ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Wednesday, April 25, 2012

മൊബൈല്‍ ഫോണ്‍ കാന്‍സറുണ്ടാക്കുമോ



ജീവന്‍ ജോബ് തോമസ്‌

ഗ്രോ ഹാര്‍ലം ബ്രണ്ട്‌ലാന്‍ഡ് (Gro Harlem Bruntland) നോര്‍വേയുടെ പ്രധാനമന്ത്രിയായിരുന്നു. ജോണ്‍ പോള്‍ മാര്‍പ്പാപ്പയ്ക്കും ഗോര്‍ബച്ചേവിനും മാര്‍ഗരറ്റ് താച്ചര്‍ക്കും ശേഷം യൂറോപ്പിനെ സ്വാധീനിച്ച വ്യക്തിയായി 2004-ല്‍ ഫിനാന്‍ഷ്യല്‍ ടൈംസ് തിരഞ്ഞെടുത്തത് അവരെയായിരുന്നു. ദീര്‍ഘകാലം ഡോക്ടറായി ജോലിയെടുത്ത ശേഷമായിരുന്നു ബ്രണ്ട്‌ലാന്‍ഡ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. 1998-ല്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞിരിക്കുമ്പോള്‍ അവരെത്തേടി ലോകാരോഗ്യസംഘടനയുടെ പ്രസിഡന്റ്സ്ഥാനം എത്തി. 2002 മാര്‍ച്ചില്‍, ആ സ്ഥാനത്തിന്റെ കാലാവധി കഴിയാന്‍ അഞ്ചു മാസം ബാക്കിയുള്ളപ്പോള്‍ ബ്രണ്ട്‌ലാന്‍ഡ് തന്റെ ഓഫീസില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു. പതിമൂന്നടി ദൂരത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാല്‍ താന്‍ വല്ലാതെ അസ്വസ്ഥയാകുന്നു എന്നും തനിക്ക് ശക്തമായ ഇലക്‌ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ് അലര്‍ജി ഉണ്ടെന്നും പറഞ്ഞുകൊണ്ടാണ് ആ നിരോധനം നടപ്പാക്കിയത്. ലോകത്തു വര്‍ധിച്ചുവരുന്ന ഇലക്‌ട്രോ മാഗ്‌നറ്റിക് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി (EHS) എന്ന മാരകവിപത്തിനെക്കുറിച്ച് മാനവരാശി കൂടുതല്‍ ബോധ്യത്തിലെത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബ്രണ്ട്‌ലാന്‍ഡ് അന്നു നടത്തിയ പ്രസ്താവനയില്‍ സൂചിപ്പിച്ചു.

മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍, മൊബൈല്‍ ഫോണ്‍ ബെയ്‌സ് സ്റ്റേഷനുകള്‍, പവര്‍ലൈനുകള്‍, ഇലക്ട്രിക് ട്രാന്‍സ്‌ഫോമറുകള്‍ തുടങ്ങിയവ ഉണ്ടാക്കുന്ന വൈദ്യുത കാന്തിക മേഖല (Electromagnetic Field) മനുഷ്യശരീരത്തില്‍ അലര്‍ജി സൃഷ്ടിക്കുന്നതിനെയാണ് EHS എന്ന് വിളിക്കുന്നത്. ലോകജനസംഖ്യയില്‍ അഞ്ചു ശതമാനത്തോളം പേര്‍ ഈ അവസ്ഥ നേരിടുന്നുണ്ടെന്നാണ് വിവിധ പഠനങ്ങള്‍ കാണിക്കുന്നത്്. തലവേദന, ബോധക്ഷയം, ക്ഷീണം, ഓര്‍മത്തകരാറ്, താളംതെറ്റിയ ഹൃദയമിടിപ്പ്, തൊലിപ്പുറത്തെ അസ്വസ്ഥതകള്‍ തുടങ്ങിയവയാണ് ഈ അവസ്ഥയുടെ അടയാളങ്ങളായി പറയുന്നത്. വൈദ്യുത കാന്തിക മണ്ഡലങ്ങള്‍ നമുക്കുചുറ്റും അദൃശ്യമായിട്ടാണ് നിലനില്ക്കുന്നത്. അടുത്ത കാലത്തായി വൈദ്യുതിയുടെയും വൈദ്യുതകാന്തിക മേഖലകളുടെയും വ്യത്യസ്തങ്ങളും വൈവിധ്യം നിറഞ്ഞതുമായ അനേകം ഉപയോഗസാധ്യതകള്‍ വികസിച്ചതോടെ, നമുക്കുചുറ്റും നിലനില്ക്കുന്ന ആ അദൃശ്യവലയങ്ങളുടെ കരുത്ത് വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ആ വര്‍ധനവിന്റെ യഥാര്‍ഥ സ്വാധീനത്തെക്കുറിച്ച് നമുക്കൊട്ട് ധാരണയും ഇല്ല. ഈ ഒരു സാഹചര്യത്തില്‍ EHS എന്ന അലര്‍ജി പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുകയാണെന്നാണ് ആ മേഖലയില്‍ കാര്യമായി പഠിക്കുന്ന പലരും പറയുന്നത്.

ഇലക്‌ട്രോണിക് മൂടല്‍മഞ്ഞ് അഥവാ ഇലക്‌ട്രോണിക് സ്‌മോഗ് (Electronic Smog) എന്ന വാക്ക് നമ്മുടെ ജീവിതത്തിലേക്കു പടര്‍ന്നുകയറാന്‍ തുടങ്ങുന്ന കാലമാണിത്. മൊബൈല്‍ ഫോണുകളുടെ എണ്ണം ലോകജനസംഖ്യയെ തോല്പിക്കുമോ എന്ന കണക്കിലാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രധാന സ്ഥാപനങ്ങളെല്ലാം വയറിന്റെ ബാധ്യതയില്ലാതെ ഇന്റര്‍നെറ്റുപയോഗിക്കാവുന്ന വൈ-ഫൈ (wifi) സൗകര്യത്തിലേക്കു ചേക്കേറിക്കഴിഞ്ഞു. ഇന്ത്യ, ചൈന, ബ്രസീല്‍,അര്‍ജന്റീന, ഈജിപ്ത്, നൈജീരിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഒരു കുട്ടിക്ക് ഒരു ലാപ്‌ടോപ് എന്ന ആശയം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. നൂറു ഡോളര്‍ വിലയുള്ള ലാപ്‌ടോപ്പുകള്‍ക്കൊപ്പം എല്ലാവര്‍ക്കും വൈ-ഫൈയായി ഇന്റര്‍നെറ്റ് ലഭിക്കുന്ന സൗകര്യംകൂടി ചര്‍ച്ചകളില്‍ ഉയരുന്നു. വൈദ്യുതിപോലും വയറിന്റെ ബാധ്യതയില്ലാതെ പ്രവഹിപ്പിച്ച് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവുമോ എന്ന് മുന്തിയ ഗവേഷണകേന്ദ്രങ്ങളില്‍ പഠനങ്ങള്‍ നടക്കുന്നു. വൈദ്യുത കാന്തിക മേഖല നമുക്കുചുറ്റും പെരുത്തുപെരുത്ത് ഒരു മൂടല്‍മഞ്ഞുപോലെയാവുന്നു. പാരിസ്ഥിതികമായി സ്വാധീനമുണ്ടാക്കുന്ന തരത്തില്‍ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്‌ട്രോണിക് പുകമഞ്ഞാണെന്ന് ലോകാരോഗ്യസംഘടന അംഗീകരിച്ചുകഴിഞ്ഞു.

പ്രകൃതിയില്‍ ഊര്‍ജത്തിന്റെ ഏറ്റവും സൂക്ഷ്മമായ അവസ്ഥയാണ് വൈദ്യുതകാന്തിക തരംഗങ്ങള്‍. ഊര്‍ജം കൂടിയതും കുറഞ്ഞതുമായ അനുസ്യൂതതയില്‍ വ്യത്യസ്തങ്ങളായ തരംഗദൈര്‍ഘ്യങ്ങളോടെ പ്രപഞ്ചത്തിലാകെ അത് നിലനില്ക്കുന്നു. ഭൂമിയിലെ ജീവന്റെ ഉത്ഭവത്തിനും നിലനില്പിനും ആധാരമായ ഊര്‍ജത്തിന്റെ ഭാവവും ഇതുതന്നെയാണ്. സൗരയൂഥത്തിലെ ഓരോ ഗ്രഹങ്ങളിലും ഏല്ക്കുന്ന വൈദ്യുതകാന്തിക വികിരണത്തില്‍ വലിയ വ്യത്യാസം നിലനില്ക്കുന്നുണ്ട്. ഭൂമിക്ക് സ്ഥിരതയുള്ള ഒരു കാന്തികമണ്ഡലമുണ്ട്. അകക്കാമ്പിലെ ചലനശേഷിയുള്ള ദ്രാവകാവസ്ഥകളിലുള്ള പദാര്‍ഥമാണ് ഈ കാന്തികമേഖലയെ ഉണ്ടാക്കുന്നത്. സൂര്യനില്‍നിന്നും വരുന്ന വികിരണങ്ങള്‍ വ്യത്യസ്തതരത്തിലുള്ള വൈദ്യുതകാന്തികമേഖലകള്‍ ഭൂമിയില്‍ സൃഷ്ടിക്കുന്നുണ്ട്. ഊര്‍ജത്തിന്റെ സാധാരണഭാവമായ ഈ മേഖലകളെ കണ്ടെത്തി, അവയെ കൃത്രിമമായി ഉണ്ടാക്കി മെരുക്കിയെടുത്ത് തങ്ങള്‍ക്കാവശ്യമുള്ള തരത്തില്‍ ഉപയോഗിക്കാനുള്ള ശേഷി വികസിപ്പിച്ചത് മനുഷ്യസംസ്‌കാരത്തിന്റെ വിപ്ലവകരമായ പരിവര്‍ത്തനത്തിനു വഴിവെക്കുകയായിരുന്നു.

വൈദ്യുതി ഒഴുകുന്ന ഒരു ചാലകത്തിനരികിലിരിക്കുന്ന വടക്കുനോക്കിയന്ത്രത്തിന്റെ സൂചി ചലിക്കുന്നതു കണ്ട് അതിന്റെ കാരണം തിരഞ്ഞുപോയ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഓസ്ട്രഡാണ് ഈ വലിയ വിപ്ലവത്തിന്റെ തുടക്കക്കാരന്‍. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള അഭേദ്യമായ ബന്ധം തിരിച്ചറിഞ്ഞ മൈക്കല്‍ ഫാരഡെ 1831-ല്‍ ഡൈനാമോ വികസിപ്പിച്ചതോടെ മനുഷ്യചരിത്രംതന്നെ മാറാന്‍ തുടങ്ങുകയായിരുന്നു. അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം എഡിസന്‍ തന്റെ ബള്‍ബ് തെളിയിക്കാന്‍ വൈദ്യുതിയെ കമ്പികള്‍ വലിച്ച് രാജ്യം മുഴുവന്‍ എത്തിച്ചതോടെ ലോകത്തിന്റെ മുഖംതന്നെ മാറി. വൈദ്യുതിക്കും അപ്പുറത്തായിരുന്നു വൈദ്യുതകാന്തികമേഖലയുടെ മെരുക്കല്‍. റേഡിയോയും ടെലിവിഷനും ഭൂമിയില്‍ അവതരിച്ചു. ഭൂമിയുടെ അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ ഉപയോഗപ്പെടുത്തി ഉരുണ്ട ലോകത്തു ജീവിക്കുന്ന ഓരോരുത്തരുടെയും കാതുകളില്‍ റേഡിയോയിലൂടെ ശബ്ദം സഞ്ചരിച്ചെത്തി. ഉയരം കൂടിയ ടവറില്‍നിന്നും നോക്കിയാല്‍ കാണാവുന്നത്ര ദൂരെ മാത്രം സഞ്ചരിച്ചിരുന്ന ടെലിവിഷന്‍ ചിത്രങ്ങളാകട്ടെ, ഉപഗ്രഹസാങ്കേതികവിദ്യയുടെ വികാസത്തോടെ ഭൂമിയെ ചെറുനാരങ്ങയോളം ചെറുതാക്കി. ഇന്ന് വലിയ ഹൈവേകളെ അനുസ്മരിപ്പിക്കുംവിധത്തിലാണ് ഭൂമിക്കുചുറ്റും ഉപഗ്രഹങ്ങള്‍ പാഞ്ഞുകൊണ്ടിരിക്കുന്നത്. അവയെല്ലാംകൂടി മറ്റൊരു ഗ്രഹത്തിനും ഇല്ലാത്ത തരത്തില്‍ തികച്ചും അനന്യമായ ഒരു വൈദ്യുതകാന്തികമേഖലയെ ഭൂമിയില്‍ പടുത്തുയര്‍ത്തി. ഓരോ സെക്കന്‍ഡിലും അതിന്റെ കരുത്തു വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അതിനു സമ്മതിക്കാതെ ഒരു വലിയ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചുകൊണ്ട് വൈദ്യുതകാന്തികതരംഗങ്ങള്‍ നമ്മെ പിന്തുടരുന്നു. നമ്മുടെ ശരീരത്തിനുചുറ്റും അദൃശ്യവലയങ്ങള്‍ തീര്‍ക്കുന്നു. ലോകത്തിന്റെ ഏതു കോണില്‍ പോയൊളിച്ചാലും നിങ്ങള്‍ എവിടെയാണെന്ന് അത് മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കും. എന്നാല്‍ എത്ര വലിയ ആള്‍ക്കൂട്ടത്തിനകത്തു നില്ക്കുമ്പോഴും ആ അദൃശ്യവലയത്തിന്റെ സഹായത്തോടെ ലോകം മുഴുവനും എതിര്‍ക്കുന്ന സൗഹൃദങ്ങളെ നിലനിര്‍ത്താന്‍ നിങ്ങള്‍ക്കാകും. സ്വകാര്യതയുടെയും പരസ്യജീവിതത്തിന്റെയും വൈചിത്ര്യമാര്‍ന്ന വിരുദ്ധധ്രുവങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഭൂമിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യനിലേക്കും വൈദ്യുതകാന്തികമേഖലകളുടെ സ്വാധീനം വളരുന്നത്. നമ്മുടെ ശാരീരിക, മാനസികാവസ്ഥകളെ ഈ തരംഗങ്ങള്‍ എങ്ങനെ ബാധിക്കും എന്ന ചിന്ത അതിനൊപ്പംതന്നെ വളരുന്നുണ്ട്.

വൈദ്യുതി പ്രസരണം ആരംഭിക്കുന്ന നാളുകളില്‍ത്തന്നെ അതുമായി ബന്ധപ്പെട്ട ഭയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപിച്ചുതുടങ്ങിയിരുന്നു. പ്രാഥമികമായും സാങ്കേതികവിദ്യയുടെ യഥാര്‍ഥത്തിലുള്ള പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അജ്ഞതതന്നെ ഭയം ജനിപ്പിക്കുന്നതാണ്. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ എപ്പോഴും ആദ്യം ഉപയോഗിക്കാനാവുന്നത് സമൂഹത്തിലെ മേല്‍ത്തട്ടിലുള്ളവര്‍ക്കാണ്. കീഴേത്തട്ടിലുള്ളവര്‍ പലപ്പോഴും ആ സാങ്കേതികവിദ്യയുടെ സ്ഥാപനത്തിനായി കുടിയൊഴിക്കലുകളും മറ്റും നേരിടുകയും ചെയ്യും. തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ തങ്ങള്‍ക്ക് ഉപയോഗിക്കാനാവാത്ത സാങ്കേതികവിദ്യയുടെ കീഴില്‍ ജീവിക്കേണ്ടിവരുന്നത് ഓരോ മനുഷ്യനിലും സ്വാഭാവികമായും ഭയം ജനിപ്പിക്കും. വൈദ്യുതി പ്രവഹിക്കുന്ന ഒരു കമ്പിക്കു ചുറ്റും കാന്തികമേഖലയുണ്ടാകും. ഹൈ പവര്‍ ലൈനുകളാകുമ്പോള്‍ ഉണ്ടാകുന്ന കാന്തികമേഖലയുടെ കരുത്ത് വളരെ കൂടുതലായിരിക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണല്ലോ ലോകത്ത് ഇലക്ട്രിക് ലൈനുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഹൈ പവര്‍ ലൈനുകള്‍ക്കു കീഴെ ജീവിക്കുന്ന ഒരുപാട് മനുഷ്യജീവിതങ്ങള്‍ അക്കാലത്തുതന്നെ സൃഷ്ടിക്കപ്പെട്ടു. കാന്‍സര്‍ മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയാവാന്‍ തയ്യാറെടുക്കുന്ന കാലമായിരുന്നു അത്. 1920-കള്‍ക്കു ശേഷം കുട്ടികളുടെ രക്താര്‍ബുദം കാര്യമായി വര്‍ധിക്കുകയുണ്ടായി. വൈദ്യുതിയും അതിനുചുറ്റും നിലനില്ക്കുന്ന കാന്തികമണ്ഡലവും അതിന്റെപേരില്‍ പ്രതികളായി അക്കാലത്ത് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അടുത്തകാലത്ത് അതിന്റെ യാഥാര്‍ഥ്യത്തെ അന്വേഷിപ്പിക്കാനുള്ള ഒരു ശ്രമം നടക്കുകയുണ്ടായി. 1930, 1940,1950 എന്നീ വര്‍ഷങ്ങളിലെ അമേരിക്കയിലെ സെന്‍സസ് കണക്കുകളും ആ സമയത്ത് അമേരിക്കന്‍ ഗ്രാമങ്ങളില്‍ ഹൈ പവര്‍ വൈദ്യുത ടവറുകളുടെ ഇന്‍സ്റ്റലേഷന്‍ കണക്കുകളും ഒരുമിച്ചെടുത്ത് ചില പഠനങ്ങള്‍ തൊണ്ണൂറുകളുടെ അവസാനം നടന്നു. വൈദ്യുത ടവറുകള്‍ക്ക് അരികില്‍ താമസിച്ചിരുന്ന നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വൈദ്യുത ടവറുകള്‍ക്കു ദൂരെ താമസിച്ചിരുന്നവരെക്കാള്‍ ചെറിയ ശതമാനം കൂടുതല്‍ രക്താര്‍ബുദം ബാധിച്ചിരുന്നതായി ആ പഠനം കാണിക്കുന്നു. കേവലം സ്ഥിതിവിവരക്കണക്കുകളുടെ ബലത്തിലാണ് ഈ പഠനം നടന്നത്. ഹൈ പവര്‍ വൈദ്യുതലൈനില്‍നിന്നും വരുന്ന വികിരണങ്ങള്‍ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കും, അതെങ്ങനെ രക്താര്‍ബുദത്തിനു കാരണമാകും എന്നൊന്നും കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ, വൈദ്യുതീകരണം വ്യാപകമായിത്തുടങ്ങിയ കാലത്തുതന്നെ ജനങ്ങളില്‍ നിലനിന്നിരുന്ന ഭയത്തിന് ചില അടിസ്ഥാനങ്ങളുണ്ടായിരുന്നു എന്ന് നമുക്കിതില്‍നിന്നും അനുമാനിക്കാനാവും.

വൈദ്യുതകാന്തികതരംഗങ്ങളെ അവയുടെ ആവൃത്തിക്ക് (Frequency) അനുസരിച്ച് പല പേരുകളില്‍ വിളിക്കും. റേഡിയോ തരംഗങ്ങള്‍, മൈക്രോവേവുകള്‍, ടെറാഹെര്‍ട്‌സ് വികിരണങ്ങള്‍, ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍, നമുക്ക് കാണാന്‍ കഴിയുന്ന പ്രകാശം, അള്‍ട്രാവയലറ്റ് വികിരണങ്ങള്‍, ഗാമാറേ ഇങ്ങനെ പോകുന്നു. ആവൃത്തി കൂടുന്നതിന്റെ കണക്കിലാണ് ഈ പട്ടിക പറഞ്ഞത്. ആവൃത്തി കൂടുന്തോറും വികിരണങ്ങള്‍ക്കു കരുത്ത് കൂടും. കരുത്തു കൂടും എന്നു പറഞ്ഞാല്‍ അവയ്ക്ക് പദാര്‍ഥത്തിലൂടെ സഞ്ചരിക്കാനുള്ള കഴിവ് കൂടും എന്നും വായിക്കാം. അങ്ങനെ നോക്കിയാല്‍ റേഡിയോ ആക്ടീവതയുടെ പ്രാഥമിക ഉത്പന്നമായ ഗാമാവികരണങ്ങള്‍ക്കാണ് തുളച്ചുകയറാനുള്ള കഴിവ്, ഏറ്റവും കൂടുതല്‍. ആ കരുത്താണ് ജീവകോശങ്ങള്‍ക്കു ഹാനികരമാകുന്നത്. വൈദ്യുതകാന്തികതരംഗങ്ങള്‍ ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോള്‍ അവിടെയുള്ള പദാര്‍ഥവുമായി പ്രതിപ്രവര്‍ത്തിക്കും. വികിരണങ്ങളുടെ ഊര്‍ജം എത്രയുണ്ട് എന്നതിനനുസരിച്ചായിരിക്കും ആ പ്രതിപ്രവര്‍ത്തനത്തിന്റെ സ്വഭാവം. കരുത്തു കൂടിയ തരംഗങ്ങളാണെങ്കില്‍ അവ പദാര്‍ഥത്തിലെ ആറ്റങ്ങളിലെ ഇലക്‌ട്രോണുകളെ തട്ടിത്തെറിപ്പിക്കും. ഇലക്‌ട്രോണുകള്‍ നഷ്ടപ്പെടുന്ന ആറ്റങ്ങള്‍ അയോണുകളാകും. അയോണീകരണം എന്നു പറയും ഈ പ്രവര്‍ത്തനത്തിന്. ആറ്റങ്ങള്‍ പരസ്​പരം ബന്ധപ്പെട്ട് തന്മാത്രകളായിട്ടാണല്ലോ പദാര്‍ഥങ്ങളില്‍ നിലനില്ക്കുന്നത്. അയോണീകരണം തന്മാത്രാബന്ധനങ്ങളെ താറുമാറാക്കും. ജനിതകപദാര്‍ഥമായ ഡി.എന്‍.എയിലെ തന്മാത്രാബന്ധനങ്ങള്‍ താളം തെറ്റിയാല്‍ കോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകും. ഒപ്പം അത് കാന്‍സറിന്റെ വികാസത്തിനും കാരണമാകും. കരുത്തുറ്റ വൈദ്യുതകാന്തികവികിരണങ്ങള്‍ ജീവകോശങ്ങളെ തകര്‍ക്കുന്നതിങ്ങനെയാണ്.

എല്ലാ വൈദ്യുതകാന്തികതരംഗങ്ങള്‍ക്കും അയോണീകരണം നടത്താനുള്ള ശേഷി ഇല്ല. ഗാമാറേയും എക്‌സ്‌റേയും ആണ് ഇതിനേറ്റവും കഴിവുള്ളവര്‍. നമുക്കു കാണാന്‍ കഴിയുന്ന പ്രകാശത്തിനും അതിനു താഴേക്ക് ആവൃത്തി ഉള്ളവയ്ക്കും ഒന്നും ഈ ശേഷി ഇല്ല. എന്നാല്‍ നല്ല അളവില്‍ വന്നുവീണാല്‍ വേറെ ചില പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവയ്ക്കു കഴിയും. ഉദാഹരണത്തിന് പ്രകാശംതന്നെ. ഏറെ നേരം നല്ല അളവില്‍ വന്നുവീണാല്‍ ചൂട് വല്ലാതെ കൂടും. അതുപോലെതന്നെ, പദാര്‍ഥത്തിലെ തന്മാത്രകള്‍ തരംഗങ്ങളുടെ ഊര്‍ജത്തെ ആഗിരണംചെയ്യും. ആഗിരണംചെയ്യുന്ന ഊര്‍ജം പദാര്‍ഥത്തിലെ തന്മാത്രകള്‍ ഓരോ തരത്തിലായിരിക്കും ഉപയോഗിക്കുക. മൈക്രോവേവ് തരംഗങ്ങളുടെ ഊര്‍ജം ജലതന്മാത്രകള്‍പോലുള്ളവ വട്ടം കറങ്ങാന്‍ ഉപയോഗപ്പെടുത്തും. ഈ ചലനം പദാര്‍ഥത്തിന്റെ ചൂട് വര്‍ധിപ്പിക്കും. ഈ പ്രതിഭാസത്തെ അല്പം ഒന്ന് പരിഷ്‌കരിച്ചാണ് മൈക്രോവേവ് അവന്‍ രൂപകല്പന ചെയ്തത്. നല്ല അളവില്‍ മൈക്രോവേവ്, ഭക്ഷണപദാര്‍ഥങ്ങളില്‍ വീഴ്ത്തും. വീഴ്ത്തുന്ന തരംഗങ്ങളുടെ അളവ് (Intensity) നന്നായി വര്‍ധിപ്പിച്ചാല്‍ ഭക്ഷണം പാകംചെയ്യാന്‍ വേണ്ടുന്ന തരത്തില്‍ ചൂടുയര്‍ത്താനാവും. ലോഹങ്ങള്‍ ചൂടാക്കാനും പ്ലാസ്റ്റിക് വെല്‍ഡിങ്ങിനും ഒക്കെ ഇതേ പ്രതിഭാസം ഉപയോഗപ്പെടുത്തുന്നുണ്ട്.

വൈദ്യുതകാന്തികതരംഗങ്ങള്‍ ഒരു കമ്പിയില്‍ വന്ന് (ചാലകത്തില്‍)പറ്റിപ്പിടിച്ച് അതുമായി കൂട്ടുകൂടി ആ കമ്പിയില്‍ ഒരു ഇലക്ട്രിക് കറന്റുണ്ടാക്കും. ഈ സ്വഭാവമാണ് വൈദ്യുതകാന്തികതരംഗങ്ങളെ വാര്‍ത്താവിതരണത്തിനായി ഉപയോഗിക്കപ്പെടാന്‍ പ്രാപ്തമാക്കുന്നത്. ചാലകശേഷിയുള്ള ഒരു വസ്തുവിനെക്കൊണ്ട് ഒരാന്റിന ഉണ്ടാക്കി ആകാശത്തുകൂടി പറന്നുപോകുന്ന വാര്‍ത്തകളെ നമുക്കു പിടിച്ചെടുക്കാന്‍ കഴിയുന്നത് ഇതുകൊണ്ടാണ്. റേഡിയോ തരംഗങ്ങള്‍ എന്ന വലിയ ഗണത്തില്‍പ്പെടുന്ന തരംഗങ്ങളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. മുന്‍പു പറഞ്ഞ മൈക്രോവേവുകളും ഒരുതരത്തില്‍ റേഡിയോ തരംഗങ്ങള്‍തന്നെയാണ്. 300 GHz നും 3 GHz നും ഇടയില്‍ ആവൃത്തിയുള്ള അവയും മൊബൈല്‍ ഫോണ്‍ വഴിയുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ട്. പാചകത്തിനുപയോഗിക്കുന്നതുമായി താരതമ്യംചെയ്യുമ്പോള്‍ വളരെ ചെറിയ അളവിലാണെന്നുമാത്രം.

നമ്മുടെ ശരീരത്തിനകത്തും ഇലക്ട്രിക്കല്‍ പ്രവാഹങ്ങളുണ്ട്. ശരീരത്തിലെ വളരെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണവ. നാഡീകോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം നടക്കുന്നത് ഇലക്ട്രിക് ഇംപള്‍സുകളായിട്ടാണ്. മസ്തിഷ്‌കപ്രവര്‍ത്തനംമുതല്‍ ദഹനപ്രവര്‍ത്തനംവരെയുള്ള സകല ജൈവരാസിക പ്രവര്‍ത്തനങ്ങളിലും ഇത് ഉള്‍പ്പെട്ടിട്ടുണ്ട്. വളരെ നേരിയ ഊര്‍ജത്തോടെയുള്ള വൈദ്യുതിപ്രവാഹം!

ശരീരത്തിനു പുറത്തുള്ള വൈദ്യുതിയും അതിനനുബന്ധമായി സൃഷ്ടിക്കപ്പെടുന്ന വൈദ്യുതകാന്തികതരംഗങ്ങളും എങ്ങനെ ശരീരത്തിനകത്തെ കോശങ്ങളെ ബാധിക്കും എന്ന് വളരെ സൂക്ഷ്മമായ തരത്തില്‍ ശാസ്ത്രീയാന്വേഷണത്തിനു വിധേയമാക്കിയവരില്‍ ആദ്യം പറയാവുന്ന പേര് ഓം പി. ഗാന്ധി എന്ന ഇന്ത്യക്കാരന്റെതാണ്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം എഴുപതുകളില്‍ ഹൈവോള്‍ട്ടേജ് പവര്‍ ലൈനുകളില്‍നിന്നുണ്ടാകുന്ന വികിരണങ്ങള്‍ ജൈവകോശങ്ങളെ എങ്ങനെ ബാധിക്കും എന്നന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. എലികളെ മൈക്രോവേവ് റേഡിയേഷന്‍ ഏല്പിച്ച് നടത്തുന്ന പഠനങ്ങള്‍ക്കപ്പുറം മനുഷ്യന്റെ തലയുടെ യാഥാര്‍ഥ്യത്തോടടുക്കുന്ന മോഡലുകള്‍ ഉണ്ടാക്കി പഠനം നടത്താനുള്ള സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഒരിലക്ട്രിക്കല്‍ എഞ്ചിനീയറായ ഓം പി. ഗാന്ധി വലിയ പങ്കുവഹിച്ചു. ബയോഇലക്‌ട്രോമാഗ്‌നറ്റിക്‌സ് (Bioelectromagnetics ) എന്ന ഒരു ശാസ്ത്രശാഖതന്നെ വികസിച്ചുവരുകയായിരുന്നു.

റേഡിയോ ആവൃത്തിയുള്ള (Radio Frequency, RF) മേഖലകള്‍ ശരീരകോശങ്ങളെ ബാധിക്കുന്നതിനെക്കുറിച്ച് ഇന്ന് ലോകത്തെമ്പാടും പഠനങ്ങള്‍ നടക്കുന്നുണ്ട്. ഈ പഠനങ്ങളെ പിന്തുടര്‍ന്നു പോവുകയാണെങ്കില്‍ ചിലപ്പോള്‍ ഒരു ദിവസത്തില്‍ ഒന്നില്‍ക്കൂടുതല്‍ ഗവേഷണപ്രബന്ധങ്ങള്‍ എന്ന മട്ടില്‍ പ്രസിദ്ധീകൃതമാകുന്നുണ്ട് എന്നുപോലും പറയാനാകും എന്നതാണ് സ്ഥിതി. എന്നാല്‍ മൊത്തത്തില്‍ പ്രസിദ്ധീകൃതമാകുന്ന പഠനങ്ങളെവെച്ച് കൃത്യമായ ഒരനുമാനം മെനയാനാകുമോ എന്നു ചോദിച്ചാല്‍ അതിനു തുനിയുന്നയാള്‍ കഷ്ടപ്പെട്ടുപോകുന്ന തരത്തിലുള്ള ഒരു സ്ഥിതി നിലവിലുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു.

ആത്യന്തികമായി ജൈവകോശങ്ങളില്‍ RF മേഖലകള്‍ വരുത്തുന്ന സ്വാധീനത്തെ രണ്ടായിട്ടാണ് ശാസ്ത്രകാരന്മാര്‍ തിരിക്കുന്നത്. ഒന്ന് ജീനോടോക്‌സിക് ഇഫക്ട് എന്നപേരില്‍ അറിയപ്പെടുന്നു. രണ്ടാമത്തേതിനെ നോണ്‍ജീനോടോക്‌സിക് ഇഫക്ട് എന്നു വിളിക്കും. കോശത്തിനകത്തെ ജനിതകപദാര്‍ഥമായ DNA യ്ക്ക് നേരിട്ടോ നേരിട്ടല്ലാതെയോ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതരത്തില്‍ ഉണ്ടാകുന്ന സ്വാധീനങ്ങളെയാണ് ജീനോടോക്‌സിക് ഇഫക്ട് എന്നു പറയുന്നത്. ക്രോമസോമുകള്‍ക്കു തകരാറുണ്ടാക്കുക, ക്രോമാറ്റിഡുകളെ കേടുവരുത്തുക, ഉചഅ നാട മുറിക്കുക, ഉചഅ കോശമര്‍മത്തെക്കൂടാതെ പുതിയ സൂക്ഷ്മമര്‍മങ്ങള്‍ (Micro Nucleus) രൂപപ്പെടുന്നതിനിടയാക്കുക, മ്യൂട്ടേഷനുണ്ടാക്കുക എന്നിങ്ങനെയുള്ള തകരാറുകളാണ് ഈ കൂട്ടത്തില്‍പ്പെടുന്നത്. 7,700 MHz ലുള്ള തരംഗങ്ങള്‍ അറുപതു മിനിറ്റുവരെ കോശങ്ങളില്‍ വീഴ്ത്തി നടത്തിയ പഠനം, 830 MHz ലുള്ള തരംഗങ്ങളെ 72 മണിക്കൂര്‍നേരം വീഴ്ത്തിക്കൊണ്ടു നടത്തിയ പഠനം തുടങ്ങി ഒട്ടനവധി പഠനങ്ങള്‍ ക്രോമസോമുകളില്‍ തകരാറുണ്ടാക്കാന്‍ റേഡിയോ തരംഗങ്ങള്‍ക്കാകും എന്ന് അസന്ദിഗ്ധമായി സ്ഥാപിക്കുന്നതരത്തില്‍ പുറത്തുവന്നിട്ടുണ്ട്. കോശങ്ങളില്‍ ദീര്‍ഘനേരം വന്നു വീണുകൊണ്ടിരിക്കുമ്പോള്‍ കോശങ്ങളിലെ ചൂട് അല്പാല്പമായി ഉയരുകയും നിരന്തരമായ ഈ ചൂടാകല്‍ കോശവിഭജനസമയത്തെ ക്രോമസോമുകളുടെ കോപ്പിയെടുക്കല്‍പ്രക്രിയയില്‍ താളക്കേടുകള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു എന്നാണനുമാനിക്കപ്പെടുന്നത്. ഉചഅ നാടയ്ക്ക് മുറിവുണ്ടാക്കുന്ന കാര്യത്തിലും സൂക്ഷ്മകോശമര്‍മങ്ങള്‍ രൂപംകൊള്ളുന്ന കാര്യത്തിലും മ്യൂട്ടേഷനുകള്‍ നടക്കുന്ന കാര്യത്തിലും ഇതേപോലെതന്നെ എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍ നിരത്താവുന്നത്ര തരത്തിലുള്ള പഠനങ്ങള്‍ നമുക്കു മുന്നിലുണ്ട്. കോശങ്ങളെ ശരീരത്തില്‍നിന്നും വേര്‍പെടുത്തിയെടുത്തു വളര്‍ത്തി റേഡിയോതരംഗങ്ങള്‍ ഏല്പിക്കുന്നതിനു മുന്‍പും ശേഷവും നിരീക്ഷിച്ചാണ് ഇത്തരം പഠനങ്ങളെല്ലാം നടത്തിയിട്ടുള്ളത്. പക്ഷേ, രസകരമായ ഒരു ദൃശ്യം ഇപ്പറഞ്ഞ ആവൃത്തികളിലെ തരംഗങ്ങളെ ഇപ്പറഞ്ഞ രീതിയില്‍ ഇതേ സമയത്തോ അതില്‍ കൂടുതലോ നേരം കോശങ്ങളില്‍ ഏല്പിച്ചാല്‍ മേല്പറഞ്ഞ തകരാറുകള്‍ ഉണ്ടാകില്ല എന്നു പറയുന്ന പഠനങ്ങളും ഇതേ അളവില്‍ത്തന്നെ ദിനംപ്രതി പുറത്തു വരുന്നു. ഇത്തരം പഠനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് ജപ്പാനിലെ ഹിരോസാക്കി സര്‍വകലാശാലയിലെ ജന്‍ജി മിയക്കോഷി തയ്യാറാക്കിയ ഒരു റിവ്യൂപേപ്പറില്‍ പറയുന്നത് തൊണ്ണൂറുകള്‍വരെ പുറത്തു വന്ന പഠനഫലങ്ങള്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ജീനോടോക്‌സിക് ഇഫക്ടുണ്ടാക്കുന്നുണ്ടെന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ അതിനുശേഷം പുറത്തു വന്ന പഠനങ്ങളില്‍ കൂടുതലും പറയുന്നത് കാര്യമായ ജീനോടോക്‌സിക് ഇഫക്ടുകള്‍ ഒന്നും ഇല്ല എന്ന തരത്തിലാണ് എന്നാണ്.

നോണ്‍ ജീനോടോക്‌സിക് ഇഫക്ടിന്റെ കാര്യവും സമാനമാണ്. ജനിതകമായ ഘടകങ്ങള്‍ക്കപ്പുറം കോശങ്ങളുടെ മറ്റുള്ള പ്രവര്‍ത്തനങ്ങളെ വൈദ്യുതകാന്തികതരംഗങ്ങള്‍ എങ്ങനെ ബാധിക്കും എന്ന് പറഞ്ഞുതരുന്നതാണ് നോണ്‍ ജീനോടോക്‌സിക് ഇഫക്ട് പഠനങ്ങള്‍. കോശങ്ങളുടെ പെരുകല്‍, അവയുടെ വ്യത്യസ്തഘട്ടങ്ങളുള്ള ജീവിതചക്രം, ജീനുകളുടെ പ്രവര്‍ത്തനം, വ്യത്യസ്തങ്ങളായ സിഗ്നലുകള്‍ കൈമാറ്റം ചെയ്യുന്നത്, കോശങ്ങളുടെ സ്വയംഹത്യ, പ്രതിരോധസംവിധാനം തുടങ്ങിയ സംഗതികളില്‍ എന്തെന്തു മാറ്റങ്ങളാണ് ഉണ്ടാകുന്നത് എന്നാണ് ഈ പഠനങ്ങള്‍ അന്വേഷിക്കുന്നത്. ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങളോരോന്നിന്റെ കാര്യത്തിലും ആദ്യം പറഞ്ഞതുപോലെ രണ്ടു പോസിറ്റീവായും നെഗറ്റീവായും ഉള്ള, പഠനഫലങ്ങള്‍ അനേകം പുറത്തു വന്നിട്ടുണ്ട്. ഇങ്ങനെ രണ്ടഭിപ്രായങ്ങളില്‍ ഏതാണ് കൂടുതലെന്ന എണ്ണമെടുക്കലിലൂടെ ജനാധിപത്യപരമായി തീരുമാനിക്കപ്പെടേണ്ട ഒരു സംഗതിയല്ല പക്ഷേ, നമുക്കു മുന്നിലുള്ളത്. സത്യമെന്താണെന്ന് അറിയേണ്ടതുണ്ട്. ഏതേത് ആവൃത്തിയാണ് ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുക, അതോ മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ സൃഷ്ടിക്കുന്ന റേഡിയേഷന്‍ മുഴുവനും അപകടകരമാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്കു വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. അത് മനുഷ്യരാശിയുടെ ഭാവിയിലെ നിലനില്പിനു വളരെ അത്യന്താപേക്ഷിതമാകുന്നു എന്നും നാം തിരിച്ചറിയേണ്ടതുണ്ട്.

റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനുകള്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ജൈവകോശങ്ങളില്‍ ഉണ്ടാക്കുന്നില്ല എന്നു പറയുന്ന പഠനങ്ങളെ നമുക്കു കുറച്ചുകൂടി വ്യക്തതയോടെ നോക്കിക്കാണേണ്ടതുണ്ട്. ഇത്തരം പല പഠനങ്ങളും തങ്ങളുടെ നിരീക്ഷണഫലങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞതിനുശേഷം, ദീര്‍ഘകാലം ഇത്തരം റേഡിയേഷനുകള്‍ ഏല്ക്കുന്നത് വളരെക്കാലങ്ങള്‍ക്കുശേഷം എങ്ങനെയാണ് ജൈവകോശങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുക എന്ന് ഇപ്പോള്‍ പ്രവചിക്കുക സാധ്യമല്ല എന്ന അനുമാനം പ്രസ്താവിച്ചുകൊണ്ടാണ് അവസാനിപ്പിക്കുക. കാന്‍സര്‍ ശരീരത്തില്‍ രൂപംകൊള്ളുന്നതിനെക്കുറിച്ച് നടക്കുന്ന പഠനങ്ങള്‍ ഒക്കെത്തന്നെ നമുക്കു പറഞ്ഞുതരുന്നതും ഇതുതന്നെയാണ്. ശരീരത്തിലെ കോശങ്ങള്‍ ക്രമാതീതമായി വിഭജിച്ചു പെരുകി മുഴകളായി ബാക്കി കോശങ്ങള്‍ക്കു ലഭിക്കേണ്ട പോഷകാഹാരങ്ങളെ മുഴുവനും സ്വന്തമാക്കി ശരീരത്തിന്റെ നിലനില്പിനു തന്നെ അപകടകരമായി വളരുന്ന അവസ്ഥയാണ് കാന്‍സര്‍. കോശങ്ങളുടെ വിഭജനത്തെ ക്രമബദ്ധമായി നിയന്ത്രിച്ചു നിര്‍ത്താനുള്ള സംവിധാനം നമ്മുടെ ശരീരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ചില പ്രത്യേക ജീനുകളെക്കൊണ്ടാണ് ഈ നിയന്ത്രണവ്യവസ്ഥ സാധ്യമാകുന്നത്. ഈ ജീനുകളില്‍ വളരെ ചെറിയ തകരാറുകള്‍ ഉണ്ടായാല്‍പ്പോലും ആ നിയന്ത്രണവ്യവസ്ഥയ്ക്ക് കൃത്യമായി പ്രവര്‍ത്തിക്കാനാവില്ല. ഇത്തരം ജീനുകള്‍ക്കു വരുന്ന വളരെ ചെറിയ തകരാറുകളാണ് കാന്‍സറിന്റെ വളര്‍ച്ചയിലേക്കു നയിക്കുന്നത്. വ്യത്യസ്തങ്ങളായ കാരണങ്ങള്‍കൊണ്ടാണ് ഇപ്പറഞ്ഞ ജീനുകള്‍ക്കു തകരാറുകള്‍ ഉണ്ടാകുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജൈവകോശങ്ങളുടെ ഡി.എന്‍.എ. പകര്‍പ്പെടുക്കുന്ന പ്രക്രിയയെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യത്യസ്ത പദാര്‍ഥങ്ങളും ഘടകങ്ങളും ആണ്. അങ്ങനെ ഡി.എന്‍.എയുടെ പകര്‍പ്പെടുക്കല്‍പ്രക്രിയയെ സ്വാധീനിച്ച് ജനിതകമായ ഘടനയില്‍ ചെറിയ ചില വ്യതിയാനങ്ങള്‍ ഉണ്ടാക്കി കാന്‍സറിനു കാരണക്കാരാകുന്ന പദാര്‍ഥങ്ങളെയും ഘടകങ്ങളെയും ആണ് നാം കാര്‍സിനോജനുകള്‍ എന്ന് വിളിക്കുന്നത്. നമ്മള്‍ ജീവിക്കുന്ന അന്തരീക്ഷത്തില്‍ അനേകം തരം കാര്‍സിനോജനുകളുണ്ട്. ആസ്ബസ്റ്റോസ് പോലുള്ള, നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും ബെന്‍സീന്‍, ടൊളുവിന്‍, സൈലിന്‍, വിനൈല്‍ ക്ലോറൈഡ് തുടങ്ങിയ അനേകം രാസികങ്ങളും ഒട്ടനവധി സിന്തറ്റിക് ഹോര്‍മോണുകളും ഒക്കെ കാര്‍സിനോജനുകളാണ്. ഹൈ പവര്‍ ഇലക്ട്രിക് ലൈനിനു കീഴെ സൃഷ്ടിക്കപ്പെടുന്ന ഇലക്‌ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ് കാര്‍സിനോജനുകളുടെ കൂട്ടത്തില്‍പ്പെടുത്താന്‍ ലോകാരോഗ്യസംഘടന തീരുമാനിച്ചത് മുന്‍പു പറഞ്ഞ, അമേരിക്കയില്‍ നടന്ന പഠനത്തിന്റെ വെളിച്ചത്തിലാണ്. ദീര്‍ഘകാലം ഇത്തരത്തിലുള്ള കാര്‍സിനോജനുകള്‍ നമ്മുടെ ശരീരകോശത്തില്‍ ആഘാതമേല്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായിട്ടാണ് കാന്‍സര്‍ വികസിക്കുക.

നമ്മുടെ നാട്ടിലൊക്കെ മൊബൈല്‍ ഫോണ്‍ ഇത്രയ്ക്കധികം പ്രചാരത്തിലായിട്ട് പത്തു കൊല്ലംപോലും ആയിട്ടില്ല. അതുകൊണ്ടുതന്നെ ദീര്‍ഘകാലത്തെ റേഡിയേഷന്‍കൊണ്ടുണ്ടാകുന്ന കാന്‍സര്‍പോലുള്ള രോഗങ്ങളെ സ്ഥിതിവിവരക്കണക്കുകളുടെ ബലത്തില്‍ തിരിച്ചറിയാനുള്ള കാലം ആയിട്ടില്ല എന്നുവേണം പറയാന്‍. ചെറിയ കാലയളവില്‍ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ കോശങ്ങളില്‍ ഏല്പിച്ച് ഉടനെത്തന്നെ അനുമാനത്തിലെത്തുന്ന പഠനങ്ങളെ ആഴത്തില്‍ വിശ്വസിക്കാന്‍ കഴിയുകയുമില്ല. അതേസമയം കാന്‍സറിലേക്കു വളരാന്‍ സാധ്യതയുള്ള തരത്തിലുള്ള ജീനോടോക്‌സിക്, നോണ്‍ ജീനോടോക്‌സിക് പാര്‍ശ്വഫലങ്ങള്‍ കോശങ്ങള്‍ക്കകത്ത് ഇപ്പറഞ്ഞ റേഡിയേഷനുകള്‍ സൃഷ്ടിക്കുന്നുണ്ട് എന്നു പറയുന്ന പഠനങ്ങളെ നാം വളരെ ഗൗരവത്തോടെ എടുക്കേണ്ടതുമുണ്ട്. ഒപ്പം എലികളില്‍ നടത്തിയ പല പഠനങ്ങളും ഇത്തരം റേഡിയേഷനുകള്‍ കാന്‍സറുണ്ടാക്കുന്നതിന്റെ നേരിട്ടുള്ള നിരീക്ഷണഫലങ്ങള്‍ നമുക്കു മുന്നില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. എലികളിലെ പഠനത്തെ അങ്ങനെത്തന്നെ മനുഷ്യനില്‍ ആരോപിക്കുന്നത് യാഥാര്‍ഥ്യബോധം കുറഞ്ഞതാണെന്ന് വാദിക്കാമെങ്കിലും ഈ മേഖലയിലെ പഠനങ്ങള്‍ കൂടുതല്‍ ആഴത്തില്‍ നടത്തി ശ്രദ്ധയോടെ ഫലങ്ങള്‍ കണ്ടെത്തേണ്ടതുണ്ട് എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.

യാഥാര്‍ഥ്യബോധത്തോടെയുള്ള ഒരനുമാനത്തിലേക്ക് പോകുംവഴി നമുക്ക് അല്പം വ്യത്യസ്തമെന്നു തോന്നാവുന്ന വേറൊരു ആശയംകൂടി ചിന്തിച്ചുനോക്കാം. ഈ മേഖലയില്‍ നടക്കുന്ന ഓരോ ഗവേഷണഫലങ്ങളും എടുത്തിട്ട് ആ ഗവേഷണങ്ങള്‍ക്കായി ഫണ്ട് ചെയ്ത ഏജന്‍സികള്‍ ഏതാണെന്നന്വേഷിക്കുക. അന്താരാഷ്ട്രതലത്തില്‍ ഇന്നു നടക്കുന്ന പല മുന്തിയ ശാസ്ത്രീയഗവേഷണങ്ങളുടെയും യഥാര്‍ഥ ചിത്രം മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില വസ്തുതകള്‍ നമുക്കു മുന്നില്‍ അനാവരണംചെയ്യപ്പെടും. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറുണ്ടാക്കില്ല എന്ന് അനുമാനത്തിലെത്തിയിട്ടുള്ള ബഹുഭൂരിപക്ഷം പഠനങ്ങളും ഫണ്ട് ചെയ്തിട്ടുള്ളത് ടെലികമ്യൂണിക്കേഷന്‍ കമ്പനികളാണ്. സ്വതന്ത്രമായോ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചോ നടന്നിട്ടുള്ള പഠനങ്ങള്‍ ബഹുഭൂരിപക്ഷവും സൃഷ്ടിച്ചിട്ടുള്ള ഫലങ്ങള്‍ ആ റേഡിയേഷനുകള്‍ കോശങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ്. 1996-നു ശേഷം ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ ഈ മേഖലയിലെ ഗവേഷണത്തിനു കൂടുതലായി ഫണ്ട് ചെലവഴിക്കാന്‍ തുടങ്ങിയിരുന്നു. നെഗറ്റീവ് ഫലങ്ങള്‍ പുറത്തുവിടുന്ന ഗവേഷണങ്ങള്‍ അതിനുശേഷം വര്‍ധിച്ചിട്ടുണ്ടെന്നു കാണാവുന്നതാണ്.

ഗ്രോ ഹാര്‍ലം ബ്രണ്ട്‌ലാന്‍ഡിന്റെ കഥ പറഞ്ഞുകൊണ്ടാണല്ലോ ഈ ചര്‍ച്ച നാം ആരംഭിച്ചത്. ആ കഥയ്ക്ക് ഒരു ക്ലൈമാക്‌സുകൂടിയുണ്ട്. പുകയിലവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സാര്‍സ് തടയുന്നതിനുവേണ്ടി നടന്ന ശ്രമങ്ങളിലും ഒക്കെ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു ബ്രണ്ട്‌ലാന്‍ഡ്. പക്ഷേ, അവരുടെ EHS പ്രസ്താവന ആരും കാര്യമായിട്ടെടുത്തിട്ടില്ല. നോര്‍വേയിലെ ചില പത്രങ്ങള്‍ മാത്രമാണത് റിപ്പോര്‍ട്ട് ചെയ്തത്. പൊതുജനങ്ങള്‍ക്കിടയില്‍ മൊബൈല്‍ ഫോണുകളെപ്പോലുള്ള സാങ്കേതികവിദ്യയോടു ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ബ്രണ്ട്‌ലാന്‍ഡ് എന്ന് ആരോപണമുയര്‍ന്നു. ആ പ്രസ്താവന നടത്തി അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ലോകാരോഗ്യസംഘടനാ പ്രസിഡന്റ്ആയുള്ള ബ്രണ്ട്‌ലാന്‍ഡിന്റെ കാലാവധി കഴിഞ്ഞു. അവര്‍ സ്ഥാനമൊഴിഞ്ഞു. പതിവിനു വിപരീതമായി വീണ്ടും ഒരു നാലു വര്‍ഷത്തെ കാലാവധിക്കുകൂടി അവരെ പരിഗണിച്ചില്ല. അതിനു കാരണം അവര്‍ നടത്തിയ മൊബൈല്‍ ഫോണ്‍ വിരുദ്ധ പ്രസ്താവനയാണെന്നു വിശ്വസിക്കുന്നവര്‍ അനവധിയാണ്. ഇലക്‌ട്രോമാഗ്‌നറ്റിക് റേഡിയേഷന്‍ ജീവകോശങ്ങള്‍ക്കു ഹാനികരമാണെന്ന ആശയം അനുമാനമായി കൊണ്ടുവന്ന ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചവര്‍ക്ക് അക്കാലംവരെ ലഭ്യമായിക്കൊണ്ടിരുന്ന സ്വകാര്യകമ്പനികളില്‍നിന്നുള്ള ഫണ്ടുകള്‍ പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. തങ്ങള്‍ ഉത്പാദിപ്പിച്ച പഠനഫലങ്ങളുടെ സ്വഭാവംകൊണ്ട് മൊബൈല്‍ ഫോണ്‍ ഫ്രീക്വന്‍സി നിയന്ത്രണത്തിനുള്ള അമേരിക്കയിലെ ഔദ്യോഗികസ്ഥാനത്തുനിന്നും നീക്കംചെയ്യപ്പെട്ട കഥയാണ് ഓം പി.ഗാന്ധിയെപ്പോലുള്ള ശാസ്ത്രജ്ഞരു
ടേത്.

മാനവരാശി ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണി കാന്‍സറിന്റെതാണ്. ഒരു നൂറ്റാണ്ടു മുന്‍പുണ്ടായിരുന്നതിനെക്കാളൊക്കെ അനേകമടങ്ങാണ് ആഗോളതലത്തില്‍ ഏതൊരു ജനസംഖ്യയ്ക്കകത്തും കാന്‍സര്‍രോഗികളുടെ എണ്ണം. നമ്മുടെ ജീവിതരീതിയിലും പാരിസ്ഥിതിക ഘടകങ്ങളിലും വന്ന മാറ്റങ്ങളാണ് ഇതിനു പ്രധാന കാരണമായി പറയപ്പെടുന്നത്. നമ്മുടെ ജീവിതത്തില്‍ കാര്‍സിനോജനുകളുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. നമ്മുടെ ഭക്ഷണത്തില്‍, സൗന്ദര്യവര്‍ധകവസ്തുക്കളില്‍, വസ്ത്രങ്ങളില്‍, കെട്ടിടങ്ങളില്‍, നിരത്തുകളില്‍, വായുവില്‍ എന്നുവേണ്ട ജീവിതത്തിന്റെ സകല മേഖലകളിലും അനേകതരത്തിലുള്ള കാര്‍സിനോജനുകളുമായി നാം ഏറ്റുമുട്ടുന്നു.

പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ ഓണ്‍കോളജി പ്രഫസറായ ഡേവ്‌റ ഡേവിസ് The Secret History of the War on Cancer എന്ന പേരില്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. നാമിന്ന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളില്‍ പലതിലും അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ പലതും കാന്‍സറുണ്ടാക്കുന്നതാണെങ്കിലും ആ വസ്തുക്കള്‍ എങ്ങനെ കാന്‍സറിനു കാരണമാകുമെന്നോ അതിന്റെ യഥാര്‍ഥ രസതന്ത്രവും ഭൗതികവും എന്താണെന്നോ ഉള്ള കാര്യങ്ങള്‍ പലപ്പോഴും രഹസ്യമായിത്തന്നെ തുടരുകയാണ്. കാന്‍സര്‍ ഗവേഷണരംഗത്തെ ആഗോളതലത്തിലുള്ള വ്യാവസായിക കുത്തകകള്‍ വല്ലാതെ ഇടപെടുകയും നിയന്ത്രണം കൈക്കലാക്കുകയും ചെയ്യുന്നതിന്റെ ഒരു ദൂഷ്യഫലമാണിത് എന്ന് ഡേവ്‌റ ഡേവിസ് തന്റെ പുസ്തകത്തില്‍ പറയുന്നു. കാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളെയും അതുണ്ടാക്കുന്ന രീതിയെയും കുറിച്ചുള്ള പഠനങ്ങളെക്കാള്‍ കാന്‍സര്‍ വന്നതിനുശേഷം എങ്ങനെ മാറ്റാം എന്ന കാര്യത്തിലാണ് ഗവേഷണങ്ങള്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാര്‍സിനോജനുകള്‍ ആയി പ്രവര്‍ത്തിക്കുന്ന വസ്തുക്കള്‍ ഏതൊക്കെയാണെന്നും അവ എങ്ങനെയാണ് കാന്‍സറുണ്ടാക്കുന്നതെന്നും കൂടുതല്‍ അന്വേഷിക്കപ്പെടുകയും ആ ഫലങ്ങള്‍ കാര്യമായി ജനങ്ങള്‍ക്കിടയില്‍ എത്തുകയും ചെയ്താല്‍ മാര്‍ക്കറ്റിന് അതു വലിയൊരു അടിയായിരിക്കും സമ്മാനിക്കുക എന്നും ഡേവ്‌റ ഡേവിസ് വാദിക്കുന്നു.

മൊബൈല്‍ ഫോണും അതുപോലുള്ള മറ്റനേകം വയര്‍ലസ് ഉപകരണങ്ങളും സൃഷ്ടിക്കുന്ന വൈദ്യുതകാന്തികമണ്ഡലങ്ങള്‍ ജീവജാലങ്ങളെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നു വേണം ഇതുവരെ പുറത്തുവന്ന പഠനഫലങ്ങളെ ആകെ നോക്കിയാല്‍ മനസ്സിലാക്കാന്‍. എന്നാല്‍ അത് സൃഷ്ടിക്കുന്ന ആഘാതത്തിന്റെ ആഴം എത്രയാണെന്ന് പൂര്‍ണമായ നിഗമനത്തില്‍ എത്താവുന്ന തരത്തിലല്ല ആധുനികഗവേഷണങ്ങള്‍ എന്ന് പറയേണ്ടിയിരിക്കുന്നു. ഗവേഷണരംഗത്തെ വാണിജ്യതാത്പര്യത്തോടെയുള്ള ഇടപെടലുകള്‍ സത്യസന്ധമായ നിഗമനങ്ങള്‍ സൃഷ്ടിക്കുന്നതിനു പലപ്പോഴും വിഘാതമാവുകയും ചെയ്യുന്നു. വൈദ്യുതകാന്തികമേഖല സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കാത്തിരുന്നു കാണാം എന്നു പറഞ്ഞവസാനിപ്പിക്കാവുന്നതും അല്ല ഈ വിഷയം. കാരണം പത്തിരുപതു വര്‍ഷങ്ങള്‍ക്കുശേഷം കാന്‍സറിന്റെതുപോലുള്ള രൂപത്തില്‍ സംഭവിച്ചേക്കാവുന്ന പ്രത്യാഘാതം ഒരു യാഥാര്‍ഥ്യമാണെങ്കില്‍ അതിന്റെ പ്രത്യക്ഷപ്പെടല്‍ മാനവരാശി ഒരിക്കലും കണ്ടിട്ടില്ലാത്തവണ്ണം ഭീകരമായിരിക്കും. കാരണം ഭക്ഷണസാധനങ്ങളെക്കാള്‍ ജനകീയമായി മനുഷ്യര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ സത്യസന്ധമായ ഗവേഷണപ്രവര്‍ത്തനത്തിലൂടെ ഈ പ്രശ്‌നത്തിന്റെ ഉത്തരം തിരിച്ചറിയേണ്ടതുണ്ട്. കൃത്യമായ ഒരനുമാനത്തിലേക്കെത്താന്‍ കഴിയുംവിധം ഗവേഷണങ്ങളെ വഴിതിരിച്ചു വിടേണ്ടത് ഓരോ മനുഷ്യന്റെയും ആവശ്യവും കടമയുമാണ്.

Reference
1.Long Term Mobile Phone use and Brain Tumour Risk, Stefan Lonn etal,
American Journal of Epidemiology, Vol. 161, No.6, 2005
2.Childhood Cancer in relation to Distance from High Voltage Power lines in England and works; a case control study, Gerald Darper et.al, British Journal of Medicine, Vol. 330, 2005
3.Advances in electromagnetic fields in living systems, Vol. 5, Health effects of Cellphone Radiation, Edited by James C. Lin, Springer, 2009
4.Bioengineering and Biophysical Aspects of Electromagnetic Fields, Edited by Frank S. Barnes and Ben Greenebaum, Taylor and Francis, 2006
5.Electromagnetic Environments and Health in Buildings, Edited by Dere
K. Clements Croome, Spon Press, 2004
6.Electromagnetic Fields - 2009 updates, http://www.greenfacts.org
7.Electronic Smog, Geoffrey Lean, The Independent, 07 May 2006
8.Review of the Epidemiological Literature on emf and Health, Enviornmental Health, Perspective, Ahlobom et.al, December, 2001
9.The Secret History of the War on Cancer, Devra Davis, Basic Books, 2009

(പ്രപഞ്ചവും മനുഷ്യനും തമ്മിലെന്ത്? എന്ന പുസ്തകത്തില്‍ നിന്ന്

ആദ്യ 'ഇന്റല്‍ ഫോണ്‍' ഇന്ത്യയില്‍; നിര്‍മാതാവ് ലാവ




ഇന്റലിന്റെ ചിപ്പ് ഉപയോഗിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ കമ്പനിയായ ലാവ വിപണിയിലെത്തിക്കും. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഫോണിന്റെ വിശദാംശങ്ങള്‍ ഇന്റലും ലാവയും പുറത്തുവിട്ടു. 

ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ 'ക്‌സൊലോ എക്‌സ്900' (XOLO X900)ആയിരിക്കും ആദ്യ 'ഇന്റല്‍ ഇന്‍സൈഡ്' ഫോണ്‍. ഏപ്രില്‍ 23 ന് വിപണിയിലെത്തുന്ന ഫോണിന്റെ വില ഏതാ് 22000 രൂപയായിരിക്കുമെന്ന് ഇന്റലിന്റെ അറിയിപ്പില്‍ പറയുന്നു

സ്മാര്‍ട്ട്‌ഫോണിനായി ഇന്റല്‍ രൂപകല്‍പ്പന ചെയ്ത 1.6 GHz ഇന്റല്‍ ആറ്റം പ്രൊസസറായ 'ഇസഡ്2460' (Z2460) ആയിരിക്കും എക്‌സ്900 ഫോണിന് കരുത്തേകുക. പ്രമുഖ റീട്ടെയ്ല്‍ ശൃഖലയായ 'ക്രോമ' (Croma) വഴിയാണ് ലാവ ഈ ഫോണ്‍ രാജ്യത്തെമ്പാടുമെത്തിക്കുക.

പൂര്‍ണതോതില്‍ ഹൈഡെഫിനിഷന്‍ വീഡിയോ റിക്കോര്‍ഡിങിനും പ്ലേ ചെയ്യാനും ശേഷിയുള്ള 400 MHz ജിപിയു ആണ് എക്‌സ്900 ലുള്ളത്. 4.03 ഇഞ്ച് വിസ്താരവും 1024 x 600 റിസൊല്യൂഷനുമുള്ള ഡിസ്‌പ്ലെയാണ് ഫോണിലേത്. എച്ച്എസ്പിഎ +3ജി കണക്ടിവിറ്റിയും, എട്ട് മെഗാപിക്‌സല്‍ ക്യാമറയും ഉ്. ഒരു സെക്കന്‍ഡില്‍ കുറഞ്ഞ സമയംകൊ് പത്ത് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ളതാണ് ക്യാമറ. 

എക്‌സ്900 പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് പ്ലാറ്റ്‌ഫോമിലാണ്. ആന്‍ഡ്രോയിഡിന്റെ അടുത്ത വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിലേക്ക് പിന്നീട് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് ലാവ പറയുന്നു. 

ഇന്റലിനെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായിരിക്കും എക്‌സ്900 എന്ന് വിലയിരുത്തപ്പെടുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്തെ മുടിചൂടാമന്നനായ ഇന്റലിന് മൊബൈല്‍ തരംഗത്തില്‍ സംഭവിച്ച കാലിടറല്‍ മാറ്റാന്‍ പുതിയ ചുവടുവെയ്പ്പ് സഹായിക്കുമോ എന്നാണ് അറിയാനുള്ളത്. 

എന്‍വിഡിയ, ക്വാല്‍കോം തുടങ്ങിയ കമ്പനികള്‍ മൊബൈല്‍ രംഗത്ത് വന്‍മുന്നേറ്റം നടത്തിയപ്പോള്‍, ഇന്റലിന് വെറും കാഴ്ചക്കാരായി നില്‍ക്കേി വന്നതാണ് സമീപകാല ചരിത്രം. ആ ചരിത്രം തിരുത്തിയെഴുതാന്‍ ഇന്ത്യന്‍ കമ്പനിയായ ലാവയും അതിന്റെ എക്‌സ്900 ഫോണും എത്ര സഹായിക്കും എന്നതാണ് പ്രശ്‌നം. 

ലാവയുടെ എക്‌സ്900 ഒരു തുടക്കം മാത്രമാണെന്ന് ഇന്റല്‍ സൂചന നല്‍കുന്നു. 'ഇന്റല്‍ ഇന്‍സൈഡ്' ഫോണുകളുമായി മോട്ടറോള മൊബിലിറ്റിയും ലെനോവയും താമസിയാതെ രംഗത്തെത്തുമെന്നാണ് പ്രതീക്ഷ.