Sunday, March 20, 2011

പുതിയ ത്രിജി ഫോണുമായി ബി.എസ്.എന്‍.എല്‍



Posted on: 20 Apr 2010





വീഡിയോ കോളിങും ഹൈസ്​പീഡ് ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്യുന്ന ത്രിജി നെറ്റ്‌വര്‍ക്കിങ് സൗകര്യം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത് പൊതുമേഖലാസ്ഥാപനമായ ബി.എസ്.എന്‍.എല്ലാണ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന പാക്കേജും ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്ന കവറേജും കൂടിയായതോടെ ത്രി-ജി വളരെപെട്ടെന്ന് ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ചു. ഇപ്പോള്‍ രണ്ടാംഘട്ട ത്രിജി സ്‌പെക്ട്രം ലേലത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ത്രിജി സംവിധാനം സാര്‍വത്രികമായെങ്കിലും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്ന ഫോണുകള്‍ കണ്ടെത്തുവാന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. മുന്‍നിര കമ്പനികളായ നോക്കിയയുടെയും സാംസങിന്റെയും പല മോഡലുകളിലും ത്രിജി ഇല്ല. ത്രിജി ഉള്ള മോഡലുകളില്‍ പലതിനും പതിനായിരത്തിനു മുകളിലോട്ടാണ് വില.

ഈ പ്രശ്‌നത്തിനു പരിഹാരമായി വിലക്കുറവുളള ത്രിജി ഫോണുകള്‍ വിപണിയിലെത്തിക്കുകയാണ് ബി.എസ്.എന്‍.എല്‍. തായ്‌വാന്‍ കമ്പനിയായ ഹ്വാവെയുടെ (Huawei) യു7510 എന്ന മോഡലാണ് ബി.എസ്.എന്‍.എല്‍. ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ക്വാല്‍കോം ബ്രൂ 3.1 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ടച്ച് സ്‌ക്രീന്‍ മോഡലിന് 6500 രുപയാണ് വില.

രണ്ട് മെഗാപിക്‌സല്‍ കാമറയ്‌ക്കൊപ്പം വീഡിയോ കോളിങിനായി മുന്‍വശത്തൊരു വി.ജി.എ. കാമറയും ഫോണിലുണ്ട്. 100 എം.ബി. ഇന്റേണല്‍ മെമ്മറി, എട്ട് ജി.ബി. കാര്‍ഡ് വരെ സപ്പോര്‍ട്ട് ചെയ്യുന്ന മെമ്മറി കാര്‍ഡ് സ്‌ലോട്ട്, ബ്ലൂടുത്ത്, യു.എസ്.ബി., ജി.പി.ആര്‍.എസ്., എഡ്ജ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഈ ത്രിജി മോഡല്‍ ഉറപ്പുതരുന്നു. പച്ച, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങളിലാണ് ഹ്വാവെ യു7510 യുടെ വരവ്.

ആദ്യഘട്ടത്തില്‍ തമിഴ്‌നാട്ടിലാണ് ബി.എസ്.എന്‍.എല്‍. ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. വരും ആഴ്ചകളില്‍ ഇത് കേരളമടക്കമുളള സംസ്ഥാനങ്ങളിലൂമെത്തും. ഫോണും ത്രിജി കണക്ഷനുമടക്കം 6750 രുപയുടെ ആകര്‍ഷകമായ പാക്കേജും ബി.എസ്.എന്‍.എല്‍. തമിഴ്‌നാട്ടുകാര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്്. ഈ പാക്കേജ് പ്രകാരം രണ്ടുമാസത്തേക്ക് 25 എം.ബി വീതം സൗജന്യ ഡാറ്റ ഉപയോഗം, ആറുമാസത്തേക്ക് മൂപ്പത് മിനുട്ട് വീതം സൗജന്യ വീഡിയോ കോളിങ്, ആറുമാസത്തേക്ക് 50 രൂപ വീതം സൗജന്യ ടോക്ക് ടൈം എന്നിവയും ലഭിക്കും. ത്രിജി സൗകര്യം സ്വന്തമാക്കാനായി കോടികള്‍ വാരിയെറിയാനൊരുങ്ങുന്ന സ്വകാര്യകമ്പനികളുമായി മത്സരിക്കാന്‍ തന്നെയാണ് ബി.എസ്.എന്‍.എല്ലിന്റെ പുറപ്പാടെന്ന് വ്യക്തം.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment