ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് അതിന്റെ ശക്തി തെളിയിച്ച ഒന്നായിരുന്നു ലാസ് വേഗാസില്‍ കഴിഞ്ഞ ദിവസം സമാപിച്ച കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2011 (CES 2011). സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ടാബ്‌ലറ്റുകളിലേക്കും ടിവിയിലേക്കും വീട്ടുപകരണങ്ങളിലേക്കും ആന്‍ഡ്രോയിഡിന്റെ സാധ്യതകള്‍ നീളുന്നു എന്ന് ഈ മേള തെളിയിച്ചു. അവിടെ അവതരിപ്പിക്കപ്പെട്ട ഉപകരണങ്ങളില്‍ ഭൂരിപക്ഷവും ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു. ശരിക്കും ഒരു 'ആന്‍ഡ്രോയിഡ് അധിനിവേശം'.സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ലോകത്തെ ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണും (എല്‍ജി ഓപ്ടിമസ് ബ്ലാക്ക്), ലോകത്തെ ആദ്യ 'സൂപ്പര്‍ഫോണും' (എന്‍വിഡിയ ടെഗ്ര 2 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന എല്‍ജി ഓപ്ടിമസ് 2എക്‌സ്), എന്‍വിഡിയ ടെഗ്ര 2 പ്രോസസറില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മോട്ടറോള ആട്രിക്‌സ് 4ജി -യും ഉള്‍പ്പടെ ഒട്ടേറെ 'സ്മാര്‍ട്ട്' ഫോണുകളുടെ പ്ലാറ്റ്‌ഫോം ആന്‍ഡ്രോയിഡാണെന്നറിയുമ്പോള്‍, ഈ സോഫ്ട്‌വേര്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന ഉയരങ്ങള്‍ ഊഹിക്കാവുന്നതേയുള്ളു.
ഇലക്ട്രോണിക്‌സ് മേളയില്‍ അവതരിപ്പിക്കപ്പെട്ട ചില പ്രധാന ആന്‍ഡ്രോയിഡ് ഫോണുകളെ പരിചയപ്പെടാം (എല്‍ജി ഓപ്ടിമസ് ബ്ലാക്ക ്, സോണി എറിക്‌സണ്‍ എക്സ്പിരിയ,എച്ച്ടിസി തണ്ടര്‍ബോള്‍ട്ട് എന്നിവയെപറ്റി പ്രത്യേക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ ആ ഫോണുകള്‍ ഇവിടെ ഉള്‍പ്പെടുത്തിയിട്ടില്ല)
ഇലക്ട്രോണിക്‌സ് മേളയില്‍ അവതരിപ്പിക്കപ്പെട്ട ചില പ്രധാന ആന്‍ഡ്രോയിഡ് ഫോണുകളെ പരിചയപ്പെടാം (എല്‍ജി ഓപ്ടിമസ് ബ്ലാക്ക ്, സോണി എറിക്‌സണ്‍ എക്സ്പിരിയ,എച്ച്ടിസി തണ്ടര്‍ബോള്‍ട്ട് എന്നിവയെപറ്റി പ്രത്യേക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ ആ ഫോണുകള്‍ ഇവിടെ ഉള്‍പ്പെടുത്തിയിട്ടില്ല)
മോട്ടറോള ആട്രിക്‌സ് (Motorola Atrix)
ഇലക്ട്രോണിക്‌സ് മേളയില്‍ മോട്ടറോള നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമായിരുന്നു ആട്രിക്‌സ് ഫോണ്‍. എന്‍വിഡിയ ടെഗ്ര 2 എന്ന ഡ്യുവര്‍കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ഫോണ്‍ എന്നതുകൊണ്ട് ആട്രിക്‌സിന്റെ പ്രത്യേക തീരുന്നില്ല. ഈ ഫോണിനെ ഒരു 'വെബ്‌ടോപ്പ് ഡോക്കി' (WebTop Dock)ല്‍ ഘടിപ്പിച്ച്, ഡെസ്‌ക്ടോപ്പ് മോണിറ്ററിലേക്ക് ഡിസ്‌പ്ലെ തിരിച്ചുവിടാനാകും. എന്നുവെച്ചാല്‍, ഒരു ഡെസ്‌ക്ടോപ്പ് യൂസര്‍ സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ഫോണിന്റെ ഔട്ട്പുട്ടായി ലഭിക്കുമെന്ന് സാരം. ഭാവിയില്‍ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളുടെ സ്ഥാനം സ്മാര്‍ട്ട്‌ഫോണുകള്‍ കൈയേറുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ ഉപകരണം. മൗസും കീബോര്‍ഡും ഉപയോഗിച്ച് ഫോണിനെ നാവിഗേറ്റ് ചെയ്യുക പോലുമാകാം!
ഈ 4ജി ഫോണിന് അതിന്റെ ഡോക്കിലൂടെ ടിവിയിലേക്കും ബാഹ്യമോണിറ്ററിലേക്കും 720പി വീഡിയോ നല്‍കാന്‍ ശേഷിയുണ്ട്. മോസില്ല ഫയര്‍ഫോക്‌സ് ബ്രൗസറിന്റെ പൂര്‍ണവകഭേദം ഇതില്‍ അനായാസം പ്രവര്‍ത്തിക്കും, അഡോബി ഫ് ളാഷ് 10.1 പതിപ്പും. ഇങ്ങനെ പോയാല്‍ ലാപ്‌ടോപ്പുകളും വയര്‍ലെസ് ഇന്റര്‍നെറ്റ് സര്‍വീസുകളും ഭാവിയില്‍ ഇല്ലാതെ വന്നേക്കാം. വെറും മോണിറ്ററും സ്മാര്‍ട്ട്‌ഫോണുമുണ്ടെങ്കില്‍ 4ജി കണക്ടിവിറ്റിയും കമ്പ്യൂട്ടറിന്റെ ശരിക്കുള്ള ശക്തിയും ലഭിക്കുമെങ്കില്‍ പിന്നെ അധിക ചെലവെന്തിന്!
മോട്ടറോള ഡ്രോയിഡ് ബയോണിക് (Motorola Droid Bionic)
വലിയ സ്‌ക്രീനും എട്ട് മെഗാപിക്‌സല്‍ ക്യാമറയുമാണ് മോട്ടറോളയുടെ ഡ്രോയിഡ് പരമ്പരയില്‍പെട്ട ഈ പുതിയ ഫോണിന്റെ സവിശേഷത. ഈ 4ജി ഫോണിന്റെ കരുത്ത് 1 ജിഗാഹെര്‍ട്‌സ് ഡ്യുവര്‍കോര്‍ പ്രൊസസറും ആന്‍ഡ്രോയിഡ് 2.2 പതിപ്പുമാണ്. 16 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഈ ഫോണിന്റേത് 4.3 ഇഞ്ച് ഡിസ്‌പ്ലെയാണ്.
എച്ച്ടിസി ഇവൊ ഷിഫ്ട് (HTC EVO Shift)
കഴിഞ്ഞ ജൂണില്‍ എച്ച്ടിസി ഇറക്കിയ ഇവൊയുടെ പിന്‍ഗാമിയാണ് ഇലക്ട്രോണിക്‌സ് മേളയില്‍ അവതരിപ്പിക്കപ്പെട്ട ഇവോ ഷിഫ്ട്. ഈ ഫോണിലെ 3.6 ഇഞ്ച് ഡിസ്‌പ്ലെയുടെ റിസല്യൂഷന്‍ 480 ഗുണം 800 ആണ്. ഇവൊയുടേത് 4.3 ഇഞ്ച് സ്‌ക്രീനായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവൊ ഷിഫ്ട് ചെറുതാണ്. ഫോണിന്റെ പിന്നിലുള്ളത് 5 മെഗാപിക്‌സല്‍ ക്യാമറയാണ്. ബ്ലാക്ക്‌ബെറി ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് ഗുണം ചെയ്യുന്ന തരത്തില്‍, തെന്നിമാറ്റാവുന്ന ക്വവെര്‍ട്ടി കീബോര്‍ഡും ഷിഫ്ടിലുണ്ട്.
എച്ച്ടിസി ഇന്‍സ്‌പൈര്‍ (HTC Inspire)
ഇലക്ട്രോണിക്‌സ് മേളയില്‍ അവതരിപ്പിക്കപ്പെട്ട മറ്റൊരു 4ജി സ്മാര്‍ട്ട്‌ഫോണ്‍. 4.3 ഇഞ്ച് സൂപ്പര്‍ എല്‍സിഡി ഡിസ്‌പ്ലെയാണ് ഈ ഫോണിന്റെ സവിശേഷത. WVGA (800 ഗുണം 480) ഡിസ്‌പ്ലെയാണ് ഇതിലേത്. ആന്‍ഡ്രോയിഡ് 2.2 പ്ലാറ്റ്‌ഫോമായുള്ള ഈ ഫോണിന്റെ കരുത്ത് 1 ജിഗാഹെര്‍ട്‌സ് പ്രൊസസറാണ്. ഇരട്ട എല്‍ഇഡി ഫ് ളാഷും ഹൈഡെഫിനിഷന്‍ വീഡിയോ റോക്കോര്‍ഡിങ് സങ്കേതവുമുള്ള 8 മെഗാപിക്‌സല്‍ ക്യാമറയാണ് ഇന്‍സ്‌പൈറിലേത്. 768 എംബി റാം ഉള്ള ഈ ഫോണിന്റെ ഇന്റേണല്‍ മെമ്മറി 4 ജിബിയാണ്. എട്ട് ജിബി മോക്രോഎസ്ഡി കാര്‍ഡ് ഫോണിനൊപ്പം ലഭിക്കും. മാര്‍ച്ച് അവസാനം അമേരിക്കയില്‍ എടി ആന്‍ഡ് ടി കമ്പനി ഇന്‍സ്‌പൈര്‍ വിപണനത്തിനെത്തിക്കും.
എല്‍ജി ഓപ്ടിമസ് 2എക്‌സ് (LG Optimus 2X)
ലോകത്തെ ആദ്യ 'സൂപ്പര്‍ഫോണ്‍' എന്ന വിശേഷണവുമായി കൊറിയന്‍ കമ്പനിയായ എല്‍ജി അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണാണ് ഓപ്ടിമസ് 2എക്‌സ്. എന്‍വിഡിയയുടെ ടെഗ്ര 2 ഡ്യുവല്‍കോര്‍ 1 ജിഗാഹെര്‍ട്‌സ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രഖ്യാപിക്കപ്പെട്ട ആദ്യഫോണ്‍ എന്ന നിലയ്ക്കാണ് ഈ വിശേഷണം. 8 മെഗാപിക്‌സല്‍ ക്യാമറയാണ് എല്‍ഇഡി ഫ് ളാഷിന്റെ പിന്തുണയോടെ ഈ ഫോണിന്റെ പിന്നിലുള്ളത്. വീഡിയോ വിളികള്‍ക്കായി 1.3 മെഗാപിക്‌സല്‍ ക്യാമറ മുന്‍വശത്തുമുണ്ട്. 1080പി ഹൈഡെഫിനിഷന്‍ വീഡിയോ ഫോണില്‍ റിക്കോര്‍ഡ് ചെയ്യാനാകും. ഫോണിന്റെ ഡിസ്‌പ്ലെ ഒരു ഹൈഡെഫിനിഷന്‍ ടിവിയുമായി പങ്കിടുകയുമാകാം.ഫോണിലെ കാഴ്ചകള്‍ ടിവിയില്‍ ആസ്വദിക്കാമെന്ന് സാരം.
എല്‍ജി റവല്യൂഷന്‍ (LG Revolution)
അമേരിക്കയില്‍ വെറൈസണിന്റെ പുതിയ 4ജി നെറ്റ്‌വര്‍ക്കിന്റെ പ്രയോജനം ലഭിക്കുന്ന ആദ്യ എല്‍ജി ഫോണാണ് റവല്യൂഷന്‍ (ത്രിജിയെ അപേക്ഷിച്ച് പത്തു മടങ്ങ് വേഗമുള്ളതാണ് 4ജി). ആന്‍ഡ്രോയിഡ് 2.2 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 4.3 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണുള്ളത്. ഫ് ളാഷോടുകൂടിയ 5 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറയും കാംകോഡറും ഫോണിലുണ്ട്. ഒരേസമയം എട്ട് വൈഫൈ ഉപകരണങ്ങളിലേക്ക് 4ജി കണക്ഷന്‍ നല്‍കാന്‍ ശേഷിയുള്ള മൊബൈല്‍ ഹോട്ട്‌സ്‌പോട്ടായി പ്രവര്‍ത്തിക്കാന്‍ ഈ ഫോണിനാകും. ബ്ലൂടൂത്ത് 3.0 നെ പിന്തുണയ്ക്കുന്ന ഫോണിന്റെ ഇന്റേണല്‍ മെമ്മറി 16 ജിബിയാണ്. എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി സ്റ്റോറേജ് കൂടി സാധ്യമാകും.
മോട്ടറോള ക്ലിക് 2 (Motorola Cliq 2)
എച്ച്ടിസി ഇവൊ ഷിഫ്ടിനുള്ള മോട്ടറോളയുടെ മറുപടിയാണ് ക്ലിക് 2. ഷിഫ്ടിനെക്കാള്‍ 0.1 ഇഞ്ച് അധികമാണ് ക്ലിക്കിന്റെ സ്‌ക്രീന്‍ വലിപ്പം (3.7 ഇഞ്ച്). 854 ഗുണം 480 ഡിസ്‌പ്ലെയാണ് ക്വിക്കിലേത്. ആന്‍ഡ്രോയിഡ് 2.2 പ്ലാറ്റാഫോമില്‍ 1 ജിഗാഹെര്‍ട്‌സ് പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഷിഫ്ടിന്റെ പ്രൊസസര്‍ 800 മെഗാഹെര്‍ട് മാത്രമാണ്. ടച്ച്‌സ്‌ക്രീനിനൊപ്പം ഇവൊ ഷിഫ്ടിലെ പോലെ തെന്നി നീക്കാവുന്ന ക്വവെര്‍ട്ടി കീബോര്‍ഡുമുണ്ട് ക്ലിക്കില്‍. 175 ഗ്രാം ഭാരമുള്ള ക്ലിക്കിലെ 1420 mAh ബാറ്ററിക്ക് 7.9 മണിക്കൂര്‍ ടോക്ക് ടൈം നാല്‍കാന്‍ ശേഷിയുണ്ടെന്ന് മോട്ടറോള അവകാശപ്പെടുന്നു. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ ഫോണിന്റെ മെമ്മറി 512 എംബി റാം ആണ്. മൈക്രോഎസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം.
സാംസങ് ഇന്‍ഫ്യൂസ് (Samsung Infuse)
ഇലക്ട്രോണിക് മേളയില്‍ അവതരിപ്പിച്ച മറ്റൊരു 4ജി സ്മാര്‍ട്ട്‌ഫോണാണ് സാംസങ് ഇന്‍ഫ്യൂസ്. 2011 ന്റെ ആദ്യ പകുതിയില്‍ തന്നെ പുറത്തിറങ്ങുമെന്ന് കരുതുന്ന ഈ മോഡലിന്റെ കരുത്ത് അതിന്റെ 1.2 ജിഗാഹെര്‍ട് ഹമ്മിങ്‌ബേര്‍ഡ് പ്രൊസസറാണ്. ആന്‍ഡ്രോയിഡ് 2.2 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്യൂസ്, അമേരിക്കന്‍ വിപണിയിലെത്തിക്കുന്നത് എടി ആന്‍ഡ് ടി കമ്പനിയാണ്.
ഇന്നുവരെ പുറത്തിറങ്ങിയിട്ടുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും വലിയ അമോലെഡ് ഡിസ്‌പ്ലെയാണ് ഇന്‍ഫ്യൂസിലേത്-നാലര ഇഞ്ച്. കൂടുതല്‍ വ്യക്തതയുള്ള സ്‌ക്രീനാകുമെന്ന് മാത്രമല്ല, സൂര്യപ്രകാശത്തില്‍ പോലും ഡിസ്‌പ്ലെ കാണാതിരിക്കില്ല. സാംസങിന്റെ ഗാലക്‌സി എസിന്റെ ശരിക്കുള്ള പിന്‍ഗാമി തന്നെയാണ് ഇന്‍ഫ്യൂസ്. എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിന് പിന്നിലുള്ളത്. അതുപയോഗിച്ച് ഹൈഡെഫിനിഷന്‍ വീഡിയോ റിക്കോര്‍ഡിങ് സാധ്യമാണ്. വീഡിയോ വിളികള്‍ക്കായി മുന്‍വശത്ത് 1.3 മെഗാപിക്‌സല്‍ ക്യാമറയുണ്ട്.
ഡെല്‍ വെന്യു (Dell Venue)
ഇലക്ട്രോണിക്‌സ് മേളയില്‍ ഡെല്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണാണ് ഡെല്‍ വെന്യു. 4.1 ഇഞ്ച് അമോലെഡ് ടച്ച്‌സ്‌ക്രീനുള്ള വെന്യൂ പ്രവര്‍ത്തിക്കുക ആന്‍ഡ്രോയിഡ് 2.2 പതിപ്പിലാണ്. 1 ഗിഗാഹെര്‍ട്‌സ് പ്രൊസസറാണ് വെന്യുവിന്റെ കരുത്ത്. പിന്‍ഭാഗത്ത് എട്ട് മെഗാപിക്‌സല്‍ ക്യാമറയുണ്ട്. ഫോണ്‍ എന്ന് പുറത്തിറക്കുമെന്നോ, അതിന്റെ വിലയെന്തായിരിക്കുമെന്നോ ഡെല്‍ വെളിപ്പെടുത്തിയിട്ടില്ല.