ആറായിരം രൂപയ്ക്ക് ആന്‍ഡ്രോയിഡ് ഫോണുകള്‍ നല്‍കുന്ന ലോക്കല്‍ കമ്പനികള്‍ അരങ്ങുവാഴുന്ന ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഇനി കൊടുംമത്സരത്തിന്റെ നാളുകളാണ്. വിലക്കുറവിലല്ല, വിലക്കൂടുതലില്‍ മത്സരിച്ചുകൊണ്ട് ആപ്പിള്‍ ഐഫോണ്‍ 4 ഉംസാംസങ് ഗാലക്‌സി എസ് 2 ഉം ഇന്ത്യന്‍ വിപണിയിലെത്തിക്കഴിഞ്ഞു. സാംസങിന്റെ മോഡലിന് 32,890 രൂപയാണ് വിലയെങ്കില്‍ ആപ്പിളിന്റെ റേഞ്ച് തുടങ്ങുന്നതുതന്നെ 34,500 രൂപയിലാണ്.
ഐഫോണ്‍ 4 മായി ആപ്പിള്‍ ഇന്ത്യയിലെത്തുന്നുവെന്ന വിരമറിഞ്ഞയുടന്‍ സാംസങും തിടുക്കത്തില്‍ പുത്തന്‍ മോഡല്‍ അവതരിപ്പിക്കുകയായിരുന്നു. ഇന്നിപ്പോള്‍ ഇംഗഌഷ് പത്രങ്ങളിലടക്കം മുഴൂവന്‍പേജ് പരസ്യങ്ങള്‍ നല്‍കി രണ്ടു കമ്പനികളും മത്സരം കൊഴുപ്പിക്കുകയാണ്്. മൊബൈല്‍സര്‍വീസ് കമ്പനികളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിലും ഇവര്‍ മത്സരിക്കുന്നു.
കാല്‍ലക്ഷത്തിലേറെ രൂപ മുടക്കി വാങ്ങാന്‍ എന്തു പ്രത്യേകതകളാണ് ഈ ഫോണുകളിലുള്ളതെന്ന് പരിശോധിക്കുകയാണിവിടെ. രണ്ടു ഫോണുകളില്‍ കേമനാരാണ് നിശ്ചയിക്കേണ്ടത് ആത്യന്തികമായി ഉപഭോക്താക്കളാണ്. എങ്കിലും ഇവ രണ്ടിനെയും ഒന്ന് താരതമ്യം ചെയ്യാനുള്ള ശ്രമമാണിവിടെ-
1. ഡിസൈന്‍
കണ്ടുനില്‍ക്കുന്നവരുടെ മനസിലാണ് സൗന്ദര്യം എന്നു പറഞ്ഞതുപോലെ മൊബൈല്‍ഫോണിന്റെ അഴകളവുകള്‍ക്ക് മാര്‍ക്കിടുക ദുഷ്‌കരമാണ്. ഒരാള്‍ അയ്യേ എന്നു പറയുന്ന ഡിസൈന്‍ മറ്റൊരാള്‍ക്ക് അടിപൊളിയായി തോന്നും എന്നതുതന്നെ കാരണം. എന്നിരുന്നാലും സാംസങും ഗാലക്‌സി എസ് 2 ഉം, ഐഫോണ്‍ 4 ഉം കാഴ്ചയില്‍ അവയുടേതായ നിലയില്‍ സുന്ദരന്‍മാരാണ് എന്നു തന്നെ പറയണം. രണ്ടും ഒരുപോലെ സ്‌റ്റൈലിഷ്. 115.2 മില്ലിമീറ്റര്‍ നീളം, 58.6 മില്ലിമീറ്റര്‍ വീതി, 9.3 മില്ലിമീറ്റര്‍ ഘനം എന്നിങ്ങനെയാണ് ഐഫോണ്‍ 4 ന്റെ അളവുകള്‍. ഗാലക്‌സി എസ് 2 ന്റേത് 125.3 മില്ലിമീറ്റര്‍ നീളം, 66.1 മീറ്റര്‍ വീതി, 8.5 മില്ലിമീറ്റര്‍ ഘനം.
ലോകത്തിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആണ് ഗാലക്‌സിയെന്ന് സാംസങ് അവകാശപ്പെടുന്നു. അത്തരമൊരു അവകാശവാദം ഇത്രയും കാലം ഉന്നയിച്ചത് സോണി എറിക്‌സണിന്റെ എക്‌സ്പീരിയ ആര്‍ക് എന്ന സ്മാര്‍ട്‌ഫോണിന്റെ കാര്യത്തിലായിരുന്നു. എക്‌സ്പീരിയ ആര്‍ക്കിനേക്കാള്‍ സ്ലിമ്മാണ് ഗാലക്‌സി എസ് 2 എന്നു ചുരുക്കം. ഭാരത്തിന്റെ കാര്യത്തിലും ഗാലക്‌സി എസ് 2 ഐഫോണിനേക്കാള്‍ മുന്നില്‍ തന്നെ. 137 ഗ്രാമാണ് ഐഫോണ്‍ 4 നെങ്കില്‍, 116 ഗ്രാമേയുള്ളൂ ഗാലക്‌സി എസ് 2 ന്. എന്നിരുന്നാലും, ഐഫോണിന്റെ സൗന്ദര്യം ഗാലക്‌സിക്ക് അവകാശപ്പെടാനാകുമോ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റു പറയാനാകില്ല.
2. ഡിസ്‌പ്ലേ
4.3 ഇഞ്ച് കപ്പാസിറ്റീവ് സുപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയോടു കൂടിയാണ് ഗാലക്‌സി 2ന്റെ വരവ്. റിസൊല്യൂഷന്‍ 480 ഗുണം 800 പിക്‌സല്‍. ഇന്ന് വിപണിയില്‍ ലഭ്യമായ സ്മാര്‍ട്‌ഫോണുകളിലെ ഏറ്റവും മികച്ച ഡിസ്‌പ്ലേയാണ് ഇതെന്ന് നിസ്സംശയം പറയാം. വീഡിയോകളും സിനിമകളുമെല്ലാം നൂറുശതമാനം മിഴിവോടെ ഇതില്‍ കാണാം.
3.5 ഇഞ്ച് ഐ.പി.എസ്. എല്‍.സി.ഡി. റെറ്റീന ഡിസ്‌പ്ലേയാണ് ആപ്പിള്‍ ഐഫോണ്‍ 4 ലേത്. റിസൊല്യൂഷന്‍ 640 ഗുണം 960 പിക്‌സല്‍. ഈ ഫോണിന്റെ ഡിസ്‌പ്ലേ മോശമാണെന്ന് പറയാനാകില്ലെങ്കിലും ഗാലക്‌സി എസ് ടുവിനോട് ഏറ്റുമുട്ടാന്‍ ഇവന്‍ പോരെന്നത് യാഥാര്‍ഥ്യം മാത്രം. സ്‌ക്രീന്‍ വലിപ്പത്തിന്റെ കാര്യത്തിലും ഗാലക്‌സി എസ് 2 ന് തന്നെ മേല്‍കൈ.
3. ഹാര്‍ഡ്‌വേര്‍
ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ഗാലക്‌സി എസ് 2 ന് ഐഫോണിനേക്കാള്‍ മുന്‍തൂക്കമുണ്ട്. ഗാലക്‌സി വിപണിയിലെത്തുന്നത് ഇപ്പോഴാണെങ്കില്‍ ഐഫോണ്‍ 4 ഏതാണ്ട് ഒരുവര്‍ഷം മുമ്പ് തന്നെ ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങളില്‍ വിപണിയിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ, അവരുടെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുകളില്‍ ഒരു വര്‍ഷത്തെ പഴമയുണ്ടാകുക സ്വാഭാവികം.
ഒരു ജിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എംബി റാം, 16/32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഐഫോണ്‍ 4 ലുള്ളത്. ഗാലക്‌സി എസ് 2ല്‍ 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ എക്‌സിനോസ് പ്രൊസസര്‍, ഒരു ജിബി റാം, 16/32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയ്ക്കുപുറമെ മൈക്രോഎസ്ഡി കാര്‍ഡ് സ്‌ലോട്ടുമുണ്ട്്
4. പ്ലാറ്റ്‌ഫോം
ആപ്പിളിന്റെ സ്വന്തമായ ഐ ഒഎസാണ് ഐഫോണ്‍ 4 ലുള്ളത്. മികച്ച യൂസര്‍ ഇന്റര്‍ഫേസ്, നാലു ലക്ഷത്തിലേറെ ഗെയിമുകളും മൂന്നര ലക്ഷത്തിലേറെ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം എന്നിവ ഐഒഎസ് വാഗ്ദാനം ചെയ്യുന്നു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന്റെ 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനാണ് ഗാലക്‌സി എസ് 2 വിലെ ഒഎസ്. ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാനുള്ള സൗകര്യം ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലുമുണ്ട്.
ഐഫോണ്‍ ഒഎസിനെ കടത്തിവെട്ടുന്ന ഒരു മൊബൈല്‍ പ്ലാറ്റ്‌ഫോം ഇല്ലെന്നും, ആന്‍ഡ്രോയിഡിന് അതിന്റെ ഏഴയലത്ത് എത്താനാകില്ലെന്നും വാദിക്കുന്ന ആപ്പിള്‍ ആരാധകര്‍ ഏറെയാണ്. എന്നാല്‍, ആന്‍ഡ്രോയിഡിന്റെ ജിഞ്ചര്‍ബ്രഡ് പതിപ്പ് ഉപയോഗിച്ചാല്‍ ഈ അഭിപ്രായം മാറുമെന്ന് ആന്‍ഡ്രോയിഡ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
5. ക്യാമറ
ഓട്ടോഫോക്കസും എല്‍.ഇ.ഡി. ഫ്ലാഷുമുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി എസ് 2 ലുള്ളത്. വീഡിയോ ചാറ്റിങിനായി രണ്ട് മെഗാപിക്‌സലുള്ള മറ്റൊരു ക്യാമറയുമുണ്ട്. ഐഫോണ്‍ 4 ലുള്ളത് അഞ്ച് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും വീഡിയോ കോളിങിനായി മുന്‍ക്യാമറയുമുണ്ട്.
6. വെബ് ബ്രൗസിങ്
രണ്ടു ഫോണുകളിലുമുണ്ട് മികച്ച വെബ് ബ്രൗസറുകള്‍. എന്നാല്‍, വലിയ ഡിസ്‌പ്ലേ ആണെന്നതും ഫ്ലാഷ് സപ്പോര്‍ട്ട് ചെയ്യുന്നു എന്നതും ഗാലക്‌സി എസ് 2 ന് നേട്ടമാണ്. കണടക്ടിവിറ്റിക്കായി 4 ജി, ഇപെയ്‌മെന്റുകള്‍ നടത്താന്‍ സഹായിക്കുന്ന നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍ എഫ് സി) സൗകര്യം, ബിഗ് സ്‌ക്രീന്‍ ടി.വി.യുമായി വയര്‍ലെസ്സ് ബന്ധം സാധ്യമാക്കുന്ന ഡി.എല്‍.എന്‍.എ. സംവിധാനം എന്നിവയും ഗാലക്‌സി എസ് 2 വിലുണ്ട്. പേര് ഐഫോണ്‍ 4 എന്നാണെങ്കിലും, അത് ത്രീജി ഫോണാണ്. ഡിജിറ്റല്‍ വാലറ്റിനായുള്ള എന്‍എഫ്‌സി സംവിധാനം, അടുത്ത തലമുറ ഐഫോണില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിധിയെഴുത്ത്
ഐഫോണ്‍ 4 ന്റെ സാധ്യതകളും പേരായ്മകളത്രയും കൃത്യമായി മനസിലാക്കി, അതെല്ലാം പരിഹരിച്ചുകൊണ്ടുള്ള മോഡലാണ് ഗാലക്‌സി എസ് 2 എന്നത് വ്യക്തം. ഹാര്‍ഡ്‌വേര്‍ കരുത്തിലും മറ്റു സംവിധാനങ്ങളിലുമെല്ലാം ഐഫോണ്‍ 4 നെക്കാള്‍ ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കാന്‍ അതുകൊണ്ടു തന്നെ ഗാലക്‌സി എസ് 2ന് ആകുന്നു. വിലയുടെ കാര്യത്തിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുക ഗാലക്‌സി എസ് 2 തന്നെയാകും. എന്നാല്‍, ആപ്പിള്‍ ബ്രാന്‍ഡിന്റെ ആരാധകര്‍ ഇതൊന്നും കാര്യമാക്കില്ലെന്നുറപ്പ്.