Sunday, March 06, 2011

ഹാന്‍ഡ്‌സെറ്റ് ഒന്ന്; ഫോണ്‍ രണ്ട് !

 Posted on: 05 Mar 2011




സ്മാര്‍ട്‌ഫോണുകളുടെ വരവോടെ ഓഫീസ്‌േജാലികള്‍ അതിലേക്ക് മാറ്റുന്നവരുടെ എണ്ണം കൂടിവരികയാണ്. ബിസിനസ് പ്രെസന്റേഷനുകളും കമ്പനി ഇമെയിലുകളുമെല്ലാം സ്മാര്‍ട്‌ഫോണില്‍ തയ്യാറാക്കുകയും പരിശോധിക്കുകയും ഇടപാടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്കൊക്കെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് ആപ്ലിക്കേഷനുകളിലെ ദുഷ്ടപ്രോഗ്രാമുകള്‍ (malwares). ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ സൗജന്യമായി ലഭ്യമായിരുന്ന 21 ജനപ്രിയ ആപ്ലിക്കേഷനുകള്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഗൂഗിള്‍ പിന്‍വലിച്ചത് കഴിഞ്ഞദിവസമാണ്. മൊബൈലില്‍ നിന്ന് ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ വിവരങ്ങള്‍ കവരുകയും കൈമാറുകയും ചെയ്യുന്നവയാണ് ഈ ആപ്ലിക്കേഷനുകളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ജീവനക്കാര്‍ക്ക് കമ്പനി നല്‍കുന്ന ഒഫീഷ്യല്‍ ഫോണുകളിലേക്ക് അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് പല ഐ.ടി. കമ്പനികളും നിരോധിച്ചുകഴിഞ്ഞു. സ്മാര്‍ട്‌ഫോണുകളിലെ എല്ലാ വിവരങ്ങളും ഏതുനിമിഷവും മായ്ച്ചുകളയാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് എഴുതി വാങ്ങിയതിനുശേഷമേ പല കമ്പനികളും ഇപ്പോള്‍ സ്മാര്‍ട്‌ഫോണുകള്‍ ജീവനക്കാര്‍ക്ക് നല്‍കാറുള്ളൂ. ഓഫീസ് ആവശ്യത്തിന് ഒരു സ്മാര്‍ട്‌ഫോണ്‍, സ്വകാര്യ ആവശ്യത്തിന് മറ്റൊന്ന് എന്ന അസൗകര്യം സഹിക്കേണ്ട ഗതികേടിലാണ് പുതുകാലത്തെ ടെക്കികള്‍.

ആപ്ലിക്കേഷന്‍സുകള്‍ വരുത്തിവെച്ച ഈ പൊല്ലാപ്പ് മറികടക്കാനായി പുതിയൊരു ആപ്ലിക്കേഷന്‍ തന്നെ പിറവിയെടുത്തുവെന്നതാണ് സൈബര്‍ ലോകത്തുനിന്നുള്ള പുതിയ വാര്‍ത്ത. ഐ.ടി. സ്റ്റാര്‍ട്ടപ്പ് കമ്പനിയായഎന്റര്‍പോയ്ഡ് പുറത്തിറക്കിയ 'ഡിവൈഡ്' എന്ന ആപ്ലിക്കേഷനാണ് സ്മാര്‍ട്‌ഫോണുകളുടെ സുരക്ഷിത്വത്തിന് കാവലാളകുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ നിങ്ങളുടെ സ്മാര്‍ട് ഫോണിനെ ഔദ്യോഗികം എന്നും വ്യക്തിപരം എന്നും കൃത്യമായി വേര്‍തിരിക്കുകയാണ് 'ഡിവൈഡ്' ചെയ്യുക. ശരിക്കും രണ്ടു ഫോണുകള്‍ ഉപയോഗിക്കുന്ന അനുഭവം സമ്മാനിക്കും ഈ ആപ്ലിക്കേഷനെന്ന് എന്റര്‍പ്രോയ്ഡ് സി.ഇ.ഒ. ആന്‍ഡ്രൂ ടോയ് അവകാശപ്പെടുന്നു.

'ഐഫോണിന്റെ വരവോടെ ബ്ലാക്ക്‌ബെറി പോലെ ബിസിനസ് ആവശ്യങ്ങള്‍ക്കുമാത്രം ഉപയോഗിക്കാവുന്ന സ്മാര്‍ട്‌ഫോണുകള്‍ക്ക് പ്രിയം കുറഞ്ഞിട്ടുണ്ട്. ബിസിനസിനൊപ്പം വിേനാദത്തിനുകൂടി ഉതകുന്ന സ്മാര്‍ട്‌ഫോണുകളാണ് ഏറെപ്പേരും ഇഷ്ടപ്പെടുന്നത്. അതുസൃഷ്ടിക്കുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഡിവൈഡ് സഹായിക്കും''- ടോയ് പറയുന്നു. ഡിവൈഡ് ഒരുതവണ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ കമ്പനിയുടെ സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാവും ഫോണ്‍ പ്രവര്‍ത്തിക്കുക. വര്‍ക്ക് മോഡ് എന്നും പ്ലേ മോഡ് എന്നുമുള്ള രണ്ട് വേലിക്കെട്ടുകള്‍ക്കുള്ളിലാണ് പിന്നെ ഫോണിന്റെ പ്രവര്‍ത്തനം.

കമ്പനി ഇമെയിലുകളും മറ്റ് വിശദാംശങ്ങളുമൊക്കെയുള്ള വര്‍ക്ക് മോഡിലേക്ക് കയറണമെങ്കില്‍ പാസ്‌വേഡ് വേണ്ടിവരും. വിനോദ ആവശ്യങ്ങള്‍ക്കായി ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളെല്ലാം പ്ലേമോഡിലാണ് സൂക്ഷിക്കപ്പെടുക. ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യുന്ന അപ്ലിക്കേഷനുകള്‍ക്ക് ഫോണിലെ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ 'ഡിവൈഡ്' അനുമതി നല്‍കില്ല. േജാലി ചെയ്യുന്ന കമ്പനിയിലെ സെര്‍വറുമായി ക്ലൗഡിങ് സംവിധാനമുപയോഗിച്ച് ഫോണിനെ ബന്ധപ്പെടുത്താന്‍ ഡിവൈഡിനു കഴിയും. അതുകൊണ്ട് തന്നെ കമ്പനിക്ക് നിങ്ങളുടെ ഫോണിലെ മുഴുവന്‍ ഔദ്യോഗികവിവരങ്ങളും മായ്ച്ചുകളയാന്‍ സാധിക്കും. പക്ഷേ, സ്വകാര്യമായ വിവരങ്ങളൊന്നും നശിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കുകയുമില്ല. ഫലത്തില്‍ രണ്ടുഫോണ്‍ ഉപയോഗിക്കുന്നതുപോലെ തന്നെ. ഫോണിന്റെ സ്‌ക്രീനില്‍ തന്നെ നേര്‍പകുതിയായി രണ്ടു മോഡുകളും പ്രവര്‍ത്തിപ്പിക്കാമെന്നതും മറ്റൊരു സൗകര്യമാണ്.

ഡിവൈഡ് ആപ്ലിക്കേഷന്റെ ബീറ്റ ട്രയല്‍ വെര്‍ഷന്‍ ഒരാഴ്ചയായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. നിലവില്‍ ആന്‍ഡ്രോയ്ഡ് 2.2 വെര്‍ഷന്‍ പ്ലാറ്റ്‌ഫോമുള്ള ഫോണുകളില്‍ മാത്രമേ ഇതു പ്രവര്‍ത്തിപ്പിക്കാനാകൂ. എന്നാല്‍ ഏറെ താമസിയാതെ ബ്ലാക്ക്‌ബെറി, ഐഫോണ്‍, വിന്‍േഡാസ്-7 നോക്കിയ തുടങ്ങിയവയിലും പ്രവര്‍ത്തിക്കുന്ന ഡിവൈഡ് ആപ്ലിക്കേഷനുകള്‍ ഇറങ്ങിയേക്കുമെന്നറിയുന്നു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment