Posted on: 26 Sep 2011
ഡോ. ആന്റണി സി. ഡേവിസ്
ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ശാഖകള്‍ കയറിയിറങ്ങിയിരുന്നകാലം കഴിഞ്ഞു. കംപ്യൂട്ടര്‍ ടെര്‍മിനലോ സങ്കീര്‍ണമായ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനങ്ങളോ ഒന്നുമില്ലാതെ ലളിതമായി ഇടപാടുനടത്താന്‍ സൗകര്യമൊരുക്കുന്ന മൊബൈല്‍ ബാങ്കിങ് പൊതുമേഖലയിലെയും ഒപ്പംതന്നെ സ്വകാര്യമേഖലയിലെയും ബാങ്കുകള്‍ നടപ്പാക്കിക്കഴിഞ്ഞു.
സഹകരണ ബാങ്കുകള്‍ പോലും പദ്ധതി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മൊബൈല്‍ ഫോണ്‍ വ്യാപകമായതിനാല്‍ വന്‍സാധ്യത മുന്നില്‍ക്കണ്ടാണ് ബാങ്കുകള്‍ മൊബൈല്‍ ബാങ്കിങ് സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. ശാഖകളില്‍ ഇടപാടുകാരുടെ തിരക്ക് ഒഴിവാക്കാമെന്നുമാത്രമല്ല 24 മണിക്കൂറും ഇടപാട് നടത്താന്‍ ഇതിലൂടെ കഴിയുകയും ചെയ്യും.
ഒരു ഇടപാടുകാരന്‍ ബാങ്ക് ശാഖയില്‍ വന്ന് ഇടപാട് നടത്തുമ്പോള്‍ 55 രൂപയും എ.ടി.എം. ഉപയോഗപ്പെടുത്തുമ്പോള്‍ 18 രൂപയും കോള്‍ സെന്റര്‍ സേവനത്തിന് മൂന്നര രൂപയും ബാങ്കിന് ചെലവ് വരുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. മൊബൈല്‍ വഴി ഇടപാട് നടത്തുമ്പോള്‍ ചെലവ് ഒരുരൂപയായി കുറയുന്നത് ബാങ്കുകളെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ജി.പി.ആര്‍.എസ് സംവിധാനം ഇല്ലാത്തവര്‍ക്ക് എസ്.എം.എസ് മുഖേനയും ഇടപാട് നടത്താം.
സേവനങ്ങള്‍
ഒരേ ബാങ്കിലെ വിവിധ ശാഖകളിലെ അക്കൗണ്ടുകളിലേയ്ക്കും മറ്റു ബാങ്കുകളിലെ അക്കൗണ്ടുകളിലേയ്ക്കും പണം കൈമാറാം. ബാലന്‍സ് തുക അറിയാമെന്നുമാത്രമല്ല മിനി സ്റ്റേറ്റ്‌മെന്റ് എടുക്കുകയും ചെയ്യാം. ഓഹരിവ്യാപാരം, ബില്ലുകളടയ്ക്കല്‍, ചെക്കുബുക്കിനുള്ള അപേക്ഷ നല്‍കല്‍, മൊബൈല്‍ ടോപ്പ് അപ്പ്, ഡി.ടി.എച്ച് റീചാര്‍ജ്ജ് ചെയ്യല്‍ തുടങ്ങിയവയും ലളിതമായ നടപടിക്രമങ്ങളിലൂടെ നിര്‍വഹിക്കാം.
എം. കൊമേഴ്‌സ് സംവിധാനത്തിലൂടെ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാം. വിവിധ കച്ചവടസ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കാണ് എം.കൊമേഴ്‌സ് പ്രയോജനം ചെയ്യുന്നത്. ബി.എസ്.എന്‍.എല്‍, ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ തുടങ്ങി എല്ലാ മൊബൈല്‍ കണ്ക്ഷനുകളും റീചാര്‍ജ്ജ് ചെയ്യുന്നതിന് പ്രത്യേക സേവനനിരക്കുകള്‍ ഈടാക്കുന്നില്ലെന്നതും പ്രത്യേകതയാണ്. അക്കൗണ്ട് നമ്പറില്ലാതെ മൊബൈല്‍ ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നവര്‍ തമ്മില്‍ പണം കൈമാറാം. തിരിച്ചറിയല്‍ കോഡ് ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ഇതിനായി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ (എം.എം.ഐ.ഡി) ഓരോരുത്തര്‍ക്കും നല്‍കും.
നിങ്ങള്‍ ചെയ്യേണ്ടത്
അതത് ബാങ്കുകളുടെ വെബ് സൈറ്റില്‍നിന്ന്ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇത് സാധിക്കാത്തവര്‍ക്ക് ബാങ്കിന്റെ ശാഖയിലെത്തി ബ്ലൂടൂത്ത്, ഡാറ്റാ കേബിള്‍ എന്നിവവഴി മൊബൈല്‍ ഫോണിലേയ്ക്ക് ആപ്ലിക്കേഷന്‍ പകര്‍ത്താം. ജാവ, ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ എന്നിങ്ങനെയുള്ള വിവിധ ഫോണുകള്‍ക്ക് യോജിച്ച ആപ്ലിക്കേഷനുകള്‍ ബാങ്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
വെബ്‌സൈറ്റില്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ എസ്.എം.എസ്. ആയി യൂസര്‍ നെയിമും പാസ് വേഡും ലഭിക്കും. അതുപയോഗിച്ച് ഫോണിലെ ആപ്ലിക്കേഷന്‍ ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് സെറ്റിങ്‌സ് ഓപ്ഷനില്‍ പോയി പാസ് വേര്‍ഡ് മാറ്റാം. ഒരിക്കല്‍ അനുവദിച്ച യൂസര്‍നെയിം മാറ്റാന്‍ സാധിക്കില്ല. ഇഷ്ടപ്പെട്ട യൂസര്‍ ഐഡി തിരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താവിന് ബാങ്കുകള്‍ നല്‍കുന്നില്ല.
അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ പ്രക്രിയ പൂര്‍ത്തിയാകൂ. എ.ടി.എം. കാര്‍ഡ് ഇന്‍സര്‍ട്ട് ചെയ്തശേഷം മൊബൈല്‍ ബാങ്കിങ് മെനുവില്‍ വിരലമര്‍ത്തി ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ ഫോണില്‍ എസ്.എം.എസ്. ലഭിക്കുന്നതോടെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായി. ബാങ്കിന്റെ ശാഖയില്‍പോയി അപേക്ഷ നല്‍കിയും രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം. അത്യന്തം സുരക്ഷിതവും രഹസ്യാത്മകവുമാണ് ഇടപാടുകള്‍. മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ക്കൂടി പാസ് വേഡ് സുരക്ഷിതമായിക്കും.
എസ്.ബി.ഐ, എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കാത്തലിക് സിറിയന്‍ ബാങ്ക് തുടങ്ങിയവ ഈ സേവനം നല്‍കുന്നുണ്ട്. ('സ്റ്റേറ്റ് ബാങ്ക് ഫ്രീഡം' മൊബൈല്‍ ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. വിവിധ ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ നേരിയ വ്യത്യാസം കണ്ടേക്കാം)