Posted on: 24 Jun 2011
കാലം തെറ്റി പെയ്ത മഴ പോലെയായി നോക്കിയ എന്‍ 9 അവതാരം. ആര്‍ക്കും വേണ്ടാത്ത സമയത്ത് പെയ്ത മഴയെക്കുറിച്ച് പണ്ടുള്ളവര്‍ പരാതി പറയുംപോലെ എന്‍ 9 നെതിരെയും മുറുമുറുപ്പുയര്‍ന്നു കഴിഞ്ഞു. സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ചുവടുപിഴച്ചുപോയ നോക്കിയയുടെ പാഴായ പരീക്ഷണമാണ് എന്‍ 9 എന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.
മീഗോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് നോക്കിയ എന്‍ 9 പ്രവര്‍ത്തിക്കുന്നത്. നോക്കിയ കമ്പനി തന്നെ വഴിയിലുപേക്ഷിച്ച ഒഎസാണ് മീഗോ എന്ന കാര്യം ഏവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെയാണ് മീഗോയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ 9 നെതിരെ ടെക്‌ലോകം തിരിഞ്ഞിരിക്കുന്നത്. നോക്കയയുടെ ആദ്യത്തെ മീഗോ സ്മാര്‍ട്ട്‌ഫോണാണിത്, മിക്കവാറും അവസാനത്തെയും.
ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും സ്മാര്‍ട്‌ഫോണ്‍ മേഖലയില്‍ വന്‍തരംഗം സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോഴാണ് പുതിയൊരു മൊബൈല്‍ ഒഎസിനെക്കുറിച്ച് നോക്കിയ ചിന്തിച്ചുതുടങ്ങിയത്. ലിനക്‌സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍സോഴ്‌സ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം- അതാണ് മീഗോ. 2010 മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയയും ഇന്റലും ചേര്‍ന്ന് നടത്തിയ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ മീഗോ പ്രഖ്യാപിക്കപ്പെട്ടു. ഇന്റലിന്റെ മോബിന്‍ പ്രോജക്ടും നോക്കിയയുടെ മീമോ പ്രൊജക്ടും കുടിച്ചേരുന്നതുകൊണ്ടാണ് മീഗോ എന്ന പേരു ലഭിച്ചത്.
കമ്പനിയുടെ ഇനി ഇറങ്ങാനിരിക്കുന്ന എല്ലാ സ്മാര്‍ട്‌ഫോണുകളിലും മീഗോ ഒഎസ് കരുത്ത് പകരുമെന്ന് നോക്കിയ അന്ന് പ്രഖ്യാപിച്ചു. ഫോണുകള്‍ക്കു പുറമെ ടാബ്‌ലറ്റുകളിലും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളിലും മീഗോ ഉപയോഗിക്കാനുള്ള പദ്ധതികളുമായി ഇന്റലും മുന്നോട്ടുനീങ്ങി. ബ്രിട്ടനിലും ഫിന്‍ലാന്‍ഡിലുമുളള നോക്കിയ പണിശാലകളിലായി നൂറുകണക്കിനു ഡെവലപ്പര്‍മാര്‍ രാവും പകലും മീഗോ മെച്ചപ്പെടുത്തുന്നതിനായി കഠിനാധ്വാനം ചെയ്തു.
എന്നാല്‍, കൃത്യം ഒരുവര്‍ഷമാകുമ്പോഴേക്കും നോക്കിയ ചുവട് മാറ്റി. മൈക്രോസോഫ്ടുമായി നോക്കിയ ഉണ്ടാക്കിയ ബാന്ധവമായിരുന്നു ആ ചുവടുമാറ്റത്തിന് പിന്നില്‍. ഇനിയിറങ്ങാനുള്ള സ്മാര്‍ട്‌ഫോണുകളില്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ 7 എന്ന ഒഎസ് ഉപയോഗിക്കുമെന്നായിരുന്നു നോക്കിയയുടെ പ്രഖ്യാപനം.
അപ്പോള്‍ മീഗോയോ? നോക്കിയ മുതലാളിമാര്‍ ഒരക്ഷരം അതെക്കുറിച്ച് മിണ്ടിയില്ല. 'അപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന' കമ്പനി നിലപാടില്‍ പ്രതിഷേധിച്ച് ആദ്യം രാജിക്കത്ത് കൊടുത്തത് നോക്കിയയിലെ മീഗോ ഡെവലപ്‌മെന്റ് ഡിവിഷന്‍ തലവന്‍ ആല്‍ബര്‍ട്ടോ ടോറസ് ആയിരുന്നു. കമ്പനി നിലപാടില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് ചീഫ് ടെക്‌നോളജി ഓഫീസര്‍ റിച്ച് ഗ്രീന്‍ അനിശ്ചിതകാല അവധിയിലും പ്രവേശിച്ചു.
ഇതിലൊന്നും കുലുങ്ങാതെ വിന്‍ഡോസ് 7 നുമായുള്ള പുതിയ ബന്ധം നോക്കിയ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. മീഗോ ഉപേക്ഷിച്ചതോടെ നോക്കിയയില്‍ ജോലി ചെയ്തിരുന്ന 1400 മീഗോകോഡര്‍മാരെ രായ്ക്കുരാമാനം പുറത്താക്കാനും കമ്പനി മടിച്ചില്ല. പിന്നീട് കുറേക്കാലം മീഗോയെക്കുറിച്ച് ഒന്നും കേള്‍ക്കാനില്ലായിരുന്നു.
ഇപ്പോഴിതാ മീഗോ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന എന്‍ 9 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് നോക്കിയ വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. കമ്പനി തന്നെ വേണ്ടെന്നുവെച്ച മീഗോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ എന്‍ 9 വാങ്ങാന്‍ ആരെങ്കിലും തയ്യാറാകുമോ എന്നതാണു ചോദ്യം. ''മറ്റ് ഒ.എസുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മീഗോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. പുതിയൊരു മോഡല്‍ എന്നതില്‍ കവിഞ്ഞ് നോക്കിയ എന്‍ 9 ഉപഭോക്താക്കളില്‍ താത്പര്യം സൃഷ്ടിക്കില്ലെന്നുറപ്പ്''- സി.സി.എസ്. ഗവേഷണവിഭാഗം തലവന്‍ ബെന്‍ വുഡ് പറയുന്നു. ലോകമെങ്ങുമുള്ള മൊബൈല്‍ഫോണ്‍ മോഡലുകളെക്കുറിച്ചും നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളെക്കുറിച്ചും പഠിക്കുന്ന സ്വതന്ത്ര സംഘടനയാണ് സി.സി.എസ്.
മീഗോ ഒഎസുണ്ടാക്കിയ ചീത്തപ്പേരൊഴിച്ചാല്‍ മറ്റുകാര്യങ്ങളിലൊന്നും നോക്കിയ എന്‍ 9 മോശമല്ല. 3.9 ഇഞ്ച് അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, ഒരു ജിബി റാം, ഒരു ജിഗാഹെര്‍ട്‌സ് കോര്‍ടെക്‌സ് എ 8 സി.പി.യു, ത്രിജി, വൈഫൈ, ജിപിഎസ് തുടങ്ങി ആധുനികസംവിധാനങ്ങളെല്ലാം ഫോണിലുണ്ട്.
വഴിയിലുപേക്ഷിച്ച മീഗോ ഒഎസ് പൊടിതട്ടിയെടുത്ത് എന്‍ 9 നില്‍ പ്രതിഷ്ഠിക്കാന്‍ നോക്കിയയെ പ്രേരിപ്പിച്ച ഘടകമെന്താണ്.. ടെക്‌നോളജി ബ്ലോഗര്‍മാര്‍ ഇതിനുത്തരം കണ്ടെത്തിക്കഴിഞ്ഞു. നോക്കിയ കമ്പനി ഇതുവരെ സ്ഥിരീകരിക്കാത്ത, നോക്കിയ ആരാധകരെ പ്രകോപിപ്പിക്കുന്ന ഒരു അനുമാനമാണത്. മിറിയാഡ് ഗ്രൂപ്പിന്റെ 'ഏലിയന്‍ ദാല്‍വിക്ക് സങ്കേതം' പ്രവര്‍ത്തിപ്പിക്കാന്‍ മീഗോയ്ക്ക് ആകുമെന്ന് കണ്ടതിലനാലാണത്രേ നോക്കിയ അതിനെ വീണ്ടും മാറോടണച്ചത്.
എന്താണീ ഏലിയന്‍ ദാല്‍വിക്ക് എന്നറിഞ്ഞാലേ നോക്കിയയുടെ ബുദ്ധി മനസിലാകൂ. ആന്‍ഡ്രോയിഡ് ഇതര ഉപകരണങ്ങളില്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഏലിയന്‍ ദാല്‍വിക്ക്. മീഗോ ഉപയോക്താക്കള്‍ക്ക് ഏലിയന്‍ ദാല്‍വിക്ക് ഉപയോഗിച്ച് ആന്‍ഡ്രോയിഡില്‍ സാധിക്കുന്ന കാര്യങ്ങള്‍ നടത്താനാകും.
എന്‍ 9 ന്റെ പുറത്തിറക്കല്‍ ചടങ്ങില്‍ ഈ ഫോണിനായി ക്യൂ.ടി. ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നുണ്ടെന്ന കാര്യം േനാക്കിയ അധികൃതര്‍ പ്രഖ്യാപിച്ച കാര്യവും ഓര്‍ക്കേണ്ടതുണ്ട്. ഡെവലപര്‍മാര്‍ ഉപയോഗിക്കുന്ന മള്‍ട്ടിപ്ലാറ്റ്‌ഫോം ടൂള്‍കിറ്റുകളെയാണ് ക്യു.ടി. എന്നു വിശേഷിപ്പിക്കാറ്. നോക്കിയ മനസില്‍ കണ്ട ക്യൂ.ടി. ആപ്ലിക്കേഷന്‍ ഏലിയന്‍ ദാല്‍വിക്ക് ആണെന്ന് പലരും വാദിക്കുന്നുണ്ട്.
പ്ലേബുക്ക് എന്ന തങ്ങളുടെ പുതിയ ടാബ്‌ലറ്റില്‍ ഏലിയന്‍ ദാല്‍വിക്ക് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് സഹായം നേടുമെന്ന് നേരത്തേ ബ്ലാക്ക്‌ബെറി പ്രഖ്യാപിച്ചിരുന്നു. നോക്കിയ ആരാധകര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും കമ്പനി ആന്‍ഡ്രോയിഡിനെ പുണരുന്നു എന്നതിന്റെ തെളിവാണ് എന്‍ 9 ന്റെ അവതാരമെന്ന് വിശ്വസിക്കുന്നവരേറെയുണ്ട്. അതിനുള്ള മറയാണ് മീഗോ എന്ന് വേണമെങ്കില്‍ കരുതാം.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment