Wednesday, February 29, 2012

സാംസങ് ഗാലക്‌സി ബീം - സ്മാര്‍ട്ട്‌ഫോണ്‍ + പ്രൊജക്ടര്‍









ഒരേസമയം സ്മാര്‍ട്ട്‌ഫോണും പ്രൊജക്ടറുമായി പ്രവര്‍ത്തിക്കുന്ന ഉപകരണം എന്നത് പുതിയ ആശയമല്ല. എന്നാല്‍, ഇത് ആദ്യമായി ഒരു മുഖ്യധാരാ ഫോണില്‍ യാഥാര്‍ഥമാകുകയാണ്. സാംസങിന്റെ ഗാലക്‌സി ബീം (Samsung Galaxy Beam) ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ്, ഒപ്പം പ്രൊജക്ടറും.


ചില കോംപാക്ട് ഡിജിറ്റല്‍ ക്യാമറകളില്‍ പ്രൊജക്ടര്‍ ഇതിനകം സ്ഥാനംപിടിച്ചെങ്കിലും, മൊബൈല്‍ ഫോണുകളില്‍ ഗുണനിലവാരമുള്ള പ്രൊജക്ടര്‍ സന്നിവേശിപ്പിക്കുക അത്ര എളുപ്പമല്ല. എന്നാല്‍, 15 ലൂമെന്‍സ് (15 lumens) ശേഷിയുള്ള nHD പ്രൊജക്ടര്‍ സ്മാര്‍ട്ട്‌ഫോണില്‍ ഒരുക്കുന്നതിലാണ് സാംസങ് വിജിയിച്ചിരിക്കുന്നത്.




ഏത് നിരന്ന പ്രതലത്തിലും ഫോട്ടോകളും വീഡിയോകളും മിഴിവോടെ പ്രൊജക്ട് ചെയ്ത് കാണാന്‍ ഗാലക്‌സി ബീം സഹായിക്കും. വേണമെങ്കില്‍ വാതില്‍പ്പുറ ഉപയോഗത്തിനും ഇത് ഉപകരിക്കുമെന്ന് സാംസങ് അവകാശപ്പെടുന്നു.


ബാഴ്‌സലോണയില്‍ ഫിബ്രവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ നടക്കുന്നു മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലെ താരമാകാന്‍ പോവുകയാണ് ഗാലക്‌സി ബീം. മൊബൈല്‍ കോണ്‍ഗ്രസ് ആരംഭിക്കും മുമ്പു തന്നെ ഈ പ്രൊജക്ടര്‍ഫോണ്‍ വന്‍ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു.


സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ അപേക്ഷിച്ച് അല്‍പ്പം കനംകൂടിയതാണ് ഗാലക്‌സി ബീം. 12.5 മില്ലിമീറ്റര്‍ ആണ് ഫോണിന്റെ കനം. പക്ഷേ, ഉപഭോക്താക്കള്‍ സാധാരണ വാങ്ങാറുള്ള മൊബൈല്‍ ഫോണുകളുടെ കനമേ ഉള്ളൂ ഇതെന്ന് സാംസങ് പറയുന്നു.




നാലിഞ്ച് 800 ഗുണം 480 സ്‌ക്രീന്‍ ആണ് ഫോണിന്റേത്. 5 മെഗാപിക്‌സല്‍ ക്യാമറയുള്ള ഗാലക്‌സി ബീം, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 2.3 പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുക. 1. 0 GHz ഡ്യുവല്‍ കോര്‍ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. ഒരു പ്രത്യേക ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഫോണിലെ പ്രൊജക്ടര്‍ പ്രവര്‍ത്തിക്കുക. അധികശേഷിക്കായി 2000 mAh ബാറ്ററിയുമുണ്ട്.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment