'കടിക്കുന്ന പട്ടിയെ കാശു കൊടുത്ത് വാങ്ങുക' എന്ന് കേട്ടിട്ടില്ലേ. ഇതുമായി ഉപമിക്കേണ്ടി വരുമോ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനെ. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കാന്‍ മറ്റുള്ളവരെ സഹായിക്കുന്ന ഉപകരണങ്ങളാണോ പോക്കറ്റില്‍ നമ്മള്‍ കൊണ്ടുനടക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളെ അങ്ങനെ സംശയിക്കേണ്ടി വരും. ഫോണ്‍ അഡ്രസ്സ്ബുക്കിലെ നമ്പറുകള്‍, ഫോണിന്റെ യുണീക് ഐഡി തുടങ്ങിയവയൊക്കെ മറ്റുള്ളവര്‍ക്ക് നമ്മളറിയാതെ കവര്‍ന്നെടുക്കാനാകുമത്രേ.
ഫോണില്‍ നാമുപയോഗിക്കുന്ന ചില ആപ്ലിക്കേഷനുകളാണ് ഈ മോഷണത്തിന് വഴിയൊരുക്കുന്നത്. 101 പ്രമുഖ ഫോണ്‍ ആപ്ലിക്കേഷനുകളെപ്പറ്റി 'വാള്‍ സ്ട്രീറ്റ് ജേണല്‍' അടുത്തയിടെ നടത്തിയ പഠനത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉടമകള്‍ക്ക് അസ്വസ്ഥതയുളവാക്കുന്ന ഈ വിവരം ലഭിച്ചത്. പഠനവിധേയമാക്കിയ ആപ്ലിക്കേഷനുകളില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ 'മോഷണം' സാധ്യമാക്കുന്നവ എന്നാണ് കണ്ടെത്തിയത്.
സൈബര്‍ ക്രിമിനലുകള്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസില്‍ നിന്ന്, ജനപ്രീതിയാര്‍ജിച്ച മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ശ്രദ്ധ തിരിക്കുന്നതായുള്ള നെറ്റ് ഭീമന്‍ 'സിസ്‌കോ' പുറത്തിറക്കിയ റിപ്പോര്‍ട്ടുമായി ഇത് ചേര്‍ത്ത് വായിക്കാവുന്നതാണ്. സ്മാര്‍ട്ടോഫോണുകളെയും മൊബൈല്‍ സോഫ്ട്‌വേറുകളെയും, അതുവഴി ഫോണ്‍ ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് വന്‍തോതിലുള്ള ആക്രമണങ്ങള്‍ക്ക് 2011 സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.
ഐഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഉപയോഗിക്കുന്ന 101 പ്രമുഖ ആപ്ലിക്കേഷനുകളാണ് വാള്‍സ്്ട്രീറ്റ് ജേണല്‍ പഠനത്തിനായി ഉപയോഗിച്ചത്. ഇതില്‍ 56 ആപ്ലിക്കേഷനുകളും ഉപയോക്താവിന്റെ അനുമതിയില്ലാതെ ഫോണിന്റെ യുനീക് ഐഡി മറ്റു കമ്പനികള്‍ക്ക് അയക്കുന്നതായി കണ്ടെത്തി. നാല്‍പത്തിയേഴെണ്ണം ഫോണിന്റെ ലൊക്കേഷന്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മറ്റു കമ്പനികള്‍ക്ക് നല്‍കുന്നു. അഞ്ച് ആപ്ലിക്കേഷനുകളാകട്ടെ, ഉപയോഗിക്കുന്ന ആളിന്റെ പ്രായവും സ്വകാര്യ വിവരങ്ങളും മറ്റു കമ്പനികള്‍ക്ക് നല്‍കുന്നവയായിരുന്നു.
ഓണ്‍ലൈന്‍ ട്രാക്കിങ് കമ്പനികള്‍ക്കായയാണ് ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ വിവരങ്ങള്‍ മോഷ്ടിക്കുന്നത്. ആന്‍ഡ്രോയിഡിനെ അപേക്ഷിച്ച് ഇത്തരത്തില്‍ മോഷണം നടത്തുന്ന ആപ്ലിക്കേഷനുകള്‍ മിക്കതും ഐഫോണിലേതായിരുന്നു. 101 ആപ്ലിക്കേഷനുകള്‍ പരിശോധിച്ചപ്പോഴുള്ള സ്ഥതി ഇതാണെങ്കില്‍ ആയിരക്കണക്കിനു വരുന്ന മറ്റ് ആപ്ലിക്കേഷനുകള്‍ എങ്ങനെയുള്ളതായിരിക്കുമെന്നാണ് വിദഗ്ധര്‍ സംശയിക്കുന്നത്.
പ്രമുഖ മ്യൂസിക് ആപ്ലിക്കേഷനായ പാന്‍ഡോരയുടെ ഐഫോണ്‍, ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഉപയോക്താവിന്റെ പ്രായം, ലിംഗം, ഫോണിന്റെ യുനീക് ഐഡി, ലൊക്കേഷന്‍ തുടങ്ങിവ വിവിധ പരസ്യശൃംഖലകളിലേക്ക് നല്‍കിയതായാണ് പഠനത്തില്‍ കണ്ടു. ഐഫോണിന്റെ ടെക്സ്റ്റ്് മെസ്സേജ് ആപ്ലിക്കേഷനായ 'ടെക്സ്റ്റ് പ്ലസ് 4' സ്വകാര്യ വിവരങ്ങള്‍ എട്ട് പരസ്യ കമ്പനികള്‍ക്കായി ചോര്‍ത്തുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ കണ്ടെത്തി.
അതേസമയം, ഓരോ ആപ്ലിക്കേഷനുകളും ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന് മുന്നോടിയായി വിശദമായ പരിശോധന നടത്തുന്നുണ്ടെന്നാണ് ആപ്പിളും ഗൂഗിളും പറയുന്നത്. എങ്കിലും ഒട്ടുമിക്ക ഫോണ്‍ ആപ്ലിക്കേഷനുകളും കുറഞ്ഞത് ഫോണിന്റെ യുണീക് ഐഡി എങ്കിലും പരസ്യ കമ്പനികള്‍ക്ക് എത്തിക്കുന്നുവെന്നതാണ് സത്യം. ഓരോ കമ്പനികളും ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള ആപ്ലിക്കേഷനുകള്‍ രംഗത്തെത്തിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. എന്നാല്‍, 2008 ല്‍ ആപ്പിളിന്റെ ആപ്ലിക്കേഷന്‍ സ്റ്റോര്‍ രംഗപ്രവേശം ചെയ്തതോടെയാണ് ഇവ കൂടുതല്‍പ്രചാരത്തിലായത്. നിലവില്‍ ഇത്തരത്തിലുള്ള മൂന്നു ലക്ഷത്തിലധികം ആപ്ലിക്കേഷനുകള്‍ പ്രചാരത്തിലുണ്ടെന്നാണ് കണക്ക്.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment