായിരുന്നു. വെറൈസണ്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഐഫോണ്‍ 4 ലഭ്യമായത് 2011 ആദ്യമാണ്, സ്പ്രിന്റ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് കഴിഞ്ഞയാഴ്ചയും. എന്നാല്‍, ഈ മൂന്ന് നെറ്റ്‌വര്‍ക്കുകള്‍ക്കും ലഭ്യമാകത്തക്ക വിധമാണ് ഐഫോണ്‍ 4 എസ് അവതരിപ്പിച്ചിരിക്കുന്നത്.
കാഴ്ചയില്‍ ഏറെക്കുറെ അതിന്റെ മുന്‍ഗാമിയെ അനുസ്മരിപ്പിക്കുന്നതാണ് ഐഫോണ്‍ 4 എസ് എങ്കിലും, ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് പുതിയ ഫോണിന്റെ വരവ്. ഡ്യുവല്‍കോര്‍ പ്രൊസസറും, എട്ട് മെഗാപിക്‌സല്‍ ക്യാമറയും, ഫുള്‍ 1080പി ഹൈഡെഫിനിഷന്‍ വീഡിയോ റിക്കോഡിങ് സൗകര്യവുമൊക്കെ ഐഫോണ്‍ 4 എസിലുണ്ട്.
'സിരി' (Siri) എന്ന ആപ്ലിക്കേഷനാണ് ഐഫോണ്‍ 4 എസിലെ ഏറ്റവും വലിയ പ്രത്യേകത. ശബ്ദനിര്‍ദേശങ്ങള്‍ക്കനുസരിച്ച്, ആവശ്യമായ വിവരങ്ങള്‍ യൂസര്‍ക്ക് മുന്നിലെത്തിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്.
ഐഫോണ്‍ 5 ആപ്പിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്, 2011 ഒക്ടോബര്‍ നാലിന് ഐഫോണ്‍ 4 എസ് അവതരിപ്പിക്കപ്പെട്ടത്. ഐപോഡും ഐഫോണും ഐപാഡുമുള്‍പ്പടെയുള്ള ഉപകരണങ്ങള്‍ വഴി, ഡിറ്റല്‍ലോകത്തിന്റെ ഗതി തിരിച്ചുവിട്ട സ്റ്റീവ് ജോബ്‌സിന്റെ വേര്‍പാടിന് തൊട്ടുപിന്നാലെയാണ് ഐഫോണ്‍ 4 എസ് വിപണിയിലെത്തിയത്.
ബ്ലാക്ക്ബറി, സിമ്പിയാന്‍, ആന്‍ഡ്രോയിഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഉപേക്ഷിച്ച് കുറെ പുതിയ ഉപഭോക്തക്കള്‍ കൂടി ഐഫോണ്‍ 4 എസിലേക്ക് തിരിഞ്ഞതായി, റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി നടത്തിയ സര്‍വെ പറയുന്നു. ഐഫോണ്‍ 4 എസിന്റെ വന്‍വില്‍പ്പനയ്ക്ക് ആക്കംകൂട്ടാന്‍ അതും സഹായിച്ചുവെന്ന് കരുതാം.
തങ്ങളുടെ പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ഐഒഎസ് 5 (iOS 5) ഇതിനകം 25 മില്യണ്‍ ആളുകള്‍ ഉപയോഗിച്ചു തുടങ്ങിയതായി ആപ്പിള്‍ അറിയിക്കുന്നു. കമ്പനി അവതരിപ്പിച്ച ഐക്ലൗഡ് (iCloud) സര്‍വീസില്‍ 20 മില്യണ്‍ പേര്‍ ഇതിനകം ചേര്‍ന്നുകഴിഞ്ഞു.
76 ശതമാനം ഐഫോണ്‍ യൂസര്‍മാരും ഐക്ലൗഡില്‍ ചേരാന്‍ താത്പര്യപ്പെടുന്നതായി ഒരു സര്‍വെ പറയുന്നു. അങ്ങനെയെങ്കില്‍, ആപ്പിളിന്റെ മറ്റ് സര്‍വീസുകള്‍പ്പോലെ ഐക്ലൗഡും വന്‍വിജയമാകുമെന്ന് ഉറപ്പിക്കാം. ഐക്ലൗഡിലെ അംഗസംഖ്യ 150 മില്യണ്‍ വരെയെത്താമെന്നാണ് പ്രവചനം.
അതിനിടെ, ഐഫോണ്‍ 4 എസിന്റെ വില്‍പ്പന ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്, സാംസങ് രംഗത്തെത്തി. പേറ്റന്റ് ലംഘനങ്ങളുടെ പേരില്‍ വിവിധ രാജ്യങ്ങളില്‍ ആപ്പിളും സാംസങും കൊമ്പ് കോര്‍ത്തിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സാംസങിന്റെ ഈ നീക്കം. ഫ്രാന്‍സിലും ഇറ്റലിയിലും ഇതേ നീക്കം സാംസങ് നടത്തുന്നുണ്ട്.
തങ്ങളുടെ പേറ്റന്റ് ആപ്പിള്‍ അതിലംഘിക്കുന്നതായി സാംസങ് ആരോപിക്കുന്നു. എന്നാല്‍, പേറ്റന്റ് ബലാബലത്തില്‍ ഇതുവരെ ആപ്പിളിനാണ് മുന്‍തൂക്കം. ഓസ്‌ട്രേലിയയില്‍ സാംസങിന്റെ ഗാലക്‌സി ട്ബ് 10.1 ന്റെ വില്‍പ്പന തടയാന്‍ ആപ്പിളാനായി. ഈ ടാബ്‌ലറ്റിന്റെ കാര്യത്തില്‍ ആപ്പിളിന്റെ പേറ്റന്റുകള്‍ സാംസങ് ലംഘിക്കുന്നതായി കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ ജര്‍മനിയിലും ആപ്പിള്‍ ഇതിനകം കോടതിയിലൂടെ വിജയം നേടിക്കഴിഞ്ഞു.