Thank you for visiting My BLOG!

Tuesday, May 10, 2011

ചുരുട്ടാം, മടക്കാം; ഒരുങ്ങുന്നു പേപ്പര്‍ഫോണ്‍!



Posted on: 10 May 2011




സംസാരിച്ചു സംസാരിച്ചു കാര്യങ്ങള്‍ വഷളാകുമ്പോള്‍ ഫോണ്‍ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലെറിയാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല, ഒരിക്കലെങ്കിലും. നിങ്ങളുടെ ആ ആഗ്രഹം നടപ്പാക്കിത്തരുകയാണ് കാനഡയിലെ ഒരു സംഘം ഗവേഷകര്‍. മടക്കാനും ചുരുട്ടാനും ദേഷ്യം വരുമ്പോള്‍ ഒടിക്കാനുമെല്ലാം കഴിയുന്ന ഒരു പേപ്പര്‍ ഫോണിന്റെ ആദ്യരൂപം (പ്രോട്ടോടൈപ്പ്) അവര്‍ നിര്‍മിച്ചുകഴിഞ്ഞു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ പേപ്പര്‍ഫോണ്‍ വ്യാപാരാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ഉറപ്പുനല്‍കുന്നു.

കാനഡയിലെ ക്യൂന്‍സ് സര്‍വകലാശാലാ ഹ്യുമന്‍ മീഡിയലാബും, അരിസോണ സര്‍വകലാശാലയിലെ മോട്ടിവേഷനല്‍ എന്‍വയോണ്‍മെന്റ്‌സ് റിസേച്ച് ഗ്രൂപ്പും സംയുക്തമായാണ് ഈ അത്ഭുതഫോണിന്റെ മാതൃക സൃഷ്ടിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ആവരണമുള്ള ഒരു കടലാസ്ഷീറ്റാണ് കാഴ്ചയില്‍ ഈ ഫോണ്‍. എന്നാല്‍ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും പാട്ടുകേള്‍ക്കാനും ഇബുക്കുകള്‍ വായിക്കാനുമൊക്കെ ഇവന്‍ ധാരാളം മതി.

ഷീറ്റ് മടക്കുന്നതിനും ചുരുട്ടുന്നതിനുമനുസരിച്ചാണ് ഫോണിലെ ഓരോ സേവനവും ലഭ്യമാകുക. ടച്ച്‌സ്‌ക്രീന്‍ ഫോണുകളില്‍ തൊടുന്നതുപോലെ ഈ ഫോണിന്റെ വശങ്ങള്‍ മടക്കിയാല്‍ കാര്യം നടക്കുമെന്നര്‍ഥം. ഫോണിന്റെ പ്രതലത്തിനുമുകളില്‍ എഴുതിയാലും മതി. ഫോണ്‍ ചെയ്യണമെങ്കില്‍ ഫോണിനു മുകളിലൂടെ 'കോള്‍' എന്നെഴുതിയാല്‍ ധാരാളം.

ആമസോണിന്റെ കിന്‍ഡില്‍ ഇബുക്ക് റീഡറിലുള്ളതുപോലെയുള്ള ഈഇങ്ക് സാങ്കേതികവിദ്യയിലാണ് പേപ്പര്‍ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കടലാസ്ഷീറ്റിനടിയിലുള്ള സെന്‍സറുകളും ടച്ച്‌സ്‌ക്രീനുകളും, ഓരോ കമാന്‍ഡുകളും അനുസരിക്കാന്‍ പാകത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.


''അഞ്ചുവര്‍ഷത്തിനുള്ളില്‍ നമുക്കിത് യഥാര്‍ഥമായി അനുഭവിക്കാനാകും. ഒന്നു മടക്കിയാല്‍ ഫോണ്‍കോള്‍ വിളിക്കാവുന്ന, വശങ്ങള്‍ ചുരുട്ടിയാല്‍ മെനുവിലേക്ക് പോകുന്ന, പേന കൊണ്ടെഴുതിയാല്‍ തിരിച്ചറിയാന്‍ സാധിക്കുന്ന അദ്ഭുതഫോണ്‍! ഇതുസംബന്ധിച്ചുള്ള തുടര്‍ ഗവേഷണങ്ങള്‍ നടന്നുവരികയാണ്''- ഫോണിന്റെ ഉപഞ്ജാതാവും ഗവേഷണവിഭാഗം തലവനുമായ ഡോ. റയല്‍ വെര്‍ട്ടഗാല്‍ പറയുന്നു.

നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളെ വിസ്മൃതിയിലാക്കാന്‍ ഭാവിയില്‍ ഇത്തരം പേപ്പര്‍ഫോണുകള്‍ക്ക് കഴിഞ്ഞേക്കുമെന്ന് വെര്‍ട്ടഗാല്‍ പ്രവചിക്കുന്നു.

മടക്കാനും ചുരുട്ടാനും കഴിയുന്ന ഫോണ്‍ ഉപയോഗിക്കാന്‍ ആളുകള്‍ക്ക് എന്തെങ്കിലും അസൗകര്യമുണ്ടോ എന്നു മനസിലാക്കാനാണ് ആദ്യരൂപം പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോഴിറങ്ങിയിട്ടുള്ള ആദ്യരൂപം ലാപ്‌ടോപ്പുമായി ബന്ധിപ്പിച്ച് ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വാന്‍കൂവറില്‍ കഴിഞ്ഞ ദിവസം നടന്ന കമ്പ്യൂട്ടര്‍ ഹ്യുമന്‍ ഇന്ററാക്ഷന്‍ കോണ്‍ഫ്രന്‍സില്‍ പേപ്പര്‍ഫോണിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശനത്തിനു വെച്ചിരുന്നു. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment